പ്രിയ കൂട്ടുകാരേ നമസ്കാരം. ഞാൻ നിങ്ങളുടെ കാവിൽപ്പാട് മാഷ്. ഇ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വരികൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു അക്ഷരപ്പാട്ടോടെ ഇന്നത്തെ ബാലപംക്തി നമുക്കാരംഭിക്കാം
ഇഞ്ചിക്കൃഷി / എ.ബി.വി കാവിൽപ്പാട്

ഇന്നലെ വൈകീട്ടമ്മാവൻ
ഇല്ലത്തൊടിയിൽ നില്ക്കുന്ന
ഇലഞ്ഞിമരത്തിന്നരികത്തായ്
ഇഞ്ചി നടാനായ് കുഴിവെട്ടി.
ഇച്ഛയ്ക്കൊത്തൊരു വളമേകാനായ്
ഇലകൾ വെട്ടി അതിലിട്ടു
ഇത്തിരി നേരം കൊണ്ടമ്മാവൻ
ഇംഗിതം പോലവനട്ടിട്ട്
ഇന്ദിര നൽകിയ ചായേം മോന്തി
ഇറയത്തേക്കു നടക്കുമ്പോൾ
ഇടിയും മിന്നലകമ്പടിയോടെ
ഇടതടവില്ലാ മഴ പെയ്തു !!!
അമ്മാവൻ ഇഞ്ചി നട്ടത് എങ്ങനെയെന്നുള്ളത് കൂട്ടുകാർ മനസ്സിലാക്കിയല്ലോ. വീട്ടുപറമ്പിൽ ഇത്തരം കൃഷികൾ നടത്താൻ കൂട്ടുകാരും വീട്ടുകാർക്കൊരു സഹായമാവണേ. ഇനി നിങ്ങൾക്കായി മിനി ടീച്ചർ എഴുതിയ രസകരമായ മറ്റൊരു കഥ പറയാം
കണിയും തണ്ണി മത്തങ്ങയും./ പി.ഐ. മിനി

വെള്ളിലക്കിങ്ങിണി താഴ്‌വര, താഴ്‌വരയിലൂടെ പതഞ്ഞൊഴുകുന്ന കിങ്ങിണിപ്പുഴ. പുഴയുടെ തീരത്തായി അത്തിമരം . അത്തിമരത്തിലാണ് അമ്മ മൈനയുടേയും മക്കളുടേയും താമസം. ഏറ്റവും ഇളയവളായ കണിയോട് അമ്മ മൈനക്ക് വലിയ വാത്സല്യമാണ് . അതിനാൽ അവൾക്ക് കുറുമ്പ് ഇത്തിരി കൂടുതലുമാണ്. പറന്ന് തീറ്റ തേടി നടക്കുന്നതിനെക്കാൾ നടന്ന് തീറ്റ തേടുന്നതാണ് അവൾക്ക് ഇഷ്ടം.
കണിയുടെ ഈ സ്വഭാവം അമ്മ മൈനക്ക് പലപ്പോഴും തല വേദനയാകാറുമുണ്ട്. ഒപ്പം അവൾ ബുദ്ധിമതിയായിരുന്നതിനാൽ ആശ്വാസവും
പതിവു പോലെ അമ്മ മൈനയോടൊപ്പം കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കണി അമ്മയുടെ കണ്ണ് മറയുന്നതു വരെ പറന്നു തന്നെ തീറ്റ തേടി . അമ്മ കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ പതുക്കെ താഴെയിറങ്ങി. നടത്തത്തെ അവൾ അത്ര സ്നേഹിച്ചിരുന്നു.
കരിയിലകൾക്കിടയിൽ തത്തിക്കളിച്ചും കൊത്തിപ്പെറുക്കിയും കണി നടന്നുനീങ്ങി. പെട്ടെന്നവൾ അല്പം ദൂരെയായി വള്ളിച്ചെടിയിൽ തൂങ്ങി കിടക്കുന്ന തണ്ണി മത്തങ്ങ കണ്ടു. നല്ലമൂത്തു വിളഞ്ഞ തണ്ണിമത്തങ്ങ . അവൾക്ക് തണ്ണിമത്തങ്ങ വലിയ ഇഷ്ടമാണ്.
“എനിക്കാ തണ്ണിമത്തങ്ങ തിന്നണം” അങ്ങനെ പറഞ്ഞു കൊണ്ട് അവൾ അവിടേക്ക് വേഗം നടന്നു.
” മ്യാവൂ …. മ്യാവൂ …. ദൂരപ്പോ…. ദൂരപ്പോ .. ഇത് എന്റെ യജമാനന്റെ തണ്ണിമത്തങ്ങയാണ്.”
ശബ്ദം കേട്ട ദിക്കിലേക്ക് കണി സൂക്ഷിച്ചു നോക്കി. അതാ ഒരു തടിച്ചിപ്പൂച്ച .
“മ്യാവൂ .. മ്യാവൂ…. “പൂച്ച വീണ്ടും ഒച്ച വെച്ചു.
കണി വല്ലാതെ ഭയന്നു പോയി. അവൾ അടുത്തു കണ്ട മരത്തിലേക്ക് പറന്നുപൊങ്ങി. അവിടെയിരുന്നു കൊണ്ട് അവൾ ചുറ്റുപാടും നോക്കി. അപ്പോഴതാ വേലി ചാടിക്കടന്ന് വരുന്നൂ ഒരു പാണ്ടൻ നായ.
അവൾക്ക് പെട്ടെന്നൊരു ആശയം തോന്നി. അവൾ താഴേക്ക് പറന്നിറങ്ങി. പാണ്ടൻ നായയുടെ മുന്നിൽ എത്തി തത്തിത്തത്തിനടക്കാൻ തുടങ്ങി. ഇതു കണ്ട പാണ്ടൻ കണിയെ പിടിക്കാനായി മുന്നോട്ട് ചാടി . കണി പെട്ടെന്ന് പിന്നോട്ട് മാറി.
പാണ്ടൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് കണി പിന്നോട്ട് മാറിമാറി നടന്നു.
അങ്ങനെ നടന്നും പറന്നും അവർ തടിച്ചിപ്പൂച്ച കാവലിരിക്കുന്ന തണ്ണിമത്തങ്ങയുടെ പിറകിലായി ചെന്നിരുന്നു.
കണിയെ മാത്രം ലക്ഷ്യമിട്ടു വന്ന പാണ്ടൻ ഉയർന്നു ചാടി . ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ തടിച്ചിപ്പൂച്ച പാണ്ടൻ തന്റെ നേരെ കുതിക്കുന്നതാണ് കണ്ടത്. അതുകണ്ട് പേടിച്ച തടിച്ചി കിങ്ങിണിപ്പുഴയിലേക്ക് എടുത്തു ചാടി .
ഈ തക്കത്തിന് കണി അടുത്ത തേൻമാവിൻ കൊമ്പിലേക്ക് പറന്നു . പിന്നീട് തടിച്ചിപ്പൂച്ചയെ ആ വഴിക്കൊന്നും കണ്ടതേയില്ല.
പാണ്ടൻ കുറച്ചു സമയം കൂടി അവിടൊക്കെ ചുറ്റിപ്പറ്റി നിന്നു . പിന്നീട് എങ്ങോട്ടോ ഓടിപ്പോയി.
രംഗം ശാന്തമായപ്പോൾ കണി പതുക്കെ താഴെയിറങ്ങി. ചുറ്റും നോക്കിയിട്ട് അവൾ പ തുക്കെ തണ്ണിമത്തങ്ങയുടെ അടുത്തേക്ക് നടന്നു. കൊക്കുകൊണ്ട് തണ്ണിമത്തങ്ങ കൊത്തിപ്പൊട്ടിച്ചു. ഒരു കഷണം തിന്നു .
“ഹായ് ! ഹായ് ! നല്ല രുചി : നല്ല ചുവന്ന തണ്ണിമത്തൻ “
അവൾ വേഗം ചെന്ന് അമ്മയേയും സഹോദരങ്ങളേയും വിളിച്ചു വരുത്തി. അവർ എല്ലാവരും കൂടി ചുവന്നുതുടുത്ത തണ്ണിമത്തൻ കൊത്തിക്കൊത്തി തിന്നാൻ തുടങ്ങി. എല്ലാവർക്കും വലിയ സന്തോഷമായി.
“എന്റെ മോൾ എത്ര ബുദ്ധിമതിയാണ് : അമ്മ അവളെ അഭിമാനത്തോടെ നോക്കി.
കണിയെന്ന മൈനക്കുഞ്ഞിൻ്റെ ബുദ്ധിശക്തി തെളിയിക്കുന്ന കഥ കൂട്ടുകാർക്കെല്ലാം ഇഷ്ടമായല്ലോ.ഇനിയൊരു കുട്ടിപ്പാട്ടാവാം. കാലവർഷവും ഇടവപ്പാതിയുമെല്ലാം സമയത്തിനു ലഭിച്ചില്ലെങ്കിൽ കർഷകർക്കു മാത്രമല്ല നമുക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇവിടെ സുശീല ടീച്ചർ ഇടവപ്പാതി വന്നെത്താത്ത ദു:ഖമാണ് കൂട്ടുകാരോട് ഈ കവിതയിലൂടെ പങ്കു വക്കുന്നത്
ഇടവപ്പാതി /കെ കെ സുശീല

ഇടമുറിയാതെ പെയ്യാറുള്ളൊരു
ഇടവപ്പാതിയെ കണ്ടില്ല
ഇറയത്തൂടെയൊഴുകും വെള്ളം
ഇടവഴിയിതിലേ വന്നില്ല
ഇടവഴി തന്നിലെ പെരുവെള്ളത്തിൽ
ഇലകളൊഴുകിയൊലിച്ചീലാ
ഇടിയുംവെട്ടി പെയ്യും മഴയിൽ
ഇവിടൊരു കൂണും മുളച്ചില്ലാ
ഇന്നാടിൻ വയലുഴുതില്ലൊന്നും
ഇടനെഞ്ചിലീണം കേട്ടീലാ
ഇടതടവില്ലാതൊഴുകാറുള്ളൊരു
ഇരുകര മുട്ടും പുഴയില്ല
ഇടവം ഞാറ്റുവേലകളെല്ലാം
ഇനിയും ഇവിടെ വരുകില്ലേ?
ഇ എന്ന അക്ഷരം ആവർത്തിച്ചു വരുന്ന ഈ ഇടവപ്പാതിപ്പാട്ട് കൂട്ടുകാർക്ക് ഇഷ്ടമായല്ലോ! ഇനി കടങ്കവിതയാകാം. കഴിഞ്ഞ ലക്കത്തിൽ മധു സാർ ചോദിച്ച വില്ല് മഴവില്ലാണെന്നും കാർ മഴക്കാറാണെന്നും കൂട്ടുകാർക്ക് മനസ്സിലായിരിക്കുമല്ലോ. ഇന്ന് തോന്നയ്ക്കൽ കൃഷ്ണപ്രസാദ് എന്ന എഴുത്തുകാരനാണ് കൂട്ടുകാർക്കായി കടങ്കവിതകളുമായി എത്തുന്നത്. അദ്ദേഹം ചോദിക്കുന്ന കടങ്കഥകളെന്തൊക്കെയെന്ന് നമുക്കു നോക്കാം.
പേരെന്ത്?/തോന്നയ്ക്കൽ കൃഷ്ണപ്രസാദ്

മാനത്തുള്ളൊരു പൂവ്
കാണാനെന്തൊരു ചേല്
രാത്രിയിൽ വിരിയും പൂവ്
പാലൊളി വിതറും പൂവ്
പപ്പടവട്ടപ്പൂവിൻ –
പേരെന്തെന്നത് ചൊല്ല്..
മുള്ളൻ തോടൻ/തോന്നയ്ക്കൽ കൃഷ്ണപ്രസാദ്
ഉള്ളിൽ ഫലമത് നിറയുമെനിയ്ക്ക്
മുള്ളുകളാലെ പുറംതോട്
കറിവച്ചാലോ രുചികരമാ
പഴുത്തു കഴിഞ്ഞാൽ മധുരതരം..
പപ്പടവട്ടപ്പൂവും മുള്ളൻ തോടനും ആരെല്ലാമെന്ന് കൂട്ടുകാർക്ക് മനസ്സിലായോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട. ശരിയുത്തരം അടുത്ത ലക്കം ബാലപംക്തിയിലൂടെ പറഞ്ഞു തരാം. ഇന്നത്തെ കുട്ടിപ്പാട്ടുകളും കഥയുമെല്ലാം എല്ലാവർക്കും ഇഷ്ടമായല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ബാലപംക്തിയെ എഴുതി അറിയിക്കണേ. രസകരമായ പാട്ടുകളും കഥകളുമായി നമുക്ക് അടുത്ത ശനിയാഴ്ച വീണ്ടും കാണാം
സസ്നേഹം
കാവിൽപ്പാട് മാഷ് ✍