സ്വന്തം ലേഖകൻ
ഫിലാഡൽഫിയ: നാളിതുവരെയും ഒരിടത്തും ലഭിക്കാത്ത സ്വീകാര്യതയുമായ് പവിത്രൻ അമച്ചൽ രചനയും സംഗീതവും നിർവ്വഹിച്ച ആലോഹൊ എന്ന മ്യൂസിക് ആൽബം അതിന്റെ ജൈത്ര യാത്ര തുടങ്ങിക്കഴിഞ്ഞു. വിജയ് യേശുദാസ് ആലപിച്ച ‘മുന്തിരി ചാറിൻ മാധുര്യത്തെക്കാളും നിൻ വചനത്തിനു മാധുര്യം..’ എന്ന് തുടങ്ങുന്ന ദൈവ സ്നേഹം വിളിച്ചോതുന്ന ഭക്തിസാന്ദ്രമായ ഗാനം ഇതിനോടകം യൂറ്റൂബിൽ ഹിറ്റായിക്കഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ട് വൈറലാക്കിയ ആദ്യ ക്രിസ്ത്യൻ മ്യൂസിക് ആൽബമായി ‘ആലോഹൊ’ ഇതിനോടകം മാറിക്കഴിഞ്ഞു.
സീയോൻ ക്ലാസിക്കിന്റെ ബാനറിൽ വർഷങ്ങളായി ക്രിസ്ത്യൻ ഗാനരരംഗത്ത് ആത്മീയമാരി നിറഞ്ഞ ഗാനങ്ങളടങ്ങിയ നിരവധി ഓഡിയോ – സിഡി- വീഡിയോ ഗാനങ്ങളിലൂടെ പേരെടുത്ത ജിനോ കുന്നിൻപുറത്തിനൊപ്പം അമേരിക്കൻ മലയാളിയായ പ്രസാദ് ബേബിയും ഈ സംരംഭത്തിൽ സഹ നിർമ്മിതാവായി കൂടെ നിൽക്കുന്നു എന്ന വസ്തുത ക്രിസ്ത്യൻ ഗാനങ്ങളെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനത്തിന് വക നൽകുന്നു.
2004 -ൽ അമേരിക്കയിൽ എത്തിയ പ്രസാദ് ബേബി ഫിലഡൽഫിയാ പ്രിസണിൽ കറക്ഷണൽ
ഓഫീസറായി ജോലി ചെയ്യുന്നു. പ്രസാദ് നന്നേ ചെറുപ്പത്തിലേ പാട്ടിനോടുള്ള അടങ്ങാത്ത കമ്പം പ്രകടിപ്പിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ നിരവധി മത്സരങ്ങളിൽ പങ്കെടുത്തു ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കി. പ്രശസ്തരുടെ കീഴിൽ സംഗീതം പഠിക്കണമെന്നായിരുന്നു പ്രസാദിന്റെ മോഹം. എന്നാൽ അന്നത്തെ ജീവിത സാഹചര്യങ്ങൾ അതിനു അനുകൂലമല്ലാതെ വന്നു . അന്ന് നടക്കാതെ പോയ ആഗ്രഹ പൂർത്തീകരണമായി താൻ ഈ സംരംഭത്തെ കാണുന്നുവെന്ന് പ്രസാദ് പറഞ്ഞു. ക്രിസ്ത്യൻ മ്യൂസിക് ആൽബ രംഗത്ത് മികച്ച സംഭാവനകളുമായ് ഇനിയും താൻ ഉണ്ടാവുമെന്ന് പ്രസാദ് ബേബി കൂട്ടിച്ചേർത്തു.
ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ പമ്പാ മലയാളി അസോസിയേഷന്റെ ആർട്ട്സ് ചെയർമാനായി തിളങ്ങിയ പ്രസാദ് പമ്പയുടെ സെക്രട്ടറിയായും പ്രവർത്തനമികവ് കാട്ടി. ഒപ്പം, ഇപ്പോൾ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ക്വയർ മെമ്പർ കൂടിയാണ്.

Supr