17.1 C
New York
Wednesday, January 19, 2022
Home Special ചരിത്ര സഞ്ചാരി എഴുതുന്ന.. 'കോട്ടയത്തിന്റെ സുവിശേഷം' -16

ചരിത്ര സഞ്ചാരി എഴുതുന്ന.. ‘കോട്ടയത്തിന്റെ സുവിശേഷം’ -16

ചരിത്രസഞ്ചാരി ©✍

ക്നായി തൊമ്മൻ ചേപ്പേടും, അല്പം ചരിത്രവും.

കോട്ടയത്തിന്റെ സാമൂഹ്യചരിത്രത്തിൽ ഇഴുകിചേർന്ന് നിൽക്കുന്ന സമൂഹമായി ക്നാനായക്കാർ എന്ന സുറിയാനി ക്രിസ്ത്യാനികൾ നിൽക്കുന്നു. അവർ മധ്യതിരുവതാംകൂറിന്റെ നാഡീ നരമ്പുകളിലൂടെ വെള്ള മുണ്ടും, ഷർട്ടും ധരിച്ച് സൗമ്യരായി നടക്കുന്നു. സ്ത്രീകൾ ചട്ടയും, മുണ്ടിൽ നിന്ന് പണ്ടേ സാരിയിലേക്ക് കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്‌ മാറിക്കഴിഞ്ഞു. പുതിയ തലമുറ ഇറുകിയ ജീൻസിലേക്ക് കയറി പുതിയ ലോകത്തോടൊപ്പമെത്താൻ വെമ്പൽ കൊള്ളുന്നു. കടുത്തുരുത്തിയും, നീണ്ടൂരും, കോട്ടയം പട്ടണവും,ഉഴവൂരും, രാമമംഗലവും തൊടുപുഴയും പിറവവും, ചിങ്ങവനവും, നീലംപേരൂരും, വെളിയനാടും , തിരുവല്ലയും, റാന്നിയും അടങ്ങുന്ന പ്രദേശങ്ങളിൽ ഇവർ ചെറുപുഞ്ചിരിയുടെ സൗമ്യ സാന്നിധ്യം ആകുന്നു.

AD 345-ൽ ക്നായി തോമാ എന്ന വണിക് പ്രമുഖന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ ഉറഹാ മാർ ഔസെഫ് എന്ന മെത്രാനെകൂട്ടി വന്ന നാനൂറോളം പേരടങ്ങുന്ന എഴുപത്തിരണ്ട് കുടുംബത്തിൽ പെട്ടവരുടെ കഥ തുടങ്ങുന്നു. ക്നായി തൊമ്മന്റെ സ്വന്തം നാടിന്റെ വിശേഷങ്ങൾക്കായി നസ്രാണി ഭാവന ലോക ഭൂപടം അരിച്ചുപെറുക്കികൊണ്ടിരുന്നു. ഇപ്പോഴത്തെ ഇറാക്കിൽ ടൈഗ്രീസ് നദിക്കരയിലുള്ള പഴയ ക്നായി ( Deir Kyanai )എന്ന പ്രദേശത്തു നിന്ന് വന്നതായി ഇത് സമ്പന്ധിച്ച് ഈ പ്രദേശങ്ങൾ സന്ദർശിച്ചു പഠനം നടത്തിയ ഫാദർ. ജേക്കബ് കൊല്ലപ്പറമ്പിൽ സമർത്ഥിക്കുന്നു. ബാഗ്ദാദിനടുത്ത് പഴയകാല പാത്രിയർകീസ് ആസ്ഥാനമായ സെലൂഷ്യ സ്റ്റീസിഫോണിൽ നിന്ന് 90 കിലോമീറ്റർ ചുറ്റളവിലുള്ള Kyanai പ്രദേശത്ത് പഴയ ക്നായി നഗരത്തിന്റെ ശേഷിപ്പുകൾ ക്നാനായക്കാരുടെ ഉത്ഭവരഹസ്യങ്ങൾ ഒളിപ്പിച്ചു കഴിയുന്നു. ഉറഹാ മാർ ഔസെഫ് മെത്രാൻ തുർക്കിയിലെ ഉർഫ ( Sanliurfa )എന്ന ദേശത്തു നിന്നെത്തിയതായി കരുതപ്പെടുന്നു.

ഇന്നും രക്തശുദ്ധിയുടെ പേരിൽ മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളുമായി ഇടചേരാതെ നിൽക്കുന്ന ഒരു സമുദായത്തിന്റെ കുടിയേറ്റ ചരിത്രവുമായി വിളക്കി ചേർക്കുന്ന തെളിവിന്റെ ആദ്യ കണ്ണിയാണ് “ക്നായി തൊമ്മൻ ചേപ്പേട്.”

ക്നായി തൊമ്മൻ ചേപ്പേട് എന്ന ശാസനം ഉണ്ടായിരുന്നു എന്നുള്ളതിൽ ആർക്കും സംശയം ഇല്ല.

മെനെസിസ് മെത്രാൻ ഭാരതത്തിലെത്തിയതിന്റെയും, ഉദയംപേരൂർ സുന്നഹദോസുമായും ബന്ധപ്പെട്ട കാര്യങ്ങളും എഴുതിയിരിക്കുന്ന “ജോർണദാ “എന്ന പേരിൽ ഗോവിയ എന്ന വൈദീകൻ എഴുതിയ ചരിത്രത്തിൽ ക്നായി തൊമ്മനെ കുറിച്ചും, ക്നായി തൊമ്മൻ ചെപ്പേടിനെകുറിച്ചും സവിസ്തരം എഴുതിയതായി കാണുന്നു.

ഗോവിയോ എഴുതുന്നു :
“അദ്ദേഹം ( ക്നായി തൊമ്മൻ ) ക്രിസ്ത്യാനികൾക്ക് വളരെ ആനുകൂല്യങ്ങളും, പദവികളും സമ്പാദിച്ചു. സ്ഥാപകന്റെ ശക്തിക്കും, ധനസ്ഥിതിക്കും അനുയോജ്യമായ ഒരു വലിയ പള്ളി വയ്ക്കുന്നതിന് വളരെ വിസ്തൃതമായ ഭൂമിയും പെരുമാളിൽ നിന്ന് നേടി. ഈ വിവരങ്ങൾ ചെമ്പോലയിൽ എഴുതിയതായി കാണുന്നു……….
……………………… ഈ ആനുകൂല്യങ്ങളും പദവികളും ഹേതുവാൽ അന്യമതക്കാരായ രാജാക്കന്മാർ ഈ ക്രിസ്ത്യാനികളെ മലബാറിലെ ഏറ്റം ഉത്തമവും, പുരാതനവും ആയ പ്രഭുവർഗമായി ഗണിക്കുകയും ചെയ്യുന്നു. രാജ്യത്തെ പ്രഭുക്കന്മാരായ നായന്മാരെക്കാൾ ഉയർന്ന സ്ഥാനം അവർ ക്രിസ്ത്യാനികൾക്ക് കല്പ്പിക്കുന്നു. പെരുമാൾ കൊടുത്ത പദവിയോടെ ക്രിസ്ത്യാനികളുടെ നില വളരെ ഉയർന്നു. മലനാട്ടിലെ പാണ്ടിക്ക് അപ്പുറത്തുള്ള രാജ്യങ്ങളിൽ അവരെ രാജവംശജരായി എണ്ണുന്നു.”

“ജോർണദാ ” തുടരുന്നു :
“ക്നായി തൊമ്മൻ ചേപ്പേട് മൂന്ന് ചെമ്പ് ഓലകളിൽ ഇരുപുറവും എഴുതപെട്ടിരിക്കുന്നു. രണ്ടു ചാൺ നീളവും, നാലു വിരൽ വീതിയിൽ ഉള്ള ഈ ഓല ഇരുമ്പ് വളയത്തിൽ കോർത്തിരുന്നു. മാർ യാക്കോബ് എന്ന മെത്രാൻ അത്‌ കൊച്ചിയിൽ പറങ്കി പണ്ടകശാലയിൽ പണയം വെച്ചു. അവിടെ വെച്ചു നഷ്ട്ടപെട്ടു പോയി എന്ന് ക്രിസ്ത്യാനികൾ പരാതിപ്പെടുന്നു.”

ചേപ്പേട് പണയം വെച്ചത് :

മാർ യാക്കോബ് എന്ന കൽദായ മെത്രാൻ ചേപ്പേടുകൾ 20 ക്രൂസോഡോ വാങ്ങി ഒരു നസ്രാണിയുടെ പക്കൽ പണയം വെച്ചതായി ചില ചരിത്രരേഖകളിൽ കാണുന്നു. കൊച്ചിയിൽ താമസമാക്കിയശേഷം അവശനായപ്പോൾ , അവിടുത്തെ പറങ്കി പണ്ടകശാലയിലെ ഉദ്യോഗസ്ഥനോട് ചേപ്പേടുകൾ എടുപ്പിച്ച് പണ്ടകശാലയിൽ പണയം വെക്കണമെന്നപേക്ഷിച്ചു. മെത്രാന്റെ മനപ്രയാസം മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തു എന്നാണ് “മോന്തീരോ” എന്ന പറങ്കി വൈദീകൻ പറയുന്നത്.

“മാർ യാക്കൂബ് റോമാസഭയിൽ ചേർന്നത്കൊണ്ട് നസ്രാണികൾ അദ്ദേഹത്തെ കൈവെടിഞ്ഞു. അപ്പോൾ കൊച്ചിയിൽ ചെന്ന് ഫ്രാൻസിസ്കൻ കൊവേന്തയിൽ താമസമാക്കി. പണത്തിനു ബുദ്ധിമുട്ടായി. ആ സമയം നസ്രാണികളുടെ ചേപ്പേടുകൾ കൈവശം ഉണ്ടായിരുന്നവ പറങ്കികളുടെ പണ്ടകശാലയിൽ പണയം വെച്ച് പണം വാങ്ങി” എന്ന് കെ.എം. ഡാനിയേൽ എഴുതിയിട്ടുള്ളത്.

യാക്കൂബ് മെത്രാൻ ഉത്തമനാണെന്നും, അദ്ദേഹം പോർട്ടുഗൽ രാജാവിനെയും ദൈവത്തിനെയും നാല്പത്തഞ്ചുവർഷം സേവിച്ചു. അതിനാൽ വേണ്ട സഹായങ്ങൾ ചെയ്യണം എന്നും വി.ഫ്രാൻസിസ് സേവ്യർ പോർട്ടുഗൽ രാജാവിന് എഴുതുകയുണ്ടായി….. ഏതായാലും മാർ യാക്കൂബ് ചേപ്പേട് പണയം വെച്ചു എന്നത് അവിതർക്കം.

1549-ൽ മാർ യാക്കൂബ് കാലം ചെയ്തു.

നസ്രാണികളുടെ ചെമ്പ് പട്ടയങ്ങൾ എല്ലാം കൂടെ ആണോ പണയം വെച്ചത് എന്ന സംശയത്തിന് വിരാമമില്ല. 1806-ൽ “വീരാകോർത്തൻ ചെപ്പേടും”, “തരിസാപ്പള്ളി ചെപ്പേടും” തിരുവതാംകൂർ -കൊച്ചിയുടെ റസിഡന്റ് സായിപ്പ് മെക്കാളെ കൊച്ചി പണ്ടകശാലയിൽ നിന്ന് കണ്ടെടുത്ത് സുറിയാനി മെത്രാപ്പോലീത്തയെ ഏൽപ്പിച്ചതായി ചരിത്രത്തിൽ ഉണ്ട്. എന്നാൽ അപ്പോഴും ക്നായി തൊമ്മൻ ചേപ്പേട് എവിടെയോ മറഞ്ഞു നിൽക്കുന്നു . ചെപ്പേടുകൾ പറങ്കികളുടെ പക്കൽ എത്തി എന്ന് ഏതാണ്ട് എല്ലാ ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നു. പറങ്കി ചരിത്രകാരന്മാർ ഭൂരിപക്ഷവും ക്നായി തൊമ്മൻ ചേപ്പേട് ഒരിക്കൽ പണ്ടകശാലയിൽ ഉണ്ടായിരുന്നതായി പറയുന്നു. കാര്യങ്ങളുടെ വിശകലനങ്ങളിൽ എല്ലാ ചെപ്പേടുകളും ഒരു പോലെ പണയപ്പെടുത്തിയതായി കാണാം.

1567-1616 കാലഘട്ടത്തിൽ ഗോവയിൽ താമസിച്ചിരുന്ന “ദിയാഗോ ദു കൂട്ടോ” എന്ന പോർട്ടുഗീസുകാരൻ എഴുതിയ ” ഡെക്കഡെസ്” എന്ന ചരിത്രരേഖയിൽ കൊച്ചിയിൽ വെച്ച് ക്നായി തൊമ്മൻ ചേപ്പേട് കണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൂട്ടോയുടെ രേഖയിൽ മാറി മാറി വന്ന അധികാരികൾ, മുൻഗാമികളിൽ നിന്ന് ഏറ്റു വാങ്ങി സൂക്ഷിച്ചിരുന്ന രേഖയായിരുന്നു ക്നായിത്തൊമ്മൻ ചേപ്പേട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഫാദർ ലുഖേന എഴുതിയ വി. ഫ്രാൻസിസ് സേവ്യറുടെ ജീവചരിത്രത്തിൽ ക്നായി തൊമ്മൻ ചേപ്പേട് വി. ഫ്രാൻസിസ് സേവ്യർ കണ്ടു എന്നും, അത്‌ ഗോവ ഗവർണർ മാർട്ടിൻ അൽഫോൻസ് ഡിസൂസക്ക് സമ്മാനിച്ചതായും കാണുന്നു. തകിട്‌ വളരെ പഴക്കം ഉള്ളതും, എഴുത്തുകൾ മാഞ്ഞു തുടങ്ങിയതായും എന്ന് എഴുതിയിരിക്കുന്നു. പ്രാചീന തമിഴിൽ എഴുതപ്പെട്ട ചേപ്പേട് പിന്നീട് ഒരു യഹൂദൻ പോർട്ടുഗീസ് ഭാഷയിലേക്ക് തർജമ്മ ചെയ്തു എന്ന് പ്രൊഫ : സ്കറിയ സഖറിയാ സാക്ഷ്യപ്പെടുത്തുന്നു . മേൽപ്രസ്താവിച്ച ഗവർണറുടെയും, വി. സേവ്യർ വന്ന കാലഘട്ടത്തെ 1542- നും 1545-നും ഇടയ്ക്കായി കണക്കാക്കാം. ഗവർണർ അൽഫോൻസോ കൊച്ചിയിലും, കൊല്ലത്തും വന്നതായി കാണുന്നു.

ഉദയംപേരൂർ സുന്നഹദോസ് ചരിത്രത്തിൽ “റോളിൻ” ചേരമാൻ പെരുമാൾ കൊടുത്ത ചെമ്പു പട്ടയം നഷ്ട്ടപ്പെടുത്തിക്കളഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. 1783-ൽ ലക്രോസ് ( La Croze )എന്ന ജർമൻ ചരിത്രകാരൻ എഴുതിയ “ഇന്ത്യയിലെ ക്രിസ്തുമത ചരിത്രം” എന്ന ഗ്രന്ഥത്തിലും പ്രസ്തുത ചെമ്പു പട്ടയം കളഞ്ഞു പോയി എന്ന് തുറന്നെഴുതിയിരിക്കുന്നു. മാർ യാക്കോബ് പ്രസ്തുത ചേപ്പേട് പ്രൊക്യൂറേറ്ററെ ഏൽപ്പിച്ചു, അയാൾ നഷ്ടപ്പെടുത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


1906 ലെ Travancore State Manuel -ൽ ( VOL-2) മക്കിൻസിയുടെ ( G. T. Mackenzie Esquire, I.C.S, British Resident in Travancore & Cochin ) ഇംഗ്ലീഷിലുള്ള പ്രബന്ധത്തിൽ നിന്ന് ടി.കെ.ജോസഫ് മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയ ക്നായി തൊമ്മൻ ചേപ്പേടിന്റെ ഉള്ളടക്കം ഇവിടെ ചേർക്കുന്നു.

ദേവന്മാരുടെ ദിവ്യദാസനും, ബലവാനും, സത്യവാനും, നീതിമാനും, സൽകർമ്മപരിപൂർണനും, വിവേകിയും, ഭൂമി മുഴുവൻമേലും ശക്തിയുള്ളവനും, സൗഭാഗ്യവും, വിജയവും, മഹിമയും പൂണ്ടവനും ദേവന്മാരുടെ സേവയിൽ നേരാംവണ്ണം ഐശ്വര്യം ഉള്ളവനുമായ കൊച്ചേരകോൻ ( Cocurangon ) മലമണ്ഡലത്തു മഹാദേവർ പട്ടണത്തു വിജയിക്കുമാറാകുക. ദീർഘായുസ്സോടെ നൂറായിരത്താണ്ടിരിക്കുമാറാകുക.

മേല്പടി കൊച്ചേരകോൻ പെരുമാൾ വാഴുംകാലം മീനമാസം ഏഴാംതീയതി ബുധനാഴ്ച്ച ( മാർച്ച്‌ ) ശുക്ലച്ചതുർദശിനാൾ അവൻ കൊടുങ്ങല്ലൂർ ഇരുന്നരുളുമ്പോൾ പൌരസ്ത്യദേശത്തിന്റെ അങ്ങേയറ്റത്തെ ഭാഗങ്ങൾ കാണണമെന്നുറച്ച് ക്നായി തൊമ്മൻ ( തോമസ് കാനാനിയോ ) എന്ന നസ്രാണി കപ്പലിൽ വന്നിറങ്ങി. അവൻ വന്ന പ്രകാരം ചിലർ കണ്ട് പെരുമാളോടുണർത്തിച്ചു. പെരുമാൾതന്നെ എഴുന്നെള്ളി കണ്ട് മേല്പടി തൊമ്മന്മാപ്പിളയ്ക്ക് ആളയച്ചാറെ അവൻ കരയിറങ്ങി പെരുമാൾ തിരുമുമ്പിൽ വന്നു , പെരുമാൾ അവനോട് സംസാരിച്ചരുളുകയും ചെയ്തു. അവനെ ബഹുമാനിക്കുന്നതിന് കൊച്ചേരകോൻ കനായൻ ( Cocurrangon Cananeo ) എന്ന് തന്റെ സ്വന്തം പേര് അവനു കൊടുത്തു. പെരുമാളിങ്കൽ നിന്ന് ഈ പദവി വാങ്ങി അവൻ തന്റെ ഇടത്ത് സ്വസ്ഥമായിരിപ്പാൻ പോയി. പെരുമാൾ അവന് എന്നെന്നേക്കുമായി മഹാദേവർപട്ടണം എന്ന നഗരി കൊടുക്കുകയും ചെയ്തു.

മേല്പടി പെരുമാൾ ഈ വലിയ ഐശ്വര്യത്തിൽ ഇരിക്കയിൽ ഒരുനാൾ വനത്തിൽ വേട്ടയാടാൻ പോയി. മേല്പടി പെരുമാൾ കാടൊക്കൊയും വളഞ്ഞു. അവൻ തൊമ്മനെ ബദ്ധപ്പെട്ട് വിളിച്ചിട്ട് നല്ലനേരത്ത് അവൻ പെരുമാളിന്റെ മുൻപിൽ വന്നു നിന്നു. പെരുമാൾ ജോത്സ്യനോട് ചോദിച്ചതിന് ശേഷം ആ വനത്തിൽ അവൻ ഒരു പട്ടണം കെട്ടണമെന്ന് കൽപ്പിക്കുകയും ചെയ്തു.

അവൻ വണങ്ങി പെരുമാളോട് ഈ അടവി അടിയത്തിനു വേണമെന്ന് ഉത്തരം പറഞ്ഞു. പെരുമാൾ അത്‌ എക്കാലത്തേക്കും വീടുപേറായി കൊടുക്കുകയും ചെയ്തു. അനന്തരം വേറൊരുന്നാൽ അവൻ കാട് തെളിച്ചു മേല്പടി ആണ്ട് മേടമാസം പതിനൊന്നാം തീയതി ( April ) തൃക്കൺപാർത്ത് , ഒരു നല്ല നാളിൽ നല്ല നേരത്ത് പെരുമാളിന്റെ പേരിൽ അത്‌ അവന് അവകാശമായി കൊടുത്തു. പള്ളിക്കും, ക്നായി തൊമ്മന്റെ വീടിനും പെരുമാൾ ഒന്നാം കല്ലിട്ടു. അവിടെ അവൻ എല്ലാവർക്കുമായി ഒരു പട്ടണം കെട്ടി. പള്ളിയിൽ കയറി അന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഈ കാര്യങ്ങളുടെ ശേഷം തൊമ്മൻ തന്നെ പെരുമാളുടെ തൃപ്പാദത്തിങ്കൽ ചെന്ന് തിരുമുൽകാഴ്ച്ചവെച്ച് തനിക്കും, തന്റെ സന്തതികൾക്കുമായി ആ ഭൂമി കൊടുക്കണമെന്ന് പെരുമാളോട് അപേക്ഷിച്ചു.

അദ്ദേഹം അനാക്കോലാൽ 264 കോൽ അളന്നു തിരിച്ച് , അവിടെ ഉടൻ പണിത 62 വീടുകളോടും, അയാലുകളും , അവയുടെ( ചുറ്റും ) വഴികളും, അതിരുകളും അകമുറ്റങ്ങളും ഉൾപ്പെട്ട പറമ്പുകളോടുംകൂടെ തൊമ്മനും അവന്റെ സന്തതികൾക്കുമായി എന്നെന്നേക്കുമായി കൊടുത്തു.

ഏഴുവിധം വാദ്യങ്ങളും സകല പദവികളും, പല്ലക്കിൽ യാത്രയും, രാജാക്കന്മാരുടെ സ്ത്രീകളുടേതുപോലെ കല്യാണങ്ങൾക്ക് പെണ്ണുങ്ങളുടെ കുരവയും , അദ്ദേഹം അവന് കൊടുത്തു. സ്ഥാനമാനവും ( dignity ) നിലത്തു പരവതാനികൾ വിരിക്കുന്നതിനും, കയ്യിൽ ചന്ദനം ഇരട്ടി ഇടുന്നതിനും, പന്തലിടുന്നതിനും, ആനമേൽ കേറി പോകുന്നതിനുള്ള അവകാശവും കൂടെ അദ്ദേഹം ദാനം ചെയ്തു. എന്നാലോ തൊമ്മനും, അവന്റെ സന്തതികൾക്കും, അവന്റെ കൂട്ടക്കാർ ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും, അവന്റെ സകല ബന്ധുക്കൾക്കും, അവന്റെ മതക്കാർക്കും അഞ്ചുവകക്കരം എന്നെന്നേക്കുമായി പെരുമാൾ കൊടുത്തു.

മേൽപ്പടി പെരുമാൾ ഒപ്പ്.

എഴുപത്തി രണ്ട് വീടുകൾ എന്നത് പരിഭാഷകളിൽ അറുപത്തിരണ്ട്‍ വീടുകൾ എന്നെഴുതി കാണുന്നത് പോർട്ടുഗീസ് ഭാഷയിലേക്ക് പരിഭാഷപെടുത്തിയപ്പോൾ പറ്റിയ കൈതെറ്റാവാനാണ് സാധ്യത എന്ന് ചരിത്രകാരന്മാർ എഴുതുന്നു.

ചെപ്പേടിന്റെ കാലഗണന :

1604-ൽ എഴുതപ്പെട്ട ജെസ്യൂട്ടുകാരുടെ മലബാറിലെ സുവിശേഷ വേലയുടെ ഒരു കയ്യെഴുത്തു ഗ്രന്ഥം ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്നാണ് ചേരമാൻ പെരുമാളിന്റെ ജീവിത കാലഗണന നടത്തിയിരിക്കുന്നതായി മനസ്സിലാവുന്നത്. അതിൽ പ്രധാനമായി ചേരമാൻ പെരുമാളിന്റെ ദാനധർമ്മങ്ങളുടെ വിവരണമാണ്. അതിൽ “ആയിരത്തി ഇരുനൂറ്റി അൻപത്തിയെട്ട് സംവത്സരങ്ങൾക്കും മുൻപ് മാർച്ച്‌ ഒന്നാം തീയതി പെരുമാൾ മരിച്ചു “എന്ന് പ്രസ്താവിച്ചിരിക്കുന്നു. അപ്പോൾ ചേരമാൻ പെരുമാൾ നാടുനീങ്ങിയത് AD-346 എന്ന വർഷത്തിലേക്ക് എത്തുന്നു എന്ന് മക്കിൻസി രേഖപ്പെടുത്തിയിരിക്കുന്നു.

ക്നായി തൊമ്മൻ ചെപ്പേടിന്റെ പല പരിഭാഷകൾ ഇപ്പോൾ ലഭ്യമാണ്.

ഫ്രാൻസിസ് റോസ്-ന്റെ പരിഭാഷ മക്കിൻസിയുടെ Christianity in Travancore എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. (Travancore State Manual 1906 Vol:2) .

ഒരു പരിഭാഷ ബിഷപ്പ് “മെഡ്‌ലിക്കോട്” തോമസ് അപോസ്തലനെ കുറിച്ച് എഴുതുന്ന പുസ്തകത്തിലേക്ക് ആവശ്യത്തിനായി പരിഭാഷ ചെയ്തത് Catholic Encyclopedia Vol-14 ലഭ്യമാണ്.

ഫാദർ ഹോസ്റ്റന്റെ പരിഭാഷ Kerala Society Papers -series 4 -1930 നിന്ന് ലഭിക്കും.

മറ്റൊരു പരിഭാഷ പൂനയിലെ കോളേജ് പ്രോഫസ്സർ ഫാദർ ഇ.ആർ. ഹംബി പ്രമുഖ സഭാ ചരിത്രകാരനായ Z.M.പാറേട്ടിനു വേണ്ടി പരിഭാഷ പെടുത്തിയത്.

ഫാദർ ഹംബി പോർച്ചുഗീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് തർജമ ചെയ്തത്.

May Coquarangon be prosperous and have long life and may he live a 100, 000 years, divine servant of God , strong true , just , full of good works , reasonable , powerful , over the whole earth, fortunate , victorious , glorious , rightly succesful in the service of God !!

In Malabar, in the great city of the great Idol , while reigning in the time of Mercury i e. on the 7nth of March before the new moon, the same king being at Carna? there arrived Thomas Cananeo , leading Man, in a particular ship to the furthest part of the East. And as some saw Thomas arriving they went to tell the King. And the King himself came and he saw and called the said Thomas , leading man , and he disembarked and came before the King, who spoke to him amicably. And he gave him a surname to honour him , his own, calling him Coquarangon Cananeo. And he rreceived from the King this honour, and he went to stay in his place. And the King gave him the City of Magoderpatanam for ever more. And the same King being in this great prosperity he went one day hunting to the forest, and he called Thomas hurriedly , who came and he was before the King at a ffortunate hour. And the King consulted the diviner and then the King told Thomas that he should build a city in that forest. And he answered the King making first obeisance to him and said : “I want this forest for me.” And the king granted to him for evermore. And immediately the next day he cleared the forest. And he ( the King ) put eyes on him the same year on the same year on the 11th of April , and gave as inheritance to Thomas on a specific time and day , in the name of the King , who laid the first brick for the church and for the house Thomas Cananeo and made there a city for all , and he entered the church, and prayed there on the same day. After these things Thomas himself went to the palace of the King and offered him presents , and after this the King told that he give him and his descendants that land. And he measured out to him 1264 cubits of elephant ( =long cubit ), and gave to Thomas and descendants for ever more. And together 62 houses , which were built at once there , and gardens and fields with their surroundings and with their woods and boundaries and interior squares. And he granted him seven kind of musical instruments and all the honours , in speaking and behaving like a king , and in the wedding feasts for the women to make a sound ( signal ) with the finger in the mouth and he granted them a special weight , and to decorate the ground with cloths and he granted them royal fans, and to apply sandal on the arm and tent (? ) royal in every part of his kingdom for ever more . And he leased this fine tributes to Thomas and his generation , and his confiderates for men and for women and for his relatives, and to the children of his Law ( followers of his faith ) for ever more. The said King gave name (signed ) and took these princes as witnesses : CODASCERICONDEM, CHERUCARAPROTACHATENCOMEREN , gate keepers of the King ; AREUNDENCOUNDEM , counsellor of the King ; AMENATECANDENG…? LAN, captain of the camp ; CHIRUMALAPROTATRIVI EVAMEN COMERAN , magistrate of the Eastern Section in Malabar ; PERUVALATITA …. Singer of the said King ; PERUBALENATA COTTOCOUBEM guard of ?….. ; BICHREMENCHINGUEN of Couturte ( Kaduthuruthy ) , chamberlain of the said King A..?, NIPERUMCOVIL , scribe of all the business with his hand wrote this sealed and fortunate document.

ഈ ശാസനം 345 കുംഭം 29ന് ദത്തം ചെയ്യപ്പെട്ടതായി ഇ.എം ഫിലിഫോസ് എഴുതിയിരിക്കുന്നു. കൊടുങ്ങല്ലൂർ ക്രിസ്ത്യാനികൾ അധിവസിച്ചിരുന്ന ഭാഗത്തിന് മഹാദേവർപട്ടണം എന്നായിരുന്നു പേർ എന്ന് കൂട്ടിച്ചേർക്കുന്നു.

“The Land of Perumals” എന്ന ഗ്രന്ഥത്തിന്റെ കർത്താവായ “ഡെയി” നടത്തിയ ചരിത്രാന്വേഷണത്തിൽ ചേരമാൻ പെരുമാൾ വംശം നാട് വാണിരുന്നത് ക്രിസ്തു വർഷം 241 മുതൽ 378 വരെയാണെന്ന് സ്ഥാപിക്കുന്നു.

ബിഷപ്പ് റോസ് സ്വന്തം പേരു പറയാതെ 1604-ൽ എഴുതിയ ചരിത്രത്തിൽ നസ്രാണികൾക്ക് കിട്ടിയ ഓല ഫ്രാൻസിസ്കൻ സന്യാസികൾ പോർത്തുഗലിലേക്ക് കൊണ്ടുപോയി എന്ന് പറഞ്ഞിരിക്കുന്നു. അതിന്റെ ഒരു പകർപ്പ് ഗോവയിൽ ഉണ്ട് എന്ന് രേഖപെടുതിയിരിക്കുന്നു. ആ പകർപ്പിൽ നിന്നായിരിക്കും റോസ് പരിഭാഷ ചെയ്തത്.

രണ്ടോ, മൂന്നോ തകിടുകൾ ഉണ്ടായിരുന്ന ക്നായി തൊമ്മൻ ചേപ്പേട് ഇന്ന് എവിടെ എന്ന് ആർക്കും അറിയില്ല. കൽദായ മെത്രാൻ മാർ യാക്കൂബ് റോമാ സഭയിൽ ചേർന്ന ശേഷം നസ്രാണികളുടെ ചെപ്പേടുകൾ പറങ്കി പണ്ടകശാലയിൽ പണയം വെച്ചത് 1544-ൽ ആയിരുന്നു. തിരുവതാംകൂർ -കൊച്ചി നാട്ടുരാജ്യങ്ങളുടെ ബ്രിട്ടീഷ് റസിഡന്റ് കേണൽ മെക്കാളെ 1806-ൽ കൊച്ചി പണ്ടകശാലയിൽ നടത്തിയ തിരച്ചിലിന്റെ ഫലമായി ഇരവി കോർത്തൻ ചെപ്പേടും, തരിസാപ്പള്ളി ചെപ്പേടും കിട്ടി. എന്നാൽ ക്നായി തൊമ്മൻ ചേപ്പേട് ഇന്നും അജ്ഞാതമായി തുടരുന്നു.

1542 മെയ് മാസത്തിൽ ഗോവയിൽ എത്തി മൂന്നു വർഷവും നാലു മാസവും ഗവർണർ പദവിയിലിരുന്ന ടോം മാർട്ടിൻ അൽഫോൻസാ ഡിസ്സൂസ്സക്ക് സമ്മാനമായി ഒരു ചെമ്പുതകിട്‌ കിട്ടിയതായി ഫാ. ലുക്കാനാ ( വി.ഫ്രാൻസിസ് സേവ്യറുടെ കഥ എഴുതിയ ആൾ ) പറയുന്നു. പഴക്കം മൂലം അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നതായി അദ്ദേഹം പറയുന്നു. ഒരു യഹൂദൻ ബദ്ധപ്പെട്ട് പരിഭാഷ ചെയ്തു എന്ന് അദ്ദേഹം എഴുതുന്നു. 1545-ൽ ഗവർണർ അൽഫോൻസോ ഉദ്യോഗം ഒഴിഞ്ഞു പോകുമ്പോൾ പ്രസ്തുത ചെമ്പ് തകിട്‌ കൊണ്ടുപോയോ എന്ന് ലുക്കെന്ന സംശയിക്കുന്നു. എന്നാൽ ക്യുട്ടോ എന്ന ചരിത്രകാരൻ 1559-ൽ കൊച്ചിയിൽ എത്തിയപ്പോൾ അസ്സൽ രേഖ പണ്ടകശാലയിൽ ഉണ്ടായിരുന്നു എന്നും, എന്നാൽ 1603-ൽ കാണുന്നില്ല എന്നും പറയുന്നു. അതിനാൽ ലുക്കെനയുടെ സംശയങ്ങൾക്ക് സാധുതയില്ല എന്ന് വേണം കരുതാൻ.

അന്വേഷിച്ചു. കണ്ടെത്തിയില്ല :

കഴിഞ്ഞ നൂറ്റാണ്ടിലെ ശ്രമങ്ങൾ :

1925-ൽ തിരുവതാംകൂർ കൊച്ചിയിൽ ബ്രിട്ടീഷ് റസിഡന്റ് C.W.E കോട്ടൺ -ന്റെ നിർദേശപ്രകാരം പോർട്ടുഗലിലെ ബ്രിട്ടീഷ് രാജ പ്രധിനിധി ലിസ്ബണിലെ ടോറെ ദു ടുമ്പൊയിൽ (റെക്കോർടുകൾ സൂക്ഷിക്കുന്ന സ്ഥലം ) അന്വേഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. അവിടുത്തെ മറ്റു സർക്കാർ ശേഖരങ്ങളിലും തിരഞ്ഞെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തുടർന്ന് വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങളിൽ ഉണ്ടോ എന്നറിയാൻ പ്രമുഖ പത്രങ്ങളിലും പരസ്യം ചെയ്തു. വിവരം ഒന്നും കിട്ടിയില്ല. അക്കാലത്തു തന്നെ ലിസ്ബണിൽ എത്തിയ സർദാർ കെ.എം. പണിക്കർ ടോറെ ദു ടുമ്പൊയുടെ പ്രധാന അധികാരിയോട് ചെയ്ത അഭ്യർത്ഥനയെ തുടർന്ന് ഒരിക്കൽക്കൂടി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല ( Indian Anitiquary 1927).

1960-കളുടെ ആരംഭത്തിൽ മലയാള മനോരമ ചീഫ് എഡിറ്റർ ആയിരുന്ന കെ.എം ചെറിയാൻ ക്നായി തൊമ്മൻ ചെപ്പെട് കണ്ടെടുക്കുന്നതിനായി ഇന്ത്യൻ അർക്കിയോളോജിക്കൽ ഡിപ്പാർട്മെന്റ് മുഖേന ഒരു നീക്കം നടത്തിയെങ്കിലും ആശാവഹമായ വിവരങ്ങൾ ഒന്നും കിട്ടിയില്ല എന്നാണറിഞ്ഞത്.

ഫലശ്രുതി :

ചരിത്രത്തിന്റെ ഏതോ തിരിവിൽ ക്നായി തൊമ്മൻ ചേപ്പേട് കാഴ്ചക്കപ്പുറത്തെവിടെയോ ഒളിച്ചുകളിക്കുന്നു. അഞ്ചു നൂറ്റാണ്ടിനപ്പുറം ഒരു യഹൂദൻ പോർട്ടുഗീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ തെളിവുകളിലൂടെ ആയിരത്തി അറുനൂറ് വർഷങ്ങൾക്ക് അപ്പുറം കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ചരിത്രവുമായി കണ്ണി ചേർന്ന് കോട്ടയത്തെ ക്നാനായക്കാർ A D 345 എന്ന് കാറിന്റെ ചില്ലിലെഴുതി പാരമ്പര്യത്തിന്റെ ദിവ്യത്വം നേടുന്നതിനായി കല്യാണങ്ങൾക്ക് കുരവിയിട്ടും, നട വിളിച്ചും രക്ത ശുദ്ധിയുടെ ആഭിജാത മേലങ്കി അണിഞ്ഞുനിൽക്കുന്നു. ഇന്ന് ക്നാനായ സമുദായത്തിന്റെ പുതിയ തലമുറ ലോകത്തിന്റെ ആവേഗത്തോടൊപ്പം എത്താൻ യൂറോപ്പിലും, അമേരിക്കൻ ഐക്കനാടുകളിലും, ഓസ്‌ട്രേലിയയിലും, ന്യൂസിലാണ്ടിലും, കാനഡയിലും ജീവസന്ധാരണ ശ്രമങ്ങളുമായി നെട്ടോട്ടമോടുന്നു. കുടിയേറ്റം ഇവർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

ആചാരത്തിന്റെ നൂലിഴകൾ കൊണ്ട് തങ്ങളുടെ പൈതൃകത്തിനെ കോർത്തിണക്കുന്ന ഒത്തുകല്യാണവും , മയിലാഞ്ചി ഇടീൽ ചടങ്ങും , ചന്തം ചാർത്തൽ ചടങ്ങും അടങ്ങുന്ന ചുരുക്കം ചില കല്യാണാഘോഷ മുഹൂർത്തങ്ങൾ ഒഴിച്ചാൽ ചരിത്രം മറക്കാനുള്ളതായി കാണുന്ന സമൂഹമായി ക്നാനായ സമുദായം മാറിക്കഴിഞ്ഞിരിക്കുന്നു.

സാഹസികരായ പൂർവീകരിൽ നിന്ന് വർത്തമാനകാലത്തിൽ എത്തുമ്പോൾ പുതിയ തലമുറ പ്രയോജനവാദത്തിന്റെ അപ്പോസ്തലന്മാരാകുന്ന കാഴ്ച്ചക്ക് നാം സാക്ഷിയാവുന്നു. Yual Noah Harrari പ്രവചിക്കുന്ന പുതിയ ശാസ്ത്രസാങ്കേതികയുടെ ലോകത്തെത്താൻ ക്നാനായക്കാർ ഒരുപാട് കാതം നടക്കേണ്ടിയിരിക്കുന്നു.

ഭാരതീയ ക്രൈസ്തവ സഭക്ക് “പൗരോഹിത്യ പിന്തുടർച്ച ” യുടെ “കൈവെപ്പ്” ഉറഹാ മാർ ഔസെഫ് മെത്രാനിലൂടെ എത്തിയതാണെന്ന് സുറിയാനി ക്രിസ്ത്യാനികൾ “മനപ്പൂർവ്വം” മറന്നുതുടങ്ങിയിരിക്കുന്നു. “തുടർന്നുള്ള പന്ത്രണ്ടു നൂറ്റാണ്ടുകാലം മലങ്കരസഭ പേർഷ്യൻ സഭയുടെ ആത്മീയാധികാരത്തിൻകീഴിലും, അവിടെ നിന്നും പൗരോഹിത്യം സ്വീകരിക്കുന്നതായുമാണ് കാണുന്നത് ” എന്ന് സഭാ ചരിത്രകാരനായ ഡോ.എം. കുര്യൻ തോമസ് “നസ്രാണി സംസ്കാരം ദേശീയത” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

സുറിയാനി ഭാഷയിലെ “ആരാധനാക്രമം ” കപ്പൽ കയറിയെത്തിയവർ കൊണ്ടുവന്നപ്പോൾ മലങ്കര ക്രിസ്ത്യാനികളുടെ വിശ്വാസതീക്ഷണതയുടെ വസന്തകാലം തുടങ്ങുകയായിരുന്നു .

കേരളത്തിലെ ക്രിസ്ത്യാനികളെ ജാതിവ്യവസ്ഥിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ ക്നായി തൊമ്മന്റെയും , കൂട്ടരുടെയും രാജാധികാരികളുമായുള്ള നിരന്തരമായ ഇടപെടലുകൾ സഹായിച്ചുവെന്നത് ക്നായി തൊമ്മൻ ചേപ്പേടിൽ നിന്ന് തെളിഞ്ഞു വരുമ്പോൾ നസ്രാണികൾക്ക് കിട്ടിയത് ഉന്നത സാമൂഹ്യ ജീവിത സാഹചര്യങ്ങളുടെ സാധ്യതകൾ ആയിരുന്നു..

ഗ്രീഷ്മമായും, ശിശിരമായും ഋതുക്കൾ മാറയപ്പോൾ യാക്കോബയും, ഓർത്തഡോക്സും, മാർത്തോമാ-യുമായി സഭകൾ വളർന്നു…. മറ്റു ചെറു സഭകളും ഇവരോടൊപ്പം സുറിയാനി ആരാധനക്രമം പിന്തുടർന്നപ്പോൾ “സുറിയാനി ക്രിസ്ത്യാനികൾ” എന്നവരെല്ലാവരും വിളിക്കപ്പെട്ടു

“നസ്രാണി നാടോടിബോധത്തിൽ, കുറുകെ വരയ്ക്കപ്പെട്ട ഒരു വരയാണ് ക്നാനായപെരുമ” എന്ന് പ്രമുഖ പത്രപ്രവർത്തകനും, ഗ്രന്ഥരചയിതാവുമായ ബോബി തോമസ് എഴുതുമ്പോൾ ക്രിസ്തീയ വിശ്വാസത്തിന്റെ വെളിച്ചവുമായി വന്ന ക്നാനായക്കാർ മേല്പറഞ്ഞ സഭകളുടെ വളർച്ചകണ്ട് മൗനമായി, മൂകമായി ഒരു ചെറുപുഞ്ചിരിയിൽ ആശംസകൾ നേർന്നു മുണ്ടൊന്ന് മടക്കിക്കുത്തി പുതിയകാലത്തിനോട് ഒപ്പമെത്താൻ ധൃതി വെച്ചു നടക്കുന്നു…..

ചരിത്രസഞ്ചാരി ©

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: