17.1 C
New York
Monday, August 15, 2022
Home Literature കുശവൻ്റെ ജീവിതം.(കവിത)

കുശവൻ്റെ ജീവിതം.(കവിത)

ബാലചന്ദ്രൻ ഇഷാര.✍

ഓർക്കുകിൽ എത്ര ക്രൂരമാണെൻ വിധി
ആർക്കുമില്ലതിൻ പങ്കു,വീതിക്കുവാൻ.
പോയജന്മത്തിൽ വിതച്ച പാപങ്ങ-
ളീജന്മത്തിൽ വിളയായതാകണം.

അറ്റുപോകാതിരിക്കുവാൻ ജീവിത-
ഭാണ്ഡമൊക്കെ ശിരസ്സിൽ കയറ്റി ഞാൻ
കൂരിരുൾപ്പാത തപ്പിത്തടഞ്ഞെത്ര
ദൂരമാണെന്നും താണ്ടി നടപ്പതു.

പണ്ടു പണ്ടു കുലത്തൊഴിലായൊരു
മണ്ടനാരോ തിരിച്ച ചക്രത്തിൻ്റെ
ചുറ്റിലും പശമണ്ണുമായ് ജീവിതം
കൂട്ടിമുട്ടിക്കയാണു കുശവൻ ഞാൻ.

മണ്ണുകൂട്ടിക്കുഴച്ചെടുത്താലയിൽ
കണ്ണിലെണ്ണയൊഴിച്ചതിസൂക്ഷ്മമായ്
അച്ചു ചുറ്റിക്കറക്കിക്കറക്കി ഞാൻ
തേച്ചുതേച്ചു മെനയുന്നു,സ്വപ്നങ്ങൾ.

ചട്ടിയായിക്കലമായ്, മൺകൂജയായ്
ചിട്ടയൊത്ത പൂച്ചട്ടി, ചിരാതുകൾ
മണ്ണുകൊണ്ടു മനസ്സിൻ്റെ മൂശയിൽ
നിത്യമെത്ര മൺപാത്രങ്ങൾ തീർക്കുന്നു.

നോട്ടമെങ്ങാനുമൊന്നു തെറ്റീടുകിൽ
പൊട്ടിമാറുന്ന മൺപാത്രമാണെല്ലാം
ഞെട്ടിയൊന്നുണരുന്നൊരാമാത്രയിൽ
അറ്റുപോകുന്ന സ്വപ്നങ്ങൾ പോലവേ.

പച്ചമണ്ണിൻ നനവു മാറ്റീടുവാൻ
മെച്ചമേറും, നിഴലിൽ നിരത്തിയും
പാകമായിപ്പരുവത്തിലെത്തിയാൽ
ചൂളയിൽ ചുട്ടു നീറ്റിയെടുക്കണം..

ചൂളയിൽ നിന്നെടുത്താൽ പകുതിയും
ഓട്ടവീണതും പൊട്ടിയുടഞ്ഞതും.
തീറ്റതേടി അലയുന്നപ്രാവുകൾ
എത്രപതിരുകൾ കൊത്തണം നെല്ലിനായ്.

ബാക്കി കിട്ടിയ പാത്രങ്ങളൊക്കയും
പൊക്കമേറുന്ന കുട്ടയിലാക്കി ഞാൻ
നിത്യവും പേരു ചൊല്ലിപ്പറഞ്ഞിട്ടു
എത്തുമോരോ ഗൃഹത്തിൻ്റെ,മുന്നിലും.

കാലമേറെക്കടന്നുപോയ് മൺപാത്രം
കോലം വയ്ക്കാനും വേണ്ടെന്നു നാട്ടുകാർ
മാറിവന്ന യുഗത്തിൽ പരിഷ്ക്കാര –
മേറി, മൺപാത്രമിന്നു നാണക്കേടായ്.

അച്ഛനമ്മമാർ വൃദ്ധരായ് മാറുകിൽ
പുച്ഛമാണു നവയുഗമക്കൾക്ക്.
വീട്ടു മോടിക്കു പാഴ്‌ വസ്തുവാണവർ,
പിന്നെ ചേരുമോ മൺപാത്രം, ഈ യുഗം

പട്ടിണിക്കുടിൽവാസികളെങ്ങാനം
തട്ടി മുട്ടിയെടുക്കും കറിച്ചട്ടി
വിറ്റുകിട്ടുന്ന കാശുകൊണ്ടന്നത്തെ
അന്നം പോലും,തികയാത്ത നാളുകൾ.

രാത്രി , വീട്ടിലേക്കെത്തുന്നതും നോക്കി
എത്രകണ്ണുകൾ നീളുന്നിരുൾ മീതെ
വിറ്റുതീരാത്ത പാത്രങ്ങൾ കാണുകിൽ
ഇറ്റുവീഴും മിഴിനീരു കൺമുന്നിൽ.

ഒട്ടിച്ചേർന്ന വയറിൻ്റെ രോദനം
കേട്ടു കേട്ടു മരവിച്ചു പോയ് മനം
വാക്കുകൾ കൊണ്ടു തീരാവിശപ്പിനെ
രാത്രി സ്വപ്നങ്ങൾക്കാകുമോതീർക്കുവാൻ.

കാലമാം കുതിരപ്പുറത്താഢ്യന്മാർ
ചാട്ടവാറുമിളക്കി കുതിക്കവേ
ആ കുതിരക്കുളമ്പിൻ ചവിട്ടേറ്റു
പൊട്ടി വീഴുന്നതെത്ര സംസ്കാരങ്ങൾ.

നാളെയാച്ചട്ടവാറു മുറിഞ്ഞിടും,
കാലത്തിൻ കടിഞ്ഞാണും പിടി വിടും,
അന്നു കേൾക്കുമീ ഗദ്ഗദം നിങ്ങൾതൻ
നെഞ്ചിൽ വീഴും പെരുമ്പറശബ്ദമായ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: