തൃശ്ശൂർ:ഓൺലൈൻ ക്ലാസുകളിൽ ഡേറ്റ ഉപഭോഗം കൂടുതലായതിനാൽ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള നടപടികളിലേക്ക് ബി.എസ്.എൻ.എൽ. കുട്ടികൾക്കായി പ്രത്യേക പാക്കേജുകൾ അടക്കമുള്ളവ പരിഗണിക്കാവുന്നതാണെന്നു കാണിച്ച് ബി.എസ്.എൻ.എൽ. കേരള സർക്കിൾ , ന്യൂഡെൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് നിർദേശങ്ങൾ സമർപ്പിക്കും.
വിദ്യാർഥികളിൽ മൊബൈൽ ഫോണിലെ ഡേറ്റ ഉപയോഗിക്കുന്നവർക്കും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (എഫ്.ടി.ടി.എച്ച്. വഴിയുള്ള ഡേറ്റ ഉപയോഗിക്കുന്നവർക്കും ഗുണകരമായ വഴികളാണ് ബി.എസ്.എൻ.എൽ. ആലോചിക്കുന്നത്. പ്രത്യേക സ്റ്റുഡന്റ് പായ്ക്കുകളാവും നിർദേശിക്കപ്പെടുക. ബി.എസ്.എൻ.എൽ. മൊബൈൽ സർവീസ് തുടങ്ങിയ കാലത്ത് പ്രത്യേക സ്റ്റുഡന്റ് പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു..
ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് കേരളം കാണിക്കുന്ന മുന്നേറ്റം അഭിനന്ദനാർഹമാണെന്നും അതിന്റെ പ്രോത്സാഹനത്തിന് ബി.എസ്.എൻ.എൽ. ഒപ്പമുണ്ടാവുമെന്നും കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദ് പറഞ്ഞു. വ്യാഴാഴ്ച മാതൃഭൂമിയിൽ ‘ ഓൺലൈൻ ക്ലാസ്സുകൾക്ക് കൂടുതൽ ഡേറ്റ വേണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേരള സർക്കിളിന്റെ ഇടപെടൽ ഉണ്ടായത്.