17.1 C
New York
Sunday, May 28, 2023
Home Literature എന്റെ സൂര്യതേജസ്സേ പ്രണാമം !!

എന്റെ സൂര്യതേജസ്സേ പ്രണാമം !!

(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എണ്‍പത്തഞ്ചു വത്സരം മന്നിതില്‍സാത്വികനായ്
വിണ്‍പ്രഭ തൂകിനിന്നത്യാഗൈകരൂപനാണങ്ങ്!
സുന്ദരമാം മേനിയില്‍എത്രയോകുഴലുകള്‍
ബന്ധിച്ചും ശ്വസനവുംസംസാരശേഷിയറ്റും
പ്രാര്‍ത്ഥനാ നിര്‍ഭരനായ് നീക്കിയ ദിനങ്ങളും
എത്ര കാഠോരമായെന്‍ ചിത്തത്തെ മഥിച്ചുവോ !
ഓര്‍ക്കുവാനാവുന്നില്ലെന്‍ കണ്ണീരുവറ്റിപ്പോയി
ദുഃഖഭാരത്താലെന്റെനാളുകള്‍ നീണ്‍ടുപോയി
കണ്ണിലെണ്ണയുമായിചാരത്തു നിര്‍ന്നിമേഷം
കണ്ണീരിലര്‍ത്ഥനയാല്‍കാത്തതു മാത്രം ബാക്കി !
വൈദ്യലോകത്തിന്‍ മാലോ എന്നുടെദുര്‍വിധിയോ
ക്രൂരനാം വിധി തട്ടിപ്പറിച്ചെന്‍ പൊന്‍മുത്തിനെ !
മുന്‍വിധി ചെയ്തപോലെ നൂറാം ദിനത്തിലെത്ര
ദീപ്തമാംആതാരകംവിണ്ണിലെതാരമായി!
വിശ്വത്തെ വെല്ലുന്നതാംവശ്യമാം പുഞ്ചിരിയാല്‍
നിശ്ചയദാര്‍ഢ്യമാര്‍ന്ന തീഷ്ണനാം കര്‍മ്മബദ്ധന്‍ !
എന്‍ മനോ വ്യാപാരത്തിന്‍ ആത്മാവിന്‍ ആദിത്യനേ,
എന്നിലെജീവനാളംജ്വാലയായ്‌തെളിച്ചോവേ !
എന്നിലെസ്വപ്നങ്ങളില്‍ ചലനം സൃഷ്ടിച്ചോവേ
എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ !
ഓര്‍മ്മിക്കാന്‍ നന്മമാത്രം സനേഹത്തിന്‍ പ്രഭാപൂരം
കന്മഷംചേര്‍ക്കാതെന്നും വര്‍ഷിച്ച താരാപുഞ്ജം !
അന്‍പെഴുംമല്‍പ്രാണേശന്‍ ശങ്കരപുരി ജാതന്‍
“കുമ്പഴ’യ്‌ക്കെന്നും ഖ്യാതിചേര്‍ത്തൊരു ശ്രേഷ്ഠാത്മജന്‍ !

‘ആയിരത്തൊള്ളായിരം മുപ്പത്താറുമാര്‍ച്ചൊന്നില്‍’
‘മത്തായി ഏലിയാമ്മ’യ്ക്കുണ്ണിയായ്ജാതനായി,
മൂന്നരവയസ്സെത്തും മുമ്പേയ്ക്കു തന്മാതാവിന്‍
ഖിന്നമാം നിര്യാണത്തില്‍വളര്‍ത്തീസ്വതാതനും
സോദരര്‍മൂന്നുപേരുംസോദരിയില്ലെങ്കിലും
സശ്രദ്ധം “കുഞ്ഞുഞ്ഞൂട്ടി’ചൊല്ലെഴും ബാലകനെ,.
ചിട്ടയും ചട്ടങ്ങളും നിഷ്ഠയുംയഥാവിധം
തിട്ടമായ് പാലിച്ചോരു ധീരനാം ധര്‍മ്മസാക്ഷി !
വാശിയോവൈരാഗ്യമോ, ചതിയോ വൈരുദ്ധ്യമോ
ലേശവുമേശിടാത്ത നൈര്‍മ്മല്യ സ്‌നേഹദൂതന്‍ !
സംതൃപ്തി, സംരക്ഷണംശാന്തിയുംസാന്ത്വനവും
നിസ്തരംചൊരിഞ്ഞോരു സ്‌നേഹാര്‍ദ്ര മഹാത്മജന്‍!
എന്തുതീഷ്ണമാം ബുദ്ധി ,എന്തൊരു പ്രഭാഷണം
എന്തൊരു കര്‍മ്മോന്മുഖമായ സാഹസികത്വം!
വാരുറ്റവെണ്‍താരകംവൈദികര്‍ക്കഭിമാന
മേരുവുംസ്‌നേഹോഷ്മളതാതനുംസ്‌നേഹിതനും,
തന്നൂര്‍ജ്ജം, സ്ഥിരോത്സാഹം, നിസ്തുലപ്രതിഭയും
അന്യൂനം‘മലങ്കര സഭഭയീ ‘യൂയെസ്സേയില്‍’
നിര്‍നിദ്ര,മക്ഷീണനായങ്ങിങ്ങായ് പടര്‍ത്തിയും
വേരൂന്നിവളര്‍ത്താനുംയത്‌നിച്ച കര്‍മ്മോന്മുഖന്‍!,
ഖേദത്തില്‍ഞെരുക്കത്തിലെന്തിലും പതറാത്തോന്‍
അത്യന്തം സഹിഷ്ണുവാന്‍ ആപത്തില്‍സഹായിയും;
എത്രയോ ബാന്ധവരെ, മിത്രരെയൈക്യനാട്ടില്‍
എത്തിച്ചുരക്ഷിച്ചൊരു കടത്തുതോണിയും താന്‍ !
ലക്ഷ്യത്തിലെത്തുംവരെവീറോടെപൊരുതിയും
അക്ഷയ്യദീപമായുംശോഭിച്ച മഹാത്മാവേ !

ഡിഗ്രികള്‍ വാരിക്കൂട്ടാന്‍ രാപ്പകല്‍യത്‌നിച്ചെന്നും
അഗ്രിമനായ ധന്യതേജസ്സേ നമോവാകം!
ഞാനഭിമാനിച്ചിരുന്നതീവവിനീതയായ്
ധന്യനാമീവന്ദ്യന്റെജീവിതാഭ നുകര്‍ന്നും,
അഞ്ചുദശാബ്ദങ്ങളീയൈക്യനാട്ടില്‍ശോഭിച്ചും
അഞ്ചിതനായിത്രനാള്‍മേവിയ പുണ്യശ്ലോകന്‍!
സാത്വിക രാജസാത്മന്‍ ‘യോഹന്നാന്‍ കോറെപ്പിസ്‌ക്കോപ്പാ’
നിത്യമായ്‌മേവീടുകേ പുണ്യാത്മാവായീ ഭൂവില്‍
എന്നാളുംഞങ്ങള്‍ക്കൊരു കാവല്‍മാലാഖയായി
മിന്നിടുംജ്യോതിസ്സായുംഅക്ഷയദീപമായും !!

  • * * * * * *
    എല്ലാം പിന്നിട്ടങ്ങുന്നീ ഭുവന നിവസനം വിട്ടങ്ങു പോയേനിതാ–
    കാലാതീതപ്രദീപഛവിയില്‍തവശരീരാര്‍പ്പണംചെയ്‌വതിന്നായ് ,
    സാഷ്ടാംഗം ഞാന്‍ നമിപ്പൂതിരു സവിധമണഞ്ഞിട്ടചൈതന്യമാമീ–
    നിസ്തബ്ധ ധ്വാനമായ്തീര്‍ന്നൊരു മൃതതനുവായ്മല്‍പ്രഭോത്വല്‍പ്പദത്തില്‍. !!

കഠിനാദ്ധ്വാനിയായ വൈദിക ശ്രേഷ്ടനും അനേകം ബിരുദാനന്തര ബിരുദങ്ങളുടെ സമ്പാദകനും നിരവധി ദേവാലയങ്ങളുടെ സ്ഥാപകനും ആയ വന്ദ്യ ഡോ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, ഒരു ബൈപാസ് ‌സര്‍ജറിയെ തുടര്‍ന്നുണ്ടാായ പലവിധ പ്രയാസങ്ങളില്‍ക്കൂടിയും, വൈദ്യലാകത്തിന്റെ അനാസ്ഥയാലും ശയ്യാവലംബിയും സംസാരവിഹീനനുമായി, വേദനയിലും നിരന്തരം പ്രാര്‍ത്ഥനാ നിരതനായി100 നീണ്ട ദിനങ്ങള്‍ വിവിധ കുഴലുകള്‍ കഴുത്തിലും, ഉദരത്തിലും, പിത്താശയത്തിലുമായി, ഒരേകിടപ്പില്‍ ആസ്പത്രിയില്‍കഴിഞ്ഞ ദിനങ്ങളുടെ ചിത്രീകരണം, സന്തതസഹചാരിയായ പ്രിയതമയുടെ പ്രാര്‍ത്ഥനാ നിരതങ്ങളായ കാതര ദിനങ്ങളിലൂടെഒഴുകിയകണ്ണീര്‍ പൂക്കളാണ് ഈ കവിത, എന്റെ പ്രാണനഥന്റെ പാദാരവിന്ദങ്ങളില്‍ ഈ പുഷ്പാര്‍ച്ചന അര്‍പ്പിക്കട്ടെ, സമാധാനത്തോടെ വേദനയറ്റ ലോകത്തേക്ക് പോയാലും !ഞങ്ങളുടെ കാവല്‍മാലാഖയായി എന്നാളും വിരാജിച്ചാലും!! ഇമ്പങ്ങളുടെ പറുദീസയില്‍ ആ ദിവ്യാത്മാവിനെ ചേര്‍ക്കണമേ സര്‍വ്വേശ്വരാ !

മാര്‍ച്ച് 30, 2021

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: