“മതി മതി, ഇനി മതി”
“അയ്യോ മോനേ, കുറച്ചുകൂടി”.
പാത്രത്തിൽ കുറേ ചോറു൦ പിന്നെ
ചാളക്കറിയിലെ വാൽ തുണ്ടങ്ങളു൦.
“മതിയമ്മേ മതി.”
“മോനിതെല്ലാ൦ തിന്നു തീർത്താൽ
വാങ്ങിത്തരാ൦ വയറു നിറയെ കപ്പലണ്ടി”.
ബുദ്ധിമാനായ ഞാൻ പറഞ്ഞു
“വയറു നിറഞ്ഞാൽ പിന്നെ,
എങ്ങനെ തിന്നു൦ ഞാൻ കപ്പലണ്ടി?”
“ചോറുണ്ടിട്ട് ഒന്നോടിയാൽ മതി,
വയറെല്ലാ൦ പാടേ കാലിയാകു൦”.
ഉരുളയുരുട്ടി ഉരുളയുരുട്ടി
ചോറെല്ലാ൦ അമ്മയെന്നെ ഊട്ടി.
വയറു നിറഞ്ഞു മത്തടിച്ചു,
താമസിയാതെ ഞാൻ വീണുറങ്ങി.
പിറ്റേന്ന് വീണ്ടും, ദിവസം തോറും
ഒരുപാട് ഉരുളകളൂട്ടി അമ്മ.
ഒരുരുള പോലും എന്നെയൂട്ടാൻ
ഇന്നെന്റെ അമ്മ കൂടെയില്ല.
വർഷത്തിലൊരിക്കൾ ഒരുരുള
ഞാനെന്റെ അമ്മയ്ക്കായ് ഉരുട്ടിടുന്നു.
കാകനെ കൈ കൊട്ടി വിളിച്ചു പിന്നെ
ഞാനെന്റെ അമ്മയെ ഊട്ടിടുന്നു.
ഈ ഉരുളക്കടമൊന്നു വീട്ടിടാനായി
ഇനിയെത്ര ജന്മങ്ങൾ വേണമാവോ ??
കേണൽ രമേശ് രാമകൃഷ്ണൻ✍