രാവിലെ നേരത്തെ തന്നെ കൊറോണ യാത്ര പുറപ്പെട്ടു. ആകെയൊരു ഉന്മേഷക്കുറവ്. ആർക്കും എന്നെയൊരു വിലയില്ല എന്ന തോന്നൽ. പിന്നെ ആളുകളുടെ പുച്ഛവും അമിത ആത്മവിശ്വാസവും കണ്ട് മനസ്സിരുത്തി വർക്ക് ചെയ്തു. ഫലമോ, കുറേയെണ്ണം കാഞ്ഞുപോയി, പിന്നെക്കുറേയെണ്ണം മിണ്ടാൻ വയ്യാതെ അട്ടം നോക്കിക്കിടക്കുന്നു. ആംബുലൻസിന്റെ നിലവിളിയൊച്ച കേട്ട് ആലോചനയിൽ നിന്നുണർന്ന കൊറോണ കണ്ടത് തലയെടുപ്പോടെ നിൽക്കുന്ന പള്ളിയാണ്.
“എന്തായാലും ഒന്നു കുമ്പസാരിക്കാം” മനസ്സിൽ പറഞ്ഞുകൊണ്ട് കൊറോണ പള്ളിമുറ്റത്തേക്ക് കയറി. പതുക്കെപ്പതുക്കെ കുമ്പസാരക്കൂട്ടിനടുത്തായി നിലയുറപ്പിച്ചു.
തേച്ചു വടിവൊത്ത വെളുവെളുത്ത ളോഹയിട്ട് അച്ചൻ കുമ്പസാരക്കൂട്ടിനടുത്തേക്ക് കടന്നുവരുന്നതു കൊറോണ നോക്കിക്കൊണ്ടിരുന്നു.
“എങ്ങന്യാപ്പോ തുടങ്ങ്വാ..വേറൊരു സംസ്ഥാനത്തോ രാജ്യത്തോ തനിക്കനുഭവപ്പെടാത്ത ഒരിത്. അതിനിപ്പോ എന്താ പറയാ.അവഗണനയാണോ!! ആ അറിയില്ല”കൊറോണ ആലോചിച്ചു. അപ്പോഴേക്കും അച്ചൻ കുമ്പസാരക്കൂട്ടിലേക്ക് കടന്നിരുന്നു.
“അച്ചോ” കൊറോണ മൊഴിഞ്ഞു
‘പരിചയമില്ലാത്ത സ്വരം’ അച്ചൻ മനസ്സിൽ പറഞ്ഞുകൊണ്ട് ചോദിച്ചു.
എന്താ കുഞ്ഞാടെ
കൊറോണ : അച്ചൻ ആറു മീറ്റർ നീങ്ങിയിരുന്നാട്ടെ
അച്ചൻ : അപ്പോ നീ കുമ്പസാരിക്കാനല്ലേ വന്നത്!!
കൊറോണ : അതെന്താ അച്ചോ അങ്ങനെ ചോദിച്ചത്
അച്ചൻ : ആറു മീറ്റർ അകലത്തിൽ ഞാൻ പോയിരുന്നാ നീയ് മൈക്കിൽ വിളിച്ചു പറയേണ്ടി വരും. അപ്പോപ്പിന്നെ അതിനെ കുമ്പസാരംന്ന് പറയാൻ പറ്റ്വോടാ പൊട്ടാ
കൊറോണ തല ചൊറിഞ്ഞു കൊണ്ടിരിക്കുന്നു
അച്ചൻ : ടാ
കൊറോണ : ഡബിൾ മാസ്ക് വച്ചിട്ടുണ്ടോ അച്ചോ
അച്ചൻ : ഉണ്ട്, എന്തേ
കൊറോണ : സാനിറ്റൈസറോ
അച്ചൻ : ഇവനെക്കൊണ്ട് തോറ്റല്ലോ..ടാ ടാ കുമ്പസാരിക്കുന്നെങ്കിൽ പെട്ടെന്ന് വേണംട്ടാ, പോയിട്ട് വേറെ പണിയുള്ളതാ.
കൊറോണ : അച്ചോ, ആ ചൈനക്കാരൻ ഷുങ് ഷുങ് എന്നെ പടികടത്തി യാത്ര അയച്ചപ്പോ വല്ലാത്തൊരു ആവേശത്തോടെയാണ് യാത്ര തുടങ്ങിയത്. യൂറോപ്പിനേയും അമേരിക്കയേയും ഒരു തീരുമാനത്തിലെത്തിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിൽ പറന്നിറങ്ങി. ആലോചിക്കാൻ സമയം കിട്ടുന്നതിനു മുമ്പേ എല്ലാവരും എന്നെപ്പേടിച്ച് വീട്ടിലടച്ചിരുന്നു. അടച്ചിരിക്കുന്നവർക്കോ എനിക്കോ ഒന്നും മനസ്സിലായില്ലച്ചോ..
അങ്ങനെ ദിവസങ്ങൾ മാസങ്ങളായി, എനിക്കൊരു വയസ്സുമായി.
അച്ചൻ : ഇതാണ്ടാ നിന്റെ കുമ്പസാരം??
കൊറോണ : അല്ലച്ചോ
അച്ചൻ : വേഗം പറയ്
കൊറോണ : ഒരു വയസ്സു കഴിയുമ്പോ കുട്ടികൾ ഓടി നടക്കില്ലേ അച്ചോ, അതുപോലെ ഞാനും ഇപ്പോ ഓടി നടക്കുന്നു, ജോലി ചെയ്യുന്നു അത്രേയുള്ളൂ. ആളു കൂടുന്നിടം കാണുമ്പോ എനിക്കിഷ്ടമാ അച്ചോ. അതിനിടയിൽ എന്നെപ്പേടിക്കാത്ത ബഹുമാനിക്കാത്ത ചിലരുണ്ടാവും. അവരുടെ തൊണ്ടയിൽ കേറി ഞാനിരിക്കും. മര്യാദക്കൊക്കെ ആണെങ്കിൽ ഞാൻ അവരെ ബുദ്ധിമുട്ടിക്കാതെ പെട്ടെന്നിറങ്ങി മറ്റൊരാളുടെ ദേഹത്ത് കയറും. മറിച്ചാണെങ്കിൽ ഞാനവരേയും കൊണ്ടേ പോകൂ.അച്ചോ, ഇന്നലത്തെ കുർബാന കഴിഞ്ഞപ്പോൾ ആ പന്തപ്ലാക്കലെ മരിയയോട് നിങ്ങളെന്നാ പറഞ്ഞേ..
“നമ്മള് പാലാക്കാർക്ക് ഒന്നും വരില്ല കുഞ്ഞേ”
എന്നല്ലേ. ഇത്തിരിക്കുഞ്ഞനായ എനിക്കത് തീരെ ഇഷ്ടമായില്ലച്ചോ. മരിയേടെ തൊണ്ടയ്ക്കു ഞാൻ പിടിച്ചു. അവക്കിപ്പോ മിണ്ടാൻ വയ്യച്ചോ.
അച്ചൻ : കഴിഞ്ഞോ കുമ്പസാരം??
നിശ്ശബ്ദത
അച്ചൻ : ടാ.. (ശബ്ദത്തിനൊരു വ്യത്യാസം ഉണ്ടോ!!ഏയ്)
കൊറോണ : ഞാൻ സമ്മതം ചോദിക്കാതെ അങ്ങയുടെ ശരീരത്തിൽ കയറിക്കഴിഞ്ഞച്ചോ.. എന്നോടു പൊറുക്കില്ലേ.
ധധുംം.
കൊറോണ : പാവം അച്ചൻ കൈയോ കാലോ ഒടിഞ്ഞോ ആവോ, അനക്കമൊന്നും കാണുന്നില്ലല്ലോ…..കാറ്റു പോയോ 🙄!! ഇതാണെനിക്ക് ഇഷ്ടമില്ലാത്തത്, എന്തെങ്കിലും പറയുമ്പോഴേക്കും കാഞ്ഞുപോകും, പേരോ! കൊറോണ വന്നു മരിച്ചു..പാവം ഞാൻ😞😞ഇതിനെതിരെ പ്രതിഷേധിക്കാൻ ആരുമില്ലേ സേട്ടാ😢
ദീപ നായർ (deepz) ബാംഗ്ലൂർ✍