വാഷിംഗ്ടൺ: കൊറോണ വൈറസ് ഉദ്ഭവത്തെ സംബന്ധിച്ച് ചൈന അന്വേഷണം സുതാര്യമാക്കണമെന്ന് അമേരിക്ക. വൈറസിൻ്റെ ഉൽഭവം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ലോകത്തിനു മുൻപിൽ എത്തിക്കാതെ വിശ്രമമില്ല എന്നതീരുമാനവുമായി അമേരിക്ക മുന്നോട്ടു നീങ്ങുകയാണ്.
കൊറോണ വൈറസിൻ്റെ ഉദ്ഭവത്തിൽ ചൈനയുടെ പങ്ക് സംബന്ധിച്ച് ആഗോളതലത്തിൽ സംശയം ശക്തമാകുന്ന പശ്ചാത്തലത്തിൽ പരിശോധന ഫലം ചൈന പുറത്തുവിടണമെന്നും അന്വേഷണം ശാസ്ത്രീയമായും ആഴത്തിലും നടത്തണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
ചൈനയുടെ മറുപടികൾ സുതാര്യമല്ല. പരിശോധനയ്ക്കായി എത്തിയ വൈദ്യശാസ്ത്രവിദഗ്ധരെ നിർണായകമായ പല വിവരങ്ങളും പരിശോധിക്കുന്നതിൽ നിന്നും വിലക്കിയെന്നും വുഹാനിലെ സംശയമുള്ള ലാബിൽ പ്രവേശിപ്പിച്ചില്ലെന്നും യൂറോപ്യൻ യൂണിയൻ മേധാവികളടക്കം ആരോപിച്ചിരുന്നു.
കൊറോണ വൈറസിൻ്റെ ഉദ്ഭവം സംബന്ധിച്ച നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ വൈറസിൻ്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അമേരിക്കൻ ഇൻ്റലിജൻസ് ഏജൻസികളോട് പ്രസിഡൻറ് ജോ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട് .