എത്രയോജന്മമായി, ഹരിമുരളീരവം, മറന്നിട്ടുമെന്തിനോ, ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ, കാർമുകിൽ വർണന്റെ ….. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി പലർക്കും പലതാണ്. പല ഭാവങ്ങളിൽ… പല രാഗങ്ങളിൽ …നമ്മുടെയെല്ലാം മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.
മലയാളികളെ അക്ഷര വിസ്മയങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഗാനരചയിതാവ്. വിരഹ നൊമ്പരങ്ങളും, പ്രണയഭാവങ്ങളും ഓരോ ഗാനങ്ങളിലും നിറഞ്ഞു നിന്നിരുന്നു.
ജ്യോതിഷം,വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പരേതരായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ആയിരുന്നു ജനനം.സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം.
ചെറിയ പ്രായത്തിൽ തന്നെ മലയാള സാഹിത്യത്തിൽ ഏറെ താത്പര്യമുണ്ടായിരുന്നു.പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവർത്തിച്ചു.അന്ന്ചെന്താര കൂട്ടായ്മയുടെ നാടകങ്ങൾ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷ് ആയിരുന്നു. പതിനാലാം വയസ്സിൽ ചെന്താരയുടെ മോചനം എന്ന മാഗസിനിൽ ആദ്യ കവിതപ്രസിദ്ധീകരിച്ചു.
പഠനകാലത്ത് കോഴിക്കോട് ആകാശവാണി ,എച്ച്.എം.വി.തരംഗിണി, മാഗ്ന സൗണ്ട്സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതിക്കൊണ്ടാണ് തുടക്കം. എൻക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്..
പിന്നീട് ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങി പിന്നീട് 344 ചിത്രങ്ങളിലായി 1600-ലേറെ ഗാനങ്ങൾ രചിച്ചു. 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി.മേലേ പറമ്പിൽ ആൺവീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന് കഥയും, വടക്കുനാഥൻ,പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം ,ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.
ചക്രവാളത്തിനപ്പുറം മുതൽ ഹാപ്പി ഹസ്ബൻ്റ് വരെയുള്ള പുത്തഞ്ചേരിയുടെ കാവ്യ യാത്ര ഇമ്പമാർന്ന ഗാനങ്ങളാൽ സമ്പന്നമായിരുന്നു. മഴ മിക്ക രചനകളിലും നിറഞ്ഞു നിന്നിരുന്നു. മംഗലശ്ശേരി നീലകണ്ഠൻ്റെ ഹൃദയവേദനകൾ മുഴുവൻ
സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനത്തിലുണ്ട്. അച്ഛൻ നഷ്ടപ്പെട്ട മകൻ്റെ വേദനയാണ് ഇന്നലെ എൻ്റെെ നെഞ്ചിലെ എന്ന ഗാനത്തെ ശ്രദ്ധേയമാക്കിയത്. കണ്ണും നട്ട് കാത്തിരുന്നിട്ടും എന്ന ഗാനത്തിലൂടെ നിസ്സഹായനായ ഗോപിനാഥൻ മേനോൻ്റെ ജീവത നൈരാശ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പ്രണയവും, വിരഹവും നിറഞ്ഞ വരികളായിരുന്നു പിന്നെയും പിന്നെയും ..
എത്രയോ ജന്മമായ്…. ഒരു രാത്രി കൂടി….!
ഇന്നലെ എൻ്റെ നെഞ്ചിലെ ,അമ്മ മഴക്കാറിന് കൺ നിറഞ്ഞു, ആകാശദീപങ്ങൾ സാക്ഷി… ഈ വരികളെല്ലാം എത്രയോ വട്ടം നമ്മെ കണ്ണു നിറയിച്ചിരുന്നു.
2010 ഫെബ്രുവരി 10ന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു.ബീനയാണ് ഭാര്യ. ജിതിൻ, ദിനനാഥ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. ഇളയ മകനായ ദിനനാഥ് പിന്നീട് അച്ഛന്റെ പാത പിന്തുടർന്ന് ഗാനരചയിതാവായി. യാത്ര പറഞ്ഞ് അകന്നു പോയെങ്കിലും അദ്ദേഹത്തിന് മരണമില്ല ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ സമ്മാനിച്ച പാട്ടുകാരൻ നമ്മുടെ മനസിൽ പടികടന്നെത്തുന്ന പദനിസ്വനമാകും….