സാവോ പോളോ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോയ്ക്ക് നൂറ് ഡോളർ പിഴ. മാസ്‌ക് ധരിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനാണ് ബോൾസനാരോയ്ക്ക് പിഴ. സാവോ പോളയിൽ നടന്ന മോട്ടോർസൈക്കിൾ റാലിയിലാണ് പ്രസിഡന്റ് മാസ്‌ക് ധരിക്കാതിരുന്നത്. പ്രോട്ടോക്കോൾ ലംഘിച്ച് ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളിയും സാവോ പോളോ ഗവർണറുമായ ജോവ ഡോറിയയുടെ പ്രോട്ടോക്കോൾ ലംഘന മുന്നറിയിപ്പിനെ എതിർത്തായിരുന്നു സൈക്കിൾ റാലി നടത്തിയത്. കോവിഡ് പ്രോട്ടോക്കോളുകൾ സംബന്ധിച്ച് ജെയിർ ബോൾസനാരോയും ഗവർണർമാരുമായി നിരവധി തവണയാണ് സംഘർഷമുണ്ടാകുന്നത്. വൈറസ് വ്യാപന പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയാനും മാസ്‌ക് ഉപയോഗിക്കാനുമുള്ള നിർദേശങ്ങളെ പ്രസിഡന്റ് തുടക്കം മുതലേ എതിർത്തിരുന്നു.അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തുടനീളം ഇത്തരത്തിൽ റാലികൾ നടത്തുകയാണ് ജെയിർ ബോൾസനാരോ.