ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചാന്ദ്ര പുതുവത്സര ആശംസകള്‍ നേർന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും ചൈനീസ് ജനതയ്ക്കും ചാന്ദ്ര പുതുവത്സര ആശംസകള്‍ നേര്‍ന്ന ബൈഡന്‍ ഷീ ജിന്‍പിങ്ങിനെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ആശംസകള്‍ നേര്‍ന്നത്. ബൈഡന്‍ ഹോങ്കോങ്ങ്, സിന്‍ജിയാങ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും പങ്കിട്ടു. ബുധനാഴ്ച വൈകിട്ടാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. ജനുവരി 20ന് ബൈഡന്‍ അധികാരമേറ്റെടുത്തശേഷം ആദ്യമായാണ് ജിന്‍പിങ്ങിനെ വിളിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏറെ വഷളായ ചൈന- അമേരിക്ക ബന്ധം സുഖമമാക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഫോണ്‍ സംഭാഷണം. ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ നടത്തുന്ന പ്രകടനങ്ങളെ അടിച്ചമര്‍ത്തല്‍, സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്ലീങ്ങളുടെ അടിച്ചമര്‍ത്തല്‍ ഉള്‍പ്പെടെ വിഷയങ്ങളിലെ ആശങ്കകളും പങ്കുവെച്ചു. അമേരിക്കന്‍ ജനതയുടെ സുരക്ഷ, അഭിവൃദ്ധി, ആരോഗ്യം, ജീവിതശൈലി എന്നിവ സംരക്ഷിക്കുന്നതിനൊപ്പം സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് നയം നിലനിര്‍ത്തുന്നതിനുമാണ് പരിഗണന നല്‍കുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.
ചൈനയുടെ നിര്‍ബന്ധിതവും അന്യായവുമായ സാമ്പത്തിക രീതികള്‍, ഹോങ്കോങ്ങിലെ അടിച്ചമര്‍ത്തല്‍, സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, തായ്വാന്‍ ഉള്‍പ്പെടെ മേഖലകളിലെ അവകാശ സ്ഥാപന നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ബൈഡന്‍ പങ്കുവെച്ചു. കോവിഡ് മഹാമാരിയും പ്രതിരോധവും കാലാവസ്ഥാ വ്യതിയാനം, ആയുധ വ്യാപനം ഉള്‍പ്പെടെ കാര്യങ്ങളും ഇരുനേതാക്കളും സംസാരിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരു രാജ്യത്തെയും നേതാക്കള്‍ ചൈന-അമേരിക്ക ബന്ധത്തെക്കുറിച്ചും അന്തര്‍ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ബീജിങ്ങില്‍നിന്നുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2009-2017ല്‍ ബരാക് ഒബാമ ഭരണത്തില്‍ വൈസ് പ്രസിഡന്റായിരിക്കവെ ബൈഡനും ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.