അങ്ങനെ നേമത്ത് കളരിവിളക്ക് തെളിഞ്ഞു. കടത്തനാടൻ അടവുകളുമായി അച്ഛൻ വിജയിച്ച മണ്ണിൽ കെ മുരളീധരൻ നേമത്തെ തന്റെ പുത്തരിയങ്കവും കുറിച്ചു. കോൺഗ്രസിന്റെ കളരിപരമ്പര ദൈവങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് നേമത്തിറങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ പിഴയ്ക്കാത്ത ചുവടുകളാണ് നേമത്തും മുരളിക്ക് തുണ. അച്ഛൻ പഠിപ്പിച്ച അടവുകളും ഐ ഗ്രൂപ്പിന്റെ വായ്ത്താരിയുമായി മൂന്ന് പതിറ്റാണ്ട് മുമ്പ് അങ്കത്തിനിറങ്ങിയ മുരളി ഇടക്കാലത്ത് കളരി മാറിയെങ്കിലും പുറത്ത് നിന്നും പഠിച്ച പൂഴിക്കടകനുമായാണ് കോൺഗ്രസിന്റെ കളരി മുഖത്തെത്തിയത്. ധനുർവിദ്യയിലും നിപുണനാണ് മുരളി. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ആയിരം, അതാണ് മുരളിയുടെ അസ്ത്ര വൈഭവം. മുരളിയുടെ അമ്പു കൊള്ളാത്തവരില്ല കോൺഗ്രസിൽ. ഉമ്മൻ കോൺഗ്രസ്, മദാമ്മ കോൺഗ്രസ്, അലുമിനിയം പട്ടേൽ എന്നീ പദങ്ങൾ കോൺഗ്രസിന്റെ വ്യാകരണ പുസ്തകങ്ങളിൽ മുരളിയുടെ സംഭാവനയാണ്. കേരളത്തിലെ കോൺഗ്രസിന്റെ സഭാ രേഖകളിൽ എന്നും തിളങ്ങുന്നതാണ് ആന്റണിക്കായുള്ള മുക്കാലി പ്രയോഗയും.1989 ലെ സ്ഥാനാർഥി നിർണയ സമയത്ത് മൂത്രശങ്കയ്ക്കിടെ കെ കരുണാകരൻ പുറത്ത് പോയ സമയത്താണ് എ.കെ ആന്റണി കോഴിക്കോട് ലോക്സഭാ സീറ്റിലേക്ക് മുരളീധരന്റെ പേരെഴുതിയത്.
കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദൾ കോഴിക്കോട് ജില്ലാ ചെയർമാനായിട്ടിയിരുന്നു മുരളീധരന്റെ രാഷ്ട്രീയ പ്രവേശം. 7 തവണ ലോക്സഭയിലേക്കും 4 തവണ നിയമസഭയിലേക്കും മത്സരിച്ചു. ലോക്സഭയിലേക്ക് 4 ഉം നിയമസഭയിലേക്കു 2 ഉം വിജയം. സേവാദൾ സംസ്ഥാന ചെയർമാനായിരിക്കെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കം. സി.പി.എമ്മിലെ ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലുമെത്തി.
1991 ൽ ജനതാദൾ നേതാവ് എംപി.വീരേന്ദ്രകുമാറിനെ തോൽപിച്ചെങ്കിൽ 96 ൽ മുരളിയുടെ ഹാട്രിക്ക് വിജയം തടഞ്ഞത് വീരേന്ദ്രകുമാർ തന്നെ.98ൽ, തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സി.പി.ഐ നേതാവ് വി.വി.രാഘവനോടു പരാജയപ്പെട്ടെങ്കിലും 1999ൽ, ജനതാദൾ(എസ്) നേതാവായ ഇബ്രാഹിമിനെ തോൽപിച്ച് കോഴിക്കോട് നിന്നു വീണ്ടും ലോക്സഭയിലെത്തി. 1991 ൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കരുണാകരന്റെ പിന്തുണയിൽ എ.കെ ആന്റണിയെ തോൽപ്പിച്ച് വയലാർ രവി കെ.പി.സി.സി പ്രസിഡന്റായപ്പോൾ മുരളി ജനറൽ സെക്രട്ടറിയായി. വയലാർ രവിക്കൊപ്പം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാജസൂയം നടത്തിയാണ് രാജയോഗത്തിന് വഴിതുറന്നത്. കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിനെതിരേ എ ഗ്രൂപ്പ് ഉടവാളെടുത്തെങ്കിലും ഐ ഗ്രൂപ്പിന്റെ സർവ സൈന്യാധിപനായി മുരളി മാറുകയായിരുന്നു. ചാരക്കേസിനെ തുടർന്ന് കെ കരുണാകരൻ സ്ഥാനഭ്രഷ്ടനായെങ്കിലും ഐ ഗ്രൂപ്പിന്റെ പടയോട്ടത്തിന് തേർ തെളിച്ചത് മുരളിയും. 2001 ൽ എ.കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ തെന്നലയെ മാറ്റി മുരളി കെ.പി.സി.സിയുടെ തലപ്പത്തെത്തി. ഇതിനിടെ ആന്റണി – മുരളി രസതന്ത്രം കോൺഗ്രസിൽ പുതിയ അധ്യായം എഴുതിയപ്പോഴാണ് മുരളിക്കെതിരേ കരുണാകരൻ തന്നെ ഉടവാളെടുത്തത്. ഇതിനിടെ മുരളിയുടെ നേതൃപാടവം കണ്ട് അടുത്ത മുഖ്യമന്ത്രിയെന്ന് പോലും കോൺഗ്രസ് ദേശീയ നേതൃത്വം വിധിയെഴുതിയതോടെ മുരളിക്കെതിരേ വീണ്ടും എ ഗ്രൂപ്പ് പോർമുഖം തുറന്നു. തുടർന്ന് മുഖ്യമന്ത്രി ആയിരുന്ന ആന്റണിയുമായി മുരളി കൊമ്പുകോർത്തതോടെ കേരളത്തിലെ കോൺഗ്രസിൽ വീണ്ടും കലാപത്തിനും തിരിതെളിഞ്ഞു. ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമയി മുരളീധരൻ കോൺഗ്രസിലെ വേറിട്ട ശബ്ദമായി. തുടർന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനം രാജി വച്ച് 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായി മുരളി ചുമതലയേറ്റു. നിയമസഭാംഗമല്ലാത്ത മുരളി വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഐ ഗ്രൂപ്പ് സൃഷ്ടിച്ച കലാപത്തിനെ തുടർന്ന് മുരളിയെ 2005 ൽ 6 വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. 2005 ൽ
കരുണാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ പാർട്ടിയായ ഡി.ഐ.സി(കെ)യുടെ സംസ്ഥാന പ്രസിഡന്റായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി ധാരണയിലെത്തിയ ഡി.ഐ.സി(കെ) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും വെളിയം ഭാർഗവൻ അടക്കമുള്ള സി പി.ഐ നേതാക്കളും നടത്തിയകടുത്ത വിമർശനത്തെ തുടർന്ന് ഡി.ഐ.സി(കെ)യെ ഇടതു മുന്നണിയിൽ നിന്നു പുറത്താക്കി.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി(കെ) ധാരണയിലെത്തി. കൊടുവള്ളിയിൽനിന്നു യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുരളി, സിപിഎം സ്വതന്ത്രൻ പി.ടി.എ.റഹീമിനോടു തോറ്റതു കനത്ത തിരിച്ചടിയായി. ഇതിനിടെ, ചില പാർട്ടി നേതാക്കൾ കോൺഗ്രസിലേക്കു തിരിച്ചു പോകായതോടെ പാർട്ടി പിളർന്നു. 2007ൽ കെ.കരുണാകരനോടൊപ്പം കെ.മുരളീധരനും പാർട്ടിയും എൻ.സി.പിയിൽ ലയിച്ചു. 2007 ഡിസംബർ 31ന് കെ.കരുണാകരൻ കോൺഗ്രസിലേക്ക് തിരികെ മടങ്ങിയെങ്കിലും, മുരളീധരൻ എൻ.സി.പി യിൽതുടർന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്നു മുരളി എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009ൽ മുരളിയെ എൻ.സി.പിയിൽനിന്നുംപുറത്താക്കി. മൂന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാകാനും മുരളിയെ ഭാഗ്യം തുണച്ചു. നാലണ മെമ്പർഷിപ്പിനായി രംഗത്തിറങ്ങിയ മുരളി
2011ൽ ഫെബ്രുവരി 15ന് കോൺഗ്രസിൽ തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി.പി.എമ്മിലെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭാംഗവുമായി പുതു ചരിത്രവുമെഴുതി.
2016ൽ വട്ടിയൂർക്കാവിൽനിന്നു വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയുടെ പകരക്കാരനായി വടകര മണ്ഡലത്തിലേക്ക് പാർട്ടി നിയോഗിച്ചതും മുരളിയെത്തന്നെ. സി.പി.എമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയതോടെ മുരളിയുടെ രാഷ്ട്രീയ ഗ്രാഫും ഉയർന്നു. നേമത്ത് താമരപ്പേടിയിൽ കോൺഗ്രസ് നേതാക്കൾ മാറി നിന്നപ്പോഴാണ് അങ്കക്കച്ചമുറുക്കി മുരളിയിറങ്ങിയത്. പാർട്ടിയിൽ പടകൾ നയിച്ച പാരമ്പര്യമാണ് നേമത്തും മുരളിയുടെ തുറുപ്പ് ചീട്ട്.