മഹാ പരിശുദ്ധനായ എൽദോ മോർ ബേസെലിയോസ് ബാവയുടെ ഇന്ത്യയിലേക്കുള്ള ആഗമനം.
എ. ഡി 1685 ൽ പരിശുദ്ധ പിതാവ് 92-ആം വയസിൽ പ്രായാധിക്യവും അനാരോഗ്യവും യാത്രാക്ലെശങ്ങളും എല്ലാം അവഗണിച്ചുകൊണ്ട്,, തന്റെ ആത്മീയ മക്കളെ കാണുവാൻ മലങ്കരയിലേക്ക് പുറപ്പെട്ടു.
സ്വന്തം സഹോദരനായ “ജെമ്മാ “യോടും ജോക്കോ റമ്പാൻ, മത്തായി റമ്പാൻ,ഹിദായത്തുള്ള ഈവാനിയോസ് എന്നിവരുമായി ഇറാഖിലെ മൂസലിൽ നിന്നും പായ്കപ്പലിൽ ബസ്രായിലും അവിടെ നിന്ന് സൂററ്റിലും വന്നിറങ്ങി. തുടർന്ന് കടൽമാർഗ്ഗം തന്നെ തലശ്ശേരിയിൽ എത്തി. പോർട്ടൂഗീസുകാരുടെ പിടിയിൽ അകപ്പെടാതിരിക്കാനായി വേഷപ്രച്ഛന്നരായി കിഴക്കൊട്ട് യാത്ര ചെയ്തു തമിഴ്നാട്ടിൽ എത്തി.
വ്യാപരബന്ധം.
ആക്കാലത്ത്, കോതമംഗലവും –തമിഴ്നാടും തമ്മിൽ നല്ല
വ്യാപരബന്ധമുണ്ടായിരുന്നു. യാത്ര ചെയ്യുവാൻ ദുർഘടമായ മലമ്പാത മാത്രമായിരുന്നു ആശ്രയം.ബാവയും സംഘവും കച്ചവടക്കാരോടൊപ്പം കാടും മേടും താണ്ടി മലങ്കരയിലേക്ക് പുറപ്പെട്ടു. വൻമലകളും, കാട്ടരുവികളും കയറിയിറങ്ങി. കാട്ടാനകളും കരടികളും കരിനാഗങ്ങളും ഇഴയുന്ന കൊടും കാട്ടിലൂടെയുള്ള യാത്രയേറെ ക്ലെശകരമായിരുന്നു. യാത്രക്കിടയിൽ വഴിതെറ്റി കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു റമ്പാച്ചനെ കാണാതായി. മറ്റൊരു റമ്പാച്ചനെ കടുവ കടുവ പിടിച്ചുകൊണ്ടുപോയി. പ്രാർത്ഥനയോടെ ബാവ സ്ലീവായും പിടിച്ചു നടന്നു.ബാവായുടെ നേരെ പാഞ്ഞടുത്ത വന്യ മൃഗങ്ങളെയും, വിഷം ചീറ്റിയടുത്ത സർപ്പത്തെയും ബാവ “സ്ലീബ ” ഉയർത്തി പ്രാർഥിച്ചു.അവ ഭയപ്പെട്ടു പിന്നോട്ടോടി. കൂടെ ഉണ്ടായിരുന്ന ആളുകൾ അത്ഭുതപ്പെട്ടു.
“അത്ഭുതങ്ങൾ സംഭവിക്കുന്ന വാസം. “.
സൂര്യൻ അസ്തമിക്കാറായപ്പോൾ അവർ ഒരു മലയടിവാരത്തിലെത്തി. അവിടെ ഉണ്ടായിരുന്ന പുഴയുടെ തീരത്തു രാത്രി ഒരു സത്രത്തിൽ താമസിക്കാൻ ഒരുങ്ങി. ബാവ പ്രാർഥിച്ചപ്പോൾ ദൈവം പറഞ്ഞു, നീ മലയുടെ മുകളിൽ പോയ് വിശ്രമിക്കൂ ഇവിടം സുരക്ഷിതമല്ലന്ന് ബാവക്ക് വെളിപാടുണ്ടായി.അപ്രകാരം മുകളിൽ ഒരു സത്രത്തിൽ താമസിച്ചു ബാവയും കൂട്ടരും. പാതിരാത്രിയിൽ അതിശക്തമായി മഴയുണ്ടായി. പെരുവെള്ളപ്പാച്ചിലിൽ താഴ്ന്ന സ്ഥലത്തു താമസിച്ചിരുന്നവരും അവരുടെ ആടുമാടുകളും ഒഴുകിപ്പോയി, (ഇപ്പോൾ പവർ ഹൗസ് സ്ഥിതിചെയ്യുന്നതിനടുത്തുള്ള സ്ഥലം )പിറ്റേദിവസം ബാവയും കൂട്ടരും കുർബ്ബാന അർപ്പിക്കുന്നതിനായി 3 കല്ലുകൾ കൂട്ടിവച്ചു ഒരു പീഠമുണ്ടാക്കി. ബാവ അതിന്മേൽ കുർബ്ബാന അർപ്പിച്ചു. ആ പ്രദേശം “പള്ളിവാസം ” എന്ന് വിളിച്ചു, പിൽകാലത്ത് “പള്ളിവാസൽ” എന്നറിയപ്പെട്ടു. ആ സ്ഥലം ഇപ്പോഴും ആരാധനാലയമായി തുടരുന്നു.
(തുടരും….)
തയ്യാറാക്കിയത്: മിനി എൽദോസ്, കോതമംഗലം.