പലപ്പോഴും കൊളസ്ട്രോള്‍ ഉണ്ടെന്ന് രോഗിക്കോ, രോഗിയുടെ കൂടെ എല്ലായ്പോഴും ഉള്ളവര്‍ക്കോ ഒന്നും തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ രക്തപരിശോധന നടത്തുമ്പോഴോ മറ്റോ കൊളസ്ട്രോള്‍ തിരിച്ചറിയപ്പെടുന്നവരാണ് അധികപേരും. അതല്ലെങ്കില്‍ കൊളസ്ട്രോള്‍ മൂലം തന്നെ സംഭവിക്കുന്ന പ്രശ്നങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ ഇത് കണ്ടെത്താം.
കാര്യമായ ലക്ഷണങ്ങളൊന്നും പുറമേക്ക് പ്രകടമാകില്ല എന്നതുകൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ തിരിച്ചറിയപ്പെടാതെ പോകുന്നത്. ഏറെ വൈകിയാണ് മിക്ക രോഗികളിലും ഇത് കണ്ടെത്തപ്പെടുന്നത്. അധികവും നേരത്തെ സൂചിപ്പിച്ചത് പോലെ ഹൃദയാഘാതത്തോടെയാണ് അറിയുക. അതല്ലെങ്കില്‍ ഏതെങ്കിലുമൊരാവശ്യത്തിന് രക്തപരിശോധന നടത്തുന്നതിലൂടെ. അതുകൊണ്ട് തന്നെ അപകടകരമാം വിധം കൊളസ്ട്രോള്‍ അധികരിച്ചാലും അത് തിരിച്ചറിയാന്‍ മാര്‍ഗങ്ങളില്ല എന്നതാണ് സത്യം. നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചുവേദന, ശ്വാസതടസം, ഉത്കണ്ഠ, കൈവേദന, ഓക്കാനം, തളര്‍ച്ച, നെഞ്ചെരിച്ചില്‍, നെഞ്ചില്‍ ഭാരം കയറ്റിവച്ചത് പോലുള്ള അനുഭവം, വയറ്റില്‍ അസ്വസ്ഥത എന്നിങ്ങനെ ഹൃദയാഘാതം സൂചിപ്പിക്കാന്‍ ശരീരം പ്രകടിപ്പിക്കുന്ന വിഷമതകള്‍ പലതാണ്.
ഇവയെല്ലാം തന്നെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇതിന് കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുക തന്നെ വേണം. 9 വയസ് മുതല്‍ 11 വയസ് വരെയുള്ള പ്രായത്തിനുള്ളില്‍ ആദ്യമായി കൊളസ്ട്രോള്‍ പരിശോധിക്കാം. പിന്നീട് അടുത്ത അഞ്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍ കൊളസ്ട്രോള്‍ പരിശോധന തുടരാം. പ്രായം കൂടുന്നതിന് അനുസരിച്ച് ഈ ഇടവേള ചുരുങ്ങിവരുന്നു. 45നും 65നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരും 55നും 65നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളും ഓരോ രണ്ട് വര്‍ഷത്തിലും കൊളസ്ട്രോള്‍ പരിശോധിക്കണം. 65 കടന്നവരെല്ലാം തന്നെ വര്‍ഷാവര്‍ഷം കൊളസ്ട്രോള്‍ പരിശോധന നടത്തണം. ഈ രീതിയില്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ കൊളസ്ട്രോള്‍ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും.