ശങ്കരത്തിലച്ചനെ ഞാൻ നേരിൽ കാണുന്നത് ടൊറൻ്റോയിലെ കുളിരുള്ള ഒരു സായാഹ്നത്തിലാണ്.
വർഷം 1994.
കാനഡായിലെ ടൊറൻ്റോയില്‍ കോൺസ്റ്റലേഷൻ എന്നു പേരുള്ള പടുകൂറ്റൻ ഹോട്ടൽ മലയാളികൾ കീഴടക്കിയിരിക്കുകയായിരുന്നു. ആ നാളുകളിൽ. അമേരിക്കൻ ഭൂഖണ്ഡത്തിലെ മലയാളികളുടെ മഹാമേളയായ ‘ഫൊക്കാന’ സമ്മേളനം നടക്കുകയായിരുന്നു അവിടെ.

ഹോട്ടലിൽ പല ഭാഗത്തായി പലതരം മലയാള സമ്മേളനങ്ങൾ നടന്നുകൊണ്ടേയിരുന്നു. കഥാസമ്മേളനം. കവിതാസമ്മേളനം. പത്ര പ്രവർത്തന സമ്മേളനം.
കഥയും കവിതയും സാംസ്കാരികവുമൊക്കെ ചേർന്ന സാഹിത്യസമ്മേളനം.
ഏതൊക്കെയോ വേദികളിൽ ഇരിക്കാൻ ഞാനും നിർബദ്ധനായി. കവിതയുടെ വേദിയിലേക്ക് തറവാടിത്തമുളള ഒരു പെൺശബ്ദം കടന്നുവന്നപ്പോൾ മൈക്ക് പേര് ചൊല്ലി വിളിച്ചു.
എൽസി യോഹന്നാൻ ശങ്കരത്തിൽ ഉവ്വ്, എത്രയോ തവണ ഞാൻ ഈ പേര് കേട്ടിരിക്കുന്നു.
യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പയുടെ പത്നി. കവയത്രി.
അപ്പോൾ, ശങ്കരത്തിലച്ചനും ഇവിടെത്തന്നെയുണ്ടാവണം.
ഉണ്ടാവും എന്ന് മലയാള മനോരമയിലെ എൻ്റെ പ്രിയ സഹപ്രവർത്തകൻ മാത്യു ശങ്കരത്തിൽ പറഞ്ഞിരുന്നല്ലോ.
കവിത പെയ്തു തീർന്നപ്പോൾ, ഒരാൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അപ്പോൾ, തിരിച്ചറിയാൻ നാട്ടിൽ കണ്ടു ശീലിച്ച വൈദികൻ്റെ വേഷ മല്ലാതിരുന്നിട്ടും എൻ്റെ മനസ്സ് എന്നോടു പറഞ്ഞു:
ഇതാണ് അച്ചൻ.
ഞാൻ കാണാൻ കാത്തിരുന്ന ശങ്കരത്തിലച്ചൻ.
എത്രയോ മുൻപ് വാമൊഴിയുടെ സമൃദ്ധിയിലൂടെ മനസ്സിൽ കൂടിയേറിയ കാണപ്പെടാത്ത അയൽക്കാരൻ.
“ഞാൻ ജോസിനെ തേടി നടക്കുകയായിരുന്നു” എന്ന് അച്ചൻ അപ്പോഴേക്കും,
കവിതയിൽനിന്നിറങ്ങിയ ഈണം പോലെ അച്ചൻ്റെ പത്നി വന്നു, എൽസിയോഹന്നാൻ ശങ്കരത്തിൽ.
അവിടെ തുടങ്ങുന്നു തീവ്രവും ഗാഢവുമായ ഒരു സ്നേഹബന്ധം. അച്ചൻ്റെ താമസം അന്നും ഇന്നും ന്യൂയോർക്കിലാണെങ്കിലും ടൊറൻ്റോയില്‍ തന്നെ ശങ്കരത്തിൽ ദമ്പതികൾ എന്നെ അതിഥികളാക്കിക്കളഞ്ഞു .അച്ചൻ കാണാൻ പോയ മലയാളി സുഹൃത്തുക്കളുടെ വീടുകളിലെല്ലാം ഒപ്പം എന്നെയും കൂട്ടി. അങ്ങനെ ഞാനറിയാത്ത എന്നെ അറിയാത്ത, ഒരുപാട് ആതിഥേയർ ടൊറൻ്റോയില്‍ എനിക്കുണ്ടായി.
ടൊറൻ്റോയില്‍നിന്ന് അമേരിക്കയിലേക്കു പോയ ഞാൻ ഫ്ളോറിഡ, ഹൂസ്റ്റൺ, വാഷിങ്ടൺ, ലോസാഞ്ചലസ് ചുറ്റി ന്യൂയോർക്കിലെത്തിയത് അച്ചൻ്റെയും കൊച്ചമ്മയുടെയും അതിഥിയാകാൻ തന്നെയാണ്.
ന്യൂയോർക്കൽനിന്നു വളരെ ദൂരെ ന്യൂവാർക്ക് വിമാനത്താവളത്തിലെ പുലർകാലത്തിലേക്കു ഞാൻ ചെന്നിറങ്ങുമ്പോൾ രണ്ടുപേരും അവിടെ കാത്തുനില്ക്കുകയായിരുന്നു. ലോംഗ് ഐലൻഡിലെ താമസസ്ഥലത്തു നിന്ന് എത്രയോ കിലോമീറ്റർ ഉറക്കമിളച്ച് കാറോടിച്ചാണ് അവർ വന്നതെന്ന് മടക്കയാത്രയുടെ ദൈർഘ്യം എനിക്കു പറഞ്ഞു തന്നു.
ഊഷ്മളമായ ഒരു സൗഹാർദ്ദത്തിലേക്കുള്ള യാത്രയുടെ തുടക്കം. പിന്നെ ഞങ്ങൾ ന്യൂയോർക്കിലെ കാഴ്ചകളിലൂടെ, കൗതുകങ്ങളിലൂടെ, ജീവിതത്തിലൂടെ, ഒന്നിച്ചു സഞ്ചരിച്ചു; അവർ എന്നെ നയിച്ചു.
ലോംഗ് ഐലൻഡിലെ മനോഹരമായ വീട്ടുവളപ്പിൽ പാവലും പടവലവും കൃഷി ചെയ്ത് മലയാളത്തെ ന്യൂയോർക്കിൽ കുടിയിരുത്തിയ ശങ്കരത്തിൽ കുടുംബത്തിൽ എനിക്ക് ആജീവനാന്ത അംഗത്വം നൽകപ്പെട്ടു.
ഞാൻ നാട്ടിലേക്ക് മടങ്ങുംമുമ്പ് ശങ്കരത്തിൽ ദമ്പതികൾ എനിക്കായി ഒരു സ്പെഷ്യൽ വിരുന്നൊരുക്കി; രണ്ടു ഭാഗങ്ങളുള്ള ഒരു ചേതോഹര കാവ്യം പോലെ ആസ്വാദ്യകരമായൊരു വിരുന്ന്.
ഒന്നാം ഭാഗം സാഹിത്യവിരുന്നായാരുന്നു.
ആ വിരുന്നിൽ ന്യൂയോർക്കിലെയും സമീപപ്രദേശങ്ങളിലെയും മലയാളം എഴുത്തുകാരും മികച്ച വായനക്കാരും ഒത്തുകൂടി. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ മാത്രം മനോഹരമായ ഒരു സാഹിത്യ സായാഹ്നമായിരുന്നു അത്.
രണ്ടാം ഭാഗം, മലയാളത്തിൻ്റെ മധുരം കിനിയുന്ന പായസത്തിലവസാനിച്ച വിരുന്നും.
ശങ്കരത്തിലച്ചൻ്റെയും പത്നി എൽസി യോഹന്നാൻ്റെയും യാത്രകളിലും സൗഹൃദങ്ങളിലും എപ്പോഴും കവിതയുണ്ടായിരുന്നു.
എൽസി യോഹന്നാൻ ശങ്കരത്തിലിൻ്റെ ആദ്യകാവ്യസമാഹാരമായ ‘കന്നിക്കണ്മണി’ മുതൽ ഏറ്റവും പുതിയ കൃതിയായ ‘മൂല്യമാലിക’ വരെയുളള എല്ലാ പുസ്തകങ്ങളുടെയും കാര്യത്തിൽ ഏതോ നിയോഗം പോലെ ഒരു ബന്ധം എനിക്ക് അനുവദിച്ചു കിട്ടി; പത്രപ്രവർത്തനത്തിലെ ‘കോപ്പി ടെസ്റ്റ്റു’ടെ റോൾ പോലെ ഒന്ന്.
കവിതയുടെ ശീലുകൾ ഞങ്ങൾക്കിടയിൽ പിന്നെയും പിന്നെയും സ്നേഹത്തിൻ്റെ സംഗീതമുദ്രകൾ വീഴ്ത്തി.
ശങ്കരത്തിലച്ചൻ്റെ സ്നേഹം കുഞ്ഞാടിനെ വിടാതെ പിന്തുടരുന്ന ഇടയൻ്റെ സ്നേഹം പോലെയാണ്. ആടിനു പുല്ലു വേണ്ടെന്നു പറഞ്ഞാലും ഇടയൻ സമ്മതിക്കില്ല. തിന്നേ പറ്റൂ. അത് ഇടയൻ്റെ തീരുമാനമാണ് . എതിരു പറഞ്ഞാൽ ഇടയനു പരിഭവമാകും.

പിന്നീട് , 1998-ൽ രാഷ്ട്രപതി കെ.ആർ.നാരായണൻ്റെ സംഘത്തിലംഗമായി ഞാൻ ന്യൂയോർക്കിലെത്തിയപ്പോൾ ഇതേ സ്നേഹത്തിൻ്റെപേരിൽ വഴക്കുണ്ടാക്കേണ്ടിവന്നുവെന്നുപോലും പറയാം . ന്യൂയോർക്കിൽ കെ. ആർ . നാരായണനെ സന്ദർശിക്കാൻ ക്ഷണം ലഭിച്ച പ്രമുഖ ഭാരതീയരിൽ ശങ്കരത്തിലച്ചനും പത്നിയുമുണ്ടായിരുന്നു . രാഷ്ട്രത്തലവന്മാർ താമസത്തിനു തെരഞ്ഞെടുക്കുന്ന വാൽഡോഫ് അസ്റ്റോറിയ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച .
വീണ്ടും രാഷ്ട്രപതിയോടൊപ്പം സുദീർഘമായ ലാറ്റിനമേരിക്കൻ യാത്രകഴിഞ്ഞ് ഒരു രാത്രി തങ്ങാൻ മാത്രമായി ന്യൂയോർക്കിലെ ഹോട്ടലിൽ മടങ്ങിയെത്തുമ്പോൾ ശങ്കരത്തിൽ ദമ്പതികൾ മണിക്കൂറുകളായി എന്നെ കാത്തിരിക്കുകയായിരുന്നു അവിടെ .
വീർപ്പുമുട്ടിക്കുന്ന ആ സ്നേഹം , എത്സി യോഹന്നാൻ ശങ്കരത്തിലിൻ്റെ ‘മൂല്യമാലിക’ എന്ന കാവ്യത്തിലെ വരികളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു .
സ്നേഹത്തിൻ ഭാഷതാൻ ത്യാഗം
സ്നേഹമത്രേ സിദ്ധൗഷധം
സ്നേഹത്തിൻ വിലയാൽത്തന്നെ
സ്നേഹത്തിൻ കടം വീട്ടുക .
പക്ഷേ എന്നെ നിരായുധനാക്കുന്ന ആ സ്നേഹത്തിൻറെ കടം എങ്ങനെ വീട്ടുമെന്ന് എനിക്കറിയാതിരുന്നപ്പോഴാണ് ആ ദേഹ വിയോഗവാർത്ത മാത്യു ശങ്കരത്തിൽ എന്നെ അറിയിക്കുന്നത് . ഞാൻ നമിക്കുന്നു , ആ പുണ്യാത്മാവിനെ !