17.1 C
New York
Thursday, December 8, 2022
Home Special ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -5

ചരിത്രസഞ്ചാരി എഴുതുന്ന.. കോട്ടയത്തിന്റെ സുവിശേഷം -5

✍️ചരിത്രസഞ്ചാരി©

Bootstrap Example

മൺറോ വിളക്കും,കോട്ടയം കോളേജും, പി.ടി.ചാക്കോയും

കോട്ടയത്തു പള്ളം എന്നൊരു ദേശത്തു പഴുക്കാനിലയോട് ചേർന്ന് കായൽ തീരത്തെ വിളക്ക് മരം കോട്ടയംകാർ ഇപ്പോഴും വെള്ളയും, ചുമപ്പും നിറമുള്ള പെയിന്റ് അടിച്ചു മിനുക്കികൊണ്ടിരിക്കുന്നു. വിളക്കുമരം ഇന്നും വെളിച്ചം പകർന്നുകൊണ്ട് രാത്രിയിലെ കായൽ യാത്രികർക്ക് വഴികാട്ടിയാവുന്നു. ആയിരത്തിഎണ്ണൂറ്റി എഴുപതുകളിൽ തിരുവതാംകൂർ മഹാരാജാവായിരുന്നു അതിന് മൺറോ സായിപ്പിന്റെ പേർ നൽകി , പണികഴിപ്പിച്ചത് . തിരുവതാംകൂറിന് കേണൽ മൺറോ കൊണ്ടുവന്ന അറിവിന്റെ വെളിച്ചത്തിനുള്ള സ്നേഹസ്മാരകമായി അത് മാറി . അന്ന് ചിലവിലേക്കായി ആറായിരത്തി നാന്നൂറ് രൂപ അനുവദിച്ചു. ഇരുമ്പിൽ പണിത രണ്ടു വിളക്കുമരങ്ങൾ, വേമ്പനാട് കായലിന്റെ അക്കരെ -ഇക്കരെ , കോട്ടയത്തും, ആലപ്പുഴയിലും ഇന്നും വെളിച്ചം വിതറി, വഴികാട്ടികളായി നിൽക്കുന്നു.

മഹാരാജാവ് കേണൽ മൺറോയ്ക്ക് നൽകിയ ഹൃദ്യമായ ഓർമസ്തംഭം.
വെളിച്ചം വിതറുന്ന വിളക്കുമരം !!
വഴികാട്ടി !!
എത്ര കാവ്യാത്മകം !!

അന്ധവിശ്വാസങ്ങളുടെയും, അനാചാരത്തിന്റെയും, അടിമത്വത്തിന്റെയും ഇരുണ്ട ലോകത്തിലേക്ക് വെളിച്ചത്തിന്റെ പോരാളികളായി തോമസ് നോർട്ടനും, ബെഞ്ചമിൻ ബെയ്‌ലിയും, ജോസഫ് ഫെന്നും, ഹെൻറി ബേക്കറും എത്തിയത് മദ്രാസ് കോറസ്‌പോണ്ടിങ് കമ്മറ്റിക്ക് കേണൽ മൺറോയുടെ തുടർച്ചയായുള്ള കത്തിടപാടിന്റെ ഫലമായിരുന്നു. കോട്ടയത്തെ സുറിയാനിക്രിസ്ത്യാനികളുടെ സാമൂഹ്യാവസ്ഥകളർക്കുറിച്ചു 1813-ൽ വിശദമായി പഠനവിധേയമാക്കിയത് കേണൽ മൺറോ എന്ന തിരുവതാംകൂർ ദിവാനായിരുന്നു. അവരുടെ പിന്നോക്കാവസ്ഥക്ക് വിദ്യാഭ്യാസം അനിവാര്യം ആയി കണ്ടു ഒരു കോളേജ് തുടങ്ങാൻ മുൻകൈ എടുത്തത് മധ്യതിരുവതാംകൂറിന്റെ ജാതകം മാറ്റിക്കുറിച്ചു.

റാണി ലക്ഷ്മി ഭായി കോളേജിന്റെ നിർമാണത്തിനാവശ്യമായ തടിയും, മീനച്ചിലാറിന്റെ തീരത്ത് സ്ഥലവും, 500 രൂപയും അനുവദിച്ചു. ഇത് കൂടാതെ കേണൽ മെക്കാളെ 1808-ൽ സുറിയാനിക്കാരുടെ പേരിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന വട്ടിപണത്തിന്റെ പലിശ 3360 രൂപയും കോളജിന്റെ പണിക്ക് കേണൽ മൺറോ ഉപയോഗിച്ചു.

കോളേജിന്റെ പ്രവർത്തനം സുറിയാനി മെത്രാനായ മാർ ദീവന്യാസോസ് രണ്ടാമനെ ഭരമേല്പിച്ചുവെങ്കിലും, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകാനായി സി.എം.എസ് മിഷണറിമാരെ എത്തിക്കാനായി കേണൽ മൺറോ കത്തിടപാടുകൾ നടത്തി കൊണ്ടിരുന്നു. 1813-ൽ സുറിയാനി മെത്രാന്റെ നേതൃത്വത്തിൽ കോളജിന്റെ പണി തുടങ്ങി. 1815 മാർച്ചോടെ പണി ഏതാണ്ട് പൂർത്തിയായി. സുറിയാനി പഠനം തുടങ്ങി. പിന്നീട് മറ്റു വിഷയങ്ങളും.

കേണൽ മൺറോയുടെ മകൻ തിരുവതാംകൂർ സർക്കാരിന്റെ വാണിജ്യകാര്യത്തിന്റെ സർവ്വാധികാര്യക്കാരനായി. അദ്ദേഹത്തിന്റെ മകൾ Ethel -നെ ഹെൻറി ബേക്കർ (Sr) ന്റെ ഇളയ മകൻ റോബർട്ട്‌ ബേക്കർ വിവാഹം കഴിച്ചു. റോബർട്ട്‌ സായ്‌വ്‌ 1863-ൽ കോട്ടയത്തിന്റെ കിഴക്കൻ മലനിരകളിൽ തോട്ടകൃഷി തുടങ്ങി, തോട്ടത്തിന് “Stagbrook ” എന്ന് നാമകരണം ചെയ്തതായി കാണുന്നു. പിന്നീടുള്ള ഒരു നൂറ്റാണ്ടിൽ പ്രധനപ്പെട്ട തോട്ടങ്ങളായ Ashly, Twyford, Stagbrook, Vembanad, Hope തുടങ്ങിവ ബേക്കർ കുടുംബം വികസിപ്പിച്ചെടുത്തു നടത്തി. തിരുവതാംകൂറിലെ തോട്ടക്കൃഷിയുടെ സുവർണ കാലഘട്ടം അന്ന് തുടങ്ങി.

കോട്ടയം കോളേജിന്റെ ആദ്യ ചുമതലക്കാരനായി എത്തിയത് തോമസ് നോർട്ടൻ ആയിരുന്നു . അദ്ദേഹം ആലപ്പുഴയിൽ സ്ഥിരതാമസമാക്കി സ്കൂൾ തുടങ്ങി.അന്ന് ആലപ്പുഴ 13000-ത്തോളം ആൾക്കാർ അധിവസിക്കുന്ന, അറബികളും, നീഗ്രോകളും, സിന്ധികളും കച്ചവടാവശ്യത്തിനായി വന്നു പോകുന്ന തുറമുഖ നഗരം. അന്ന് കോട്ടയം മീനച്ചിലാറിന്റെ തീരത്തെ കേവലം 300 പേരുടെ ഗ്രാമം. തോമസ് നോർട്ടൻ കോട്ടയം കോളേജിന്റെ മേല്നോട്ടത്തിനായി ഇടക്കൊക്കെ വന്നു പോയിക്കൊണ്ടിരുന്നു. കോട്ടയം കോളേജിന്റെ ഭരണനിർവഹണത്തിനായി സ്ഥിരം പ്രതിനിധിക്കായുള്ള അന്വേഷണം എത്തിയത് ബെഞ്ചമിൻ ബെയിലിയിൽ . 1816-മെയ്‌ മാസം നാലാം തീയതി ബെഞ്ചമിൻ ബെയ്‌ലിയും, പത്‌നി യെല്ല ബെയ്‌ലിയും ഇംഗ്ലണ്ടിൽ നിന്ന് കപ്പൽ കയറി. ഗുഡ് ഹോപ്‌ മുനമ്പ് ചുറ്റി സെപ്റ്റംബർ 9ന് മദ്രാസിൽ എത്തി. അവിടുന്ന് ഒക്ടോബർ 19-ന് കരമാർഗം പുറപ്പെട്ടു കൊച്ചിയിൽ എത്തിയത് നവംബർ 16ന് അവിടുന്ന് ആലപ്പുഴയിൽ എത്തി ദിവസങ്ങൾക്കുളിൽ ആദ്യ ജാതനായ ആൺകുഞ്ഞു പിറന്നു. നാലു ദിവസത്തിനുള്ളിൽ ആ കുട്ടി മരിച്ചു..

1817-മാർച്ച്‌ മാസം 25ന് ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്തെത്തി.

വട്ടിപണത്തിന്റെ 8% പലിശകൊണ്ട് കോളേജ് തുടങ്ങിയെങ്കിലും പിന്നീടതൊരു തീരാ വ്യവഹാരമായി സഭാ കേസ് എന്ന പേരിൽ രണ്ടുനൂറ്റാണ്ടിനുശേഷവും പല രൂപഭാവങ്ങളോടെ തുടരുന്നു. ഇരുപക്ഷത്തും പക്ഷം പിടിച്ചു മധ്യതിരുവതാംകൂർ ഇന്നും തിളച്ചു മറിയുന്നു.

മധ്യതിരുവതാംകൂറുകാർക്ക് വാശി ഒന്നിനോടെയുള്ളു. അത് സഭാതർക്കത്തിൽ മാത്രം. തലമുറകളായി അവർ മെത്രാൻ കക്ഷിയും, ബാവാകക്ഷിയും ആയി പരസ്പരം പോരടിക്കുന്നു. അത് തുടരും. കുറഞ്ഞ പക്ഷം അടുത്ത ഇരുപത്തിയഞ്ച് വർഷത്തേക്ക് ഗാരന്റീ !!

കാലം പോക പോകെ :

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കോട്ടയം കേരളത്തിനൊരു ഉഗ്രൻ നേതാവിനെ കൊടുത്തു. P.T.ചാക്കോ എന്ന കോട്ടയത്തിന്റെ സ്വന്തം ചാക്കോച്ചൻ.

പി. ടി. ചാക്കോ മരിച്ചപ്പോൾ കോട്ടയം പൊട്ടിത്തെറിച്ചു. തങ്ങളുടെ നേതാവിനെ അപവാദം പ്രചരിപ്പിച്ചു മന്ത്രി പദത്തിൽ നിന്ന് ഇറക്കി, കെപിസിസി തിരെഞ്ഞെടുപ്പിൽ തോൽപ്പിച്ച്, രാഷ്ട്രീയ വേദിയിൽ ഒന്നുമല്ലാതാക്കിയ കോൺഗ്രസ് നേതൃത്വത്തിനോട് അവർ കലഹിക്കാൻ ഇറങ്ങി.

പി . റ്റി ചാക്കോ ബാക്കി വെച്ചത് ത്യാഗസമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും, ഒന്നര ലക്ഷം രൂപയുടെ കടവുമായിരുന്നു !
( 1964 -ലെ ഒന്നരലക്ഷം ഇന്നെത്ര കോടിക്ക് തുല്യം ആയിരിക്കും ). പി. റ്റി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പത്തിക ബാലൻസ് ഷീറ്റ് നഷ്ടത്തിൽ ആയിരുന്നു എന്ന് ജനം അപ്പോഴാണ് അറിഞ്ഞത്.

കെ.പി.സി.സി തിരഞ്ഞെടുപ്പിൽ പി.ടി.ചാക്കോയെ തോൽപ്പിക്കാൻ സി.കെ ഗ്രൂപ്പും, ശങ്കർ ഗ്രൂപ്പും ഒന്നിച്ചു. സി.എം സ്റ്റീഫന്റെ പ്രധാന കാർമികത്വത്തിൽ ആയിരുന്നു ചാക്കോ വിരോധികളുടെ കൂട്ടായ്മ ഉണ്ടായത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ തോറ്റ പി.ടി.ചാക്കോ എറണാകുളം ടി.ബി യിലേക്ക് വന്നു കയറിയപ്പോൾ വന്ദ്യ വയോധികനായ മൊയ്‌തു മൗലവി സാഹിബ്‌ കെട്ടി പിടിച്ചു, കണ്ണീർ വാർത്തു, ആശ്വാസ വചനങ്ങൾ പറഞ്ഞു.

മറുപടിയായി പി. ടി ചാക്കോ പറഞ്ഞു : എനിക്ക് ദുഖമില്ല. ആനയെ വരെ കൈക്കൂലി വാങ്ങിയവർ എനിക്കെതിരെ നിൽക്കുന്നു.

“കോഴിക്കോട്ടേക്ക് വരണം”. മൗലവി സാഹിബ്‌ ചാക്കോയെ ക്ഷണിച്ചു.

“അതിനൊക്കെ പണം വേണ്ടേ? എന്നെങ്കിലും വരാം. ഞാൻ വക്കീൽ പ്രാക്ടീസ് തുടങ്ങാൻ പോകുന്നു “എന്ന് ചാക്കോ പറഞ്ഞു.

പ്രാക്ടീസ് തുടങ്ങി , കേസ് സമ്പന്ധിയായി കോഴിക്കോടെത്തിയ ചാക്കോച്ചൻ
1964 ആഗസ്ത് 1-ന് അവിടെവെച്ച് സമയതീരങ്ങളുടെ ചക്രവാളങ്ങൾക്കപ്പുറത്തേക്ക് യാത്രയായി.

ചാക്കോച്ചന്റെ ഭീമമായ സാമ്പത്തീക ബാധ്യത ജനം ഏറ്റെടുത്തു. മന്നത്തു പദ്മനാഭനെ കൊണ്ടവർ കോട്ടയം തിരുനക്കര മൈതാനത്തു വെച്ച് ചാക്കോച്ചന്റെ കുടുംബത്തിന് ആ കടം വീട്ടാനുള്ള പണം കൊടുക്കുന്ന വേളയിൽ മന്നത്തപ്പൻ വികാരവിവശനായി പറഞ്ഞു:

“ചാക്കോച്ചനെ പോലെ ഉള്ള നേതാക്കന്മാരെ കോൺഗ്രസ്‌ ഇവിധം ആണ് ട്രീറ്റ്‌ ചെയ്യുന്നതെങ്കിൽ ഞങ്ങൾക്ക് ഒരു “”കേരള കോണ്ഗ്രസ്”” ഉണ്ടാക്കേണ്ടിവരും”.

മീനച്ചിലാറ്റിൽ കുളിച്ചു കയറി, അലക്കി തേച്ച ഖദർ വേഷം ധരിച്ചു മാത്തച്ചൻ കുരുവിനാക്കുന്നേൽ പാലായിൽനിന്ന് കോട്ടയത്തിനു തിരിച്ചു . കീഴൂട്ട് രാമൻ പിള്ളയുടെ മകൻ ആർ.ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ നിന്ന് കോട്ടയം ലക്ഷ്യമാക്കി കാർ സ്പീഡിൽ ഓടിച്ചു. മലയാറ്റൂറിൽ ഒരു നേർച്ച നേർന്ന് കെ.എം. ജോർജ് കോട്ടയത്തേക്ക് കുതിച്ചു.

അവർ ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു.
കേരള കോൺഗ്രസ്‌ എന്ന പ്രതിഭാസം ഉണ്ടായി. . അവർ രാഷ്ട്രീയ കേരളത്തിനെ ഒറ്റക്ക് വെല്ലുവിളിച്ചു.

അടുത്ത തിരഞ്ഞെടുപ്പിൽ അവർ വരവറിയിച്ചത് നിയമസഭയിലേക്ക് 25 സീറ്റിൽ വിജയിച്ചായിരുന്നു.

കേരളത്തിൽ മരിച്ചു പോയ ഒരു നേതാവിന്റെ പേരിൽ ഒരു പാർട്ടിയുണ്ടാക്കി ഇത്രയധികം സീറ്റ്‌ നേടിയ ചരിത്രം അതിന് മുന്പും, അതിന് ശേഷവും ഉണ്ടായിട്ടില്ല. അത്രയധികം കേരളത്തിലെ ജനങ്ങൾ ചാക്കോച്ചനെ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു !

നാല്പത്തൊമ്പത് വയസ്സിൽ :

നാല്പത്തൊമ്പത് വയസ്സിൽ മരിക്കുന്നിടം വരെ കോൺഗ്രെസ്സുകാരനായ P. T. ചാക്കോ എന്ന തങ്ങളുടെ ചങ്കിന്റെ ചങ്കായ വലിയ നേതാവ് മരിച്ചപ്പോൾ കോട്ടയം വിതുമ്പി . വയനാട്ടിൽ വെച്ച് പി. റ്റി. ചാക്കോ മരിച്ചു എന്ന ആകാശവാണി വാർത്ത കേട്ട് കേരളമാകെ ദുഃഖത്തിന്റെ കരിമ്പടം കൊണ്ട് മൂടപ്പെട്ടു . മുഖ്യമന്ത്രി ആർ. ശങ്കർ തൃശൂർ കോൺഗ്രസ്‌ ഓഫീസിൽ എത്തിച്ച ചാക്കോച്ചന്റെ മൃതദേഹം കണ്ട് പൊട്ടി കരഞ്ഞു.

പി. റ്റി ചാക്കോ എന്ന നേതാവിന്റെ അന്ത്യയാത്രക്ക് രാഷ്ട്രീയ കേരളം ഒന്നടങ്കം അടുത്ത ദിവസം കോട്ടയത്ത് വാഴൂരിലെത്തി.

വാഴൂരിൽ അന്ന് ഒരു ലക്ഷം പേർ വന്നിരുന്നതായി പി.ടി. ചാക്കോ വിരോധിയായ മനോരമ എഴുതി. കോഴിക്കോട് എഡിഷൻ മനോരമയിൽ അൻപതിനായിരം എന്നാണ് എഴുതിയിരുന്നത്. (മനോരമയുടെ പിന്തുണ അന്ന് പടിഞ്ഞാറേക്കര പി.സി.ചെറിയാനായിരുന്നു ).

പി.ടി.ചാക്കോയുമായി പാർട്ടിയിലെ അഭിപ്രായവിത്യാസങ്ങൾ പറഞ്ഞു തീർക്കാനെത്തിയ AICC പ്രധിനിധി സാദിഖ് അലി വാഴൂരിലെ ജനക്കൂട്ടത്തിൽ ഏകനായി നിന്നു. ഹെമിങ്‌വേയുടെ Old man and the Sea എന്ന നോവൽ ആയിരുന്നു അയാളുടെ മനസ്സിൽ. ആ വാചകം മനസ്സിൽ വീണ്ടും മനസ്സിൽ തിരയടിച്ചു കയറി . “ഒരു മനുഷ്യനെ പരാജയപ്പെടുത്താം, പക്ഷെ നശിപ്പിക്കുക സാധ്യമല്ല” !!

സാദിഖ് അലിയോട് “This was the man” എന്ന് പറഞ്ഞു ജോസഫ് പുലിക്കുന്നൻ നടന്നു മറഞ്ഞു..

പി. ടി. ചാക്കോയുടെ കപ്പടാ മീശയും, വെള്ള മുണ്ടും, ഷർട്ടും കോട്ടയത്തിന്റെ പൗരുഷത്തിന്റെ അടയാളങ്ങളായി ഇന്നും തുടരുന്നു.

ഇന്ന് പി. ടി. ചാക്കോ കോട്ടയം Y.M.C.A ജംഗ്ഷനിൽ ജീവൻതുടിക്കുന്ന ഒരു പ്രതിമയായി കിഴക്കൻ മലനിരകളെ നോക്കി ചെറുചിരിയോടെ നിൽക്കുന്നു…

ചരിത്രസഞ്ചാരി ©
charitrasanchari@gmail.com

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: