വാഷിംഗ്ടൺ ഡി. സി: ഇന്ത്യയില്‍ കോവിഡ്-19 നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.
സെന്റര്‍ ഫോര്‍ ഡീസെസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശപ്രകാരമാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഏപ്രില്‍ 30 വെള്ളിയാഴ്ച പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു . ഇന്ത്യയില്‍ കോവിഡ്-19 ജനിതകമാറ്റം സംഭവിച്ചു വളരെ ഗുരുതരാവസ്ഥയില്‍ ആണെന്നുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് പ്രസ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു .
പാന്‍ഡമിക്കിന്റെ ആരംഭത്തില്‍ യൂറോപ്പില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ അമേരിക്കയിലേക്ക് വരുന്നവരെ തടഞ്ഞു കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്ന് മാര്‍ച്ച് 2020 ന് പ്രസിഡന്റ് ബൈഡന് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും അതില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോള്‍ ബൈഡന് ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത് .
212(f) ഉത്തരവനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലുണ്ടായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നും ഭരണകൂടം അറിയിച്ചു .
അമേരിക്കയിലേക്ക് പുറപ്പെടുന്ന എയര്‍ലൈന്‍സിനെ ഈ വിവരങ്ങള്‍ അറിയിച്ചുണ്ടെന്നും അറിയിപ്പില്‍ പറയുന്നു , മെയ് 4 ചൊവാഴ്ച നിലവില്‍ വരുന്ന യാത്രാനിരോധനം ഏതു വരെ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല .