തിരഞ്ഞെടുപ്പ് ഫലംഅറിയുന്നതിന് മുൻപേ ഫലംവന്നു കഴിഞ്ഞിരിക്കുന്നു ജയിച്ചത് കൊറോണ തന്നെ.അദൃശ്യനായ കൊലയാളി സ്ഥാനാർത്ഥി വിജയം കണ്ടെത്തിയിരിക്കുന്നു.
കേരളത്തിൽ പലയിടത്തും കൊല അല്ലെങ്കിൽ മരണം നടന്നു കഴിഞ്ഞിരിക്കുന്നു. പ്രതി കൊറോണയെന്ന ഭീകരൻ തന്നെ. നിരന്തരം വ്യാപിച്ചുകൊണ്ടിരുന്ന മഹാമാരിയെ തടയാൻ ഏറ്റവും കൂടുതൽ പ്രഹരമേറ്റത് പാവം പ്രവാസിക്കായിരുന്നു . നെഞ്ചിന്റെ നെരിപ്പോടിൽ കുത്തിക്കയറിയ പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് കേരളത്തിൽ.
സ്വന്തമായി രണ്ടു സ്ഥലത്ത് ഇരു നില ഗൃഹമുള്ള ഒരു പ്രവാസിയെ ഒരു ഭവനത്തിലും താമസിപ്പിക്കാൻ ഇടംനൽകാതെ നെട്ടോട്ടം ഓടിപ്പിച്ച ഹൃദയഭേദകമായ ഒരു സംഭവം.. അതോർക്കുമ്പോൾ ഇപ്പോഴും ചങ്കുപൊട്ടും. പക്ഷെ ഇവർക്കൊക്കെ ഹൃദയം ഉണ്ടോ എന്നുചോദിച്ചാൽ തൊട്ടു നോക്കേണ്ടി വരും . കൊറോണയുടെ പേരുപറഞ്ഞ് എത്രയോ പാവങ്ങളെ പോലീസുകാർ തല്ലിക്കൊന്നു. പ്രവാസികൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല.
. കേരളത്തിൽ കാതലായ ഒരു വ്യവസായ സ്ഥാപനവും ഇന്നില്ല. കശുവണ്ടി, കയർ , നെയ്ത്ത് വ്യവസായങ്ങൾ കൊടിപിടിച്ച് കാലഹരണപ്പെട്ടുകഴിഞ്ഞു. കാർഷികമേഖലകൾ തകർന്നടിഞ്ഞിരിക്കുന്നു. റബ്ബർ കൃഷി , നെൽകൃഷി ഏലം, കുരുമുളക് അടയ്ക്കാ കൊക്കോ മുതലയാവ ജീർണ്ണനാവസ്ഥയിൽ തന്നെ. കോറോണമൂലം ടൂറിസ വരുമാനം നിലശ്ചിരിക്കുന്നു. ആകെ ഉള്ളത് ചില ടെക്നോ പാർക്കുകൾ മാത്രം അവിടെയും താമസിയാതെ കൊടി ഉയരും. കാരണം കമ്പ്യൂട്ടർ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ പണ്ടേയുള്ള വിലയിരുത്തൽ. തൊഴിലാളിക്ക് തൊഴിൽ നഷ്ടമാകുംപോലും പിന്നെ വരുമാനം എവിടെ നിന്ന് എന്ന്ചോദിച്ചാൽ പ്രവാസി മക്കളുടെ പണം. 2018-19 വർഷത്തിൽ 242535 കോടി രുപയാണ് പ്രവാസികളുടെ നിക്ഷേപ വരുമാനം . കൊറോണക്കുശേഷം ഇത് ഇരുപത് ശതമാനം കുറയും . പിന്നെ കേരളം പട്ടിണിയിലേക്ക് കൂപ്പുകുത്താൻ അധികദൂരമില്ല.
പല തരത്തിൽ ഇത്തരം സ്ഥിരവരുമാനം നൽകി വരുന്ന പ്രവാസികളെയാണ് കൊറോണയുടെ പേരിൽ സ്വഭവനത്തിൽപോലും കയറ്റാൻ അനുവദിക്കാതെ നിരന്തരം നെട്ടോട്ടമോടിച്ചത് . ഇലക്‌ഷൻ അടുത്തപ്പോൾ എല്ലാ കൊറോണ നിയന്ത്രങ്ങളും കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ കാറ്റിൽ പറത്തി കൊറോണക്ക് വളമിട്ടുകൊടുത്തില്ലേ? ഇതെല്ലാം വീണ്ടും പ്രവാസിയുടെ ചുമലിൽ കയറ്റി അവന്റെ മുതുകൊടിക്കും . ഇലക്‌ഷൻ അടുത്തപ്പോൾ രാഷ്ട്രീയക്കാരുടെ കണ്ണിൽ തിമിരം ബാധിച്ചു. മുഖത്ത് വെയ്ക്കേണ്ട മാസ്ക്കുകൾ താടിക്കുവെച്ച് നേതാക്കൾ ജനത്തിനു മാതൃകകാട്ടിയത് സത്യത്തിൽ ഊളത്തരമെന്നുതന്നെ പറയാം .
കൊട്ടിക്കലാശം നിയമം മൂലം നിയന്തിച്ചിട്ടും നേമത്ത് മാസ്ക് വെയ്ക്കാതെ മൂന്നു പാർട്ടിക്കാരും തിമിർത്താടിയപ്പോൾ അവിടെ ജയിച്ചത് കൊറോണതന്നെ. നേതാക്കന്മാർ പോലും കൊറോണ ദുരന്തത്താൽ കക്ഷിഭേദമന്യെ ആശുപത്രിയിൽ അഭയംപ്രാപിച്ചു. രാഷ്ട്രീയക്കാരുടെ വാക്കുകൾകേട്ട് കേരളംവീണ്ടും ഒരു ലോക്ഡൗണിലെത്തുമോയെന്നു ആശങ്കപ്പെടുന്നു .ഇലക്ഷന് വിജയിക്കാൻവേണ്ടി മാത്രം ജനങ്ങളെ ഇത്തരത്തിൽ ബലിയാടാക്കുന്നതിൽ നാണംതോന്നുന്നു. ഒരു കൊറോണ രോഗിക്ക് ഒരു ദിവസം നാനൂറു പേർക്ക് രോഗം പകർത്താൻ കഴിവുണ്ടെങ്കിൽ ഐശ്വരയാത്രയിലും വികസന യാത്രയിലും എത്രായിരം പേർ രോഗത്തിന് അടിമകളായി എന്നു നാം കണക്കെടുക്കുമ്പോൾ നില അതീവ ഗുരുതരാവസ്ഥയിലേക്കു മാറിയെന്ന് കൂട്ടാം. ഇതും അവസാനം പ്രവാസിയുടെ പിടലിക്കു തന്നെ വെയ്ക്കും. കാരണംഅവരല്ലേ രണ്ടാം കെട്ടിലെമക്കൾ.
ഇനിയെങ്കിലും പ്രവാസികളെ ജീവിക്കാൻ അനുവദിക്കുക. അവരുടെ സ്വത്തുക്കൾ വിൽക്കാൻ മാത്രം പ്രത്യേക നിയമങ്ങൾ വിസ നിയമങ്ങൾ കർക്കശം. ഒ.സി.ഐ എടുത്തിട്ടും നിയമം അടിക്കടി മാറ്റപ്പെടുന്നു വോട്ടുചെയ്യാൻ അവകാശമില്ല പഴയ വിസയുണ്ടായിട്ടും പുതിയ വിസ എടുക്കാൻ നിർബന്ധിതരാക്കുന്നു.എന്നിട്ടും നാം നാട്ടിൽ നിന്നുവരുന്ന രാഷ്ട്രീയക്കാരുടെ പൃഷ്ഠം താങ്ങുന്നതു കാണുമ്പോൾ നാണം തോന്നാറില്ലേ.
ചില പ്രവാസികൾ നാട്ടിൽ ഇവർക്കുവേണ്ടി പ്രചരണത്തിന് പോയിരിക്കുകയാണ്. നല്ലതു തന്നെ . പക്ഷെ, നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇത്തരം യാത്രകൾക്ക് വെള്ളത്തിൽ വരച്ച വരയുടേയോ വെറും കടലാസു കപ്പലുകളുടേയോ വിലപോലും കാണില്ലയെന്ന കാര്യം ബോധിപ്പിക്കട്ടെ .
നിരന്തരംനമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന വൈറസിനെ നാംതന്നെ വീണ്ടും ക്ഷണിച്ച് അതിഥിയാക്കുമ്പാൾ ജയം ആ ഭീകരനുതന്നെയല്ലേ? വാക്സിൻ പൂർണമായ ഒരു പ്രധിവിധിയല്ലെന്നു വിദഗ്ധർ ഉപദേശം നൽകിയിട്ടും സാമൂഹിക അകലം പാലിക്കാതെയുള്ള പാർട്ടി യോഗങ്ങൾ ജാഥകൾ ഇവ നമ്മെ ഒരുകൊലക്കയറിൽ തന്നെ വീണ്ടും തൂക്കില്ലേ യെന്ന് ആശങ്കയുണ്ടാക്കുന്നു.
അമേരിക്കയിലും സ്ഥിതിമറിച്ചായിരുന്നില്ല. മുൻപ്രസിസണ്ട് ട്രമ്പ്കൊ റോണ എന്ന മഹാമാരിയെ മാസ്ക് വെയ്ക്കാതെ കുറച്ചു കാണിച്ചതും രാഷ്ട്രീയ ലക്ഷ്യം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ റാലിക്കു ആളു വേണം വീണ്ടും അധികാരം കയ്യാളണം ..അവസാനം എന്തു പറ്റി ? ലോക ചരിത്രത്തിലെ ഏറ്റവും മോശമായ മുൻ അമേരിക്കൻ പ്രസിഡണ്ടായി വീട്ടിലിരുന്നു ചൊറികുത്തുകയല്ലേ? ഇനി ഒരങ്കത്തിന് ബാല്യമുണ്ടെന്നാണ് പുള്ളി വീണ്ടും മനക്കോട്ട കെട്ടുന്നത്. പക്ഷെ ബൈഡൻ അദ്ദേഹത്തിനെ എന്നേക്കുമായി ബൈ പറയിപ്പിച്ചിരിക്കയാണ്. രാഷ്ട്രസേവനമാണ് ഒരു രാഷ്ട്രീയക്കാരന്റെ ലക്ഷ്യം അല്ലാതെ സ്വയം പള്ള വീർപ്പിക്കലല്ല . ജനങ്ങളുടെ നികുതിപ്പണമെടുത്താണ് പൊതുജനതാൽപര്യങ്ങൾക്ക് പരിഹാരംകാണുന്നത്. ആരുടേയും പോക്കറ്റിൽ നിന്നുമല്ല. ഒരു മഹാമാരിവരുമ്പോൾ ജനങ്ങളെ രക്ഷിക്കുക ഇവരുടെ ബാദ്ധ്യതയാണ്.അതിനാണ്ഇ വരെയൊക്കെ നാംതിരഞ്ഞെടുത്ത് വിടുന്നത്.
കോവിഡ് വീണ്ടും ആളിപ്പടരാൻ കേരളത്തിലുണ്ടായണ്ടായ സാഹചര്യം ചില സ്വകാര്യ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമായിരുന്നു. ഇനിയെങ്കിലും മഹാമാരിക്കെതിരെ ഒരുങ്ങി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ജനങ്ങളിൽ രാഷ്ട്രീയ ജ്വരവും മതഭ്രാന്തും കുത്തിനിറച്ച് അവരുടെ ഭാവി കളയിക്കരുതേ എന്ന ഒരു അപേക്ഷയുണ്ട് . നേതാക്കൻമാരും അവരുടെമക്കളും സുഖസുഷിപ്തിയിൽ മണി മന്ദിരങ്ങളിൽ സുഖിക്കുമ്പോൾ രക്തസാക്ഷിയായിപാർട്ടിക്കുവേണ്ടി മരിക്കുന്നത് അരിയാഹാരത്തിന് പോലും നിവർത്തിയില്ലാത്ത പാവം ഒരു പറ്റംഅമ്മമാരുടെ മക്കളാണ്. പാർട്ടി രണ്ടു ദിവസം ഒരു വിലാപയാത്രയും കുറെ ബക്കറ്റു പിരിവും നടത്തും വീണ്ടുംഅവരുടെ പള്ള വീർക്കുംഎന്നല്ലാതെ പാവം ആ അമ്മമാർക്ക് അവരുടെ മക്കളെ തിരിച്ചു കിട്ടുമോ?
വെട്ടിക്കാലരാഷ്ട്രീയവും മഹാമാരിയുംകൂടി ജനങ്ങളെ കാർന്നു തിന്നുമ്പോൾ ബോധവാൻമാരാകേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ വ്യക്തിത്വം ഒരു കൊടിക്കീഴിലും അടിയറവെയ്ക്കാതെ നമ്മുടെ ഭാവി സംരക്ഷിച്ചുകൊണ്ട് നല്ല വ്യക്തികൾക്കു വോട്ടുചെയ്യാം . പറഞ്ഞിട്ടുകാര്യമില്ല, പണം ഒഴുകുന്നിടത്തു മാത്രമെ ജനം ഒട്ടിനിൽക്കുകയുള്ളുവെന്നാണ് കേരള ഇലക്‌ഷൻ സൂചിപ്പിക്കുന്നത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ ബൂത്ത് ഏജന്റിനുംപെട്രോൾ അടിക്കാൻ യു.ഡി.എഫ് പണം നൽകുമ്പോൾ. ഒരു ബൂത്തിന് മുപ്പതിനായിരം രൂപയാണ് ബി.ജ.പി നൽകുന്നത് .
പണം മുടക്കി ജനങ്ങളെ വിലക്കെടുക്കുകയും മത വിഷം കുത്തിവെച്ചും ജനങ്ങളെ കുറുക്കുവഴികളിൽകൂടി നടത്തുമ്പോൾ ജനങ്ങൾ കോവിഡ് എന്ന മഹാമാരി മറന്നുപോകുന്നു. പിന്നെ വിജയിക്കുന്നത് കൊറോണാ എന്ന ഈ അദൃശ്യനായ കൊലയാളിതന്നെ .
അൽപംകൂടി ശ്രദ്ധ നൽകിയാൽ നാം ഒരു വലിയ വിപത്തിൽനിന്നും രക്ഷപെടാമെന്നു ആശിച്ചു കൊണ്ട് നിർത്തട്ടെ നന്ദി….
സ്നേഹപൂർവ്വം,
മോൻസി കൊടുമൺ , ന്യൂയോർക്ക് .
Very true, Moncy…. Good job!! 👍👍
Thanks your comments I