17.1 C
New York
Tuesday, May 17, 2022
Home Special എന്റെ മലയാളത്തെപ്പറ്റി. (ലേഖനം)

എന്റെ മലയാളത്തെപ്പറ്റി. (ലേഖനം)

പാപ്പച്ചൻ കടമക്കുടി

അമ്മമലയാളം മാതൃഭാഷ എന്നൊക്കെ ഓരോ മലയാളിയും സ്നേഹാദരവുകളോടെ വിളിക്കുന്ന കൈരളിയുടെ ആദ്യത്തെപ്പേര് അമ്പിളിഭാഷ എന്നായിരുന്നുവത്രേ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് പള്ളികൊള്ളുകയാണ് അമ്മ.ഈ കല്പവൃക്ഷവാടിയിലെ നെല്‍വയലുകളില്‍ ഓളമിടുന്ന മന്ദാനിലന്റെ സംഗീതമുണ്ടായിരുന്നു. അന്നൊക്കെ നമ്മുടെ കാരണവന്മാര്‍ക്ക് മലനാട് ഭൂമിമലയാളമായിരുന്നു.

തേനുലാവുന്ന പദങ്ങള്‍….വാരിധിയിലെ തിരമാലപോലെ അലഞ്ഞുലഞ്ഞ് പതഞ്ഞിളകുന്ന വാക്കുകള്‍..
കനകച്ചിലങ്ക കിലുക്കുന്ന വരവര്‍ണ്ണിനിയായ ചാരുകേരളഭാഷ…! ഈ മലയജസൗഗന്ധിക നിലാവിലാണ് നാഴിയിടങ്ങഴിമണ്ണിനോടിഷ്ടമുള്ള അമ്മമാര്‍ പിച്ചപ്പിച്ചനടത്തിയ ഓമനത്തിങ്കള്‍ക്കിടാവിനെ പാടിയുറക്കാന്‍ കവികള്‍ താരാട്ടു പാടിയത്. കല്യാണിയും കളവാണിയുമായ,മാണിക്യച്ചെമ്പഴുക്കക്കുലകള്‍ തോരണം ചാര്‍ത്തിയ നന്മമലയാളം . പച്ചക്കദളിക്കുലകള്‍ക്കിടയ്ക്ക് മെച്ചത്തില്‍ നന്നായ്പഴുത്ത പഴങ്ങളും ചേര്‍ന്നപോലെ മണിപ്രവാളമായ ചാരുകേരളമഞ്ജുളവാണി.

കളമൊഴി നറുമൊഴിയമ്മമൊഴി
കിളിമൊഴി,വരമൊഴി,സ്നേഹമൊഴി
കളിമൊഴി,പുലർമൊഴി,യിമ്പമൊഴി
കുളിർമൊഴി,മലർമൊഴി,കാവ്യമൊഴി
സുഖമൊഴി,നലമൊഴി,നാട്ടുമൊഴി
മുഖമൊഴി, നിറമൊഴി,സത്യമൊഴി.
അലതൻ മടുമൊഴിമലയാളം
രസനയ്ക്കിമ്പം പുതുതാളം
മലനാടിൻനാവടയാളം
മണിമുത്താണെൻമലയാളം.

ഇപ്പോള്‍ മലയാളിയുടെ മനസ്സിലൊരു ശങ്കയുണ്ട്.മലയാളം മരിക്കുകയാണോ..? വിരുന്നുവന്നവരോട് കടം വാങ്ങിയും വേണ്ടത്ര ദാനം ചെയ്തുമാണ് അമ്മ വളര്‍ന്നത്.എഴുതുമ്പോഴും സംസാരിക്കുമ്പോഴും ഏതു മലയാളിക്കും അര്‍ത്ഥം പറഞ്ഞു കൊടുക്കാതെ വ്യക്തമാവുന്ന എല്ലാ അന്യഭാഷാപദങ്ങളും മലയാളമാണ്. പണ്ഡിതര്‍ക്കുപോലും മനസ്സിലാകാത്ത തരത്തില്‍ ഭരണഭാഷാപദങ്ങള്‍ സൃഷ്ടിക്കുന്ന വിചക്ഷണന്മാരാണ് യഥാര്‍ത്ഥ ഭാഷാഗുണ്ടകള്‍. ആരൊക്കെ എന്തൊക്കെ ഹേമദണ്ഡങ്ങള്‍ ഏല്പിച്ചാലും, ഇല്ല എന്റെ മലയാളം മരിക്കില്ല.അമ്മിഞ്ഞപ്പാലിനും അമ്പിളിമാമനും മരണമുണ്ടോ.? ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതരാവാനും കേരളമെന്നു കേട്ടാല്‍ ചോര നെഞ്ചില്‍ത്തിളയ്ക്കാനും പഠിപ്പിച്ചതാണമ്മ. പാടിപ്പതിഞ്ഞ പഴങ്കഥകളും നാവില്‍ നാഴൂരി സംഗീതം നട്ടുവളര്‍ത്തിയ നാടന്‍പാട്ടുകളും കേട്ടാല്‍ കൊതിതീരാത്ത കടംകഥകളും തേനൂറും പഴഞ്ചൊല്ലുകളും ആഭരണങ്ങളാക്കി അണിഞ്ഞൊരുങ്ങിയ കാവ്യനര്‍ത്തകിയാണ് എന്റെ മലയാളം.

ആശയപ്രകാശനത്തിന് മാതൃഭാഷയോളം പരഭാഷകള്‍ ഉപകരിക്കില്ല. അമ്മിഞ്ഞയ്ക്കൊപ്പം മലയാളിമനസ്സില്‍ അലിഞ്ഞു ചേര്‍ന്നതാണ് അമ്മഭാഷയും.
തപ്പോം തപ്പോം തപ്പാണി
ചെപ്പുകുടുക്കയിലെന്തുണ്ട് ?
എന്ന് മുത്തശ്ശിയോട് കടം പറഞ്ഞു കളിക്കാനും കൈകൊട്ടിച്ചിരിക്കാനും കൂട്ടാന്‍ കുറവെന്നുതോന്നിയാല്‍ വഴക്കിടാനും പിന്നെ പൂത്താങ്കീരി കളിച്ച് കൊതിപറയാനും നട്ടാല്‍മുളയ്ക്കാത്ത നുണകള്‍ കൂട്ടുകാരോട് പറഞ്ഞ് തലക്കനമുണ്ടാക്കാനും എനിക്കെന്റെ ഭാഷവേണം.തറയില്‍ കൈപ്പത്തികള്‍ കമഴ്ത്തി വെച്ച് ‘അത്തള പിത്തള’എണ്ണാനും ‘അക്കുത്തിക്കുത്താന’ളിക്കാനും കരയാനും പിണങ്ങാനും എനിക്ക് എന്റെ ഭാഷവേണം. പൂവിനോടും കിളിയോടും മണ്ണിനോടും മരത്തോടും തുമ്പിയോടും തുമ്പയോടും പുഴയോടും കാറ്റിനോടും കിന്നരിക്കാനും കലഹിക്കാനും എനിക്കെന്റെ ഭാഷവേണം. ആറു നാട്ടിൽ നൂറാണ് ഭാഷയെങ്കിലും അമ്മയന്നെ ഒരൊറ്റ അക്ഷരമായി ഭാഷ പൊലിക്കുന്നതങ്ങനെയാണ്.

ഏതൊരാള്‍ക്കും മാതൃഭാഷയിലാണ് ചിന്തിക്കാന്‍ കഴിയുന്നത്.അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ തല്‍സമയം പരിഭാഷയും നടക്കുന്നുണ്ട്.ഇംഗ്ലീഷ് തുടങ്ങിയ മറ്റുഭാഷകള്‍ അറിയുന്നതും കൈകാര്യം ചെയ്യാന്‍ കഴിയുന്നതും നേട്ടമാണ്.എല്ലാ ഭാഷയും മനുഷ്യന്റെ സമ്പത്താണ്. മാതൃഭാഷ നന്നായി അറിയുന്നവര്‍ക്കേ അന്യഭാഷയും നന്നായി ഉപയോഗിക്കാനാവൂ.എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും പുട്ടിനു തേങ്ങയിടുന്നതുപോലെ ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തി മംഗ്ലീഷ് ഫാഷനുണ്ടാക്കി അമ്മയെ അപമാനിക്കരുത്. തോലന്റെ പനസി ദശായാം ഓർമ്മിപ്പിക്കരുത്. കൊതി തീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ , അടിയനിനിയുമുണ്ടാമൊരു ജന്മമെന്നാലതു –
മടി മുതൽ മുടിയോളം നിന്നിലാവട്ടെ തായേ
എന്നു വിതുമ്പിയവരെയും ചവുട്ടിത്തള്ളരുത്. അമ്മ മഴക്കാറിനു കൺനിറയുന്നതപ്പോഴാണ് . .

വാമൊഴിയായും വരമൊഴിയായും എപ്പോഴും മലയാളിയോടൊപ്പമുള്ള നമ്മുടെ മാതൃഭാഷ,
ശ്രേഷ്ഠഭാഷാപദവി നേടിയത് ഓരോ മലയാളിയ്ക്കും അഭിമാനമാണ്. വിചക്ഷണന്മാരുടെ വികലതയില്ലാത്ത മലയാളം ഭരണതലത്തിലും ശീലമാക്കേണ്ടത് നമ്മുടെ കടമയുമാണ്. പിച്ചവെച്ചും നടന്നും വീണും ഓടിയും ഭാഷ വളരുകയാണണ്. ഈ അമ്മയുടെ വാത്സല്യവും സ്നേഹവും പരിലാളനയുമേറ്റാണ് . നാളികേരത്തിന്റെ നാട്ടിലള്ളവര്‍ വളരേണ്ടത്.ഇനിയുമിനിയും നാഴൂരിപ്പാലുകൊണ്ട് നാടാകെക്കല്യാണമാക്കും  നിലാവുപെയ്യുന്ന കേരളത്തിന്റെ സ്നേഹഭാഷയുടെ തൃപ്പതാകകള്‍
പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ.

” മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍.”

പാപ്പച്ചൻ കടമക്കുടി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: