കാസറ്റ് ടേപ്പുകൾ കണ്ടുപിടിച്ച വിഖ്യാതനായ ഡച്ച് എഞ്ചിനീയർ ലൂ ഓട്ടൻസ് അന്തരിച്ചു. 94 വയസായിരുന്നു. നെതർലൻഡ്സിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.ഒരു കാലത്ത് ജനങ്ങൾക്കിടയിൽ തരംഗമായിരുന്ന കാസറ്റ് ടേപ്പുകളുടെ കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഓട്ടൻസ് പ്രസിദ്ധിനേടുന്നത്. ഈ കണ്ടുപിടിത്തം ആളുകളുടെ സംഗീതാസ്വാദനത്തിൽ തന്നെ സമാനതകളില്ലാത്ത മാറ്റമാണ് സൃഷ്ടിച്ചത്. 1960-കളിൽ കാസറ്റുകളുടെ രംഗപ്രവേശത്തിനു ശേഷം 100 ബില്യണോളം കാസറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1926ൽ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് 1952ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിൽ ജോലി ചെയ്യാനാരംഭിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ൽ ഫിലിപ്സിൻ്റെ പ്രൊഡക്ട് ഡെവലപ്‌മെൻ്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഓഡിയോ കാസറ്റ് നിർമിച്ചു. 1963ൽ കാസറ്റ് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിച്ചു.
വലിയ റീലുകളാൽ പാട്ട് പാടിയിരുന്ന റീൽ റ്റു റീൽ ടേപ്പുകൾ മാറ്റണമെന്ന് ഓട്ടൻസിന് എപ്പോഴും തോന്നിയിരുന്നു. അവ ഭാരം കൂടിയതും ഉപയോഗിക്കാൻ സൗകര്യം കുറഞ്ഞതും പോരാത്തതിന് വിലയേറിയതുമായിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്നആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ”സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.” ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നു..
ഓട്ടൻസ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും കാസറ്റ് നിർമ്മിച്ചു. സോണിയും ഫിലിപ്സുമായി ഉണ്ടാക്കിയ കരാർ ഓട്ടൻസിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്സും സോണിയും ചേർന്ന് രൂപം നൽകിയ കോംപാക്ട് ഡിസ്കിൻ്റെ (സിഡി) പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979ലാണ് സിഡി പുറത്തിറങ്ങിയത്. 1986ൽ അദ്ദേഹം വിരമിച്ചു.
