കേരളത്തിൽ ലോക്ഡൗൺ തുടർന്നേക്കും. എന്നാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
നിലവിൽ ബുധനാഴ്ച വരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടം ഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഈ ആഴ്ച 10 ശതമാനത്തിൽ എത്തുമെന്നും ലോക്ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നും സർക്കാർ വിലയിരുത്തുന്നു. ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ അനുവദിച്ചും വർക്ക് ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചും ഇളവുകൾ നൽകും.
സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിർമ്മാണ മേഖല ഉൾപ്പെടെ ലോക്ഡൗണിൽ നിന്ന് ഇളവു ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.
കോവിഡ് വ്യാപനത്തിന് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാ മേഖലയിലും തുടരേണ്ടത് അനിവാര്യമാണ്.
75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽ നിന്ന് സംസ്ഥാനം മുക്തമാകൂവെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് മാത്രമാണ്ന ൽകിയിട്ടുള്ളത്.
അതേ സമയം, സ്വകാര്യ ബസുകൾ ഇനിയും സർവീസ് നടത്തുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. സാധാരക്കാരായ ദിവസവേതന തൊഴിലാളികൾക്കാണ് ബസ് സർവീസ് ഇല്ലാത്തത്, ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോവിഡ് കാലത്ത് നിരവധി പേർ ഇരുചക്രവാഹനങ്ങൾ കരസ്ഥമാക്കിയെങ്കിലും ഭൂരിപക്ഷം നാമമാത്ര വേതനം ലഭിക്കുന്ന തൊഴിലാളികൾക്കും ഇതിനായിട്ടില്ല. കൂടാതെ വാഹനമോടിക്കാനുളള ലൈസൻസ് നേടാനും നിരവധിയാളുകൾക്ക് കഴിഞ്ഞിട്ടില്ല.