17.1 C
New York
Saturday, September 18, 2021
Home Special എന്താണ് ദേവീഭാഗവതം

എന്താണ് ദേവീഭാഗവതം

✍ശ്രീജ മനോജ്‌, അമ്പലപ്പുഴ

ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.

ശാക്തപുരാണങ്ങളിൽ പ്രമുഖം. ദേവീപുരാണം, കാളികാപുരാണം, മഹാഭാഗവതം (ദേവീമഹാഭാഗവതം), ദേവീഭാഗവതം, ഭഗവതീപുരാണം, ചണ്ഡീപുരാണം (ചണ്ഡികാപുരാണം), സതീപുരാണം (കാളീപുരാണം, കാളികാപുരാണം) എന്നിവയാണ് പ്രധാന ശാക്തപുരാണങ്ങൾ.

ഭാഗവതപുരാണത്തെ പതിനെട്ട് മഹാപുരാണങ്ങളിൽ ഒന്നായി കണക്കാക്കുമ്പോൾ ശ്രീമദ്ഭാഗവതത്തെയും ദേവീഭാഗവതത്തെയും പരിഗണിക്കുന്നതായാണ് പണ്ഡിതമതം. മഹാപുരാണങ്ങളിൽ ദേവീഭാഗവതം ഉൾപ്പെടുന്നതായി വായുപുരാണം, മത്സ്യപുരാണം, കാളികാ ഉപപുരാണം, ആദിത്യ ഉപപുരാണം തുടങ്ങിയവയിൽ പ്രസ്താവമുണ്ട്. പദ്മപുരാണം, വിഷ്ണുധർമോത്തരപുരാണം, ഗരുഡപുരാണം, ഉപകൂർമപുരാണം തുടങ്ങിയവയിൽ ദേവീഭാഗവതത്തെ ഉപപുരാണമായാണ് പ്രസ്താവിച്ചിട്ടുള്ളത്.

ശ്രീമദ്ഭാഗവതപുരാണത്തിലും ദേവീഭാഗവതത്തിലും പന്ത്രണ്ട് സ്കന്ധങ്ങളിൽ പതിനെണ്ണായിരം ശ്ലോകങ്ങളാണുള്ളത്. ശ്രീമദ്ഭാഗവതത്തിൽ 332 അധ്യായങ്ങളും ദേവീഭാഗവതത്തിൽ 318 അധ്യായങ്ങളുമുണ്ട്. ശ്രീമദ്ഭാഗവതത്തിലെ പഞ്ചമസ്കന്ധത്തിലെയും ദേവീഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെയും ഭൂഗോളവർണനയും മന്വന്തരവർണന, ഭൂഖണ്ഡവിവരണം തുടങ്ങിയവയും ഇവയുടെ സമാനത വെളിപ്പെടുത്തുന്നു. ഇവ രണ്ടിലെയും പ്രമേയം ഉൾക്കൊള്ളുന്ന ഒരു ഭാഗവതമായിരുന്നു ആദ്യമുണ്ടായിരുന്നത് എന്നും ബൗദ്ധധർമപ്രഭാവത്തോടെ ഇതിന് പ്രചാരമില്ലാതായശേഷം പില്ക്കാലത്ത് വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ഇതിൽനിന്ന് വൈഷ്ണവമായ ശ്രീമദ്ഭാഗവതവും തുടർന്ന് ശാക്തമായ ദേവീഭാഗവതവും പ്രത്യേകം രചിതമായി എന്നും വിശ്വാസമുണ്ട്. സ്കന്ധത്തിന്റെയും ശ്ലോകത്തിന്റെയും എണ്ണത്തിലും പല വർണനകളിലുമുള്ള സമാനതയ്ക്ക് ഇതാണു കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീമദ്ഭാഗവതത്തിന്റെ സ്വാധീനം ദേവീഭാഗവതത്തിൽ പ്രകടമാണ് എന്നും പ്രസ്താവമുണ്ട്.

ദേവീഭാഗവതത്തിലെ വർണനകളുടെ വിശകലനത്തിൽ ഇതിന്റെ രചയിതാവ് ബംഗാളിൽ ജനിച്ച ശക്ത്യുപാസകനായ ഒരു ബ്രാഹ്മണനാണ് എന്ന് അനുമാനിക്കാം എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം ദീർഘകാലം കാശിയിൽ വസിച്ചുവെന്നും അതിനുശേഷമാണ് ഈ പുരാണം രചിച്ചത് എന്നും 11, 12 ശതകങ്ങളാകാം ഇതിന്റെ രചനാകാലമെന്നും ചിലർ അനുമാനിക്കുന്നു. ശാക്തമതത്തിലെതന്നെ വ്യത്യസ്ത വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ശ്രീഭുവനേശ്വരീമൂർത്തിയായ ദേവിയെ ചതുർബാഹുസമന്വിതയായും ത്രിനയനയായും വർണിക്കുന്നു. പാശാങ്കുശങ്ങളും അഭയ, വരദ മുദ്രകളുമാണ് പ്രത്യേകം നാല് കൈയിലുള്ളത്. പരബ്രഹ്മരൂപിണിയും ആത്മസ്വരൂപിണിയുമാണെങ്കിലും സഗുണഭാവത്തിൽ പുരുഷനും പ്രകൃതിയും (ശിവശക്തി) ദുർഗ്ഗ,പാർവ്വതി,ലക്ഷ്മി,ഗംഗ, ഭദ്രകാളി, സരസ്വതി തുടങ്ങിയ ദേവിമാരുമായി പരിണമിച്ച് സർവജഗത്കാരണഭൂതയായും സർവമംഗളപ്രദയായും ഭക്താഭയപ്രദയായും സ്ഥിതിചെയ്യുന്നതായി വർണിക്കുന്നു.

പതിനെട്ട് പുരാണങ്ങളും (മഹാപുരാണങ്ങൾ) വേദവ്യാസനാണു രചിച്ചത് എന്നു പ്രസിദ്ധിയുണ്ട്. ദേവീഭാഗവതത്തെ പതിനെട്ട് പുരാണങ്ങളിലുൾപ്പെടുത്തി ഇതും വ്യാസപ്രണീതം തന്നെയെന്ന് ദേവീഭാഗവതത്തിൽ പ്രസ്താവമുണ്ട്. സൃഷ്ടിവർണന, പ്രളയവർണന, രാജവംശവർണന, മന്വന്തരവർണന തുടങ്ങിയവ ഉൾപ്പെടുന്നതിനാൽ പുരാണലക്ഷണം ഇതിനു യോജിക്കുന്നു. ശ്രീമദ്ഭാഗവതത്തിലെപ്പോലെ ഭാഗവത മാഹാത്മ്യവർണനയോടുകൂടിയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. പരീക്ഷിദുപാഖ്യാനം, ഇളോപാഖ്യാനം, സ്യമന്തകചരിതം എന്നിവ ദേവീമാഹാത്മ്യ പ്രകാശനത്തിനായി വിവരിക്കുന്നുണ്ട്. ശ്രീമദ്ഭാഗവതം ഏഴുദിവസം കൊണ്ടു പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നതു ശ്രവിക്കുന്നതും മോക്ഷദായകമാണെന്നു പ്രസ്താവിക്കുന്നതിനു സമാനമായി നവാഹശ്രവണം- ഒൻപതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവർത്തി വായിച്ചുകേൾക്കുന്നത്-പുണ്യഫലപ്രദമാണെന്ന് മാഹാത്മ്യത്തിൽ വിശദീകരിച്ചിട്ടുണ്ട്.

“ അതോ നവാഹയജ്ഞോയം സർവസ്മാത്പുണ്യകർമണഃ
ഫലാധികപ്രദാനേന പ്രോക്തഃ പുണ്യപ്രദോ നൃണാം. ”

ശ്രീമദ്ഭാഗവതത്തെപ്പോലെതന്നെ പുരാണകഥകളുടെ ഒരു ആകരമാണ് ദേവീഭാഗവതവും. ദേവീമാഹാത്മ്യ പ്രതിപാദകമായ കഥകളാണ് അധികം. മധുകൈടഭനിഗ്രഹകഥയാണ് ആദ്യത്തെ സ്കന്ധത്തിലെ പ്രധാന പ്രമേയം. പരമശിവനും മഹാവിഷ്ണുവിനും കഴിയാതെ വന്നപ്പോഴാണത്രെ മഹാകാളി ദേവി ഈ കൃത്യം ഏറ്റെടുത്തത്. പരാശക്തിയുടെ അനുഗ്രഹത്താലാണ് ദേവന്മാർ അസുരനിഗ്രഹത്തിനു പ്രാപ്തരാകുന്നത്. വ്യാസപുത്രനായി ശ്രീശുകബ്രഹ്മർഷിയുടെ ജനനം, ശ്രീശുകമുനിയുടെ ദേവീഭാഗവതപഠനം തുടങ്ങിയവയും ഈ സ്കന്ധത്തിലെ പ്രധാന കഥകളാണ്.

മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന ചില കഥകൾ രണ്ടാംസ്കന്ധത്തിൽ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പരാശരമുനിയുടെ പുത്രനായി വേദവ്യാസന്റെ ജനനം, ശന്തനു മഹാരാജാവിന്റെയും സത്യവതിയുടെയും വിവാഹ കഥ, പാണ്ഡവരുടെ കഥ, പരീക്ഷിത്തിന്റെ ജനനം, പരീക്ഷിത്തിനെ തക്ഷകൻ ദംശിക്കുന്ന കഥ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ദേവീഭാഗവതമാഹാത്മ്യവർണനയോടെയാണ് ഈ സ്കന്ധം അവസാനിക്കുന്നത്.

തൃതീയസ്കന്ധത്തിൽ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ദേവീസ്തുതി, അവർക്ക് ദേവി ജ്ഞാനോപദേശം നല്കുന്നത്, തത്ത്വനിരൂപണം, രാമായണകഥാസംഗ്രഹം, ശ്രീരാമന് നാരദൻ നവരാത്രി വ്രതോപദേശം നല്കുന്നത് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. മൂന്നാം സ്കന്ധത്തിൽ രാമായണകഥയും നാലിൽ ശ്രീകൃഷ്ണചരിതവുമാണ് പ്രധാന പ്രതിപാദ്യം. ശ്രീകൃഷ്ണന്റെ അത്ഭുതപ്രവൃത്തികൾക്കു സമാനമായി പരാശക്തിയുടെ കർമങ്ങളും സർവജ്ഞതയും നാലാം സ്കന്ധത്തിൽ നിരൂപണം ചെയ്യുന്നു.

മഹിഷാസുര നിഗ്രഹവും ശുംഭനിശുംഭ നിഗ്രഹവുമാണ് അഞ്ചാം സ്കന്ധത്തിലെ പ്രധാന കഥകൾ. ദേവീമാഹാത്മ്യത്തെപ്പറ്റി ബ്രഹ്മാവും മഹാവിഷ്ണുവും ചർച്ചചെയ്യുന്നതും പ്രധാന പ്രതിപാദ്യമാണ്. വൃത്രാസുരവധം തുടങ്ങിയ അനേകം കഥകൾ ആറാം സ്കന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാമായാമഹിമ, ഭഗവതീമാഹാത്മ്യം എന്നിവയും അവസാനത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നു.

ദേവീമഹത്ത്വപ്രകാശകങ്ങളായ അനേകം കഥകൾ ഏഴാം സ്കന്ധത്തിലുണ്ട്. വംശാനുചരിതവർണനയും ഈ ഭാഗത്തു കാണാം. ദേവിയുടെ വിരാടരൂപം, ബ്രഹ്മനിരൂപണം, വിജ്ഞാനമഹിമ, ദേവീപൂജാവിധി, അതിന്റെ ഫലശ്രുതി എന്നിവയും ഈ സ്കന്ധത്തിൽ വർണിക്കുന്നു. ദേവിയുടെ വിരാട് സ്വരൂപ വർണനത്തോടെ ആരംഭിക്കുന്ന ഭൂഗോള വർണനമാണ് എട്ടാം സ്കന്ധത്തിലെ പ്രധാന പ്രതിപാദ്യം. പതിനാല് ലോകത്തിന്റെ വർണന ഇവിടെയുണ്ട്.

ദേവിയുടെ ശക്തിസ്വരൂപവർണനയും അനേകം കഥകളിലൂടെ ഇതിന്റെ വിശദീകരണവും ഒൻപതാം സ്കന്ധത്തിൽ കാണാം. തുളസീമാഹാത്മ്യം, ദേവീ പൂജാവിധി, പാപകർമങ്ങൾ, അതിനനുസരിച്ചു ലഭിക്കുന്ന നരകം തുടങ്ങിയവയും ഈ ഭാഗത്തു വിവരിക്കുന്നു. മന്വന്തരങ്ങളെ പരിചയപ്പെടുത്തുന്നതാണ് പത്താം സ്കന്ധം.

സദാചാരവർണന, ആശൗചസ്നാനാദി വിധി, രുദ്രാക്ഷമാഹാത്മ്യം, ഭസ്മ മഹിമ, പല പ്രകാരത്തിലുള്ള വ്രതചര്യകൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയാണ് പതിനൊന്നാം സ്കന്ധത്തിലെ മുഖ്യ വിഷയങ്ങൾ. ദേവീസ്വരൂപത്തിൽ ഗായത്രീമന്ത്രത്തിന്റെ പ്രാധാന്യം പന്ത്രണ്ടാം സർഗത്തിൽ മുഖ്യമായി വിവരിക്കുന്നു. ദേവീഭാഗവത ഫലശ്രുതിയോടെയാണ് ഗ്രന്ഥം പരിസമാപിക്കുന്നത്. ജഗത്കാരണഭൂതയായ ജഗദംബികയിൽ അചഞ്ചലമായ ഭക്തിയാണ് ഫലശ്രുതിയിൽ പരമപ്രധാനമായി നിർദ്ദേശിക്കുന്നത്.

ഒൻപതു ദിവസം നീണ്ടുനില്ക്കുന്ന ദേവീപൂജയും ഒൻപതുദിവസംകൊണ്ട് ദേവീഭാഗവതപാരായണവും ശ്രവണവും അതീവപുണ്യവും ഭക്തിമുക്തിപ്രദവുമാണെന്ന് ദേവീഭാഗവതത്തിൽത്തന്നെ നിർദ്ദേശിക്കുന്നുണ്ട്. വിജയദശമി ദിനത്തിനു മുമ്പുള്ള ഒൻപതുദിവസം നവരാത്രം എന്നു പ്രസിദ്ധമാണ്. ദുർഗാപൂജ, സരസ്വതീപൂജ, ആയുധപൂജ, പുസ്തകം-തൊഴിൽ ഉപകരണങ്ങൾ എന്നിവ പൂജിക്കൽ തുടങ്ങിയ വ്യത്യസ്ത രീതികളിൽ വിജയദശമി ദിനത്തിനു മുമ്പുള്ള ഒൻപതുദിവസം ഭക്തിനിർഭരമായ ആഘോഷം ഭാരതത്തിൽ എല്ലാ ദേശങ്ങളിലും പതിവുണ്ട്.

“ നവരാത്രിവിധാനേന സംപൂജ്യ ജഗദംബികാം,
നവാഹോഭിഃ പുരാണംച ദേവ്യാ ഭാഗവതം ശൃണു.”

(ഒൻപതു ദിവസം നീണ്ടുനില്ക്കുന്ന ദേവീഭജനത്തിനുശേഷം ഒൻപതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവർത്തി വായിച്ചുകേൾക്കുകയും വേണം എന്നാണ് നിർദ്ദേശിക്കുന്നത്.)

ത്രിമൂർത്തിസങ്കല്പം പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാരണവുമായി ബന്ധപ്പെട്ടതായിപുരാണങ്ങളിൽ വർണിക്കപ്പെടുന്നുണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികേന്ദ്രമായും സഹായഭൂതയായും വർത്തിക്കുന്ന പരാശക്തിയുടെ പ്രഭാവം ദേവീഭാഗവതത്തിലും മറ്റു ശാക്തപുരാണങ്ങളിലും വെളിപ്പെടുത്തുന്നു.

ശ്രീമദ്ഭാഗവതത്തിലും ദേവീഭാഗവതത്തിലും ഭക്തിയുടെ പരമപ്രാധാന്യമാണ് ഏറ്റവുമധികം വിശദമാക്കുന്നത്. ശ്രീമദ്ഭാഗവതത്തിൽ ദർശനങ്ങൾ പ്രാമുഖ്യത്തോടെ വിശകലനം ചെയ്യുമ്പോൾ ദേവീഭാഗവതത്തിൽ തന്ത്രത്തിനാണ് ആ സ്ഥാനം നല്കിയിട്ടുള്ളത്. ഈ സ്വാധീനമാണ് രാധാസങ്കല്പത്തിന് ദേവീഭാഗവതത്തിൽ പ്രാധാന്യം ലഭിക്കാൻ കാരണം. മംഗള, ചണ്ഡി, ഷഷ്ഠി, മാനസ തുടങ്ങിയ മൂർത്തിഭേദങ്ങളുടെ ഉപാസന പില്ക്കാലത്ത് ഉൾപ്പെടുത്തിയതാണ് എന്നു പരാമർശമുണ്ട്. ബംഗാളിലെ ശക്ത്യുപാസനയുടെ സ്വാധീനത്താലാണിത് എന്നാണു വിശ്വാസം. ദേവീഭാഗവതത്തിന്റെ ചില ഭാഗങ്ങളെങ്കിലും ശ്രീമദ്ഭാഗവതത്തെക്കാൾ പ്രാചീനമാണെന്നു കരുതുന്നുണ്ട്. എന്നാൽ ദേവീഭാഗവതം ഇന്നത്തെ നിലയിൽ ഒൻപതും പതിനൊന്നും ശതകങ്ങൾക്കിടയിൽ രൂപപ്പെട്ടെന്നു കരുതാമെന്നാണ് പണ്ഡിത മതം. നീലകണ്ഠൻ, സ്വാമി തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഭാരതീയ പ്രാദേശിക ഭാഷകളിൽ വിവർത്തനങ്ങളും അനേകം അനുവർത്തനങ്ങളും ദേവീഭാഗവതത്തിനു ലഭ്യമാണ്,

ശ്രീജ മനോജ്‌, അമ്പലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: