17.1 C
New York
Friday, September 17, 2021
Home Interviews കവികൾ മനസ്സുതുറക്കുമ്പോൾ..കിനാവുമായി (കെ. കെ. അബ്ബാസ് വയനാട്) അജയ് നാരായണൻ, Lesotho നടത്തിയ അഭിമുഖം.

കവികൾ മനസ്സുതുറക്കുമ്പോൾ..കിനാവുമായി (കെ. കെ. അബ്ബാസ് വയനാട്) അജയ് നാരായണൻ, Lesotho നടത്തിയ അഭിമുഖം.

✍തയ്യാറാക്കിയത് : ഡോ. അജയ് നാരായണൻ, Lesotho

കിനാവിനെ അറിയുകയെന്നാൽ കവിതയെ വായിക്കുകയെന്നാണ്…

കിനാവ് എന്ന തൂലികാനാമത്തിൽ എഴുതുന്ന കെ. കെ. അബ്ബാസ് വയനാട് സ്വദേശിയാണ്.
എൽ.പി.സ്കൂൾ കാണാഞ്ചേരി, സെന്റ് മേരീസ് യു. പി. സ്കൂൾ തരിയോട്, നിർമ്മല ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കോഴിക്കോട് ഫാറൂഖ് കോളേജിൽനിന്നു പ്രീഡിഗ്രിയും തൃശൂർ ഗവ: എഞ്ചിനിയറിംഗ് കോളേജിൽനിന്നു കെമിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും കരസ്ഥമാക്കി. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നു.
ഇപ്പോൾ സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്സിൽ പ്ലാന്റ് എഞ്ചിനിയറായി ജോലിചെയ്യുന്നു. സ്ഥിരതാമസം കല്പറ്റ, വയനാട്, ആനുകാലികങ്ങളിലും നവമാധ്യമപ്രസിദ്ധീകരണങ്ങളിലും സജീവസാന്നിദ്ധ്യമാണ്.

വാക്കുയിർ പ്രഥമകഥാപുരസ്കാരം കൂടാതെ ഒട്ടേറെ നവമാധ്യമ പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
“ഇലയനക്കങ്ങൾ” എന്ന കവിതാസമാഹാരവും “ഒലീവിയ” എന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
“ചോപ്പ്” എന്ന പ്രണയകവിതാസമാഹാരം 2021ലെ പ്രണയദിനത്തിൽ പ്രകാശനംചെയ്തു. നാലാമത്തെ പുസ്തകം ‘ഇറുത്തെടുക്കാൻ നക്ഷത്രങ്ങൾ ബാക്കിയാകുന്ന പകലുകൾ’ ഉടൻ പുറത്തിറങ്ങും
ദിനപത്രങ്ങൾ, മാഗസിനുകൾ, ആനുകാലികങ്ങൾ എന്നിവയിൽ എഴുതാറുണ്ട്. ആയിരത്തിഎഴുനൂറോളം കവിതകളും അമ്പതിൽപരം കഥകളും എഴുതിയിട്ടുണ്ട്. കുടുംബം: ഭാര്യ, രണ്ടു കുട്ടികൾ.
കിനാവിനെ കൂടുതൽ അറിയാം.

അജയ് നാരായണൻ കിനാവ് എന്ന തൂലികാനാമത്തിലാണല്ലോ ശ്രീ അബ്ബാസ് എഴുതുന്നത്. സ്വന്തം പേരിനെ നിഴലിലാക്കി കിനാവെന്ന കാല്പനീകപദം തൂലികയ്ക്കുവേണ്ടി സ്വന്തമാക്കിയത് എന്തുകൊണ്ട്?

അബ്ബാസ് കിനാവ് വെറുമൊരു പേരല്ല. അതൊരു ഒളിക്കലുമല്ല. കാല്പനികതയുടെ വാതിൽ കൂടിയാണത്. കിനാവെന്നത് സ്ത്രീലിംഗമല്ല. പുല്ലിംഗവുമല്ല. കിനാവിനു ജാതിവകഭേതങ്ങളില്ല. അമ്പലമെന്നോ പള്ളിയെന്നോ വ്യത്യസവുമില്ല. പണ്ഡിതപാമര വ്യതിയാനവുമില്ല.
കുട്ടിക്കാലത്തെപ്പോഴൊ ഉറച്ചുപോയ ആകർഷിച്ചുപോയ ഒരു പേരിന്റെ കുപ്പായവും അടയാളവുമാണത്. എഴുത്തിൽ ഇഷ്ടവും കിനാവുകളെയാണ്.

അജയ് നാരായണൻ കടന്നുവന്നപാതകളിലേക്കെത്തിനോക്കുമ്പോൾ അനുഭവത്തിന്റെ ഒരു വസന്തം കാണുമല്ലോ കിനാവിന്റെ നെഞ്ചിൽ. ഒന്നു പങ്കുവയ്ക്കാമോ?

അബ്ബാസ് വസന്തവും ഋതുഭേതങ്ങളും ചേർന്നതാണല്ലോ ജീവിതം. മഞ്ഞുകാലങ്ങളിൽ പ്രണയമൊട്ടി‌നടന്നതും, മഴക്കാലത്തിന്റെ നനവിൽ പ്രണയമഴയായ് പെയ്തതും, പോരാട്ടത്തിന്റെ നാളുകളിൽ മുദ്രാവാക്യങ്ങളുടെ ചേർത്തുപിടിക്കലിന്റെ കരുത്തായതും, പട്ടിണിയുടെ നാളുകളിൽ ഉൾവലിഞ്ഞുനീങ്ങിയതും, പാടത്തും വരമ്പിലും പണിയാളുകൾക്കൊപ്പമായതും കൊയ്ത്തുപാട്ടിന്റെ ഈരടികളിൽ സന്ധ്യകളെ വരവേറ്റതും, ചെളിവരമ്പുകളിലെ കാല്പാടുകളിൽ മഴവെള്ളം വീണുകലങ്ങിയപ്പോൾ തോട്ടിലിറങ്ങി അരയ്ക്കൊപ്പം വെള്ളത്തിൽ പുസ്തകസഞ്ചിയുമായ് നടന്നതും, കുടയെന്നത് മഴകൊള്ളാതിരിക്കാൻ മാത്രമല്ല അടികൂടാനും അവൾക്കു തണലേകാനും മീൻ പിടിക്കാനുമുള്ളതാണെന്നും അറിഞ്ഞതും, കാടുകളിൽ നീരുറവയുണ്ടെന്നും മുൾക്കാടുകൾക്കിടയിൽ തേനൂറും പഴങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടേന്നും അറിഞ്ഞതും, സ്നേഹിക്കുകയെന്നാൽ ജീവിക്കുകയാണെന്നും ജീവിതം ചെറുത്തുനില്പിന്റെ കവിതകളാണെന്നു പഠിപ്പിച്ചതും പഠിച്ചതും, പുഴകൾ ഒഴുകാൻ മാത്രമല്ലെന്നും നീന്താനും മുങ്ങാംക്കുഴിയിട്ടുമറയാനും മീനുകൾക്ക് ഒളിക്കാനുമുള്ള ഇടമാണെന്നു അറിഞ്ഞതും ജീവിതത്തിൽ നിന്നാണ്.
ജീവിക്കുകയെന്നാൽ കവിതപോലെയാണ്.

അജയ് നാരായണൻ കവിതകൾ ഏറെയും കാല്പനീകഭാവത്തിൽ, പ്രണയത്തിന്റെ വിവിധതലങ്ങളിലൂടെ സഞ്ചരിച്ചു അനുവാചകരെ പാതിമയക്കത്തിലേക്കു, ഒരു മാസ്മരിക സ്വപ്നലോകത്തേക്ക് തള്ളിവിടുന്ന കിനാവിന്റെ ഭാവനയിലെ പ്രണയത്തിന്റെ നിർവചനം എന്താണ്?

അബ്ബാസ് കാല്പനികത കലാസ്നേഹികളുടെ, കവിയുടെ ഹൃദയത്തിന്റെ നേർരേഖയാണ്. നേർത്ത ആ വയൽ വരമ്പിലൂടെ വയലേലകൾ ആസ്വദിച്ച് കാവൽക്കാരായ പച്ചതത്തകളോട് കിന്നാരം പറഞ്ഞ് നടന്നുനീങ്ങുകയാണ് ഓരോ കവിയും. ഓരോ കാവ്യവും ആ കാഴ്ചയിലൂടെയാണ് ജീവിക്കുന്നത്. അതാണ് അക്ഷരങ്ങളിലേക്ക് പകർത്തുന്നതും വായനക്കാരനെ ഉന്മാദത്തിന്റെ പടിവാതിൽക്കലെത്തിക്കുന്നതും.
വായനക്കരനെ അതനുഭവിക്കുക എന്നിടത്താണ് കവിയുടെ ജനനവും കവിതയുടെ വിജയവും.
പ്രണയമെന്നാൽ ഒറ്റവാക്കിൽ എഴുതിത്തീർക്കാവുന്ന ഒന്നല്ല. ഒരുജന്മം മുഴുവൻ അനുഭവിച്ച്, ആസ്വദിച്ച്, ജീവിച്ച് പകർത്തി കടന്നുപോകേണ്ട ഒന്നാണ് .
പ്രണയമെന്നത് കവിതപോലെയാണ്. എഴുതിയാൽ തീരില്ല. എഴുതാനിരുന്നാൽ വരില്ല. ലോകമെന്നാൽ പ്രണയമെന്നാണ്. ചുംബിക്കുകയെന്നാൽ കനം കുറഞ്ഞ് പൂമ്പാറ്റയാകുകയെന്നാണ്. പൂവിലായി പാറിനടക്കുകയെന്നാണ്.

അജയ് നാരായണൻ താങ്കളുടെ കഥനത്തിൽ ഒരു ആത്മഹർഷവും ആത്മ രോദനവും വികാരത്തിന്റെ രണ്ടു അലകളായി കാണാം.
ഗതകാലസ്മരണകളിൽ ഓർത്തുവയ്ക്കാവുന്ന നല്ല ഓർമ്മകൾ അനുഭവത്തിന്റെ സുഗന്ധവുമില്ലേ, മനോഹരമായ കവിതകളായി അവയെല്ലാം താങ്കളിൽ വിടരുന്നില്ലേ?

അബ്ബാസ് കവിതയെന്നത് ആത്മാവിന്റെ വെളിപ്പെടലുകളാണ്. അതിൽ സത്യവും മിത്യയും ആത്മാംശവും എല്ലാം കണ്ടേക്കാം. ചുംബിക്കുമ്പോളാണ് ചിറകുകൾ മുളയ്ക്കുന്നതും തൂവൽപോലെ കനംകുറഞ്ഞു പാറിനടക്കുന്നതും. അതേതു ചുംബനമാണെന്നു‌ ചോദിച്ചാൽ തൊട്ടുകാണിക്കാൻ പ്രയാസമാകും.

എഴുതുകയെന്നത് ജീവിക്കുന്നതുപോലെയാണ് സംഭവിച്ചുകൊണ്ടേയിരിക്കും.
അതിൽ വഴിയോരക്കാഴ്ചകളും പൂർവ്വകാലക്കാഴ്ചകളും അനുഭവങ്ങളും കിനാവുകളും അടക്കം ചെയ്തിരിക്കും. പ്രാപിച്ചതും കിട്ടാതെപോയതും ജലപ്പരപ്പിലേക്കു വീഴണമെന്നുമോഹിച്ചയില കടത്തുതോണിക്കാരന്റെ മടിയിൽ വീണതുപോലെ സംഭവിച്ചുപോയതുമെല്ലാം കൂടിച്ചേർന്നതാണ് എഴുത്തുകൾ.

അക്ഷരവനാന്തരങ്ങളിലെ കാട്ടുചോലക്കരികിലൂടെ, മരച്ചോലയിലൂടെ നടക്കുമ്പോൾ പുല്ലിനേയും പുൽച്ചാടിയേയും കാട്ടുപൂവിനേയും വേഴാമ്പലിനേയും ഇണക്കുരുവികളേയും പ്രണയത്തേയും കുറിച്ചു അക്ഷരങ്ങൾ ആത്മാവിൽ നിറയാറുണ്ട്. അതെല്ലാം പകർത്തിയെഴുതുകയെന്നത്, കുറിച്ചിടുകയെന്നത് ചിലപ്പോഴൊക്കെ സംഭവിക്കുമ്പോഴാണ് കവിതകൾ പിറവിയെടുക്കുന്നത്.

ഞാനും അവളും കണ്ടുമുട്ടിയതും ഉമ്മവച്ചതും തെരുവിലൂടെ കൈകോർത്തൊട്ടിനടന്നതും കാലങ്ങൾക്കുമുന്നേ സംഭവിച്ചതും ഇന്നു നടക്കുന്നതും നാളെയും നടക്കാനിരിക്കുന്നതുമാണ്.
കാലമേർപ്പെടുത്തിയ അടച്ചുപൂട്ടലുകൾക്കും മുഖാവരണങ്ങൾക്കും അതിനെ ചെറുക്കാനോ അതിജീവിക്കാനോ ആവില്ലെന്നതാണ് ഉണ്മ.
കൂടിച്ചേരലുകളെല്ലാം അനിവാര്യതയുടേതാണ്. ചുംബനങ്ങളെല്ലാം ആകാശത്തിലെ മേഘങ്ങളിൽനിന്നും കടലിലെ മുത്തുചിപ്പികളിൽനിന്നും കടമെടുത്തതാണ്.

കാലമിനിയുമൊഴുകും ലോകമിനിയുമൊഴുലും വൈറസുകൾ ഒളിവിൽ പോകുകയും പുതിയവ പുറന്തോടുപൊട്ടിച്ചു വെയിലിന്റെ വയൽവരമ്പിലൂടെ നടക്കാനിറങ്ങുകയും ചിലതൊക്കെ തൊട്ടുനോക്കുകയും ചെയ്യും. കാലം അതാണ്. നമ്മൾ എഴുതുകയും ഉന്മാദത്തിന്റെ കാറ്റുകൾ നമ്മെ കടന്നുപോകുകയും ചെയ്യും.

അജയ് നാരായണൻ പ്രണയകവിതകളെ അനുഭവിക്കുമ്പോൾ ഒരു സാധാരണ വായനക്കാരന്റെ മനസ്സിലുദിക്കുക സോളമൻ, ഒമർ ഖയ്യാം, റൂമി, പിന്നെ നമ്മുടെ സ്വന്തം വെണ്മണിയും ചങ്ങമ്പുഴയും ഒക്കെയാണ്. റൊമാന്റിക് കവികളിൽ ആരാണ് താങ്കളുടെ മാതൃക?

അബ്ബാസ് ‘’പാടുമ്പോൾ എനിക്ക് ചിറകുകൾ മുളയ്ക്കുന്നതുപോലെ തോന്നും. അതേ, ഞങ്ങൾ തടാകത്തിനു മുകളിലൂടെ ചക്രവാളത്തിലേക്കൊഴുകുകയാണ്. താഴെ നെയ്യാമ്പലുകൾ സ്വപ്നഭൂമിയിലാകെ വിരിഞ്ഞു നില്ക്കുന്നു.”
ജിബ്രാന്റെ പ്രണയകവിതകളും ലേഖനങ്ങളും ഒരിക്കലെങ്കിലും വായിക്കാത്തവർ വിരളമായിരിക്കും. 1883 ൽ വടക്കൻ ലെബനോണിലെ‌ ബിസ്ഹാരി ഗ്രാമത്തിൽ ജനിച്ച ജിബ്രാൻ ഏകാന്തതയെ ഇഷ്ടപ്പെടുന്ന കലാകാരനായിരുന്നു. 1931ൽ ആ കവിയും ചരിത്രകാരനും നമ്മുടെ പിറവികൾക്ക് കാത്തിരിക്കാതെ യാത്രയാകുകയായിരുന്നു. പക്ഷേ അദ്ദേഹം, മരിക്കാത്ത വരികൾ നല്കിയത് ലെബനോൺ തെരുവുകൾക്കും താഴ്വാരങ്ങൾക്കും മാത്രമല്ല, ലോകത്തിനാകമാനമായിരുന്നു. ഇനിയും അക്ഷരങ്ങൾ ഉയർത്തപ്പെടുംവരെ മുടിചൂടാമന്നനായി കവി നമുക്കിടയിൽ പ്രണയം പാടിനടക്കും.

പ്രണയത്തിന്റെ മാസ്മരികഭാവങ്ങൾ ഉന്മത്തനായി വരികളിലേക്കാവാഹിക്കാൻ ജിബ്രാനു കഴിഞ്ഞതാണ് അദ്ദേഹത്തെ നൂറ്റാണ്ടുകൾക്കിപ്പുറവും ആസ്വാദകരും പ്രണയിനികളും നെഞ്ചിലേറ്റുന്നത്. എനിക്കിഷ്ടം ജിബ്രാനെ വായിക്കാനാണ്. റൂമിയെ വായിച്ചിട്ടുണ്ട്. നെരൂദെയെ വായിച്ചെടുക്കണം.

അജയ് നാരായണൻ പ്രണയത്തിന്റെ രാജകുമാരൻ എന്ന് ഞാൻ താങ്കളെ അഭിസംബോധന ചെയ്യട്ടെ? കവിത എഴുതുമ്പോൾ താങ്കളിൽ ഉണ്ടാകുന്ന വികാരവിചാരങ്ങൾ എന്തെന്ന് പറയാമോ?

അബ്ബാസ് എഴുതാൻ ഏറ്റവും എളുപ്പവും ഇഷ്ടവുമുള്ളത് പ്രണയമാണ്. സാഹചര്യങ്ങളിൽ നമ്മെ കൊണ്ടിരുത്തുകയും അതിൽനിന്നു എഴുതുകയുമാണ് ചെയ്യാറുള്ളത്. ഓർമ്മകൾ, കാഴ്ചകൾ, വായന എല്ലാം കവിതയിലേക്കു കൂപ്പുകുത്തിപ്പോകാറുണ്ട്. കവിതയെന്നാൽ ജീവിക്കുകയെന്നാണ്. ജീവിക്കുകയെന്നാൽ കവിതയാകുകയെന്നാണ്. പ്രണയിക്കുകയെന്നാൽ കവിതയിൽ ജീവിക്കുകയെന്നാണ്.
പ്രണയത്തിന്റെ ഉന്മാദങ്ങൾ താണ്ടുമ്പോഴാണ് പ്രണയകവിതകൾ ജനിക്കുന്നത്. മനസ്സിനെ നിർബന്ധപൂർവ്വം പിടിച്ചിരുത്താറില്ല. അസ്വസ്തതകൾ കൊമ്പുകൊർക്കുമ്പോഴാണു ഉന്മാദം വിടരുന്നതും കവിതയുണ്ടാകുന്നതും

അജയ് നാരായണൻ പ്രണയം മാത്രമല്ല താങ്കൾ കവിതയാക്കിയിട്ടുള്ളത്. ഇയ്യിടെ താങ്കളുടെ ഒരു രാഷ്ട്രീയ സാമൂഹിക കവിതയും വായിച്ചിരുന്നു. എഴുത്തുകാരൻ എന്നനിലയിൽ സമൂഹത്തോട് ഒരു പ്രതിബദ്ധത കവിക്ക് ഉണ്ടാകണം എന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

അബ്ബാസ്എഴുത്തുകാരന് ആത്യന്തികമായി ഉണ്ടാവേണ്ടത് സാമൂഹിക പ്രതിബദ്ധതയാണ്. ശ്യൂനതയിൽനിന്നു പടപുറപ്പെടാൻ ആഹ്വാനം ചെയ്യാനും ഉത്ബോധിപ്പിക്കാനും അറിവുപകരാനും അവനു മാത്രമെ കഴിയൂ. അവനവനു ആത്മസുഖത്തിനായി എഴുതുന്നതോടൊപ്പം സാമൂഹികപ്രതിബദ്ധത ഉണ്ടാകുകയെന്നത് ഒരു കവിയെ സംബന്ധിച്ച് വേണ്ട ഒന്നാണ്. അപ്പോഴേ അവൻ ഉത്തരവാദിത്തമുള്ളവനാകുന്നുള്ളൂ. അക്ഷരങ്ങളിൽ ആശയമല്ല അഗ്നിതന്നെ ഒളിഞ്ഞിരിപ്പുണ്ട്.

അജയ് നാരായണൻ ഒരു കവിത വായിക്കുമ്പോലെ, കിനാവിലലിയുംപോലെ അബ്ബാസിനെ അറിഞ്ഞു. താങ്കളുടെ കവിതകൾ ഇനിയും വിടരട്ടെ. അനുവാചകർ അനുഭൂതികളുടെ തേൻകണം നുകരട്ടെ.
അവർക്കായി ഒരു കവിത –
ഘനീഭവിച്ചത്
◾◾◾◾◾◾
മൗനക്കടലിൽ
മുങ്ങിത്താഴുമ്പോളും
നിനക്കു ചിരിക്കാനാകുന്നതെന്തെന്നു
ഞാനോർക്കാൻ
ശ്രമിക്കാറുണ്ട്.

വിഷാദക്കടലുകൾ
പൂത്തുനിൽക്കുന്ന
നിന്റെ ഹൃദയത്തിന്റെ
നീറ്റലുകളെന്നെ വിഴുങ്ങുകയാണ്

എന്നിട്ടും
പുഞ്ചിരിക്കുന്ന മുഖവുമായി
നീയെന്നിലേക്കോടിവരുന്നത്
ഏതിടവഴിക്കോണിലൂടെയാണ്

നീയെത്രയൊക്കെ
ഒളിപ്പിക്കാൻ ശ്രമിച്ചാലും
എനിക്കറിയാവുന്ന
നിന്റെ കൺകോണിൽ,
നിന്റെ കവിളിൽ,
നിന്റെ മൂക്കിൻ തുമ്പത്ത്,
നിന്റെയലസമായ‌ മുടിയിഴകളിൽ,
എന്തിനു ഞാന്നുകിടക്കുന്ന
നിന്റെ കമ്മലിൽപോലും
മൗനത്തിന്റെ കണികയും
നോവിന്റെ പെരുമഴക്കാലങ്ങളും
ഞാൻ കാണുന്നുണ്ട്
അതെന്നിലേക്കും
കരിനിഴൽ പരത്തുന്നുണ്ട്.

നാല്പതുകളിലേ
പ്രണയത്തെ അക്ഷരങ്ങളിലേക്കാവാഹിക്കാൻ
നീ പറയുമ്പോളൊക്കെയും
നിശബ്ദതയുടെ വേദനക്കൂന
നിന്നിൽ നിറഞ്ഞിരുന്നുവോ?

മധുരസ്വരങ്ങളില്ലാതെ
ഘനീഭവിച്ച
മൗനാക്ഷരങ്ങൾമാത്രമായി
നീയെന്നെ പ്രണയിക്കുമ്പോൾ
ഞാൻ
നീലപ്പരവതാനി വിരിച്ച
ആകാശങ്ങളേയും
ചെണ്ടുമല്ലിപ്പൂക്കൾ
വിടർന്നുനിൽക്കുന്ന
പൂങ്കാവനങ്ങളേയും
കിനാവു‌ കണ്ടിരുന്നു

വിഷാദം
പടിയിറങ്ങിപ്പോകവേ
ഋതുക്കൾ
ഋതുമതികളാകുമ്പോൾ,
വസന്തകാലം
പൂമ്പാറ്റയുടെ ജന്മം
കടമെടുക്കുമ്പോൾ,
ചില്ലകളിൽ
കാറ്റൊച്ചവച്ച്
വരവറിയിക്കുമ്പോൾ,
ഞാൻ നിനക്കായി
കവിതചൊല്ലുകയാകും
ഏറ്റവുമുച്ചത്തിൽ
ആ കവിതചൊല്ലുകയാകും

✍തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ, Lesotho

COMMENTS

6 COMMENTS

  1. കിനാവിന്റെ ആത്മവിലൂടെ സഞ്ചരിക്കുക എന്നത് ഒരു അനുഭൂതി ആയിരുന്നു. മലയാളി മനസ്സ് സ്വീകരിച്ചു. നന്ദി, സ്നേഹം.

  2. ചെമ്പകം പൂത്തു നിൽക്കുന്ന മനസ്സ്

  3. അഭിമുഖം വളരെ നന്നായി, നല്ലറിവുകൾ..ആശംസകൾ സാർ..

    • നല്ല അഭിമുഖം. കിനാവിന്റെ കവിതകൾ എല്ലാവർക്കും എളുപ്പം വായിച്ചാസ്വദിയ്ക്കാവുന്നവയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com