ഇന്ന് ഓശാന ഞായർ..
ദൈവപുത്രനായ ക്രിസ്തു
താഴ്മയുടെ ഭാവം ലോകത്തിന് കാഴ്ചയായ് നൽകി കഴുതപ്പുറത്ത്കയറി
തന്റെ കുരിശുമരണത്തിനു മുമ്പായി,
അവസാനമായി
യരുശലേം നഗരത്തിലേക്ക് പ്രവേശിച്ചതിൻ്റെ
ഓർമ്മ ആചരിക്കുന്ന ദിവസം.
വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു വന്ന അവനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്.
മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽനിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്.
യേശു ജീവിച്ചിരുന്ന ഇസ്രായേലിലെ ഭാഷ ആയിരുന്ന ഹീബ്രൂ ഭാഷയിലെ
ഹോഷിയാ-ന എന്ന വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്.
രക്ഷിക്കണേ, സഹായിക്കണേ എന്നതാണ് ഈ വാക്കിന്റെ അർത്ഥം.
യേശുക്രിസ്തുവിൻ്റെ
യരുശലേമിലേക്കുള്ള യാത്രയെക്കുറിച്ചും ഓശാനയെ സംബന്ധിച്ചും വിശുദ്ധ ബൈബിളിൽ മത്തായിയുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
️”അവർ യരുശലേമിന് അടുത്ത്
ഒലിവുമലയിലെ ബേത്ത്‌ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു:
“ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. ആരെങ്കിലും വല്ലതും ചോദിച്ചാൽ,
‘കർത്താവിന് ഇവയെ ആവശ്യമുണ്ട് ’
എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”
ഇങ്ങനെ സംഭവിച്ചതു പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിനായിരുന്നു: “സീയോൻപുത്രിയോടു പറയുക: ‘ഇതാ, സൗമ്യനായ നിന്റെ രാജാവ് ചുമട്ടുമൃഗമായ കഴുതയുടെ പുറത്ത്, അതെ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി, നിന്റെ അടുത്തേക്കു വരുന്നു.’”
അങ്ങനെ, ശിഷ്യന്മാർ പോയി യേശു പറഞ്ഞതുപോലെതന്നെ ചെയ്‌തു.അവർ കഴുതയെയും കുട്ടിയെയും കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത് കയറി ഇരുന്നു. ജനക്കൂട്ടത്തിൽ മിക്കവരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി. യേശുവിനു മുന്നിലും പിന്നിലും ആയി നടന്ന ജനം ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു:
“ദാവീദുപുത്രനു രക്ഷ നൽകണേ! യഹോവയുടെ നാമത്തിൽ വരുന്നവൻi അനുഗൃഹീതൻ! അത്യുന്നതങ്ങളിൽ വസിക്കുന്നവനേ, ദാവീദുപുത്രനു രക്ഷ നൽകണേ.”
യേശു യരുശലേമിൽ എത്തിയപ്പോൾ നഗരത്തിലാകെ ബഹളമായി.
“ഇത് ആരാണ് ” എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി. “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ് ”
എന്നു ജനക്കൂട്ടം പറയുന്നുമുണ്ടായിരുന്നു.
യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. യേശു അവരോടു പറഞ്ഞു:
“‘എന്റെ ഭവനം പ്രാർഥനാലയം എന്ന് അറിയപ്പെടും’ എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.”
ഓശാന ദിനം നമുക്ക് ചില ബോധ്യങ്ങൾ നൽകുന്നു..
രാജാവിനെപ്പോലെ യരുശലേമിലേക്കു പ്രവേശിക്കാമായിരുന്ന യേശു വിനയാന്വിതനായി ഒരു കഴുതക്കുട്ടിയുടെ പുറത്ത് യാത്രചെയ്തു.
താഴ്മയുടെ ഭാവം ധരിച്ചു.
ആർക്കും വേണ്ടാത്ത കഴുതക്കുട്ടിയെ ക്രിസ്തു തൻ്റെ യാത്രയ്ക്കായ് തെരഞ്ഞെടുത്തു.
ആർക്കും വേണ്ടാത്തവരെന്നും ആരും വില കൽപ്പിക്കാത്തവരെന്നും സ്വയം ചിന്തിക്കുകയും ഭാരപ്പെടുകയും ചെയ്യുന്നുവെങ്കിൽ ദൈവത്തിന് നിങ്ങൾ ഏറെ വിലപ്പെട്ടവരാണ് എന്ന തിരിച്ചറിവ് ഈ ഓശാന ദിനം നൽകുന്നു.
ക്രിസ്തുവിനെ ആർപ്പുവിളികളോടെ ഓശാന പാടിസ്വീകരിച്ച അതേ ജനം നാല് നാളുകൾ കഴിഞ്ഞ് “ഇവനെ ക്രൂശിക്ക” എന്ന് അട്ടഹസിച്ചു.
ഇന്ന് സ്തുതി പാടുന്നവർതന്നെ ക്രൂശിക്കാൻ അട്ടഹസിക്കും..
ഇന്ന് സ്തുതി പാടുന്നവർ തന്നെ വൈരികളായ്ത്തീരാം.. രക്തത്തിനായ് മുറവിളി കൂട്ടാം..
എതിരായ്ത്തീരാം..
എന്ന ഓർമ്മപ്പെടുത്തൽ ഈ ദിനം നൽകുന്നു..
യരുശലേം ദൈവാലയത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നവരെ ക്രിസ്തു പുറത്താക്കി..
“എൻ്റെ ആലയം പ്രാർത്ഥനാലയം”
എന്ന് ഉറക്കെ പ്രസ്താവിച്ചു.
ആരാധനാലയങ്ങൾ കച്ചവട സ്ഥാപനങ്ങളല്ല..
പ്രാർത്ഥനാലയങ്ങളാണെന്ന് ക്രിസ്തു ബോധ്യപ്പെടുത്തി..
അന്നും ഇന്നും ഏറെ പ്രസക്തമായ സന്ദേശങ്ങൾ നൽകുന്നു ഓശാന ദിനം..
ആർക്കും വേണ്ടാത്തവരെ ത്തേടിയെത്തുന്ന ദൈവമുണ്ടെന്ന് കഴുതക്കുട്ടിയും അറിഞ്ഞ ദിനം..
ആർക്കും വേണ്ടാത്തവരെ കാത്തിരിക്കുന്ന ദൈവമുണ്ടെന്ന വലിയ സന്ദേശം നൽകുന്ന സന്തോഷത്തിൻ്റെ ഓശാനപ്പെരുന്നാൾ..
ഏവർക്കും ഈ ഓശാന നാളിൽ എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു..
ബൈജു തെക്കുമ്പുറത്ത്