ന്യൂയോര്‍ക്ക്: ദൈവത്തിന്റെ നാടായ കേരളത്തില്‍ അധിവസിക്കുന്ന കേരള ജനത ഉണര്‍ന്നു ചിന്തിക്കട്ടെ എന്ന ഉദ്ദേശത്തോടെ ഞാന്‍ എഴുതാന്‍ തുടങ്ങിയ ഈ പരമ്പര എഴുതിവന്നപ്പോള്‍ കേരളത്തിന്റെ പോക്ക് ഒരു വല്ലാത്ത ദിശയിലേക്കാണെന്നു തോന്നിപ്പോകുന്നു. സാധാരണക്കാര്‍ക്ക് എങ്ങനെയും തങ്ങളുടെ നിലനില്പ് സുരക്ഷിതമാക്കുക എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പക്ഷെ കേരളത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടത് കേരളത്തില്‍ വോട്ടവകാശമുള്ള സാധാരണക്കാരായ ജനങ്ങളാണെന്നുള്ള പരമസത്യം സാധാരണക്കാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളം സമ്പന്നമാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷവരുമാനത്തോട് തുലനം ചെയ്യുമ്പോള്‍, അത് മൂവായിരം ഡോളറിലും കുറവാണെന്നു കാണുന്നു. മലയാള ഭാഷയില്‍ എഴുതിയാല്‍ രണ്ടു ലക്ഷം രൂപയിലും കുറവ്. എന്നിട്ടും രാഷ്ട്രീയക്കാര്‍ വീമ്പിളക്കുന്നു കേരളം വികസിച്ചിരിക്കുന്നു എന്ന്. ഇവിടെ സത്യമേത്, മിഥ്യയേത് എന്ന് സാമാന്യ ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളം പിറന്നിട്ട് 64 വര്‍ഷം കഴിഞ്ഞിട്ടും കേരളം വികസിച്ചോ എന്നുള്ളത് സത്യസന്ധമായി അറിയണമെങ്കില്‍ ഈ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ സംഭവിച്ച വെള്ളക്കെടുതി മാത്രം നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും.
2018 ആഗസ്റ്റ് 16-ന് കേരളത്തിലുണ്ടായ വെള്ളപ്പൊക്കം മനുഷ്യന്റെ, അതായത് ഭരണ തലപ്പത്തിരിക്കുന്ന ചിലരുടെ, പിഴവുകൊണ്ടുണ്ടായതാണെന്ന് ലോകം മനസിലാക്കി കഴിഞ്ഞു. കാരണം കേരളത്തിലുണ്ടായിരുന്ന എല്ലാ ഡാമുകളും തുറന്നുവിടാന്‍ ഏതോ വിഡ്ഢി നിര്‍ദേശം കൊടുത്തു. അതിന്റെ ഫലമോ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. 483 പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. 150-ല്‍പ്പരം ആള്‍ക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ആ ഒരൊറ്റ സംഭവത്തില്‍ കേരളത്തില്‍ 400 ബില്യന്‍ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഗവണ്‍മെന്റ് കണക്കുകളില്‍ കാണുന്നു. ഡോളറിന്റെ കണക്കനുസരിച്ച് 5.6 ബില്യന്‍ ഡോളറിന്റെ നഷ്ടം.
2019 ആഗസ്റ്റിലും കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായി. 121 പേര്‍ക്ക് ജീവഹാനിയുണ്ടായി. കോഴിക്കോട്, വയനാട് ജില്ലകളെയാണ് 2019-ലെ വെള്ളപ്പൊക്കം പ്രധാനമായും ബാധിച്ചത്. 2020 ആഗസ്റ്റ് മാസത്തിലും വെള്ളപ്പൊക്കമുണ്ടായി ആള്‍നാശം സംഭവിച്ചു എന്നു നാം കണ്ടുകഴിഞ്ഞു. മാറിമാറി വന്ന ഇടതും വലതുമായ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെട്ട ഗവണ്‍മെന്റിന് എന്തുകൊണ്ട് ഇത്രയും കാലമായിട്ടും കേരളത്തിലെ വെള്ളപ്പൊക്കത്തിന് ഒരു ശാശ്വത പരിഹാരം കാണാനോ, അക്കാര്യത്തെപ്പറ്റി ചിന്തിക്കാനോ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ പല അണക്കെട്ടുകള്‍ക്കും ചോര്‍ച്ചയുണ്ടെന്നും, ചിലത്, ഉദാഹരണത്തിന് മുല്ലപ്പെരിയാര്‍ ഡാം പോലുള്ളവ, ഏതു ദിവസവും തകരാന്‍ സാധ്യതയുണ്ടെന്നും പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളെത്രയായി. 44 നദികളുള്ള കേരളം വാസ്തവത്തില്‍ ലോകത്തിലുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജലസമ്പത്തില്‍ എത്രയോ സമ്പന്നമാണ്. കേരളത്തിലെ ഇടതും വലതുമായി മാറിക്കൊണ്ടിരിക്കുന്ന ഭരണ നേതാക്കള്‍ ജോര്‍ദാന്‍ എന്ന രാജ്യത്ത് എങ്ങിനെ ജലം കൈകാര്യം ചെയ്യപ്പെടുന്നു എന്നു പോയി പഠിക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ ജലംകൊണ്ടു മാത്രം കേരളത്തെ സമ്പദ് സമൃദ്ധമാക്കാന്‍ കഴിഞ്ഞേനേ എന്നു കാണാന്‍ കഴിയും.
കേരളത്തില്‍ താമസിയാതെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കക്ഷി-രാഷ്ട്രീയം നോക്കാതെ കേരള ജനത കേരളത്തിനു മാറ്റംവരുത്താന്‍ കഴിവുള്ള, പക്വതയും വിവരവുമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുത്താല്‍ ഒരുപക്ഷെ കേരളത്തില്‍ സമൂല മാറ്റം ഉണ്ടാക്കിത്തീര്‍ക്കുവാനും, ഒരു പുതിയ കേരളം സൃഷ്ടിക്കുവാനും കഴിയും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. കേരളം 64 വര്‍ഷം ഭരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളായിരുന്നു എന്നതിന് യാതൊരു സംശയവുമില്ലല്ലോ. പക്ഷെ ഈ ഗവണ്‍മെന്റുകള്‍ കേരള ജനതയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ അതോ കേരള ജനതയെ ചൂഷണം ചെയ്ത് നശിപ്പിക്കാനാണോ ശ്രമിച്ചത് എന്നത് അറിയണമെങ്കില്‍ കൊച്ചിയിലെ മരട് ഫ്‌ളാറ്റുകളുടെ ഇടിച്ചുപൊളിക്കല്‍ മാത്രം നോക്കിയാല്‍ ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. കൊച്ചിയിലെ പാലാരിവട്ടം നാഷണല്‍ ഹൈവേ ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് സഞ്ചാരയോഗ്യമല്ലാതാക്കിത്തീര്‍ത്തതും, അതുപോലെ കേരളത്തിലെ വിവിധ ജില്ലകളില്‍ പണിത പാലങ്ങളും ബലക്ഷയം മൂലം സഞ്ചാരയോഗ്യമല്ലാതാക്കിത്തീര്‍ത്തതുമെല്ലാം കേരളം മൊത്തം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു എന്നതിനുള്ള തെളിവുകളാണ്.
ഇത്രയുമെഴുതിയപ്പോള്‍ കേരളത്തില്‍ അടിയന്തരമായി ചെയ്യേണ്ടത്, അതായത് താമസിയാതെ വരാനിരിക്കുന്ന ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കേരളത്തിലെ നദികളെ സംരക്ഷിക്കുക എന്നുള്ളതായിരിക്കണം എന്നതാണ്. കേരളത്തിലെ പല നദികളും മണ്ണിടിഞ്ഞ് നികന്ന് ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുന്നു എന്നുള്ളത് ഏറ്റവും ദയനീയമായ ഒരു സത്യമാണ്. നദികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംവിധാനം ഉണ്ടാകുകയും, നദികളെ ഗതാഗതയോഗ്യമാക്കിത്തീര്‍ക്കുകയുമാണെങ്കില്‍ മുന്‍കാലങ്ങളിലുണ്ടായപോലുള്ള പ്രളയക്കെടുതികള്‍ക്ക് അറുതിവരുത്താനാവും എന്നുതന്നെയല്ല 2018-ല്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതിയിലൂടെ സാധ്യമാകുകയും ചെയ്യും. എല്ലാറ്റിനുമുപരി ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്കുന്നതിനും, കാലാകാലമായുണ്ടാകാറുള്ള നാശനഷ്ടങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും, കേരളത്തെ സമ്പന്നമാക്കിമാറ്റുന്നതിനും സാധിക്കും.
നദികളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി മണ്‍സൂണ്‍ കാലത്തുണ്ടാകാറുള്ള ജലപ്രളയത്തെ നിയന്ത്രിക്കുന്നതിനും, കനാലുകള്‍ വഴി കൃഷിക്കാര്‍ക്കും വേനല്‍ക്കാലത്തും റിസര്‍വോയറുകളില്‍ മഴക്കാലത്ത് സംഭരിച്ചുവയ്ക്കുന്ന ജലം ഉപയോഗയോഗ്യമാക്കിത്തീര്‍ക്കാനും സാധിക്കും. അങ്ങനെ മണ്‍സൂണ്‍ കാലത്തെ ആശ്രയിക്കാതെ വേനല്‍ക്കാലത്തും കൃഷിക്കാര്‍ക്ക് കൃഷി ചെയ്യാമെന്ന അവസ്ഥ ഉണ്ടാക്കാനും സാധിക്കും.
ഇന്ന് കര്‍ഷക സമരത്തിലേക്ക് ജനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പലതും കേരള ജനതയ്ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അവര്‍ പുറത്തുള്ള രാഷ്ട്രീയ നേതാക്കളുടെ പിണിയാളുകളായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കാണാന്‍ കഴിയും. ഇനിയെങ്കിലും കേരള ജനത കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുമ്പോട്ടുവരുന്ന, കേരളത്തെ സ്‌നേഹിക്കുന്ന, നേതാക്കളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. കേരളത്തെയും, കേരള ജനതയേയും ചൂഷണം ചെയ്യാനും, നശിപ്പിക്കാനും കൂട്ടുനിന്നവരെ സര്‍വ്വ ശക്തിയോടുംകൂടി പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഒരു പക്ഷെ എത്രയും വേഗം മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞേക്കും. കേരളത്തിലെ യുവജനങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍കൈ എടുക്കേണ്ടത്. അങ്ങിനെ കേരളത്തിലെ ചിന്തിക്കുന്ന, പ്രബുദ്ധരായ, വിദ്യാസമ്പന്നരായ യുവജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
കേരളത്തിലെ ജനസംഖ്യ 35 മില്യന്‍, അതായത് മൂന്നര കോടി ആണെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകളില്‍ നിന്നും കാണുന്നത്. അതില്‍ പത്തില്‍ ഒരു ശതമാനം, അതായത് 35 ലക്ഷം ജനങ്ങള്‍ കേരളത്തിനു വെളിയില്‍ നിന്നും തൊഴില്‍തേടി എത്തിയിരിക്കുന്നവരാണ് പോലും. കേരളത്തില്‍ നിന്നും പുറത്തുപോയി ജോലി ചെയ്യുന്നവരുടെ എണ്ണം 25 ലക്ഷം ആണെന്നാണ് ഗവണ്‍മെന്റിന്റെ കണക്ക്. അതായത് കേരളത്തില്‍ നിന്നും പുറത്തുപോയി ജോലി ചെയ്യുന്ന കേരള മക്കളേക്കാള്‍ 10 ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വന്നു ജോലി ചെയ്യുന്നു. അങ്ങിനെ കേരളം തൊഴിലാളികളുടെ പറുദീസയായി മാറിയിരിക്കുന്നു. കേരളത്തിലെ വയനാട് ജില്ലയിലെ മൊത്തം ജനസംഖ്യ 868378. അതായത് മലയാളത്തില്‍ എഴുതിയാല്‍ ഒമ്പത് ലക്ഷത്തിലും താഴെ. കോഴിക്കോട് ജില്ലയിലെ ജനസംഖ്യ മുപ്പതു ലക്ഷം. വയനാട് ജില്ലയിലേയും കോഴിക്കോട് ജില്ലയിലേയും മൊത്തം ജനങ്ങളോളം വരുന്ന വലിയ ഒരു ജനം കേരളത്തിന്റെ വെളിയില്‍ നിന്നും കേരളത്തില്‍ വന്നു ജോലി ചെയ്യുന്നു. അതും മാറിമാറി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശകളോടെ. ഇതെങ്ങിനെ നടക്കുന്നു എന്ന് അടുത്ത ലക്കത്തില്‍ വിശദീകരിക്കുന്നതായിരിക്കും.
(തുടരും….)
തോമസ് കൂവള്ളൂര്‍.