ഈ മന്ദിരം പൊളിപ്പീൻ. മൂന്നു ദിവസം കൊണ്ട് ഞാൻ അതിനെ പണിയും എന്നരുൾ ചെയ്തവൻ്റെ മന്ദിരമാകുന്ന തിരുശരീരം ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്ക്കപ്പെട്ടു. കുരിശിലെ പ്രാണവേദനകൾക്കിടയിൽ അരുമ നാഥൻ ഉരുവിടുന്നത് സ്നേഹ മന്ത്രങ്ങൾ. സമസ്ത വേദനകളെയും തിരുമധുരമാക്കാനുള്ള ദിവ്യ വചസ്സുകൾ.
“പിതാവേ, ഇവർ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ”.
ദുഃഖ വെള്ളി ഇല്ലാതെ ഈസ്റ്റർ പിറക്കില്ല. വേദനയുടെ നാളുകളെ അനുഗ്രഹ സുരഭിലമായ ദിനങ്ങളാക്കിമാറ്റുവാൻ മാർഗം ഒന്നേയുള്ളൂ. കുരിശിൻ്റെ തണലിൽ അഭയപ്പെടുക. ദിവ്യത്വം വിടർന്ന പുഷ്പിക്കാതെ സൗഖ്യം നേടാനാവില്ലല്ലോ?
തിരുവചനം പഠിപ്പിക്കുന്നു, ജീവിതം ഒരു മൺകുടമെന്ന്. മൺകുടം മെനയപ്പെടുമ്പോൾ ഉടയാനിടയുണ്ട്. എന്നാൽ വീണ്ടും മെനയപ്പെടും- “ഇസ്രയേൽ ഭവനമേ, കുശവൻ്റ കയ്യിലെ കളിമണ്ണ് പോലെയാണ് എൻ്റെ കയ്യിൽ നിങ്ങൾ “എന്ന് ബൈബിളിൽ ജറെമിയ പ്രവാചകൻ. ‘ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ’ എന്ന നിലവിളിയിൽ നിന്ന് , വേണ്ട, അങ്ങയുടെ തിരുഹിതം മാത്രം എന്നിൽ നിറവേറട്ടെ’ എന്ന ആത്മസമർപ്പണമാണ് ദുഃഖവെള്ളി നമ്മോടാവശ്യപ്പെടുന്നത്.
“പിതാവേ , ഞാൻ എൻ്റെ ആത്മാവിനെ തൃക്കൈയിൽ ഭാരമേൽപിക്കന്നു” എന്ന കുരിശിലെ മൊഴി ഉരു വിടുമ്പോൾ പ്രത്യാശയുടെ പൂമഴക്കാലം ആരംഭിക്കുകയായി! ആടുകൾക്കു വേണ്ടി ജീവൻ അർപ്പിച്ചതിലൂടെയാണ് യേശു നല്ല ഇടയനായിമാറിയത്. കടന്നുവരുന്ന വേദനകളെ തടയേണ്ടത് വാളെടുത്തല്ല, സ്വയാർപ്പണത്തിലൂടെയാണെന്ന് അവിടുന്നു വെളിപ്പെടുത്തുന്നു. എൻ്റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാൻ കൂടിക്കേണ്ടയോ” എന്നായിരുന്നു സർവ്വേശ്വരൻ്റെ അപ്പോഴത്തെ ചോദ്യം.
നീറും നൊമ്പരങ്ങളിലൂടെ നിരങ്ങി നീങ്ങേണ്ട സന്ദർഭങ്ങളുണ്ടാകുമ്പോൾ ഓർക്കുക, ലോകപ്രശസ്ത കലാകാരനായ മൈക്കിൾ ആഞ്ചലോയുടെ പിയാത്ത ശിൽപം. രക്തത്തിൽ കുതിർന്ന പൊന്നോമന മകൻ്റെ ചലനമറ്റ ശരീരം പെറ്റമ്മയുടെ പിളർക്കപ്പെട്ട നെഞ്ചകത്തട്ടിൽ കിടക്കുന്ന. ദുഃഖത്തിന്നാഴിയിൽ കടഞ്ഞെടുത്ത കലാരൂപം. ആ കലാശിൽപ്പത്തിനുള്ളിൽ വിരിയിച്ചൊരുക്കിയിട്ടിരിക്കുന്ന വേദനവർണനാതീതം
വേദനകളേറ്റെടുത്ത് ജീവനർപ്പിച്ച അരുമ നാഥനെ അതേ പടി പിന്തുടരുവാൻ ക്രിസ്തു ശിഷ്യന്മാരും മടി കാട്ടിയില്ല. വേദനകൾ അവരുടെ സന്തതസഹചാരിയായിരുന്നു. അതെല്ലാം നന്മകൾ പൂത്തുലയാനായിരുന്നു!
ഒരു ദുഖവെള്ളിയുടെ കൈപുനീർ പാനം ചെയ്തു നാം ഒരു ഉയിർത്തെഴുന്നേൽപ്പിൻ മധുരം നുകർന്നിടം.
ഓരോ തെറ്റുകളും ഓരോ ക്രൂശ് തന്നെ ആണ്. ക്രിസ്തു സ്നേഹത്തിന്റെ പര്യായമാണ്, പൂർണ്ണതയും!
പ്രത്യാശയുടെ പൂമഴക്കാലം വരട്ടെ എന്ന പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
ദേവു