17.1 C
New York
Sunday, September 19, 2021
Home Special ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം - (4)

ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം – (4)

✍️ചരിത്രസഞ്ചാരി©

മലയാളി മെമ്മോറിയൽ-മർഫി സായിപ്പ് – പൂന്തോട്ടവും കോട്ടയവും.

ആദിയിൽ രണ്ടു റവന്യൂ ഡിവിഷനായിരുന്ന തിരുവതാംകൂർ നാലായി തിരിച്ചത് 1860-ലായിരുന്നു. അങ്ങനെ കോട്ടയം പുതിയ റവന്യൂ ഡിവിഷനായി തിരുവതാംകൂർ സർക്കാർ പ്രഖ്യാപിച്ചു. പുതിയ റവന്യൂ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയിൽ നിന്ന് കോട്ടയത്തേക്ക് മാറ്റപ്പെട്ടു. 1880-ൽ ദിവാൻ പേഷ്കാരായി ടി.രാമറാവു എത്തിയതോടുകൂടി കോട്ടയം ആധുനിക ഭരണപരിചയം നേടിത്തുടങ്ങി. സർക്കാരാപ്പീസുകൾ തിരുനക്കരക്ക് മാറ്റികൊണ്ട് മാറ്റങ്ങൾക്ക് തുടക്കം ഇട്ടു. ജില്ലാ ആസ്ഥാനത്തിന് വേണ്ട പേഷ്കാരഫീസ്, ട്രഷറി, കോടതികൾ, പോലീസ് സ്റ്റേഷൻ, ജയിൽ, ബോട്ട്ജെട്ടി, മാർക്കറ്റ് തുടങ്ങിവയൊക്കെ കോട്ടയത്തുയർന്നത് ടി.രാമറാവു -വിന്റെ കാലത്തായിരുന്നു. പോലീസ് പരേഡ് ഗ്രൗണ്ട് ആയി ഇന്നത്തെ തിരുനക്കര മൈതാനം അന്ന് സൃഷ്ടിക്കപ്പെട്ടു. ടെന്നീസ് കളിക്കാനും, വെടിവട്ടം കൂടാനും രാമ വർമ യൂണിയൻ ക്ലബ്‌ എന്നൊരു ക്ലബും തുടങ്ങി.

കോട്ടയംകാർക്ക് എഴുതുകയും, വായിക്കുകയും ചെയ്യാമെന്നായപ്പോൾ തിരുവതാംകൂർ ദിവാൻ പേഷ്കാർ സി.എം.എസ് പാതിരി ജോൺ കെയിലിക്ക് ഒരു റീഡിങ് റൂം ആരംഭിക്കാൻ അനുമതി നൽകി. അങ്ങനെ കോട്ടയം പബ്ലിക് ലൈബ്രറി “കോട്ടയം റീഡിങ് റൂം” എന്ന പേരിൽ 1882-ൽ തുടക്കമായി. ജോൺ കെയിലി ആദ്യ സെക്രട്ടറി ആയി. തിരുനക്കര കുന്നിൽ ഏഴു സെന്റ് സ്ഥലം ഇതിനായി ആദ്യ സെക്രട്ടറിയുടെ പേരിൽ റെജിസ്റ്ററാക്കി. കോട്ടയം പബ്ലിക് ലൈബ്രറി കേരളത്തിലെ ആദ്യ കാല ലൈബ്രറികളിൽ ഒന്നായി മാറി. ആദ്യ കാലങ്ങളിൽ ഇംഗ്ലീഷ് പുസ്തകങ്ങളും, പത്രങ്ങളും, ആനുകാലികങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ തിരുവതാംകൂറിന്റെ സാംസ്‌കാരിക തലസ്ഥാനമായി കോട്ടയം മാറി. സി.വി. രാമൻ പിള്ള എന്ന പ്രതിഭ കോട്ടയത്ത്‌ എത്തി. ബാരിസ്റ്റർ ജി.പി.പിള്ള എത്തി. ഡോക്ടർ പല്പു എത്തി. നിധീരി വക്കീൽ എത്തി. അവർ ഒത്തുചേർന്ന് കോട്ടയം റീഡിങ് റൂമിൽ ഇരുന്ന് തിരുവതാംകൂറിലെ എല്ലാ വിഭാഗത്തിലും പെട്ട നാട്ടുകാർക്കും തിരുവതാംകൂറിൽ ജോലി കൊടുക്കണം എന്നാവിശ്യപെട്ട് “മലയാളി മെമ്മോറിയൽ” എന്ന ചരിത്രസംഭവം എഴുതിയുണ്ടാക്കി, 10037 പേരുടെ ഒപ്പ് ഇട്ട് 1891 ജനുവരി 1ന് മഹാരാജാവിന് സമർപ്പിച്ചു. തമിഴ്നാട്ടിലെയും, കർണാടകത്തിലേയും ബ്രാഹ്മണൻമാർക്കായിരുന്നു അന്ന് സർക്കാർ ജോലികളിൽ ആധിപത്യം. അങ്ങനെ കോട്ടയം പബ്ലിക് ലൈബ്രറി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മാറ്റത്തിന്റെ കാഹളധ്വനിയായി ചരിത്രത്തിൽ ഇടം പിടിച്ചു.

അനന്തരം താൻ ഉണ്ടാക്കിയതിനെയൊക്കെയും ദിവാൻ പേഷ്കാരായ ടി.രാമറാവു നോക്കി. എല്ലാം നല്ലതെന്ന് കണ്ടു. സന്ധ്യയായി, ഉഷസ്സുമായി..

കോട്ടയത്തിന്റെ പുതിയ കാലത്തിനു തുടക്കമായി…

ആ ദളിത് ബാലൻ :

അടിമവേലയെ പേടിച്ചു ചാലക്കുടിയിൽ നിന്ന് ആ കൊച്ചു ചെറുക്കൻ ഓടി എത്തിയത് കൊച്ചിയിൽ വൈറ്റ്ഹൗസ് എന്ന മിഷണറിയുടെ അടുത്തായിരുന്നു. ആ ദളിത് ബാലന് കൊർണേലിയോസ് ഹട്ടൻ എന്ന് പേരിട്ട് സി.എം.എസ് കോളേജിന്റെ പ്രിൻസിപ്പിലായിരുന്ന റിച്ചാർഡ് കോളിൻസിന്റെ അടുത്തേക്ക് വൈറ്റ്‌ഹൗസ് അയച്ചു. ആ പുലയകുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കാൻ തുനിഞ്ഞപ്പോൾ ജാതിഭ്രാന്തന്മാർ കോമരം തുള്ളാൻ തുടങ്ങി. മൂന്നു മാസങ്ങൾ മാത്രം പഠിക്കാൻ സാധിച്ച ആ ബാലൻ കോട്ടയം വിട്ടു. റിച്ചാർഡ് കോളിൻസ് എന്ന പ്രിൻസിപ്പൽ നിസ്സഹായനായി…… ചില ഉറച്ച തീരുമാനങ്ങൾ റിച്ചാർഡ് കോളിൻസ് അന്നെടുത്തു.

കാലം ചെന്നപ്പോൾ ആ ബാലൻ ബാസ്സൽ മിഷൻകാരുടെ പള്ളിക്കൂടത്തിൽ പഠിച്ചു മിടുക്കനായി. 1887-ൽ കോർണേലിയോസ് ഹട്ടൻ പൗരോഹിത്യം സ്വീകരിച്ച് തളിപ്പറമ്പിലൊരു ദേവാലയത്തിന്റെ വികാരിയായി. അന്ന് താൻ സുറിയാനി ക്രിസ്ത്യാനി സഹപാഠികളിൽ നിന്ന് നേരിട്ട വർണവിവേചനം ഓർത്തു കണ്ണീർ വാർത്തു.

മർഫി സായിപ്പ് ഹാപ്പിയാണ്, കോട്ടയവും :

റബ്ബർ മരം വെച്ചു പിടിപ്പിച്ച കോട്ടയത്തെ ചെറുതും വലുതുമായ കർഷകർ ഉല്പത്തി പുസ്തകത്തിലെ ആ വരികൾ വീണ്ടും, വീണ്ടും വായിച്ചു. “അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ട്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണ്മാൻ ഭംഗിയുള്ളതും, തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും, തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്ന് മുളപ്പിച്ചു”.

മർഫി സായിപ്പ് റബ്ബർ തൈയും ആയി ആണ് വന്നത്. അയർലണ്ട്കാരനായ ജോൺ ജോസഫ് മർഫി കോട്ടയംകാരെ റബ്ബർ കൃഷിയുടെ ശാസ്ത്രം പഠിപ്പിച്ചു.

ഡബ്ലിനിൽ 1872-ൽ കപ്പൽ വ്യാപാരത്തിലും, ബാങ്ക് വ്യവസായത്തിലും ഏർപ്പെട്ടിരുന്ന സമ്പന്ന കുടുംബത്തിൽ ആറാമത്തെ കുട്ടിയായി ജോൺ ജോസഫ് മർഫി ജനിച്ചു. പിതാവിനോടൊപ്പം ഡബ്ലിൻ തുറമുഖത്തിലൂടെ നടക്കുമ്പോൾ, കപ്പലിൽ കിഴക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകൾ കണ്ട് ലോകത്തിന്റെ അങ്ങേ തലക്കലുള്ള രാജ്യങ്ങളെ കൊച്ചു മർഫി സ്വപ്നം കാണാൻ തുടങ്ങി. ട്രിനിറ്റി കോളേജിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ഇരുപത്തൊന്നാം വയസ്സിൽ ഒരു തേയിലതോട്ടത്തിൽ ജോലി സംഘടിപ്പിച്ചു സിലോണിലേക്കുള്ള കപ്പൽ കയറി. ഏതാനം വർഷങ്ങൾക്ക് ശേഷം 1897 -ൽ സിലോണിൽ നിന്ന് കണ്ണൻ ദേവൻ മലനിരകളിലെ ഫിൻലേ കമ്പനിയുടെ ഉദ്യോഗസ്ഥനായി മൂന്നാർ മലനിരകളിൽ എത്തി. തുടർന്നു പാമ്പാടുംപാറയിലെ ഏലതോട്ടം ഇംഗ്ലീഷുകാരായ ഉടമസ്ഥരിൽ നിന്ന് മേടിച്ചു കൊണ്ട് സ്വന്തം തോട്ടകൃഷിയിലേക്ക് കാൽവെച്ചു. ഏലകൃഷി ലാഭത്തിലാക്കി കഴിഞ്ഞപ്പോൾ റബ്ബറിനോടുള്ള താല്പര്യം ഉടലെടുത്തു.

ഇഗ്ലീഷ്കാരായ മൂന്നു തോട്ടം ഉടമകളുമായി ചേർന്ന് “പെരിയാർ സിണ്ടിക്കേറ്റ് ” എന്ന് വിളിപ്പേരിട്ട തോട്ടകൂട്ടായ്മ പെരിയാറിന്റെ തീരത്ത് ആലുവായിക്കടുത്ത് ആദ്യ റബ്ബർ തോട്ടം 1902-ൽ ആരംഭിച്ചു. രണ്ടു വർഷത്തിന് ശേഷം 1904-ൽ മുണ്ടക്കയത്തിന് അടുത്ത്, നാട്ടുരാജാക്കന്മാരായ പൂഞ്ഞാർ രാജാവിൽ നിന്നും , തിരുവതാംകൂർ സർക്കാരിൽ നിന്നുമായി മേടിച്ച ഭൂമിയിൽ സ്വന്തം റബ്ബർ കൃഷിക്ക് തുടക്കമിട്ട് യേന്തയാർ എസ്റ്റേറ്റ് എന്ന് നാമകരണം ചെയ്തുകൊണ്ട് കേരളത്തിന്റെ തോട്ടകൃഷി ചരിത്രത്തിൽ പുതുവസന്തം കൊണ്ടുവന്നു. യേന്തയാർ എന്ന ‘”എൻ തായി ആർ”” എന്നാൽ എന്റെ മാതാവിന്റെ ആർ എന്ന് മലയാള അർത്ഥം .

1952-ൽ തന്റെ 1200 ഏക്കർ യേന്തയാർ റബ്ബർ തോട്ടം ജോസ് കള്ളിവയലിൽ, മൈക്കിൾ കള്ളിവയലിൽ, കെ.വി. ജോസഫ് പൊട്ടംകുളം, കെ.കെ.എബ്രഹാം പൊട്ടംകുളം എന്നിവർക്കായി പതിനേഴുലക്ഷം രൂപക്ക് കൈമാറിയ മർഫി സായിപ്പ് കോട്ടയം വിട്ടില്ല. 1957 മെയ്‌ 9ന് മരിക്കുവോളം താൻ നട്ടുവളത്തിയ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ കുതിരയോടിച്ചു നടന്നു. താൻ വെച്ചു പിടിപ്പിച്ച റബ്ബർ മരങ്ങളെ കണ്ടുറങ്ങാനാണ് യെന്തയാറിലെ സെന്റ് ജോസഫ് പള്ളി സെമിത്തേരി നിത്യവിശ്രമിത്തിനായി തിരഞ്ഞെടുത്തത്.

റബ്ബർ കൃഷി കോട്ടയത്തിന്റെ സംസ്കാരത്തിൽ പിന്നെയും ചില ഗുണപരമായ മാറ്റം വരുത്തി .
കോട്ടയംകാർക്ക് ക്ഷമ എന്ന സ്വഭാവം ആ കൃഷിയിലൂടെ ആണ് കിട്ടിയതെന്ന് നിസംശയം പറയാം. റബ്ബർ നട്ട് ഏഴുവർഷം കാത്തിരുന്ന് കിട്ടുന്ന തുള്ളി തുള്ളിയായി വീഴുന്ന റബ്ബർ പാൽ കോട്ടയംകാരുടെ സംസ്കാരത്തിൽ ക്ഷമയെന്ന വികാരത്തെ ചേർത്തൊട്ടിച്ചു. റബ്ബർ പാൽ കോട്ടയത്തിന്റെ മുലപ്പാലായി. റബ്ബറിന് വില കൂടിയപ്പോഴും, കുറഞ്ഞപ്പോഴും കോട്ടയംകാർ റബ്ബറിനെ തള്ളിപ്പറഞ്ഞില്ല.ജീവിക്കാനുള്ള മാർഗവും, ക്ഷമയെന്ന അനിതസാധാരണമായ കഴിവും, റബ്ബറിലൂടെ തിരുവതാംകൂർ നേടി.

ഇന്ത്യക്ക് ആവശ്യമുള്ള തൊണ്ണൂറു ശതമാനം റബ്ബറും ഇന്ന് കേരളം ഉല്പാദിപ്പിക്കുന്നു.

ചെറുതും, വലുതുമായി ഒന്നരലക്ഷത്തോളം കർഷകരും അവരുടെ കുടുംബവും റബ്ബർ കൃഷികൊണ്ട് അല്ലലില്ലാതെ ഇന്ന് കേരളത്തിൽ ജീവിക്കുന്നു.

ഗബ്രിയേൽ മാലാഖയോടൊപ്പം
ആകാശവിതാനങ്ങളിലെവിടെയോ ഇരുന്ന് കോട്ടയത്തിനെ കാണുന്ന മർഫി സായിപ്പ് ഹാപ്പിയാണന്ന് എറിക് മുറിക് എന്ന ഈമ്പിലെ കുഞ്ഞിന് ദർശനം കിട്ടിയതായി പറയപ്പെടുന്നു . സായിപ്പിന് സ്തുതിയും, സ്തോത്രവും ചൊല്ലി കോട്ടയം ശാന്തമായി ഉറങ്ങുന്നു.

പൂന്തോട്ടവും, കോട്ടയവും :

പൂന്തോട്ടം മുഗളന്മാർ ഇന്ത്യക്ക് പരിചയപ്പെടുത്തിയ കൗതുകം ആയിരുന്നു. പക്ഷെ കോട്ടയത്താരും മുഗൾ ചക്രവർത്തിമാരുടെ പൂന്തോട്ടങ്ങൾ കണ്ടിട്ടില്ല.
കൃഷിക്കാരായ കോട്ടയംകാർ പൂന്തോട്ടം കൃഷിക്കാരായത് സ്വാഭാവിക പരിണാമം മാത്രം . പാടത്തും, പറമ്പിലും എല്ലുമുറിയെ പണിത കർഷകന്റെ സൗന്ദര്യാസ്വാദനം വിവിധ നിറങ്ങളിൽ പൂത്തുലയുന്ന ചെടികൾ നിറയുന്ന തന്റെ വീടിന്റെ മുറ്റമായി. ഏതൊരു ചെറിയ വീടിനും ഒരു ചെറിയ പൂന്തോട്ടം കോട്ടയത്തിന്റെ സംസ്കാരത്തിന്റെ ഭാഗം ആയി മാറി. അത് മുറ്റത്തു നിന്ന് വീടിന്റെ ഉള്ളിലേക്കും പടർന്നുകയറിക്കൊണ്ടിരിക്കുന്നു.

കൃഷിയോടുള്ള കോട്ടയത്തിന്റെ ആഭിമുഖ്യം ഓരോ അഞ്ചു കിലോമീറ്ററിലും കാണുന്ന സസ്യ നഴ്സറികൾ സാക്ഷ്യം പറയും.

യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു നാടുകളിലും ജോലിക്കായിയും, കുടിയേറ്റക്കാരായും പോയിവന്നവർ വീണ്ടുംപോകാൻ പെട്ടിയടുക്കുമ്പോൾ, മീനച്ചാറിനും, കടുകുമാങ്ങാ അച്ചാറിനും കൂട്ടത്തിൽ ഒരു കറിവേപ്പില തൈ അല്ലെങ്കിൽ ഒരു വാഴവിത്ത് പെട്ടിക്കകത്ത് സ്ഥാനം പിടിക്കുന്നത് ജന്മനാടുമായി കാർഷിക സംസ്കാരത്തിന്റെ പൊക്കിൾകൊടി ബന്ധം അവരറിയാതെ അവരിൽ അലിഞ്ഞുചേർന്നതുകൊണ്ടാവാം.

✍️ചരിത്രസഞ്ചാരി©
charitrasanchari@gmail.com

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: