ഇന്ന് നിസ്സാരകാരണങ്ങൾ കൊണ്ടുള്ള ഡിവോഴ്‌സുകൾ സർവ്വസാധാരണമായി. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിൽ തന്നെ തമ്മിൽതല്ലി വേർപിരിയുന്നവർ ഏറെയാണ്. എന്താകാം ഇന്നത്തെ തലമുറയുടെ ഈ വേർപിരിയലുകളുടെ കാരണം..
വിവാഹത്തിനു മുൻപ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറേയെറേ ആഗ്രഹങ്ങളും അഭിലാഷങ്ങളും പങ്കാളികളെ കുറിച്ച് ഉണ്ട്, ഉണ്ടാകും. എന്നാൽ അറേഞ്ച്ഡ് മാര്യേജ് ആയാലും ലവ് മാര്യേജ് ആയാലും സങ്കല്പത്തിലെ ജീവിതപങ്കാളിയെ ആയിരിക്കില്ല കിട്ടുന്നത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തുന്നു. അഡ്ജസ്റ്റുമെന്റുകൾ കൊണ്ട് കുറെ നാൾ മുന്നോട്ട് പോകും. പിന്നെ എല്ലാം കൈവിട്ട് പോകും.
പണ്ട് വീട്ടുകാർ ആലോചിച്ചു നടത്തുന്ന വിവാഹങ്ങൾ ആണ് അധികവും. കുടുബമഹിമയും അന്തസും അഭിജാത്യവും ഒക്കെ നോക്കി വിവാഹം നടത്തും. പരസ്പരം ഇഷ്ട്ടമായോ എന്ന് പോലും ചോദ്യമില്ല. എന്നിരുന്നാലും ആ വിവാഹങ്ങൾക്ക് ഒരു കെട്ടുറപ്പു ഉണ്ടായിരുന്നു. എന്തെങ്കിലും അസ്വാരസ്യങ്ങൾ ദമ്പതിമാർക്കിടയിൽ ഉണ്ടായാൽ അത് പരിഹരിയ്ക്കാൻ കുടും ബത്തിൽ ധാരാളം മുതിർന്നവർ ഉണ്ടാകും.
ഇന്ന് അതല്ല അവസ്ഥ. അണുകുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം പരിഹരിക്കാനെ കഴിയു. ഇന്നത്തെ തലമുറ സ്വന്തം കാലിൽ നിൽക്കാൻ ശേഷി ഉള്ളവരാണ്, ആണായാലും പെണ്ണായാലും. അത് കൊണ്ട് തന്നെ ഈഗോയും കൂടുതലാണ്.
ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങിയാൽ അത് പരിഹരിക്കാൻ ശ്രമിക്കാതെ നിസാരകാര്യത്തിനെ വെറുതെ വലിയ പ്രോബ്ലം ആക്കി മാറ്റും. പിണക്കം മാറ്റാൻ ആരും മുൻകൈ എടുക്കില്ല. ഞാൻ എന്തിന് താഴ്ന്നു കൊടുക്കണം, ഞാൻ അല്ലല്ലോ പ്രശ്നം ഉണ്ടാക്കിയത് എന്ന് രണ്ട് കൂട്ടരും വിചാരിക്കും. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും വഴക്കിട്ടു പിണങ്ങി. ഈഗോ കാരണം രണ്ട് പേരും മിണ്ടിയില്ല. പിറ്റേദിവസം ഭർത്താവിന് യാത്ര പോകണം. ഭാര്യ വെളുപ്പിന് ഉണരും. മൊബൈൽ ഒന്നുമില്ലാത്ത കാലം. എങ്ങനെ ഭാര്യയോട് കാര്യം പറയും. അവസാനം ഒരു ഉപായം കണ്ടെത്തി. ഒരു പേപ്പറിൽ രാവിലെ തനിക്ക് യാത്ര പോകണം വെളുപ്പിന് വിളിക്കണം എന്നും എഴുതി ഭാര്യ കാണുന്ന സ്ഥലത്തു വച്ചു. ഭാര്യ കണ്ടെന്നു ഉറപ്പായപ്പോൾ അയാൾ ഉറങ്ങാൻ പോയി. സുഖമായി ഉറങ്ങി ഉണർന്നു നോക്കിയപ്പോൾ സമയം 8 മണി. അയാൾ ദേഷ്യപ്പെട്ടു ഭാര്യയോട് ചോദിച്ചു നീ എന്താ എന്നേ വിളിക്കാതിരുന്നത് എന്ന്. ഭാര്യയുടെ മറുപടി ഇങ്ങനെയായിന്നു “മനുഷ്യ നിങ്ങൾ ബഹളം വയ്‌ക്കേണ്ട. നിങ്ങളെ അഞ്ച് മണിക്ക് തന്നെ ഞാൻ വിളിച്ചു “. “എന്നിട്ട് ഞാൻ കേട്ടില്ലല്ലോ “എന്ന് ഭർത്താവ്. ഭാര്യ ചെന്ന് അയാളുടെ കിടക്കക്ക് അടുത്ത് നിന്ന് ഒരു പേപ്പർ എടുത്തു കൊടുത്തു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ദേ. മനുഷേനെ മണി 5 ആയി. വേണമെങ്കിൽ എഴുനേറ്റു നിങ്ങൾക്ക് തോന്നുന്നിടത്തു പോകണം. .. ഇവിടെ ആരാണ് കുറ്റക്കാർ. ഭർത്താവ് ഈഗോ മാറ്റി രാവിലെ തന്നെ വിളിക്കണം എന്ന് പറഞ്ഞെങ്കിൽ അവരടെ പിണക്കം അവിടെ തീർന്നേനെ. എന്നാൽ ഭാര്യയോ. അവർ ഭർത്താവിനെ രാവിലെ വിളിച്ചു ഉണർത്തിയെങ്കിൽ അയാളുടെ പിണക്കവും അവിടെ തീർന്നേനെ. ഒരു പക്ഷെ അയാൾ അവരെ തന്നിലേക്ക് വലിച്ചിട്ടു ഒരു സ്നേഹമുദ്രയും കൊടുത്തേനെ. പക്ഷെ രണ്ട് പേരും വിട്ടുവിഴ്ച്ചക്ക് തയാറല്ല.തന്നയുമല്ല പരസ്പരം അകൽച്ച കൂടുകയും ചെയ്തു.
ഇനി മറ്റൊരു കൂട്ടർ മക്കളെ മീഡിയെറ്റർ ആക്കും. ഒരു മധ്യസ്ഥനോ മധ്യസ്ഥയോ ആയി മക്കൾ ഉണ്ടാകണം ആശയ വിനിമയത്തിന്.ഇതും നല്ല പ്രവണത അല്ല.
ഏത് പിണക്കവും ഒരു പകലിന് അപ്പുറം പോകാതിരിക്കാൻ രണ്ട് പേരും ശ്രമിക്കണം. ഏത് പ്രശ്നവും തുറന്നു സംസാരിക്കണം. പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല. എന്ത് പ്രശ്നം ആയാലും അത് തുറന്നു പറയണം.പരസ്പര ആശയ വിനിമയത്തിന്റെ അഭാവം ആണ് പല ബന്ധങ്ങളുടെയും തകർച്ചക്ക് കാരണം.
പരസ്പരം തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ മനസിൽ കിടന്നു നീറി പുകഞ്ഞു അഗ്നി പർവ്വതം പോലെ ഒരിക്കൽ പൊട്ടി തെറിക്കും.അന്ന് അതിൽ നിന്നും വമിക്കുന്ന തിളച്ചു മറിയുന്ന ലാവയിൽ സർവ്വവും നശിക്കുന്നു.
സംശയരോഗവും ദാമ്പത്യ ബന്ധത്തെ ശിഥിലമാക്കുന്ന ഒരു പ്രധാന കാരണമാണ്.മനസിൽ വീഴുന്ന ചെറിയ കരടുകൾ ഊതിപെരുക്കി കാട്ടുതീയാക്കി മാറ്റും. ബന്ധുക്കൾ അതിന് ആവശ്യത്തിലേറെ ഇന്ധനവും പകർന്നു നൽകും. ഇരുഭാഗത്തും ഉണ്ടാകുന്നതാണ് ഈ സംശയം. അത് മൂർച്ഛിച്ചാൽ ചികിൽസിച്ചു ഭേദമാക്കാൻ പ്രയാസമാണ്. വിവേകമുള്ള ബന്ധുക്കൾമുളയിലേ നുള്ളേണ്ട വിഷച്ചെടിയാണ് സംശയം.
ദാമ്പത്യ തകർച്ചക്ക് സമ്പത്തും ഒരു ഘടകം ആണ്. വരവ് അനുസരിച്ചു ചിലവാക്കാൻ പഠിക്കണം. ഇന്ന് ഒരാളിന്റെ വരുമാനത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. രണ്ട് പേർക്കും ജോലി ഉണ്ടെങ്കിൽ കൂട്ടായി തീരുമാനം എടുത്തു വേണം പണം ചിലവഴിക്കാൻ. സ്വന്തം കാലിൽ നിൽക്കാൻ കഴിവുണ്ട് എന്ന ധാരണയിൽ അവനവന്റെ സമ്പാദ്യം ഇഷ്ടം പോലെ ചിലവഴിച്ചാൽ അത് കുടുംബ ബഡ്ജറ്റ് താളം തെറ്റാൻ ഇടയാക്കും.പരസ്പരം പോര് വിളിക്കാനും കലഹം മൂർച്ഛിക്കാനും കാരണമാകും.
മനസിന്റെ ഇഴയടുപ്പം പോലെത്തന്നെ ശരീരത്തിന്റെ അടുപ്പവും ദമ്പതിമാർക്ക് ഉണ്ടായിരിക്കണം. ഒരു മനസും ഇരുശരീരവും എന്നത് മാറ്റി ഒരുമനസും ഒരു ശരീരവും എന്ന് തോന്നൽ ഉളവാക്കണം. പിണക്കങ്ങൾ എല്ലാം വൈകുന്നേരത്തോടെ മാറ്റി വച്ചു സ്വസ്ഥമായ, സന്തോഷം നിറഞ്ഞ മനസോടെ വേണം ഉറക്കറയിൽ പ്രവേശിക്കാൻ. പരസ്പരം ആഗ്രഹങ്ങളും ഇഷ്ടങ്ങളും തുറന്നു പറയണം. രണ്ട് അന്യ വ്യക്തികൾ അല്ല ബെഡ്‌റൂമിൽ ഉള്ളത്. പരസ്പരം എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യം ഉള്ള ദമ്പതികൾ ആണ്. മനസിലെ എല്ലാം കാലുഷ്യങ്ങളും കഴുകി കളഞ്ഞ് ഒന്നായി തീരാനുള്ള സ്ഥലമാണ് അത്. അത് മനസിലാക്കാതെ ബെഡ്‌റൂം പോലും പോർക്കളം ആക്കും പലരും.
ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹവും വിശ്വാസവും ആദരവും ഉണ്ടാകണം. ഭർത്താവ് ആദരിക്കപ്പെടേണ്ടവനും ഭാര്യ അടിമയും എന്ന ചിന്താഗതി പാടില്ല. ഓരോരുത്തരും രണ്ട് സ്വതന്ത്ര വ്യക്തികൾ ആണ്. വ്യക്തികൾ തമ്മിൽ മാത്രമല്ല കുടുംബങ്ങൾ തമ്മിലും സ്നേഹവും ബഹുമാനവും കാത്ത് സൂക്ഷിക്കണം. സ്വന്തം മാതാപിതാ കളെയും സഹോദരങ്ങളെയും പോലെ പങ്കാളികളുടെ കുടുംബത്തെയും കാണണം. എന്നാൽ ആവശ്യമില്ലാത്ത ഈഗോയും അഹന്തയും ഉണ്ടാകില്ല.സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന മാതാപിതാക്കളുടെ മക്കളും
നന്മയും സ്നേഹവും ഉള്ളവരായി വളരും. സമൂഹത്തിൽ നല്ല വ്യക്തിത്വം ഉള്ളവരായി അവർ മാറും.
എന്നാൽ ഒരു തരത്തിലും പൊരുത്തപ്പെടാൻസാധിക്കാത്തവർ വേർപിരിയുന്നതാണ് എല്ലാവർക്കും നല്ലത്. കടുത്ത സംശയരോഗികൾ, മദ്യത്തിനും മയക്കു മരുന്നിനും അടിമകൾ ആയവർ,. സാമൂഹ്യ വിരുദ്ധർ, സംശുദ്ധ ജീവിതം നയിക്കാത്തവർ ഇവരൊക്കെ വേർപിരിയുന്നതാണ് പങ്കാളികൾക്ക് നല്ലത്. കഴിവതും വീഴ്ചകളും പൊരുത്തക്കേടുകളും പരിഹരിച്ചു സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുക. കുട്ടികളുടെ ഭാവിക്കും അതാണ് നല്ലത്. ഒരു പുനർവിചിന്തിനം നല്ലതാണ്. വേർപെടാൻ എളുപ്പമാണ്, കൂടിച്ചേരാൻ ആണ് പ്രയാസം. പണ്ടുള്ളവർ പറയും
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന്.അങ്ങനെ ആകാതിരിക്കട്ടെ ഓരോ ബന്ധങ്ങളും…
ജിത ദേവൻ✍