റിപ്പോർട്ട്: അജു വാരിക്കാട്
ഫ്ലോറിഡ: പ്രസിഡണ്ട് പദവി ഒഴിഞ്ഞ് ഫ്ലോറിഡയിലെ സ്വകാര്യ വസതിയിലേക്ക് തൻറെ താമസം മാറ്റുമ്പോൾ 47% അമേരിക്കക്കാരും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ട് മാരിൽ ഒരാളായി ഡൊണാൾഡ് ട്രംപ് ഓർമിക്കപ്പെടും എന്ന് പറയുന്നു. പി ബി എസ് / എൻ പി ആർ ന്യൂസ് സർവ്വേ ഫലം ആണ് ഇത് വെളിപ്പെടുത്തിയത്.
2016 ഡിസംബറിൽ അന്ന് പ്രസിഡണ്ട് ആയിരുന്ന ബരാക് ഒബാമയുടെ പ്രസിഡൻറ് പദത്തെ 17% അമേരിക്കക്കാരാണ് മോശം എന്ന് സൂചിപ്പിച്ചത്. നാലു വർഷത്തിനുശേഷം 83% ഡെമോക്രാറ്റുകളും 43% നിഷ്പക്ഷരും 13% റിപ്പബ്ലികനും ട്രംപിന് ചാർത്തിക്കൊടുത്തത് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് എന്ന പദവിയാണ്. അതേസമയം തന്നെ പകുതിയിലധികം ഏതാണ്ട് 57 ശതമാനം അമേരിക്കക്കാരും ട്രംപിൻറെ പ്രസിഡണ്ട് പദവിയെ അംഗീകരിക്കാൻ വിസമ്മതിച്ചു.
മൂന്നിലൊന്ന് റിപ്പബ്ലികൻസ് ഉൾപ്പെടുന്ന 16% അമേരിക്കക്കാരും ചിന്തിക്കുന്നത് ഏറ്റവും മികച്ച പ്രസിഡൻറ് ട്രംപ് ആണെന്നാണ്. 2017 ജനുവരിയിൽ ട്രംപിൻറെ ഉദ്ഘാടന വേളയിൽ കുറ്റകൃത്യങ്ങളും ഭീകരവാദവും മയക്കുമരുന്നുകളും നിറഞ്ഞതും പഴകി തുരുമ്പിച്ച ഫാക്ടറികൾ നിറഞ്ഞതുമായ അമേരിക്കയെ ഒന്നാമതാകും എന്ന് പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ ഇന്ന് ജോ ബൈഡൻ പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുമ്പോൾ ട്രംപിൻറെ അനുയായികളുടെ ആക്രമണം ഭയന്ന് ഇരുപതിനായിരം നാഷണൽ ഗാർഡുകളുടെ സുരക്ഷ തലസ്ഥാനത്ത് ആവശ്യമായി വന്നിരിക്കുന്നു. കൊറോണോ വൈറസിനോട് ട്രംപിന്റെ പ്രതികരണത്തിൽ നാലു ലക്ഷം അമേരിക്കൻ ജീവനുകളാണ് പൊലിഞ്ഞത് ഒപ്പം രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ തകർച്ചയിലും എത്തി .
പറഞ്ഞ വാഗ്ദാനങ്ങൾ പലതും പാലിക്കാതിരുന്ന ട്രംപ് അധികാരത്തിൽ കയറിയ ആദ്യനാളുകളിൽ നടത്തിയ സർവ്വേയിൽ 39 ശതമാനം അമേരിക്കക്കാർ മാത്രമാണ് അദ്ദേഹത്തിൻറെ പ്രസിഡൻറ് പദവിയെ അംഗീകരിച്ചത്. 11% അമേരിക്കക്കാർ തങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് പറഞ്ഞു. ഇന്ന് ട്രംപ് അധികാരം ഒഴിയുമ്പോൾ അദ്ദേഹത്തിനോടുള്ള എതിർപ്പ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ലഭ്യമായ പല ഡേറ്റാകളിൽനിന്നും വളരെ വ്യക്തമായി നമുക്ക് കാണുവാൻ സാധിക്കുന്ന ഒന്നാണ് അമേരിക്കക്കാർക്ക് ഇടയിൽ ട്രംപ് വളരെ മൂർച്ചയേറിയ ഭിന്നത സൃഷ്ടിച്ചു എന്നത് . 2016 ഡിസംബറിൽ നടത്തിയ മറ്റൊരു സർവേയിൽ 53% അമേരിക്കക്കാരും അന്ന് പറഞ്ഞത് ട്രംപിൻറെ ഭരണത്തിൽ രാജ്യം ഐക്യപ്പെടുന്നതിനേക്കാൾ കൂടുതൽ ഭിന്നത ഉണ്ടാകും എന്നാണ്. അത് ശരിവെയ്ക്കുന്നതാണ് ഇന്ന് നമ്മൾ കാണുന്ന അമേരിക്ക . ചേർത്തു നിർത്തേണ്ടത് പകരം അകറ്റുകയാണ് ട്രംപ് ചെയ്തതെന്ന് പൊളിറ്റിക്കൽ സയൻറ്റിസ്റ്റ് ആയ ലാറാ ബ്രൗൺ പറഞ്ഞു.
ട്രംപിനെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിപ്പബ്ലിക്കൻ വനിതകളാണ്. 85 ശതമാനം. റിപ്പബ്ലിക്കൻ പുരുഷന്മാർ 79 ശതമാനം ട്രംപിനെ പിന്തുണച്ചു. നാലിൽ മൂന്ന് പേർ രാജ്യം തെറ്റായ ദിശയിലേക്ക് ആണ് പോകുന്നതെന്ന് മാരിസ്റ്റ് പോളിൽ പറയുന്നു.
