17.1 C
New York
Saturday, August 13, 2022
Home Special കോവിഡ് - ചരിത്രപരമായ ഒരു അനിവാര്യത (ലേഖനം)

കോവിഡ് – ചരിത്രപരമായ ഒരു അനിവാര്യത (ലേഖനം)

രാജൻ പടുതോൾ✍

വിവരസാങ്കേതിക വിദ്യയും അതിവേഗം പടര്‍ന്നു പകരുന്ന കോവിഡും തമ്മില്‍ എന്തെങ്കിലും കാര്യകാരണ ബന്ധമുണ്ടോ എന്നെനിക്കറിയില്ല. വേഗതയുടെ കാര്യത്തിലും കമ്പ്യൂട്ടറുകളെ കാര്‍ന്നു തിന്നുന്ന വെെറസുകളുടെ കാര്യത്തിലും ആദ്യത്തേതിന് കോവിഡുമായി സമാനതകളുണ്ട്. രണ്ടിനും വിരല്‍ത്തുമ്പുമായി ബന്ധമുണ്ടെന്നതും ഒരു തമാശയാണ്.

രണ്ടിനെപ്പറ്റിയും ഒന്നിച്ചു ചിന്തിക്കാനുണ്ടായ കാരണം പക്ഷേ തമാശയല്ല. ഐ ടി മേഖല ഇത്രത്തോളം വികസിക്കാത്ത ഒരു കാലത്തായിരുന്നു ഈ രോഗം വ്യാപിച്ചിരുന്നതെങ്കില്‍ എന്താവുമായിരുന്നു നമ്മുടെ അവസ്ഥ! മൊബെയിലിന്റെ അഭാവത്തില്‍, കോവിഡ് ടെസ്റ്റു ചെയ്യാനും അതിന്റെ ഫലമറിയാനും പ്രതിരോധ കുത്തിവെയ്പ്പ് നടത്താനും സര്‍ട്ടിഫിക്കറ്റ് കെെപ്പറ്റാനും ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമായിരുന്നു; തൊഴിലിടങ്ങളില്‍ പോകാനാവാത്തതുകൊണ്ട് പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമായിരുന്നു; പഠിപ്പിക്കലും പഠിക്കലുമില്ലാതെ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുമായിരുന്നു; അക്ഷരങ്ങള്‍ മറന്ന് കുട്ടികള്‍ വീട്ടിനുള്ളില്‍ മുരടിച്ചു പോകുമായിരുന്നു ;മഹാമാരിയോടൊപ്പം പട്ടിണിയും അതിനോട് ബന്ധപ്പെട്ട മറ്റു രോഗങ്ങളും സമ്പര്‍ക്കംകൂടാതെതന്നെ സമൂഹംമുഴുവന്‍ പടര്‍ന്നു പകരുമായിരുന്നു .

അങ്ങനെ ചിന്തിക്കുമ്പോളാണ് കോവിഡിന്റെ ചരിത്രപരിസരം യാദൃച്ഛികമല്ല എന്ന് ചിന്തിച്ചുപോകുന്നത്. ഐ ടിയുടെ തോളിലിരുന്ന് വന്‍കരകളുടെ സമുദ്രാതിര്‍ത്തികള്‍ കടന്ന് വ്യാപിച്ച ആഗോളവിപണി കോവിഡിനെയും ആഗോളം വ്യാപിപ്പിക്കുകയല്ലെ ചെയ്യുന്നത് ? ഈ വിപത്തിന്റെ വിത്തുവിതരണം ചെയ്യുന്നത് ആഗോളവിപണിതന്നെയല്ലേ ? (വിതച്ചതു കൊയ്യുന്നതും വിപണിതന്നെ.)

എന്നിട്ടും കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെ നാം പ്രതിരോധിക്കുന്നത് ഏ ടിയുടെ ഫയര്‍ വാളുകൊണ്ടാണ്. ആരോഗ്യസേതു ആപ്പ് ചൂണ്ടിക്കാട്ടുന്ന സുരക്ഷിത ഇടങ്ങളില്‍ ഒതുങ്ങികൂടി നാം സുരക്ഷിതരാവുന്നു. ഓണ്‍ലെയിന്‍ പഠനം, ഓണ്‍ലെയിന്‍ ജോലി, ഓണ്‍ലെയിന്‍ ബാങ്കിങ്ങ് ,ഓണ്‍ലെയിന്‍ ഷോപ്പിങ്ങ്…..അങ്ങനെയങ്ങനെ നമ്മുടെ ജീവിതത്തിനുവേണ്ടതെല്ലാം വാതില്‍ക്കല്‍ എത്തിച്ചുതരുന്നുണ്ട് നമ്മുടെ സ്മാര്‍ട് ഫോണുകള്‍. പുറത്ത് എന്തു സംഭവിക്കുന്നുവെന്ന് നമ്മള്‍ വ്യാകുലപ്പെടേണ്ടതില്ല. വാതില്‍പ്പുറകാഴ്ചകള്‍ വീട്ടിലിരുന്ന് കണ്ട് ആനന്ദിക്കാന്‍വേണ്ട ഇലക്ട്രോണിക് സംവിധാനങ്ങള്‍ നമുക്കിന്നുണ്ട്. ” യത്ര വിശ്വം ഭവേത്യേക നീഡം” എന്ന ചൊല്ല് തിരിച്ചു ചൊല്ലിയാല്‍ കോവിഡ് യുഗത്തിലെ സമൂഹത്തിന്റെ ചിത്രമായി. എന്റെ വീട്ടില്‍ ലോകം മുഴുവനുമുണ്ട്. എനിക്ക് മറ്റൊരുത്തന്റെ ആവശ്യമില്ല. (ഐ ടിയുടെ വികസനം ഈ മഹാമാരിയെ ചെറുക്കുവാനുള്ള ഒരു തയ്യാറെടുപ്പായിരുന്നുവോ എന്ന മറിച്ച് ചിന്തിക്കുന്നത് യുക്തിക്ക് നിരക്കില്ലെങ്കിലും രസകരമാണ് )

സമ്പര്‍ക്കവും സ്പര്‍ശവുമാണ് നിത്യമാനസബന്ധങ്ങളെ ആര്‍ദ്രമാക്കുന്നത്. സമൂഹസൃഷ്ടിയുടെ ആധാരംതന്നെ കെെപിടിച്ച് പടികയറുന്ന ദമ്പതികളാണ്. പാണിഗ്രഹണം വിവാഹത്തിലെ ഒഴിവാക്കാനാവാത്ത ചടങ്ങാകുന്നത് അതുകൊണ്ടാണ്. തോളോട്തോള്‍ ചേര്‍ന്ന് പൊരുതുകയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെയ്ക്കുകയും കെെകുലുക്കി സൗഹൃദം പുതുക്കകയും പന്തിയിലടുത്തിരുന്ന് സദ്യയുണ്ണുകയും ( വിളമ്പുകയും ) ഫുട്ബാള്‍ മെെതാനത്ത് കെട്ടിമറഞ്ഞു വീഴുകയും തമ്മില്‍തല്ലുകയും പരസ്പരം മൂക്ക് കടിയ്ക്കുകയും അദ്ധ്യാപകരെ കടലാസു വാണം വിട്ട് പരിഭ്രമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് നാം മനുഷ്യനിലേക്ക് പരിണമിച്ചത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് ഏറെക്കാലം നമുക്ക് മനുഷ്യനായി തുടരാനാവില്ല.

സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് ചെയ്യുന്ന ഓണ്‍ലെയിന്‍ വിദ്യാഭ്യാസം (വിദ്യയെന്ന അഭ്യാസം ) കുട്ടികളെ റൊബോട്ടുകളുടെ പതിപ്പുകളായി മാറ്റിക്കൊണ്ടിരിക്കുന്നത് ഇതിന് ഒരു ചെറിയ ഉദാഹരണമല്ല. മനുഷ്യരാശിയുടെ വരുംതലമുറയ്ക്ക് വലിയ ഭീഷണിയാണ് അവരുടെ ജീവിതചര്യകള്‍.പൊതുഇടങ്ങളില്‍ കുത്തിമറഞ്ഞ് കളിച്ചിരുന്ന അവര്‍ ഒറ്റപ്പെടലിനെ മറികടക്കുന്നത് റൊബോട്ട് ഗെയിമുകളിലൂടെയാണ്. അവരുടെ ശരീരഭാഷയും അംഗചേഷ്ടകളും സ്മാര്‍ട് ടി വിയിലെ സൂപര്‍മേന്‍മാരുടെ അനുകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം പാദത്തിലെത്തില്‍ത്തന്നെ ഈ മാറ്റങ്ങള്‍ പ്രകടമാണ്. ഇനിയും ഇതു നീളുന്നത് ഈ കുട്ടികളെ എവിടെ എത്തിക്കുമെന്ന് ഊഹിക്കാനാവില്ല. വീട്ടിനു പുറത്ത് ഒരു സമൂഹമുണ്ട് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഈ തലമുറയില്‍നിന്ന് കരുണയും സൗഹൃദവും വിശ്വമാനവികതയും പ്രതീക്ഷിക്കാനാവില്ല.

മുതിര്‍ന്നവരുടെ കാര്യവും ഒട്ടും ഭിന്നമല്ല. എപ്പോള്‍ തുടങ്ങുമെന്നോ അവസാനിക്കുമെന്നോ പ്രവചിക്കാനാവാത്ത ‘വര്‍ക് ഫ്രം ഹോം’ രാപ്പകല്‍ വ്യത്യാസമില്ലാതെ അവരെ ലാപ്ടോപ്പിനുമുമ്പില്‍ തളച്ചിടുന്നു. അവരുടെ മുറികള്‍ എപ്പോഴും അടച്ചിട്ടിരിക്കും. കുട്ടികളുടെ ഓണ്‍ലെയിന്‍ മേല്‍നോട്ടത്തിനായി വല്ലപ്പോഴും പുറത്തുവരുമ്പോള്‍ അവരുടെ ഉള്ളിലൊതുക്കിയ സമ്മര്‍ദങ്ങളും ഒപ്പം പുറത്തുവരും. കുറച്ചുനേരത്തെ ശകാരങ്ങളും ഭീഷണിയ്ക്കും ശേഷം വീണ്ടും വാതിലടയും. ഭക്ഷണം വാതില്‍പ്പടിയില്‍ എത്തിക്കുന്ന സ്വിഗിയുടെ മണിനാദം ഒരു ഇടവേളയാവാറുണ്ടെന്നതാണ് ആശ്വാസം.പകുതിയേലേറെ ഭക്ഷണം പാഴായിപ്പോകുക പതിവാണ്. അതിലെ ശരികേട് അവരെ അലട്ടാറുമില്ല. അതിഥികളും ആതിത്ഥ്യവുമില്ലാതെ ഏകതാനമായ ദിനരാത്രങ്ങള്‍ ഇങ്ങനെ നീണ്ടുപോകുന്നു. എങ്ങനെയെങ്കിലും മരണം നീട്ടിവെയ്ക്കാനുള്ള നെട്ടോട്ടമാണ് ഇന്ന് ജീവിതം. മരിക്കാതെ ജീവിച്ചിട്ട് എന്തു നേടാനാണ് എന്ന് ചോദിക്കാന്‍ നാം മറന്നുപോകുന്നു.

വിവരസാങ്കേതിക വിദ്യ സ്പര്‍ശിക്കാതെ പാര്‍ശ്വത്കരിക്കപ്പെട്ടവരുടെ എണ്ണവും കുറവല്ല.ഓണ്‍ലെയിന്‍ വിദ്യാഭ്യാസം അവരെ എത്തും പിടിയുമില്ലാത്ത ഒരു ലോകത്തിലേയ്ക്ക് തള്ളയിടുന്നുണ്ട്. കമ്പ്യൂട്ടര്‍ തുറക്കാന്‍ പോലും അറിയാത്ത മാതാപിതാക്കള്‍ക്ക് ഓണ്‍ലെയിന്‍ ക്ലാസുകള്‍ ഒരത്ഭുതമാണ്. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ സഹായമില്ലാതെ ടി വിയിലോ ലാപ്ടോപിലോ അദ്ധ്യാപകര്‍ പറഞ്ഞുപോകുന്നത് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഞാന്‍ കേട്ട കണക്കനുസരിച്ച് മുതിര്‍ന്നവരുടെ കമ്പ്യൂട്ടര്‍ നിരക്ഷരതമൂലം പാര്‍ശ്വത്കരിക്കപ്പെടുന്ന കുട്ടികള്‍ ഏതു ക്ലാസിലും അറുപതു ശതമാനത്തോളം വരുന്നുണ്ട്.

വിരല്‍ത്തുമ്പില്‍ ചലിക്കുന്ന ലോകത്തിന് പുറത്ത് അനാഥരായിപ്പോയ മറ്റൊരു വര്‍ഗ്ഗം കൂലിപ്പണിക്കാരാണ്.കൃഷിപ്പണി നഷ്ടപ്പെട്ടതുകൊണ്ട് നഗരങ്ങളില്‍ കുടിയേറിയ ഗ്രാമീണര്‍ കുട്ടികളും വട്ടികളുമായി ഗ്രാമങ്ങളിലേയ്ക്ക് തിരികെ പലായനം ചെയ്ത ദുരിതകാലം ഒരു തുടര്‍ക്കഥപോലെ നീണ്ടുപോകുന്നത് നാം കാണുന്നു.കൂലികിട്ടാതെ ഒരു ദിവസംപോലും ജീവിക്കുക അസാധ്യമായ അരക്ഷിതരും ഏത് ദുരന്തത്തിലും കൂലി നഷ്ടപ്പെടാത്ത ഉപരിവര്‍ഗവും തമ്മിലുള്ള നികത്താനാവാത്ത അസമത്വം രാവും പകലും പലെ വ്യക്തമാക്കുന്ന കാലവുമാണ് ഈ മഹാമാരിക്കാലം. കോവിഡ് മേല്‍കീഴ് വകതിരിവില്ലാതെ എല്ലാവരെയും ബാധിക്കുന്നുണ്ടെങ്കിലും വര്‍ഗ്ഗം എന്ന നിലയില്‍ ഉപരിവര്‍ഗം സുരക്ഷിതരാണ്. രാജ്യത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതി ദുര്‍ബലരെ ഉള്‍ക്കൊള്ളുന്നില്ലെന്ന് ഈ മഹാമാരിക്കാലം തുറന്നു കാട്ടിയിട്ടും വേണ്ടപ്പെട്ടവര്‍ അത് ശ്രദ്ധിക്കുന്നില്ല.

സാമൂഹ്യജീവിയുടെ പരിണാമത്തിന്റെ ഒരു ഘട്ടമായിരിക്കാം ഇത്. അര്‍ഹതയുള്ളവ ശേഷിക്കുന്ന ഈ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍ നന്മതിന്മകള്‍ ഒരു ഘടകമല്ല. അതുകൊണ്ടുതന്നെ നല്ലതു വരും എന്ന് ആശിക്കാന്‍ നമുക്ക് കാരണങ്ങളൊന്നുമില്ല.സത്യവും നന്മയും ധര്‍മ്മവും ജയിക്കുമെന്നത് പ്രകൃതിനിയമമല്ല.

വാസ്തവത്തില്‍ പുരാണങ്ങള്‍ ചൊല്ലിതന്നത് ധര്‍മ്മം ജയിക്കുമെന്നല്ല, ജയിക്കണം എന്നാണ്. ഏതു വിജയത്തിനും അങ്ങനെയൊരു വിശ്വാസം ഉണ്ടായേതീരു. ഈ മഹാമാരിക്കാലത്തും അതിജീവനത്തിന്റെ ആ മന്ത്രം നമുക്ക് കരുത്തേകും. ഈ കാലവും കടന്നുപോകും.

വാല്‍ക്കഷണം –
മൃതശരീരം വെറും മാലിന്യം മാത്രമാണെന്നും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടയാളോട് അതിന് പ്രത്യേക ബന്ധമൊന്നുമില്ലെന്നും സ്ഥാപിക്കുകയാണ് കോവിഡാനന്തര സംസ്കാരരീതികള്‍ .നിരനിരയായി കൂട്ടുന്ന ചിതയിലേയ്ക്ക് തള്ളിയിടുന്ന ശവശരീരത്തിന് ആസ്പത്രിക്കാര്‍ കുറിച്ചിട്ട ഒരു ക്രമസംഘ്യ മാത്രമാണുള്ളത്. പരേതന്റെ ജാതിയും കുടുംബവും പേരും അവിടെ വിഷയമല്ല. ആത്മാവിനെപ്പറ്റിയും മരണാനന്തര ലോകത്തെപ്പ റ്റിയുമുള്ള നമ്മുടെ ധാരണകളെ ഈ മഹാമാരി വെല്ലുവിളിക്കുകയല്ലേ ? വായനക്കാര്‍ ദയവായി പ്രതികരിക്കുക.

രാജൻ പടുതോൾ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: