ഗാനം: ‘നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ ……’
രചന: ശ്രീ ഓ എൻ വി കുറുപ്പ്
വിശകലനം: ഉദയ് നാരായണൻ, അബുദാബി
‘നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ ……’
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
വിരഹനൊമ്പര തിരിയിൽ പൂവ്പോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
ആ…..
ഋതുക്കളോരോന്നും കടന്നുപോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ
നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ
അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
==============
വിശകലനക്കുറിപ്പ്
ശ്രീ ഷാജിഎം സംവിധാനം ചെയ്ത ‘പരസ്പരം ‘ എന്ന ചിത്രത്തിൽ വേറിട്ട വസന്തം വരികളിൽ തീർത്തിരുന്ന ശ്രീ ഓ എൻ വി കുറുപ്പ് എഴുതിയ ‘നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ …’ എന്ന ഗാനം കർണ്ണാടക സംഗീതത്തിലെ ഒരു സായന്തന സ്പർശമുള്ള ‘നാട്ട ‘ രാഗത്തിനു സമാനമായ ഹിന്ദുസ്ഥാനിയിലെ ‘ജോഗ്’ രാഗത്തിലാണ് പ്രഗൽഭ സംഗീത സംവിധായകനായിരുന്ന ശ്രീ. എം ബി ശ്രീനിവാസൻ തയ്യാറാക്കിയിട്ടുള്ളത്. ഭാരതീയ സംഗീതത്തിന്റെ എക്കാലത്തേയുംഅഭിമാനമായ ശ്രീമതി എസ് ജാനകിയുടെ ഭാവ സാന്ദ്രമായ ശബ്ദത്തിലൂടെയാണ് ഈ ഗാനം മലയാള ഹൃദയങ്ങളിൽ ഒരു ഇറങ്ങാക്കുടിയിരുപ്പ് നടത്തിയിരിക്കുന്നത്..
തനുവും മനവും ഒന്നുചേർന്ന് സങ്കൽപ്പ തരള നൃത്തമാടിയ ജീവിത നിറങ്ങൾ ഒഴിഞ്ഞ ശുഷ്ക്കഭൂമിയിൽ ശിഥില ചിന്തകളും പിൻവിളി പഥ്യമല്ലാതെ പടികടന്നുപോയ ഭൂതകാലത്തിന്റെ നേർത്ത നോവുകളും ചിന്താ മണ്ഡലത്തിൽ ആവാഹിച്ച് ചന്തമേറെയുള്ള വരികൾ മലയാള ഗാനശാഖയ്ക്കും മറുമൊഴിയില്ലാതെ മണ്ണിൻ മണമുള്ള ഹൃദന്തങ്ങൾക്കുമേകിയ പ്രിയ കവി ശ്രീ. ഓ എൻ വി കുറുപ്പിന് പ്രണാമം.
ചക്രവാളങ്ങളിൽ ചിലമ്പൊലിയൊച്ചയോടെ ചെങ്കുങ്കുമാഭിഷിക്തയായി അകലുന്ന സന്ധ്യയും ആത്മാവിനു മോക്ഷമേകി അന്ത്യവിശ്രമം കൊള്ളും പക്ഷിമൃഗാദികളും പലതിനേയും വെല്ലും മാനവരും നഷ്ടക്കയങ്ങളിൽ ഒരു കാത്തിരിപ്പിനും പ്രതീക്ഷ കൊടുക്കാതെ ആഴ്ന്നിറങ്ങുമ്പോൾ സഹജീവികളുടെ പ്രതിനിധിയായി കവിഹൃദയം തേങ്ങുകയാണ് വരികളിലൂടെ.
മാഘമാസ വസന്ത ഋതു മുതൽ മാർഗശീർഷ ശിശിര ഋതുവരെ ഓരോന്നും കടന്നുപോകുമ്പോൾ നല്ലോർമ്മകളെ തലോടി നാളെയെന്ന പ്രതീക്ഷയിൽ കഴിയുന്നൊരു ഹൃത്തിന്റെ നഷ്ടങ്ങളോർത്തുകൊണ്ടുള്ള ഒരു നിലവിളിയില്ലാത്തേങ്ങൽ കവിഹൃദയത്തോടൊപ്പം കാതോർക്കുകിൽ നമുക്കും കേൾക്കാം, ഒരിറ്റു കണ്ണീരോടെയുള്ളൊരു ഒരു കാത്തിരിപ്പിന്റെ കദനമുഖം നമുക്കും കാണാം.
“അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീപിൽ ഞാനിരിപ്പതെന്തിനോ “
ഈ സുന്ദരഗാനത്തിന്റെ അവസാനഭാഗങ്ങളിൽ കരിന്തിരി കത്തി അണയുവാൻ പോകുന്ന കാത്തിരിപ്പിന്റെ കറുത്ത ചിത്രം വരികളൽ വരച്ചുകാട്ടുമ്പോൾ ഏതു കഠിനഹൃദയരും കല്ലുരുകി വെള്ളമാകുന്നപോൽ കരളലിയുമെന്നത് നിസ്സംശയം പറയാവുന്നതാണ്….
മനോഹരം ഈ ആസ്വാദനം. ആശംസകൾ