(റിപ്പോർട്ട്: കോര ചെറിയാൻ, ഫിലാഡൽഫിയ)
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ റിപ്പബ്ലിക് ഡേ ആഘോഷ പരിപാടികള്‍ പ്രൗഡഗംഭീരമായി ഫിലാഡല്‍ഫിയായില്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ സുദീര്‍ഘമായ കാര്‍ റാലിയോടെ തുടക്കം കുറിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ വെല്‍ഷ് റോഡിലുള്ള ക്രിസോസ്റ്റ് മലയാളി ദേവാലയത്തിന്റെ സമീപത്തുനിന്നും ഇന്‍ഡ്യന്‍ ദേശീയ പതാക പാറിപ്പറപ്പിച്ചുകൊണ്ടുള്ള വാഹന സമുച്ചയം തിരക്കേറിയ വീഥിയുടെ സമീപത്തും വാഹന യാത്രയില്‍ ഉള്‍പ്പെട്ടവരുമായ അനേകം അമേരിയ്ക്കന്‍ ജനതയെ അതിശയിപ്പിയ്ക്കുംവിധം അഭിനന്ദനീയവും വര്‍ണ്ണ ശബളവും ആയിരുന്നു. ആറുമണിയോടുകൂടി ആരംഭിച്ച പട്ടണത്തിന്റെ വിവിധ മേഖലകളെ വലയം ചെയ്തു ക്രൂസ്റ്റtuണ്‍ റോഡിലുള്ള മയൂര റെസ്റ്റോറന്റിന്റെ ആഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നു. അമേരിയ്ക്കന്‍ തലസ്ഥാന നഗരിയായ ഫിലാഡല്‍ഫിയായിലെ പ്രഥമ ഇന്‍ഡ്യന്‍ വാഹന റാലിയ്ക്കു നേതൃത്വം നല്‍കിയതും ഉന്നതതല അനുമതി നേടിയതും ജനറല്‍ സെക്രട്ടറി ശാലു പുന്നൂസിന്റെ അശ്രാന്ത പരിശ്രമഫലം മൂലമാണ്.

ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങളെ മാനിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ സാബു സ്കറിയ നടത്തിയ സ്വാഗതപ്രസംഗത്തില്‍ മാതൃരാജ്യമായ സ്വതന്ത്ര ഭാരതത്തോടുള്ള അളവറ്റ ആദരവും പ്രബുദ്ധതയും പ്രകടമായിരുന്നു. ഐ.എന്‍.ഒ.സി. യുടെ അമേരിയ്ക്കന്‍ – കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്, ജിജു കുരുവിള, സാജന്‍ വര്‍ഗീസ്, ഫൊക്കാനാ പ്രസിഡണ്ട് സുധാ കര്‍ത്ത, ജോണ്‍ സാമുവേല്‍ എന്നിവരുടെ പ്രശംസ പ്രസംഗങ്ങളില്‍ മുഖ്യമായും മാതൃരാജ്യമായ മഹാഭാരതത്തിന്റെ സിദ്ധി, തത്വം, ധാര്‍മ്മികത, ഭാവം തുടങ്ങിയുള്ള എല്ലാവിധമായ നൈസര്‍ഗിക വൈശിഷ്ടങ്ങളും യഥോചിതം പരാമര്‍ശിച്ചിരുന്നു.

ഇന്‍ഡ്യന്‍ ജനതയുടെ സ്വരാജ്യാഭിമാനവും സഹസ്‌നേഹവും മനുഷ്യരാശിയോടുള്ള സഹതാപവും എക്കാലവും ആദരണീയമെന്നും പല പ്രാസംഗീകരും വെളിപ്പെടുത്തി. ഇന്‍ഡ്യയില്‍ പരീക്ഷണങ്ങള്‍ നടത്തി ഫലപ്രദമായി ഉല്‍പ്പാദിപ്പിച്ച കോവിഡ് 19 വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്കു സഹതാപപൂര്‍വ്വം കൊടുക്കുന്നതും ഉത്തമ ഉദാഹരണമായി പ്രസിഡന്റ് സന്തോഷ് വെളിപ്പെടുത്തി. സ്വതന്ത്ര ഭാരതത്തെ പട്ടിണിയില്‍നിന്നും ഭക്ഷ്യക്ഷാമത്തില്‍നിന്നും പരിരക്ഷിച്ച കര്‍ഷകരെ നിശേഷം നിര്‍മാര്‍ജ്ജനം ചെയ്യുവാനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണവും സമര വേദിയിലുള്ള സാധു കര്‍ഷകരെ പീഡിപ്പിയ്ക്കുന്നതും അവസാനിപ്പിയ്ക്കണമെന്നുള്ള റോയി വര്‍ഗീസിന്റെ അഭ്യര്‍ത്ഥന ശ്രോതാക്കളെ രോഷാകുലരാക്കി. കാര്‍ഷിക സമരത്തിനു വേണ്ടതായ സകല സഹായ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചുള്ള പ്രമേയം ഏകചിത്തമായി പാസാക്കി.

ആള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. സി. വേണു ഗോപാലിന്റേയും തിരുവന്തപുരം പാര്‍ലമെന്ററി കോണ്‍സ്റ്റിറ്റുയെന്‍സി മെമ്പര്‍ ശശി തരൂരിന്റെയും ആശംസ ഇ-മെയില്‍ സന്ദേശങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു. കേരള അസംബ്ലി ഇലക്ഷന്‍ തിരക്കുമൂലം ഓഡിയോ വിഷന്‍ മീറ്റിങ്ങില്‍ സംബന്ധിക്കുവാന്‍ സാധിക്കാത്തതിനാലുള്ള വ്യസനം അവരുടെ സന്ദേശത്തില്‍ പ്രകടിപ്പിച്ചിരുന്നു. 1950 ല്‍ പ്രജാധിപത്യ രാഷ്ട്രമായി പ്രഖ്യാപിയ്ക്കുന്നതിനുമുമ്പും ശേഷവും ആര്‍ഷഭാരതത്തിന്റെ പരമ്പരാഗത സിദ്ധാന്തവും ധര്‍മ്മ നീതിയും സംസ്ക്കാരവും പരിരക്ഷിയ്ക്കുവാന്‍ ഇന്‍ഡ്യക്കാര്‍ തത്പരര്‍ ആണെന്നും ലോകത്തിലെ മൂന്നാം ശക്തിയായി ഇപ്പോള്‍ ഇന്‍ഡ്യ മഹാരാജ്യം ഉയര്‍ന്നതായും സസന്തോഷം സെക്രട്ടറി ഷാലു കൃതജ്ഞത പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

അനേക വര്‍ഷങ്ങളായി സകല സുഖസൗകര്യങ്ങളോടുകൂടി അമേരിയ്ക്കന്‍ പ്രസന്നതയില്‍ ലയിച്ചു മനോഹാരിതമായി ജീവിയ്ക്കുന്ന വളരെയധികം മലയാളി മക്കള്‍ റിപ്പബ്ലിക്ക് ഡേ ആഘോഷ പരിപാടികളില്‍ സാര്‍വ്വത്രികമായി സംബന്ധിച്ചു മാതൃരാജ്യത്തോടുള്ള സ്‌നേഹവും കടമയും പ്രകടിപ്പിച്ചു. സുദീര്‍ഘമായ പരിപാടികളില്‍ സംബന്ധിച്ചവരിലധികവും പൗരത്വം സ്വീകരിച്ച അമേരിയ്ക്കന്‍ സ്ഥിരവാസികളാണ്.
