ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് മെയ് 24 മുതൽ 5 മില്ല്യണ്‍ ഡോളര്‍ വരെ സമ്മാന തുക ലഭിക്കുന്ന സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളും നല്‍കുമെന്ന് ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ഉറപ്പ് നല്കി .ഭാഗ്യമുള്ളവര്‍ക്ക് ഇത്രയും തുക ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു .
ന്യുയോര്‍ക്കില്‍ വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു പോയതിനെ തുടര്‍ന്ന് പ്രോത്സാഹനമായിട്ടാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റു നല്കാന് തീരുമാനിച്ചതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി . 20 ഡോളര്‍ വിലയുള്ള ഫ്രീബീ സക്റാച് ഓഫ് ടിക്കറ്റുകളാണ് ഓരോരുത്തര്‍ക്കും ലഭിക്കുക ന്യുയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മള്‍ട്ടിപ്ലെയര്‍ ടിക്കറ്റുകളാണിവ .
സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 23 മാസ് വാക്സിനേഷന് സെന്ററുകളാണ് വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് .
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഹെല്‍ത്ത് ഡാറ്റയനുസരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ വാക്സിനേഷന് സ്വീകരിക്കുന്നവരുടെ സംഖ്യ വളരെയധികം കുറഞ്ഞു പോയിട്ടുണ്ട്. ഏപ്രില്‍ പന്ത്രണ്ടിന് ശേഷമുള്ള ആഴ്ചകളില്‍ വാക്സിനേറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 43 ശതമാനമാണ് കുറവ് വന്നിട്ടൂള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു .
ന്യുയോര്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ വാക്സിനേറ് ചെയ്തവരുടെ എണ്ണത്തിലും വര്ദ്ധനവുണ്ടാകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു