വാർത്ത: പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡി.സി: ജനുവരി ആറിന് ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തരമായി തെരഞ്ഞെടുപ്പില്‍ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പത്തോളം സെനറ്റര്‍മാര്‍ ഇലക്ടറല്‍ കമ്മീഷനെ സമീപിച്ചു.
പത്ത് ദിവസത്തിനുള്ളില്‍ നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളേയും, കൃത്രിമങ്ങളേയും കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് ടെഡ് ക്രൂസിനൊപ്പം റോണ്‍ ജോണ്‍സണ്‍, ജയിംസ് ലാങ്ക്‌ഫോര്‍ഡ്, സ്റ്റീവ് ഡെയിന്‍സ്, ജോണ്‍ കെന്നഡി, മാര്‍ഷ ബ്ലാല്‍ബേണ്‍, മൈക്ക് ബ്രോണ്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിന്ധ്യ ലുമിസ്, റോജര്‍ മാര്‍ഷല്‍, ബില്‍ ഹേഗര്‍ട്ടി എന്നിവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ സെനറ്റര്‍ ജോഷ് ഹൗലി വോട്ട് എണ്ണുന്നതില്‍ തടസവാദം ഉന്നയിച്ചതിനു പുറമെയാണിത്. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്താണ് ജോഷ് തടസവാദം ഉന്നയിച്ചിരുന്നത്.
1969, 2001, 2005, 2019 വര്‍ഷങ്ങളില്‍ ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ ഇല്കടറല്‍ വോട്ടെണ്ണലിന് തടസവാദം ഉന്നയിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1877-ല്‍ ഇതിനു സമാനമായ തടസവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിന് അനൂകൂലമായ സമീപനം സ്വീകരിച്ച് പത്തു ദിവസത്തെ ഓഡിറ്റിംഗിന് ഉത്തരവിട്ടിരുന്നു. ഓഡിറ്റ് ചെയ്യുന്നത് വോട്ടിംഗിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ആരോപണം ഉന്നയിച്ചവര്‍ വ്യക്തമാക്കി.
