ജാല്‍സണ്‍വില്ല : പിയര്‍ വണ്‍ സ്റ്റോറിലെ ജീവനക്കാരുമായി വഴക്കിടുന്നത് വീഡിയോയില്‍ പകര്‍ത്തിയത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇവരുടെ മുഖത്ത് നോക്കി ഗൗരവത്തില്‍ ചുമച്ചതിന് ജാല്‍സണ്‍വില്ല ജഡ്ജി നല്‍കിയത് 30 ദിവസത്തെ ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും ആറ് മാസത്തെ പ്രൊബേഷനും മെന്റല്‍ ഇവാലുവേഷനുമാണ് . കഴിഞ്ഞ വർഷം പാന്‍ഡമിക്ക് വ്യാപകമായ സമയത്തായിരുന്നു സംഭവം. എപ്രില്‍ 8 വ്യാഴാഴ്ചയായിരുന്നു ഈ കേസില്‍ വിധി പ്രഖ്യാപിച്ചത് .
ഡെബ്ര ഹണ്ടര്‍ എന്ന യുവതി പിയര്‍ സ്റ്റോറില്‍ എത്തിയത് കൊറോണ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നറിയുന്നതിനായിരുന്നു. ഇതേ ആവശ്യത്തിന് തന്നെയായിരുന്നു ക്യാന്‍സര്‍ രോഗിയായിരുന്ന ഹെതറും ഇവിടെ എത്തിയത് . ഹണ്ടര്‍ സ്റ്റോറിലെ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഹെതര്‍ സെല്‍ഫോണില്‍ പകര്‍ത്തി. ഇത് ഇഷ്ട്ടപ്പെടാതിരുന്ന ഹണ്ടര്‍ , ഹെതറിന്റെ മുമ്പിലെത്തി ഗൗരവത്തോടെ മുഖത്തേക്ക് നോക്കി ചുമയ്ക്കുകയായിരുന്നു .
ഈ സംഭവം കാന്‍സര്‍ രോഗിയായ തന്നെ വല്ലാതെ വേദനിപ്പിക്കുകയും പല ദിനരാത്രങ്ങളും തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായും ഇവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് കേസ് കോടതിയിലെത്തി.
കേസിന്റെ വാദം പൂര്‍ത്തീകരിച്ചപ്പോള്‍ സംഭവത്തില്‍ ഹണ്ടര്‍ ഖേദം പ്രകടിപ്പിക്കുകയും, തന്റെ ഭവനത്തിലുണ്ടായ ദുഃഖകരമായ സംഭവങ്ങളാണ് പെട്ടെന്ന് തന്നെ പ്രകോപിപ്പിച്ചതെന്ന് ബോധിപ്പിക്കുകയും ചെയ്തു . ഇതിന് ശേഷം തന്റെ കുടുംബത്തില്‍ കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടലിന്റേതായ അനുഭവം ഉണ്ടായതായും കോടതിയില്‍ ബോധിപ്പിച്ചു .
ഹണ്ടറിന്റെ ഭര്‍ത്താവും, ഭാര്യയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ കോടതിയില്‍ പറഞ്ഞുവെങ്കിലും ജഡ്ജിയതിനൊന്നും ആനുകൂല്യം നല്‍കിയില്ല , മാത്രമല്ല ക്യാന്‍സര്‍ രോഗിയുടെ കോവിഡ് ടെസ്റ്റിന് ചിലവായ തുകയും നല്‍കണമെന്ന് വിധിക്കുകയും ചെയ്തു .
