17.1 C
New York
Saturday, January 22, 2022
Home Special കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

-എം.ഒ. രഘുനാഥ്, ദുബായ്

“സുഹൃത്തെ,
മരണത്തിനുമപ്പുറം
ഞാൻ ജീവിക്കും
അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…”

‘ജീവിതമെന്നാൽ സ്വാതന്ത്ര്യ’മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ വേഷമോ ഇല്ലാതെ, ഒരു മനുഷ്യനായി ജീവിച്ചു കടന്നുപോയി.

അയ്യപ്പനെ ഒഴിവാക്കിക്കൊണ്ട് മാറിയ മലയാള കവിതയെകുറിച്ച് സംസാരിക്കുക സാധ്യമേയല്ല. എൻ.വി. കൃഷ്ണവാര്യർ കാല്പനിക കവിതകളെ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്ക് കൈപിടിച്ചാനായിച്ചെങ്കിലും, അയ്യപ്പനെപ്പോലുള്ളവരാണ് ആധുനികതയ്ക്കുശേഷം മലയാള കവിതയ്ക്ക് ഗതിതിരിച്ചതെന്ന് വിലയിരുത്താവുന്നതാണ്.

അനാഥനായ തന്നെ കവിത സനാഥനാക്കിയെന്ന് ആവർത്തിച്ചു പറഞ്ഞുവച്ച കവിയായിരുന്നു അയ്യപ്പൻ. കവിതകളിൽ വിരിഞ്ഞ പ്രണയലോകങ്ങളൊക്കെയും മലയാളത്തിലെ വൃത്തങ്ങളുടെയും കാല്പനിക സുന്ദരഭാവങ്ങളുടെയും വാർപ്പുമാതൃകകളെ തെരുവിൽ പൊളിച്ചടുക്കുകയായിരുന്നുവെന്ന് പറയാം. തെരുവിൽ ചിതറിവീണ ജീവിതങ്ങളുടെ പകർത്തെഴുതായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. എഴുത്തിലും ജീവിതത്തിലും സ്വാതന്ത്ര്യം വേണ്ടുവോളം ആഘോഷിച്ചു എന്നതുകൂടിയാണ്, അയ്യപ്പനെ സമാനതകളില്ലാത്തവനാക്കിമാറ്റിയതും. ചേർത്തുവച്ച ഓരോ അക്ഷരങ്ങളിലും അനുഭവങ്ങളുടെ വേദനയും പ്രതിഷേധവും ഓരോ അയ്യപ്പൻ കവിതകളിലും നിഴലിച്ചു കിടക്കുന്നുണ്ട്.

പ്രണയത്തിന്റെ ക്യാമ്പസ് രൂപങ്ങളിൽ, വിരഹത്തിന്റെ യവ്വനങ്ങളിൽ, മധ്യവയസ്സിന്റെ പൊള്ളുന്ന ജീവിതയാത്രകളിൽ.., അങ്ങനെ അയ്യപ്പൻ കവിതകൾ ഉരുവിട്ടിട്ടില്ലാത്ത ചുണ്ടുകൾ മലയാളത്തിൽ വിരളമായിരിക്കും.
പ്രണയത്തിന്റെ വർണ്ണത്തുരുത്തുകളെയും നഷ്ടപ്പെടലുകളുടെ അഗാധഗർത്തങ്ങളെയും ആത്മാവുകൊണ്ട് വരച്ചുവച്ച കവിതകൾക്ക് മരണമില്ല.

‘കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ്
ലഹരിയുടെ പക്ഷികൾ’
എന്ന് പാടിയ കവി, പ്രണയമെന്ന ലഹരിയേയും മരണമെന്ന യാഥാർഥ്യത്തേയും ചേർത്തുവച്ചുകൊണ്ടാണ് നമുക്കിടയിലൂടെ (തെരുവിലൂടെ) നടന്നുപോയത്…

വീട്ടിലെ ഒരു ദിവസത്തെ ല അത്താഴത്തിന്‌, റോഡിൽ അപകടത്തിൽ മരിച്ചുകിടക്കുന്നവന്റെ പോക്കറ്റിലെ പണം ആഗ്രഹിക്കുന്ന അങ്ങേയറ്റം അധമവും അതോടൊപ്പം അതിദയനീയവുമായ ഒരു മനുഷ്യനെ നമ്മുക്കുമുന്നിൽ വരച്ചുവയ്ക്കുന്നുണ്ട് അയ്യപ്പൻ.

കണ്ണുനീരിന്റെ കയ്പ്പും രക്തത്തിന്റെ ചുവപ്പും കലർന്ന കവിതകളായിരുന്നു അയ്യപ്പന്റേത്. ഹൃദയം കൊണ്ടു എഴുതുകയും പാടുകയും ചെയ്തപ്പോഴും ശരീരത്തെ വാറ്റുചാരായത്തിലലക്കിയെടുത്ത്, തെരുവുകളിലൂടെ നടന്നു.., കാലത്തോട് കവിയും കവിതയും ഒരുപോലെ, ഒരുമിച്ച് തെരുവിൽ കലഹിച്ചുകൊണ്ടിരുന്നു. അത്, വ്യവസ്ഥിതിയോടുള്ള നിലയ്ക്കാത്ത യുദ്ധം തന്നെയായിരുന്നു.

“എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം.”
(എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

വസ്‌തുതകളെ സ്വഭാവികമായ ചുറ്റുപാടുകളില്‍ നിന്ന്‌ മാറ്റി അയഥാര്‍ത്ഥമായ ചുറ്റുപാടുകളിലേക്ക്‌ സന്നിവേശിപ്പിചെടുക്കുന്ന ചില പ്രത്യേക രീതികളും അയ്യപ്പൻ കവിതകളിൽ കാണാൻ സാധിക്കും.

അതി ശക്തമായ ബിംബങ്ങൾ അവതരിപ്പിക്കുമ്പോഴും അയ്യപ്പന്റെ കാവ്യഭാഷ ആത്മനിവേദനമായിക്കൂടി നമുക്ക് അനുഭവപ്പെടുന്നു എന്നതാണ് മറ്റുകവിതകളിൽനിന്നും ഈ കവിതകളെ വേറിട്ടുനിർത്തുന്ന പ്രധാന സംഗതി. വെയില്‍ തിന്നുന്ന പക്ഷിയും, തണലില്ലാത്ത മരച്ചുവട്ടിലെ പൊള്ളുന്ന ചൂടുമൊക്കെ കവിതയായി മാറുന്നത് മനസ്സിന്റെ ചില പ്രത്യേക ഭാവങ്ങളുടെ അടയാളപ്പെടുത്താൽകൂടിയാണ്. ആള്‍ക്കൂട്ടത്തിലെ ഏകാകിയായും ആഘോഷങ്ങളിലെ ഒറ്റയാനായും ആരവങ്ങളിലെ നിശ്ശബ്‌ദനമായും ഒക്കെയാണ് അയ്യപ്പനെ പ്രതിഷ്ഠിക്കാൻ സാധിക്കുക.

കുപ്പായത്തിന്റെ കൈമടക്കുകളിൽ മരണത്തിനുള്ള ഒസ്യത്തുമായി തെരുവിലൂടെ നടന്നരൂപമായിരുന്നു. സിനിമാലോകത്ത് ജോൺ എബ്രഹാമിനെപ്പോലെ, നാടകവഴികളിൽ സുരാസുവിനെപ്പോലെ..,
കവിതകൾക്കകത്തും പുറത്തും അതിരുകളില്ലാത്ത ലോകമായിരുന്നു അയ്യപ്പന്റേത്; മരണത്തിനുമപ്പുറത്തേക്കുള്ള ലോകം..!

“അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി…” (പല്ല്)

ജീവിതം ദൂർത്തടിച്ചവൻ എന്ന് മരണശേഷം ചങ്ങമ്പുഴയെ ചിലർ വിമർശനവിധേയമായി വിലയിരുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സദാചാര ബോധമോ, സാംസ്കാരിക അച്ചടക്കമോ കാട്ടി അയ്യപ്പനെയും വിമർശനവിധേയമായി സമീപിക്കാവുന്നതാണ്.
കവിയുടെ വ്യക്തിജീവിതത്തോട് വിയോജിപ്പും കണ്ടേക്കാം, പക്ഷേ, കവിതകളോട് അത് അതേ രീതിയിൽ ഉണ്ടായേകില്ല. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിൽ ഊതിക്കാച്ചിയ കനലുകളാണ് അയ്യപ്പൻ കവിതകൾ. വാക്കുകൾക്ക് മൂർച്ചയും തിളക്കവും പകർന്ന എഴുത്തുകൾ കാലത്തിന്റെ പഴക്കം തട്ടുന്നവയേ അല്ല..

-എം.ഒ. രഘുനാഥ്, ദുബായ്

COMMENTS

2 COMMENTS

Leave a Reply to Ajay Narayanan Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: