പി.പി. ചെറിയാന്‍
കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വനിത ഡോ. പ്രിയ പട്ടേല്‍ കാലിഫോര്‍ണിയ മുപ്പത്താറാം സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ പട്രീഷ ബേറ്റ്‌സ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രിയ മത്സരിക്കുന്നത്. 2022-ലാണ് തെരഞ്ഞെടുപ്പ് നടക്കുക.
സാന്‍ഡിയാഗോ കൗണ്ടിയിലെ കാള്‍സ്ബാഡ് സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കനും, ഏറ്റവും പ്രായംകുറഞ്ഞ കൗണ്‍സിലറുമാണ് പ്രിയ. മേയറായും ഇവര്‍ ചുമതലകള്‍ വഹിച്ചിച്ചുണ്ട്.

കാലിഫോര്‍ണിയയില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ ശാസ്ത്രീയമായി നേരിട്ട് സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, മാസ്കും ധരിക്കണമെന്ന് സിറ്റിയിലെ പൗരന്മാരെ ബോധവത്കരിക്കുന്നതില്‍ പ്രിയ വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിറ്റിയിലെ കോവിഡ് രോഗികളുടേയും, മരണത്തിന്റേയും നിരക്കുകള്‍ വളരെ കുറയ്ക്കുവാന്‍ കഴിഞ്ഞതായി ഇവര്‍ അഭിപ്രായപ്പെട്ടു.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി (സാന്‍ഡിയാഗോ)യില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍നിന്ന് ബിരുദാനന്തര ബിരുദവും ലോമലിന്റാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ കാലിഫോര്‍ണിയയിലെ കുടുംബങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുകയും അധികാരികളെക്കൊണ്ട് ഇവ നടപ്പാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ആദ്യമായി സ്റ്റേറ്റ് സെനറ്റില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതയാകും.
