(വാർത്ത: പി.പി. ചെറിയാൻ)
വാഷിംഗ്ടൺ :- ജനുവരി 6 – ന് കാപ്പിറ്റോളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ അതിന് ഉത്തരവാദിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പ്രസിഡന്റ ഡൊണൾഡ് ട്രംപിനെ ഇംപീച് ചെയ്യണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്.

സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക്ഷുമ്മർ , സ്പീക്കർ നാൻസി പെലോസി എന്നിവരാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന ഭരണഘടനാ സാധ്യതകളെക്കുറിച്ച് മൈക്ക് പെൻസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഫോണിൽ വിളിച്ചപ്പോൾ 25 മിനിട്ട് ഹോൾഡു ചെയ്യാൻ ആവശ്യപ്പെട്ടു. അത്രയും സമയം കഴിഞ്ഞപ്പോൾ ലഭിച്ച മറുപടി വൈസ് പ്രസിഡന്റിനു ഫോണിൽ വരാൻ താൽപ്പര്യമില്ലെന്നായിരുന്നു.വൈസ് പ്രസിഡന്റും കാബിനറ്റും ഭരണഘടനയുടെ 25ാമത് അമന്റ്മെന്റ് ഉപയോഗിക്കുന്നതിനു തയാറാകുന്നില്ലെങ്കിൽ യു.എസ്. കോൺഗ്രസ്സ് വിളിച്ചു കൂട്ടി പ്രസിഡന്റിനെ ഉടൻ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാസ്സാക്കേണ്ടിവരുമെന്നു ചക്ക് ഷുമ്മർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇലക്ടറൽ വോട്ടു ചലഞ്ച് ചെയ്യണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം മൈക്ക് പെൻസ് അംഗീകരിക്കാത്തതിന് ട്രംപ് പെൻസിനെ ഭീരു എന്ന് വിശേഷിപ്പിക്കുന്നു. പ്രസിഡന്റിന്റെ ഈ വിശേഷണത്തിൽ വളരെ കുപിതനാണ് മൈക്ക് പെൻ സെന്ന് ഒക്കലഹോമയിൽ നിന്നുള്ള സെനറ്റർ ജിം ഇൻ ഹോപ് പറഞ്ഞു. ഒരിക്കലും പെൻസിനെ ഇങ്ങനെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
