ജോര്‍ജിയ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും, വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷ്ണല്‍ മുന് വൈസ് പ്രസിഡന്റുമായ ഡോ.സാമുവേല്‍ തിയോഡോര്‍ കമലേശന്‍ മാര്‍ച്ച് 1ന് ജോര്‍ജിയായില്‍ അ്ന്തരിച്ചു.
ജോര്‍ജിയായിലുള്ള മകന്‍ ഡോ.സുന്ദര്‍രാജ് കമലേശന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 91 വയസ്സായിരുന്നു.
തന്റെ പ്രസംഗത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേര്‍ക്ക് സുവിശേഷ മര്‍മ്മം വെളിപ്പെടുത്തുവാന്‍ കഴിഞ്ഞ പ്രഗല്‍ഭനും, ദൈവവചന പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു ഡോ.സാം കമലേശന്‍. മാരാമണ്‍ കണ്‍വന്‍ഷനിലെ ആദ്യകാല പ്രമുഖ പ്രാസംഗീകരില്‍ ഒരാളായിരുന്നു.
1930 നവംബര്‍ പതിനെട്ടിന് തമിള്‍നാട്ടിലെ വെല്ലൂരില്‍ ജോബിന്റെയും ലില്ലി സുദര്‍ശന്റേയും മകനായി ജനിച്ചു. 1957 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്റ്‌നറി സയന്‍സില്‍ ബിരുദവും, 1960 ല്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദവും, 1971 ല്‍ ആസ്ബറി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടര്‍ ഓഫ് ഡിവിനിറ്റിയും അതേ വര്‍ഷം എംറോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടര്‍ ഓഫ് സേക്രഡ് തിയോളജി ബിരുദവും കരസ്ഥമാക്കി. 1963 ല്‍ സതേണ്‍ ഏഷ്യ മെത്തഡിസ്റ്റ് ചര്‍ച്ചില്‍ ഇവാഞ്ചലിസ്റ്റായി ചുമതലയില്‍ പ്രവേശിച്ചു.
1990 വരെ വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷ്ണല്‍ വൈസ് പ്രസിഡന്റായിരുന്നു. 1953 ല്‍ അഡില ബല്‍രാജിനെ വിവാഹം ചെയ്തു. സുന്ദര്‍രാജ് മാര്‍ക്ക് കമലേശന്‍, നിര്‍മല റൂത്ത് കമലേശന്‍, മനോഹരന്‍ പോള്‍ കമലേശന്‍ എന്നിവര്‍ മക്കളാണ്.
ഇന്ത്യയില്‍ രണ്ട് വ്യത്യസ്ത ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചു പുസ്തക പ്രസിദ്ധീകരണങ്ങളും, ക്രിസ്തീയ ഗാനങ്ങളുടെ റിക്കാര്‍ഡിങ്ങും ആരംഭിച്ചു. സുവിശേഷകന്‍ എന്ന നിലയില്‍ തലമുറകള്‍ക്ക് വ്യക്തമായ കാഴ്ചപാടുകള്‍ സമ്മാനിക്കുന്ന, ആവേശം പകര്‍ന്നു നല്‍കുന്ന, നീതിയുടെ പാതയില്‍ മുന്നേറുന്നതിനു മാതൃക കാണിച്ചുതന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കമലേശന്‍.
