വാഷിംഗ്ടണ്‍ ഡി.സി: കാനഡ, മെക്‌സിക്കൊ അതിര്‍ത്തിയിലൂടെയുള്ള യാത്രാനിയന്ത്രണം ഏപ്രില്‍ 21 വരെ നീട്ടിയതായി യു.എസ്. ഗവണ്‍മെന്റു വ്യാഴാഴ്ച (മാര്‍ച്ച് 18) ന് പ്രസ്താവനയിലൂടെ അറിയിച്ചു. അത്യാവശ്യ സര്‍വീസുകളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബൈഡന്‍ ഭരണകൂടം യാത്രാനിയന്ത്രണം നീട്ടി ഉത്തരവിടുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്ന് രാജ്യങ്ങളും ചര്‍ച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു. കനേഡിയന്‍ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തിയത് ശരിവെച്ചിട്ടുണ്ട്.
ജനുവരി 26ന് ബൈഡന്‍ എല്ലാ ഇന്റര്‍നാഷണൽ യാത്രാക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ബോര്‍ഡിംഗിനു മുമ്പു വിമാനത്താവള അധികൃതരെ കാണിച്ചിരിക്കണമെന്ന ഉത്തരവ് ഇന്നും നിലവിലുണ്ട്.
കാനഡ അതിര്‍ത്തിയില്‍ യു.എസ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി വ്യാപാരങ്ങളും, ഭൂമിയും ഉള്ളതു സന്ദര്‍ശിക്കുന്നതിന് ഈ യാത്രാ നിരോധനം തടസ്സമാകുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ നിയമം നിലവില്‍ വന്നതോടെ മെക്‌സിക്കോയില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്നത് തടയാനാകുമെന്നാണ് ബൈഡന്‍ ഭരണകൂടം വിലയിരുത്തുന്നത്. ബൈഡന്റെ കുടിയേറ്റ നിയമം അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമാണെന്നും ശക്തമായ വിമര്‍ശനവും ഉയരുന്നു.
