17.1 C
New York
Monday, September 20, 2021
Home Special കോട്ടയത്തിന്റെ സുവിശേഷം -(7) മലയാളം അച്ചടിയുടെ ഇരുന്നൂറു വർഷവും ബെഞ്ചമിൻ ബെയ്‌ലിയും.

കോട്ടയത്തിന്റെ സുവിശേഷം -(7) മലയാളം അച്ചടിയുടെ ഇരുന്നൂറു വർഷവും ബെഞ്ചമിൻ ബെയ്‌ലിയും.

✍ചരിത്രസഞ്ചാരി©

ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത്‌ 1817 മാർച്ച്‌ 25ന് എത്തി. കേണൽ മൺറോയുടെ നിർദേശപ്രകാരം കോട്ടയം കോളേജിന്റെ സാരഥ്യം ഏറ്റെടുത്തു. കേവലം സുറിയാനി പഠനത്തിൽ നിന്ന് പാശ്ചാത്യ മാതൃകയിലുള്ള പാഠ്യക്രമത്തിലേക്ക് ബെയ്‌ലി സായിപ്പ് പുതുവഴി തുറന്നു. തിരുവതാംകൂർ ആധുനിക പൊതുവിദ്യാഭാസത്തിലേക്ക് ചുവടുവച്ചു. സർക്കാർ സർവീസിലേക്ക് വിദ്യാസമ്പന്നരെ വാർത്തെടുക്കുക എന്ന ലക്ഷ്യം ആയിരുന്നു ദിവാനായിരുന്ന കേണൽ മൺറോയുടെ മനസ്സിൽ . തിരുവതാംകൂർ റാണിയും ഇതിനായി പിന്തുണ നൽകി.

1818-ൽ എഴുതപ്പെട്ട സി.എം.എസ് പ്രൊസീഡിങ്സിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : “In connexion with this record of Her Highness’s liberality, it should be stated, that the college at cotym is not regarded by her Government as a seminary simply for priests ; but as an institute for general education, from where any demands of the state of the state for officers to fill all departments of its public service are to be met. “

കോട്ടയം കോളേജിന്റെ ആദ്യ സാരഥി പുലിക്കോട്ടിൽ മാർ ജോസഫ് ദിവന്യാസിയോസ് തിരുമേനി ആയിരുന്നു. പിന്നീട് ആഞ്ഞൂർ ഗീവർഗീസ് മാർ ഫീലക്സിനോസ് തിരുമേനി വന്നു. അതിനു ശേഷമാണ് ബെഞ്ചമിൻ ബെയ്‌ലി എന്ന ബ്രിട്ടീഷുകാരൻ പാതിരി എത്തുന്നത്. അധികം താമസിക്കാതെ ജോസഫ് ഫെൻ എന്ന പാതിരി എത്തിയപ്പോൾ ബെയ്‌ലി സായ്പ് അച്ചടിയുടെ പുതിയ ലോകം മലയാളിക്ക് പരിചയപ്പെടുത്താനായി ഇറങ്ങി നടന്നു.

മലയാള ഭാഷയുടെ ലോകത്തേക്ക് അച്ചടി എന്ന സാങ്കേതിക വിദ്യയുടെ തിടമ്പേറ്റി എഴുന്നള്ളി വന്നത് ബെയ്‌ലി സായിപ്പായിരുന്നു. ഭാഷ അച്ചടിക്കായി ഉടുത്തൊരുങ്ങിയത് ലിപി പരിഷ്കാരത്തോടെയായിരുന്നു. ബെയ്‌ലി സായിപ്പ് ആയിരത്തോളം ലിപികളിൽ നിന്ന് അഞ്ഞൂറോളം ലിപികളിലേക്ക് കാച്ചികുറുക്കി ഭാഷയെ പുതിയ ഭാവത്തിൽ യൗവ്വനയുക്തയാക്കി .

അച്ചടി യന്ത്രം കോട്ടയത്തെത്തിയിട്ട് 200 വർഷം.

മൺറോ സായിപ്പിന്റ നിർദേശപ്രകാരം ബൈബിൾ പരിഭാഷ പുരോഗമിച്ചു. 1821 ഒക്ടോബർ 18-ന് ഇംഗ്ലണ്ടിൽ നിന്ന് ആദ്യ അച്ചടി യന്ത്രം കോട്ടയത്ത്‌ എത്തി.

മദ്രാസിൽ നിന്നെത്തിച്ച ഫോർട്ട്‌ സെന്റ് ജോർജ് കോളേജ് ടൈപ്പുകൾക്ക് ഒരുപാട് പോരായ്മകൾ കണ്ട്, അതു വേണ്ടന്നു വെച്ചുകൊണ്ട്, മലയാളം അച്ചടിക്കായിയുള്ള അച്ചുകൾ ബെയ്‌ലി സ്വന്തമായി വാർത്തു.

ബെയ്‌ലി എടുത്തു വളർത്തിയ ബാലന് വിദ്യാഭാസം കൊടുത്തു. പിന്നീട് പ്രസ്സിൽ പ്രിന്റിംഗ് ജോലികൾ പഠിപ്പിച്ചു. ബെയ്‌ലിയുടെ ഈ വളർത്തുപുത്രൻ പ്രെസ്സിലെ ആദ്യ അച്ചടിക്കാരനായി.

“ചെറുപൈതങ്ങൾക്ക് ഉപകരാർത്ഥം” എന്ന പുസ്തകത്തിലൂടെ മലയാളിയുടെ വായനയുടെ ലോകത്തേക്ക് അച്ചടി മാധ്യമം കടന്നുവന്നു. അച്ചടി മലയാളിക്ക് പരിചിതമായി തുടങ്ങി. ബൈബിളും, ഇതര ക്രൈസ്തവ സാഹിത്യ കൃതികളും സി.എം. എസ് പ്രെസ്സിലൂടെ മലയാളിയുടെ കൈകളിലെത്തിതുടങ്ങി. സ്കൂൾ,കോളേജ് പുസ്തകങ്ങളുടെ അച്ചടി തുടങ്ങി. “വിദ്യമൂലങ്ങൾ”, “മൃഗചരിതം” തുടങ്ങിയ ശാസ്ത്രപുസ്തകങ്ങൾ മലയാളി വായിച്ചുതുടങ്ങി.

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ തുടക്കം സി.എം.എസ് പ്രസ്സിൽ തുടങ്ങി. ജോൺ ഹോക്‌സ്‌വർത്ത് 1848-ൽ അച്ചടിച്ചിറക്കിയ “ജ്ഞാനനിക്ഷേപം” മലയാളത്തിലെ ആദ്യത്തെ മാസവർത്തമാനപത്രമായി മാറി.

തിരുവതാംകൂർ സർക്കാർ ഗസറ്റ് സി.എം.എസ് പ്രസ്സിൽ അച്ചടിച്ചു. തുടർന്നു മറ്റു സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും സി.എം.എസ് പ്രെസ്സിലേക്കെത്തി.1841 -ൽ ഗുണ്ടെർട്ട്ന്റെ “സത്യവേദ ഇതിഹാസം” കോട്ടയത്ത്‌ മുദ്രണം നിർവഹിച്ചു കൊണ്ടുപോയി. സുറിയാനി, സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകളിലും ബെയ്‌ലി സായിപ്പ് സി.എം.എസ് പ്രസ്സിൽ അച്ചടിച്ചു.

ലോകെത്തെല്ലായിടത്തും സമ്പന്ന ന്യുനപക്ഷത്തിനു മാത്രമായി കിട്ടിയിരുന്ന വിദ്യാഭ്യാസം സാർവത്രികമായത് അച്ചടിയുടെ വരവോടെ ആണ്. ബെഞ്ചമിൻ ബെയ്‌ലി മലയാളിയെ ഈ സൗഭാഗ്യത്തിലേക്ക് വിളക്ക് തെളിയിച്ചു വഴി നടത്തി.

പതിനാറും, പതിനേഴും നൂറ്റാണ്ടിൽ കൊച്ചി, കൊല്ലം, അമ്പഴക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ അച്ചടിശാലകൾ പ്രവർത്തിച്ചിരുന്നു. പക്ഷെ അത്‌ തമിഴ് ഭാഷയിൽ ഉള്ള അച്ചടിയായിരുന്നു.

ബെയ്‌ലി പാതിരിയുടെ വിദ്യാഭ്യാസ കാര്യത്തിലെ ശ്രദ്ധ സ്കൂൾ തലത്തിൽ നിന്ന് തുടങ്ങി. കേരളത്തിലെ ആദ്യ ഹൈസ്കൂൾ ബെയ്‌ലി സായിപ്പിന്റെ ബംഗ്ലാവിനോട്‌ ചേർന്നാരംഭിച്ചു.
“മംകളാവും ധർമ പള്ളിക്കൂടവും ” വെക്കുന്നതിലേക്കായി തിരുവതാംകൂർ സർക്കാർ കാരമൊഴിവായി സ്ഥലം നൽകിയത് കൊല്ലവർഷം 993 ഇടവം 14ന്.

സുറിയാനി പള്ളികളിലെ സന്ദർശനങ്ങളിലോരോരോന്നിലും ഓരോ പള്ളിയോടും ചേർന്ന് സ്കൂളുകൾ തുടങ്ങാൻ ബെഞ്ചമിൻ ബെയ്‌ലി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പള്ളികളോട് ചേർന്ന് സ്കൂളുകൾ തുടങ്ങി പൊതുവിദ്യാഭാസം സാർവത്രികമാക്കാൻ കേണൽ മൺറോ വിഭാവനം ചെയ്ത പദ്ധതി ആയിരുന്നു.

സമത്വം എന്ന സ്വപ്നം

തിരുവതാംകൂർ സർക്കാർ സി. എം. എസ് കോളേജിന്റെ നിത്യനിദാന ചെലവുകൾക്കായിയുള്ള വരുമാനം ലഭിക്കുന്നതിന് വേണ്ടി കൊല്ലത്തിനടുത്തുള്ള അഷ്ടമുടികായലിനോട് ചേർന്ന് മൺറോ തുരുത്തും, നൂറു പുലയരായ അടിമകളെയും നൽകി. എന്നാൽ അടിമകളെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് ബെയ്‌ലിയും, മറ്റൊരു സി.എം.എസ് മിഷണറിയായ ജോസഫ് പീറ്റും കൂടി എഴുതിയ ഉടമ്പടി ചരിത്രമായി. അത്‌ 1835 മാർച്ച്‌ 8ന് ആയിരുന്നു.

അവർ എഴുതി :
We the undersigned, acting as trustees of Munro Island, do hereby declare that…who has hitherto been a slave of the soil, is from this time liberated by us and made a free man, and that his wife and offspring are wholly and for ever free and are regarded by us only as hired servants and that no one has any right to bring them into servitude again….

Benjamin Bailey
Joseph Peet.

അവർ എഴുതിയ ഉടമ്പടി അടിമകുടിയിലെ തലവന്മാർക്ക് നൽകി അവർ സ്വതന്ത്രർ ആണെന്ന് ബോധ്യപ്പെടുത്തി. സാമൂഹ്യ സമത്വം ആയിരുന്നു അവരുടെ ലക്ഷ്യം.

തിരുവതാംകൂർ സർക്കാർ അടിമനിരോധന വിളംബരം 1855 ജൂൺ 4ന് ആണ് പ്രഖ്യാപിച്ചത്.

യാത്രാമൊഴി ചൊല്ലാതെ.

1850 മെയ്‌ 13ന് ബെഞ്ചമിൻ ബെയ്‌ലി ഇംഗ്ലണ്ടിലേക്ക് മടങ്ങിപോകുന്നതിന് ഒരാഴ്ച്ച മുൻപ് താൻ നിർമിച്ച ഹോളി ട്രിനിറ്റി പള്ളിയിൽ കുർബാന അർപ്പിക്കുമ്പോൾ വികാരഭരിതനാവുന്നതിന്റെ കാരണം ഇടവക ജനങ്ങൾക്ക് മനസ്സിലായില്ല. വികാരനിർഭരമായ പ്രസംഗം ജന്മനാട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണെന്ന് ആരും ചിന്തിച്ചില്ല. പിന്നീട് തന്റെ കുഞ്ഞുങ്ങൾ കബറടങ്ങിയിരിക്കുന്ന പള്ളി സെമിത്തേരിയിൽ ഏറെ നേരം ചിലവഴിച്ചത് യാത്രചൊല്ലലായിരുന്നു എന്ന് ഇടവകക്കാർ മനസ്സിലാക്കിയത് ഒരാഴ്ച്ചക്ക് ശേഷം ബെയ്‌ലി സായ്പ് കോട്ടയം വിട്ടതിനു ശേഷം മാത്രമായിരുന്നു.

യാത്രാപറിച്ചിലിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയത്കൊണ്ടാവാം ആരോടും പറയാതെ ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്തിനോട്‌ വിട പറഞ്ഞത്.

മലയാളിക്ക് വേണ്ടി, മലയാളിക്ക് മുൻപേ നടന്ന ബെഞ്ചമിൻ ബെയ്‌ലി 1871-ൽ ഏപ്രിൽ 3ന് ഇംഗ്ലണ്ടിൽ വച്ച് ദിവംഗദനായി. ഇംഗ്ലണ്ടിലെ Sheinton ദേവാലയ സെമിത്തേരിയിലെ കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :

In memory of The Rev. BENJAMIN BAILEY Thirty four years a Missonary of the Church Missonary Society in Travancore South India. And fourteen years of Rector of this Parish. He fell asleep in Jesus April 3rd – 1871. 80 years.

ബെയ്‌ലി സായിപ്പിന്റെ നിര്യാണം അറിഞ്ഞു സായിപ്പിന്റെ കുതിരക്കാരൻ ആത്മഹത്യ ചെയ്തതായി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ബെഞ്ചമിൻ ബെയ്‌ലിയുടെ ഛായചിത്രത്തിന് പിന്നിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ബെയ്‌ലിയുടെ സംഭാവനകൾ തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങൾ എന്ന് ചരിത്രകാരനായ W.S.Hunt എഴുതി.

അപരിചിത തീർത്ഥാടകനെ പോലെ കോട്ടയത്തെത്തിയ Rev. Fr. ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്തിന്റെ ദീപ്ത സ്മരണയാണ്. ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷവും, കോട്ടയത്തെ കൊച്ചു കുട്ടി പോലും ബഹുമാനിക്കുന്ന വിശിഷ്ട വ്യക്തിത്വം…

കോട്ടയം അടിവച്ചു കയറിയത് അച്ചടിയുടെ ഹിമാലയമാണ്. ദീപികയും, മലയാള മനോരമയും, മംഗളവും, ഇവിടെ വളർന്നു തിടം വച്ചു. സാഹിത്യ പ്രവർത്തക സംഘം, നാഷണൽ ബുക്ക്‌ സ്റ്റാൾ, ഡി.സി.ബുക്സ് തുടങ്ങിയ പുസ്തക ശാലകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. നിശബ്ദനായി കോട്ടയം വിട്ട ബെയ്‌ലി സായിപ്പ് കോട്ടയത്തിനെ അനുഗ്രഹിച്ചാശീർവദിച്ചത് എഴുത്തിലും, വായനയിലും, അച്ചടിയിലും ആയിരുന്നു.

എഴുത്തും, വായനയും പഠിച്ച കോട്ടയംകാർ ലോകത്തിലേക്ക് എത്തി നോക്കാൻ കൊതിച്ച് ഓടിനടന്നു. അപ്പോൾ നിധീരിക്കൽ മാണി കത്തനാർ “നസ്രാണി ദീപിക” അച്ചടിച്ച് മലയാളിക്ക് മുൻപിൽ നിവർത്തി പിടിച്ച് വായന തുടങ്ങി.

1890 ആയപ്പോഴേക്കും കണ്ടത്തിൽ വർഗീസ് മാപ്പിള “മലയാള മനോരമ” എന്ന് പേരിട്ടു തന്റെ പത്രം മലയാളിയുടെ പൂമുഖത്തേക്ക് വീശി എറിഞ്ഞു..

മലയാളി വാർത്താ വായനയുടെ ലോകത്തേക്ക് ഉണർന്നെഴുന്നേറ്റു.

ചരിത്രസഞ്ചാരി©
charitrasanchari@gmail.com

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: