ന്യൂയോര്‍ക്ക്: ഏറെക്കുറെ ഒരു വര്‍ഷത്തിലേറെയായി കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും സാവകാശം കരകയറിക്കൊണ്ടിരിക്കുന്ന കേരള ജനത ചിന്തിക്കേണ്ട ഏതാനും വിഷയങ്ങളെപ്പറ്റി സൂചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനിത് എഴുതുന്നത്. ഏതെങ്കിലും മതത്തിന്റേയോ, രാഷ്ട്രീയ പാര്‍ട്ടിയുടേയോ, സംഘടനയുടേയോ മറവില്‍ നിന്നുകൊണ്ടല്ല ഞാനിതെഴുതുന്നത് എന്നു തുറന്നുപറഞ്ഞുകൊള്ളട്ടെ. ഈയിടെ അന്തരിച്ച കേരള ജനതയുടെ പ്രിയങ്കരനായ ജോയന്‍ കുമരകം എന്ന സാഹിത്യകാരന്‍ പറയാറുള്ളതുപോലെ “മലയാളി ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും മലയാളി തന്നെ ആയിരിക്കണം’. അവന്‍ ആഫ്രിക്കയിലായിക്കൊള്ളട്ടെ, അമേരിക്കയിലായിക്കൊള്ളട്ടെ, കാനഡയിലോ, ജര്‍മ്മനിയിലോ എവിടെയുമായിക്കൊള്ളട്ടെ, മലയാളികള്‍ക്കുവേണ്ടി നിലകൊള്ളണം എന്ന ആശയക്കാരനാണ് ഞാനും. ചുരുക്കത്തില്‍ നമുക്ക് ജന്മനാടിനോട് ഒരു കൂറുണ്ടായിരിക്കണം.
നാനാജാതി മതസ്ഥരുടെ പുണ്യഭൂമിയായ കേരളം “ദൈവത്തിന്റെ നാട്’ എന്ന പേരില്‍പോലും അറിയപ്പെടുന്നു. കേരള മക്കള്‍ എത്തിപ്പെടാത്ത സ്ഥലം ഭൂമിയില്‍ ഉണ്ടെന്നു തോന്നുന്നില്ല. മഹാബലി വാണിരുന്ന നാടാണ് കേരളമെന്ന് മറ്റു പലരേയും പോലെ എന്റെ ചെറുപ്പത്തില്‍ ഞാനും വിശ്വസിച്ചിരുന്നു. മഹാബലി വാണിരുന്നപ്പോള്‍ മനുഷ്യരെല്ലാവരും ആമോദത്തോടെ വസിച്ചിരുന്നുവെന്നും, കള്ളവും ചതിയും വഞ്ചനയും ഒന്നുമില്ലാതിരുന്ന ഒരു കാലമായിരുന്നു അതെന്നും ഓര്‍ക്കുമ്പോള്‍ എന്തൊരാനന്ദമാണ് അന്നത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നതെന്ന് ഏറെക്കുറെ ഊഹിക്കാമല്ലോ.
പിന്നീട്, കേരളത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു കേരളത്തെപ്പറ്റി വര്‍ണ്ണിച്ചിട്ടുള്ളതും ഞാനോര്‍ത്തുപോകുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും ഒന്നിച്ചുവസിക്കുന്ന നാടായി കേരളത്തെ അദ്ദേഹം പുകഴ്ത്തിയിരിക്കുന്നു.
എന്നാല്‍ ഇന്ന് കേരളത്തില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? കേരളക്കാര്‍ ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും മറവില്‍ കാട്ടിക്കൂട്ടുന്ന കടുംകൈകള്‍ മനുഷ്യ മനസാക്ഷിയെവരെ ഞെട്ടിക്കുന്ന വിധത്തിലാണെന്നു കാണാന്‍ കഴിയും. ജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മതങ്ങളും കേരള ജനതയ്ക്ക് പറ്റിയതാണോ എന്നു നാം ചിന്തിക്കേണ്ട ഒരവസരമാണിത്. കോവിഡ് 19-ന്റെ ഭീതിയില്‍ മരവിച്ചുപോയ കേരള ജനതയുടെ മനോവീര്യം തട്ടി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞാനീ ലേഖനം എഴുതുന്നത്. കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനും, സന്തോഷവും, സമാധാനവും യോജിപ്പും, ഐക്യമത്യവുമുള്ള ഒരു രാജ്യമാക്കി നമ്മുടെ കേരളത്തെ എങ്ങനെ നമുക്ക് രൂപാന്തരപ്പെടുത്താന്‍ കഴിയും എന്നു ചിന്തിക്കാന്‍ ഞാന്‍ കേരളക്കാരായ ചിന്താശീലരായ പ്രായമായവരേയും, ചെറുപ്പക്കാരേയും ഒരു തുറന്ന സംവാദത്തിന് ക്ഷണിച്ചുകൊള്ളുന്നു. ഏതെങ്കിലും മലയാള മാധ്യമങ്ങള്‍ ഇതിനുള്ള സാഹചര്യം തുറന്നുതന്നാല്‍ ആ വേദിയിലൂടെ എഴുതാന്‍ കഴിയുമെന്ന പ്രത്യാശയോടെ, എഴുത്തുകാരുടേയും ചിന്തകരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
(തുടരും….)
തോമസ് കൂവള്ളൂര്‍