17.1 C
New York
Saturday, October 16, 2021
Home Special കരുതിവയ്ക്കൂ സമയം; അതൊരു കരുതലാകും പിന്നെ! (വാരാന്ത്യചിന്തകൾ.. ഭാഗം - 3)

കരുതിവയ്ക്കൂ സമയം; അതൊരു കരുതലാകും പിന്നെ! (വാരാന്ത്യചിന്തകൾ.. ഭാഗം – 3)

രാജൻ രാജധാനി

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം – 3)

എന്തും നാളേയ്ക്കായി കരുതിവയ്ക്കുന്ന കാലമാണിത്. പൊ

എന്തും നാളേയ്ക്കായി കരുതിവയ്ക്കുന്ന കാലമാണിത്. പൊന്നും പണവും മാത്രമല്ല, ഭാവിയിലെ സന്താനോൽപാദനം ലക്ഷ്യമാക്കി മനുഷ്യബീജവും അണ്ഡവും എല്ലാത്തരം ജീവകോശങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന ആധുനിക ശാസ്ത്രലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. അപൂർവ്വയിനം സസ്യങ്ങളുടെ മാത്രമല്ല, വിവിധ ചെടികളുടെ വിത്തുകൾ പോലും, ഭാവിയിലെ ഉപയോഗങ്ങൾക്കായി കൃത്രിമമായി നിർമ്മിച്ചിട്ടുള്ള പ്രത്യേക തരം സംഭരണികളിൽ, ലോകത്ത് പലയിടത്തും മനുഷ്യൻ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. അനുയോജ്യമായ അന്തരീക്ഷത്തിലവിടെ ഭദ്രമായിരിക്കുന്ന വിത്തുകൾ,വർഷങ്ങൾക്ക് ശേഷവും മുളപ്പിച്ച് വളർത്തിയെടുക്കുവാൻ മനുഷ്യന് കഴിയും. അങ്ങനെ എന്തും കരുതി വയ്ക്കാനാണ് മനുഷ്യൻ ശ്രമിക്കുന്നത്.

എന്നാൽ നമുക്കൊരിക്കലും നാളേയ്ക്കായി മാറ്റിവയ്ക്കാനോ കാത്തുസൂക്ഷിക്കുവാനോ കഴിയാത്തതായ ഒന്ന് എന്നും ഈ ലോകത്ത് ഉണ്ടായിരുന്നു; ഇന്നും അതിവിടെ ഉണ്ടുതാനും; അതാണ് സമയം! മൂല്യമേറിയ സമയം!! ആ സമയത്തെ പിടിച്ച് പെട്ടിയിലടച്ച് ഭദ്രമായിട്ട്പൂട്ടിവയ്ക്കാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ലേ ഇല്ല; എന്നുതന്നെ ആയിരിക്കുമല്ലോ നിങ്ങളുടെ ഉത്തരവും,ഇല്ലേ? എന്നാൽ ഇന്ന് ലോകത്തെ അമൂല്യവും അദൃശ്യവുമായ ആ സമയത്തേയും നാളേയ്ക്കായി നമുക്ക് കരുതി വയ്ക്കുവാൻ കഴിയുമെന്ന് ആയിരിക്കുന്നു! അതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം; അത് എങ്ങനെയെന്നല്ലേ അറിയേണ്ടത്, അതും പറഞ്ഞു തരാം!

സമയബാങ്ക് അഥവാ ടൈം ബാങ്ക്!

സമയം പോലെതന്നെ ആരോഗ്യവും നമ്മിൽ ഏറിയും കുറഞ്ഞുമിരിക്കും. യൗവ്വനമാണ് ഏതു മനുഷ്യൻ്റെയും ഏറ്റവും മെച്ചമായിട്ടുള്ള ആരോഗ്യകാലം. ആ വേളയിലെ നിശ്ചിതമായ നമ്മുടെ ഇടവേളകൾ, തികച്ചും അർഹരായ, പരസഹായം ആവശ്യമുള്ള മനുഷ്യർക്കായി മാറ്റിവയ്ക്കാൻ നാം സന്നദ്ധമാകുന്നു. പിന്നീട് അവർക്ക് ആവശ്യമായ എന്തു സഹായവും പ്രതിഫലേച്ഛ കൂടാതെ ചെയ്യുവാനും നമ്മൾ ഒരുക്കമെങ്കിൽ, ആ പ്രവൃത്തി കൃത്യമായി ഒരു
വർഷം തുടർന്നാൽ, സാമൂഹ്യനീതി വകുപ്പിന്റെ സമയബാങ്കിൽ നിന്നുള്ള ഒരു പാസ്സ്ബുക്കും നമുക്ക് ലഭിക്കുന്നു. നമ്മൾ ഒരുക്കമെങ്കിൽ ആരോഗ്യമുള്ള കാലത്തോളം സ്വന്തം ‘പാസ്സ് ബുക്കിലെ ആ സമയനിക്ഷേപം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുവാനും കഴിയും.

പരാശ്രയം ആവശ്യമായിട്ടുള്ള വ്യക്തികൾക്ക് നൽകുകുന്ന സേവനംവഴി സമയസമ്പാദ്യവും നിങ്ങൾ വർദ്ധിപ്പിക്കുകയാണ്. സേവനസമയം മണിക്കൂറുകളായി നിങ്ങളുടെ കൈവശമുള്ള പാസ്സ്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ ‘സമയസമ്പാദ്യം’ ഏറുന്നു. ആവശ്യമായിവരുന്ന നേരം, പ്രത്യേകിച്ചും ഒരു പരസഹായം ആവശ്യമായിട്ടുള്ള വേളയിൽ അതേ സേവനം നിങ്ങൾക്ക് തിരിച്ചും കിട്ടുന്നു. ഭാര്യയോ മക്കളോ മറ്റ് ഉറ്റ് ബന്ധുക്കളോ ഒന്നും ഇല്ലെങ്കിൽ പോലും, നിങ്ങളുടെ ആവശ്യങ്ങൾ മുടക്കമില്ലാതെ മറ്റുള്ളവർ ഒരു മടിയും കൂടാതെ നടത്തിത്തരുമെങ്കിൽ, തീർച്ചയായും അതൊരു ഭാഗ്യം തന്നെയല്ലേ?

സമയബാങ്കിൻ്റെ ഉത്ഭവത്തിലേക്ക്

സ്വിറ്റ്സർലൻഡിൽ ഉദയംകൊണ്ട് അവിടുത്തെ സാമൂഹ്യനീതി വകുപ്പിലൂടെ വളർന്ന്, ഇന്ന് ആഗോള തലത്തിൽ ശ്രദ്ധേയമായിക്കഴിഞ്ഞു ഈ സമയബാങ്ക്. ഇന്ത്യയിൽ ഇനിയും അത് എത്തിയിട്ടില്ലെങ്കിലും ആസന്നഭാവിയിൽ തന്നെ അത് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം, ആഗോളികമായിട്ട് പരാശ്രയികളായ വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക സഹായത്താൽ മാത്രം, എല്ലാക്കാലത്തും അവരെയെല്ലാം സംരക്ഷിക്കാനും ആവില്ലല്ലോ. കേരളത്തിലെ പ്രായമായവരുടെ എണ്ണം അനുദിനമെന്നോണം വർദ്ധിക്കുന്നു എന്നതും ഓർക്കണം. ഇവിടെ പുരുഷൻമാരുടെ ശരാശരി ആയൂർദൈർഘ്യം
77 വയസ്സും സ്ത്രീകളുടേത് 87 വയസ്സുമാണ്. പ്രായമേറുമ്പോൾ എല്ലാ അച്ഛനമ്മമാരെയും നമുക്ക് അമ്പലനടയിലും അനാഥാലയത്തിലും നടതള്ളാനുമാവില്ല!

പ്രീയപ്പെട്ടവരുടെ ആയൂർദൈർഘ്യം ഏറുന്നു എന്നത് സന്തോഷകരമെങ്കിലും, അവരുടെ സംരക്ഷണം ഒരു ചോദ്യചിഹ്നമായി മാറുന്നില്ലേ? അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഈ സമയബാങ്ക്. ഇന്നത്തെ യുവാക്കളാണ് നാളത്തെ വൃദ്ധരെന്ന സത്യം ആർക്കെങ്കിലും നിഷേധിക്കാനാവുമോ? തീർച്ചയായും നാളെ അവർക്കും പരസഹായം ആവശ്യമായി വരാം! ആ സത്യം ഉൾക്കൊണ്ട് ആരോഗ്യമുള്ളപ്പോൾ ഓരോരുത്തരും തങ്ങളുടെ സമയബാങ്കിലെ സമയനീക്കിയിരിപ്പ് വർദ്ധിപ്പിച്ചേ മതിയാകു.

“സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ, ആപത്തുകാലത്ത് കായ് പത്തു തിന്നാം!”

എന്നല്ലേ പഴമൊഴിയും. ഇവിടെ നിങ്ങളുടെ സേവനം ഒരു പുണ്യപ്രവൃത്തിയാണ്, ഒപ്പം സ്വന്തം ഭാവിയിലേക്കുള്ള സമ്പാദ്യവുമായി അത് പരിണമിക്കുന്നു എന്നതാണ് സത്യം.
ആരോഗ്യമുള്ള ഒരാൾ തന്റെ അധ്വാനമെല്ലാം, ധന സമ്പാദനമെന്ന ഒറ്റലക്ഷ്യത്തിനായി മാത്രം വിനിയോഗിക്കുമ്പോൾ, അതുവഴി അയാൾ നേടുന്ന സമ്പത്തെല്ലാം, മക്കൾ പങ്കിട്ടെടുത്ത് അവരുടെ വഴിക്ക് പോകും. പ്രായമാകുമ്പോൾ ആ വ്യക്തിയുടെ കാര്യങ്ങൾ നോക്കാനായിട്ട് ആരുമേ കാണില്ല. ആ വേളയിലാകും നിങ്ങൾ ഈ സമയസമ്പാദ്യത്തിൻ്റെ മൂല്യം തിരിച്ചറിയുക. ആരോഗ്യമുള്ള കാലത്ത് നിങ്ങൾ തികച്ചും അർഹരായവർക്കായി ചെയ്തിട്ടുള്ള പുണ്യ പ്രവൃത്തിയുടെ ഫലം, പലിശസഹിതം പിന്നീട് നിങ്ങൾക്കു തന്നെ തിരിച്ചു കിട്ടുകയാണ്; അതും അങ്ങേയറ്റം അത്യാവശ്യമായ ഒരു ഘട്ടത്തിൽ തന്നെ!

മറ്റാർക്കും കവരാനാവാത്ത സ്വത്ത്!

ഈ ‘സമയസ്വത്ത് ‘ മറ്റാർക്കും കവരാനാവില്ല എന്നതുമൊരു മെച്ചമാണ്. സമയസമ്പത്ത് മക്കൾക്ക് വീതിച്ചെടുക്കാനും ആവില്ല; അത് നിങ്ങൾക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ ആവുകയുള്ളു. ആരോഗ്യം ക്ഷയിച്ച് പരാശ്രയം ആവശ്യമായിവരുന്ന സമയത്ത് ആർക്കുമത് പ്രയോജനപ്പെടുന്നു എന്നതു മാത്രമല്ല ഈ സ്വത്തിന്റെ മെച്ചം. തികച്ചും പരസഹായം ആവശ്യമായിരുന്ന മറ്റൊരു വ്യക്തിയെ സഹായിക്കുക എന്ന പുണ്യപ്രവൃത്തിയിലൂടെ നിങ്ങൾ നേടിയെടുത്ത സത്യമായ സ്വത്താണ് ഈ സമയം നിങ്ങൾ അനുഭവിക്കുക എന്നതും ആത്മസുഖം തരുന്ന ഒരു കാര്യമായി മാറുന്നു. കിടപ്പിലാകുന്ന വേളയിൽ അനുകമ്പ തോന്നി ആരെങ്കിലും നിങ്ങളെ സഹായിക്കുന്നതല്ല; മറിച്ച്, ഇതേ അവസ്ഥയിലുള്ളവരെ പരിചരിച്ച് നിങ്ങൾ സ്വയമേവ നേടിയെടുത്ത വിലയേറിയ സമയ സമ്പാദ്യം തന്നെയാണ് സ്വസ്ഥമായിട്ട് ഇന്ന് അനുഭവിക്കുന്നത്.

‘കാറ്റുള്ളപ്പോഴല്ലേ തൂറ്റേണ്ടത്!’ അതേപോലെ ഇന്നത്തെ ആരോഗ്യമുള്ള യുവാക്കളൊക്കെ നാളത്തെ തങ്ങളുടെ വാർധക്യം മുന്നിൽക്കണ്ട് പ്രവർത്തിച്ചാൽ,അവരുടെ അവസാനകാലവും ഭദ്രമാകും. മാത്രമല്ല, അവരുടെ വിശ്രമസമയം ഇത്തരം നന്മകൾക്കായി വിനിയോഗിച്ചാൽ നാട്ടിലെ അനാവശ്യ സംഘട്ടനങ്ങളെല്ലാം തന്നെ ഒഴിവാകും. യുവ മനസ്സുകളിലെ വാശി,വിദ്വഷം തുടങ്ങിയ ദുഷ് വിചാരങ്ങളെല്ലാം പൂർണ്ണമായും അനുകമ്പ,ദയ,സ്നേഹം തുടങ്ങിയ നല്ല നല്ല വികാരങ്ങളിലേക്ക് വഴിമാറുകയില്ലേ? നമ്മുടെ സമൂഹത്തിൽ അത് ഉണ്ടാക്കാവുന്ന മാറ്റങ്ങൾ ചിന്തകൾക്കും അപ്പുറത്താകാം. അതിനാൽ ചിന്തയും സ്വപ്നവും ഇനി ‘സമയബാങ്കി’നായി നമുക്ക് മാറ്റിവയ്ക്കാം, അല്ലേ?

അടുത്ത അദ്ധ്യായത്തിൽ നമുക്ക് വീണ്ടും ഒത്തുചേരാം, സ്നേഹത്തോടെ,

സ്വന്തം,
രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: