ജീവന്റെ ആദ്യനിമിഷം മുതൽ ശ്വാസം നിലയ്ക്കും അവസാന മുഹൂർത്തംവരെയും ഇമ്പമോടെ രമിയ്ക്കാൻ ഒരിടം,അതാണ് കുടുംബം. കൂടുമ്പോൾ ഇമ്പമുണ്ടാകണമവിടെ.പൊയ്മുഖത്തിന്റെ മറക്കുടയില്ലാതെ നമുക്ക് നാം ആയി ജീവിയ്ക്കാൻആയാൽ,ഒഴുകി നീങ്ങുമൊരു കല്ലോലിനി പോൽ സുന്ദരമാണ് കുടുംബവും. പാവന പവിത്ര ബന്ധങ്ങളുടെ ഈറ്റില്ലമാകണം കുടുംബം. നീയും ഞാനും ഒന്നായി നമ്മളായി വാഴുന്നിടം.
പഴമയെ കൂട്ടുപിടിച്ച് അല്പം പിന്നിലേക്ക് നടന്നാൽ ദൃഢതയാർന്ന കുടുംബബന്ധങ്ങളുടെ ഒളിമങ്ങാത്ത ചിത്രങ്ങൾ ദർശിയ്ക്കുവാൻ കഴിയും. കൂട്ടുകുടുംബങ്ങളുടെ,കൂട്ടായ്മകളുടെ ചരിതം അതെത്ര വർണ്ണിച്ചാലും മതിയാകില്ല. എന്റെയും നിന്റെയും പ്രശ്നങ്ങൾക്കപ്പുറം എല്ലാം നമ്മുടെ പ്രശ്നമായി കണ്ടിരുന്ന ഒരു ജനത ഉണ്ടായിരുന്നു പഴമയിൽ.ഒരു ഭരണസംവിധാനത്തെ അനുസ്മരിപ്പിക്കും വിധം കൂട്ടായി തീരുമാനങ്ങളെടുത്ത് ഉത്തരവാദിത്വങ്ങൾ പകുത്തുനൽകി സ്നേഹവും വെറുപ്പും ഒരുപോലെ പങ്കിട്ട കുടുംബങ്ങൾ. അച്ഛന്റെയും അമ്മയുടെയും മേൽവിലാസത്തിനപ്പുറം ഒരു കുടുംബത്തിന്റെ തണലിൽ അറിയപ്പെട്ടിരുന്ന കാലം. അന്ന് അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളുമായിരുന്നില്ല ആവശ്യം. അതിനുമപ്പുറം സ്നേഹത്തിലും വിശ്വാസത്തിലും ബഹുമാനത്തിലും ഊട്ടിയുറപ്പിച്ച കുടുംബബന്ധങ്ങൾ ആയിരുന്നു.ഒരിറ്റു വെള്ളം കുടിച്ച് കണ്ണടയ്ക്കാൻ ആകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നാളുകൾ.ജീവിതത്തിൽ തെറ്റും ശരിയും ചൂണ്ടിക്കാട്ടി പുതുതലമുറയെ നേർവഴിക്ക് നടത്തുവാൻ ശേഷിയുള്ള പഴയ തലമുറ അക്കാലത്തെ അനുഗ്രഹമായിരുന്നു. പുരാണ കഥകളിലെ പാടവം അത് പുതുതലമുറയിലേയ്ക്ക് കഥാരൂപേണയെത്തിയ്ക്കുവാനും അതിലൂടെ നന്മ തിന്മകളെ വേർതിരിച്ചറിയുവാൻ കുട്ടികളെ പ്രാപ്തരാക്കുവാനും അവർക്ക് അനായാസേന കഴിഞ്ഞിരുന്നു.
ഇന്നത്തെ കുടുംബങ്ങളുടെ അവസ്ഥ തീർത്തും വിഭിന്നമാണ്. അണുകുടുംബങ്ങളിൽ സ്നേഹബന്ധത്തിന്റെയും ജീവിത മൂല്യങ്ങളുടേയും ദൃഢത നന്നേ കുറഞ്ഞിരിക്കുന്നു. നമ്മളിൽ നിന്ന് നീയും ഞാനുമായി നാം മാറിയിരിയ്ക്കുന്നു. ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധമാതാപിതാക്കളെ നടതള്ളാൻ മടിയില്ലാത്ത മക്കളായി നമ്മളിൽ പലരും തരംതാഴ്ന്നു . മാറോടടക്കി വളർത്തിയ മാതാപിതാക്കൾക്ക് നേരെ വീടിന്റെ വാതായനങ്ങൾ കൊട്ടിയടക്കപ്പെടുന്ന പൈശാചിക കാഴ്ചകൾക്കും നാമിന്ന് സാക്ഷിയാകുന്നു. നാളെയുടെ നട്ടെല്ലാകേണ്ട ഇന്നിന്റെ മക്കളോ, അവർക്ക് എല്ലാത്തിനോടും വിമുഖതയാണ്. സ്വന്തം കാര്യത്തിലൂന്നിയുള്ള ചിന്തകളും വികാരവിചാരങ്ങളുമാണവരെ നയിക്കുന്നത്. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഔദ്യോഗികപരമായ മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കുന്നത് കുരുന്നു കുഞ്ഞുങ്ങളുടെ മനോഹര ബാല്യമാണ്. ഉദ്യോഗത്തിലെ ഉയർച്ചകൾ മാത്രം ലക്ഷ്യമാക്കി അതിവേഗം ബഹുദൂരം മാതാപിതാക്കൾ മത്സരിച്ചോടുമ്പോൾ ഗതി മാറിയൊഴുകുന്ന പുഴപോലെ മക്കളും വഴിതെറ്റി അകലുന്നു.ഒക്കെയും കഴിഞ്ഞ് മക്കൾക്കായി തിരയുമ്പോൾ അവരും നമ്മൾ ഒരു കാലത്ത് സഞ്ചരിച്ച പാതയിലൂടെ ഏറെ ദൂരം താണ്ടിയിട്ടുണ്ടാകും.അണുകുടുംബത്തിൽ രക്തബന്ധങ്ങൾ പോലും അപരിചിതരായി കാഴ്ചക്കാരായി മാറുമ്പോൾ ബാല്യവും യൗവ്വനവും താളം പിഴച്ച ചുവടുമായി അലഞ്ഞുതിരിയുന്നു. സാമ്പത്തികം മാത്രം അളവുകോലാക്കി ബന്ധങ്ങൾക്ക് മൂല്യം നൽകാൻ ശ്രമിക്കുമ്പോൾ മൂല്യച്യുതിയല്ലാതെ മറ്റെന്ത് ദർശിക്കുവാൻ?ജീവിതമൂല്യങ്ങൾ പഠിപ്പിക്കുവാനോ പഠിക്കുവാനോ ആർക്ക് സമയം അല്ലെങ്കിൽ താത്പര്യം?
ഇതിനൊരു മാറ്റം അനിവാര്യമല്ലേ? പുതുമയെന്നാൽ ദഹനവ്യവസ്ഥയെപ്പോലും തകരാറിലാക്കും തരത്തിലുള്ളവയെല്ലാം വാരിവലിച്ചു ഭക്ഷിക്കുക എന്നതല്ല. നല്ലതിനെ കൊള്ളാനും വിപത്തിനെ തള്ളാനും കുടുംബങ്ങൾക്കാക്കണം. തിരക്കിനിടയിലും ഒരല്പനേരം കുടുംബത്തിനായി കരുതിവയ്ക്കണം. അതിനായില്ലെങ്കിൽ പ്രതലമില്ലാതെ മനോഹരചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കുന്ന ചിത്രകാരന്റെ അവസ്ഥയാകും നമുക്കും!
ശ്രീജ സുരേഷ്, ഷാർജ✍
നല്ല ലേഖനം. ആശംസകൾ