വാർത്ത: പി.പി. ചെറിയാൻ
സൺറൈസ് (ഫ്ലോറിഡ): കുട്ടികൾക്കെതിരെയുള്ള ക്രൂരതകളെ കുറിച്ചു അന്വേഷിക്കുന്നതിന് സെർച്ച് വാറന്റുമായി എത്തിയ അഞ്ച് എഫ്ബിഐ ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റൊഫർ റേയാണ് വെടിവയ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
ഫെബ്രുവരി 2 ചൊവ്വാഴ്ച സൺറൈസ് വാട്ടർ ടെറെയ്സ് അപ്പാർട്ട്മെന്റ് കോംപ്ലെക്സിൽ രാവിലെ 6 മണിക്കായിരുന്നു. സംഭവം. പോലീസ് എത്തിയതോടെ വീടിനകത്തു പ്രതിരോധം തീർത്ത് പ്രതി ഏജന്റുമാർക്കെതിരെ വെടിയുതിർക്കുക മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവിൽ പ്രതിയും വെടിയേറ്റു മരിച്ചു. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലായെങ്കിലും 55 വയസ്സുള്ള ഡേവിഡ് ഹബറാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. സ്പെഷൽ ഏജന്റ് ഡാനിയേൽ ആൽഫിൻ (36), സ്പെഷ്യൽ ഏജന്റ് ലോറ (43) എന്നിവരാണ് മരിച്ച ഓഫീസർമാർ.

ന്യുയോർക്കിൽ നിന്നുള്ള ആൽഫിൻ എഎഫ് ബി ഐ ആൽബനി ഓഫീസിൽ 2009 ലാണ് ജോലിയിൽ പ്രവേശിച്ചത്. 2017 ലാണ് മയാമിയിൽ ജോയിൻ ചെയ്തത്. 2005 മുതൽ മയാമി എഫ്ബിഐ ഓഫീസിൽ പ്രവർത്തിച്ചു വരികയായിരുന്നു. മൂന്നു കുട്ടികളുടെ മാതാവായ ലോറ കുട്ടികൾക്കെതിരെയുള്ള കേസ്സുകൾ തെളിയിക്കുന്നതിൽ ഇരുവരും സമർഥരായിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു. പത്തുവർഷത്തിനുശേഷമാണ് ജോലിക്കിടയിൽ ഇങ്ങനെ രണ്ടു ഏജന്റുമാരെ നഷ്ടപ്പെടുന്നതെന്ന് എഫ്ബിഐ ഏജന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ബ്രയാൻ ഒ ഹെയർ പറഞ്ഞു. ഡ്യൂട്ടിക്കിടയിൽ ജീവൻ ത്യജിക്കേണ്ടി വന്ന ഓഫിസർമാരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും എത്രയും വേഗം ആശ്വാസം ലഭിക്കട്ടെ എന്നു പ്രസിഡന്റ് ബൈഡൻ സന്ദേശത്തിൽ അറിയിച്ചു.
