17.1 C
New York
Monday, September 25, 2023
Home US News ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പ്

ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പ്

(അവലോകനം: തോമസ് കൂവള്ളൂര്‍)

ന്യൂയോര്‍ക്ക്: 2021 ഏപ്രില്‍ ആറിനു നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള മലയാളികള്‍ വളരെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വരാനിരിക്കുന്ന നല്ല നാളയെ സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന പ്രവാസി എന്നു മുദ്രകുത്തപ്പെട്ട ഈ ലേഖകന്‍ കഴിഞ്ഞ 64 വര്‍ഷമായി കേരളത്തില്‍ നടന്നതും, അരങ്ങേറിയതുമായ ചില സംഭവങ്ങള്‍ മനസിലൂടെ അയവിറക്കുകയുണ്ടായി. അതില്‍ നിന്നും രൂപംകൊണ്ടതാണ് ഈ ലേഖനം.

ഈ കഴിഞ്ഞ 64 വര്‍ഷം കേരള നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്നത് വാസ്തവത്തില്‍ ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെയുള്ള ദേവാസുര യുദ്ധം തന്നെയായിരുന്നില്ലേ?. അധികാരത്തിനുവേണ്ടിയുള്ള ആ യുദ്ധംതന്നെയല്ലേ ഇന്നും തുടരുന്നത്. ദ്രാവിഡവംശരെന്ന് അറിയപ്പെടുന്ന കേരളക്കാരെ പൊതുവേ അസുരവര്‍ഗ്ഗത്തില്‍പ്പെട്ടവരായാണല്ലോ കണക്കാക്കിയിരിക്കുന്നത്. ആ ദ്രാവിഡരില്‍ നിന്നും അധികാരം പിടിച്ചുപറ്റാന്‍ ആര്യവംശത്തില്‍പ്പെട്ട വിദേശികള്‍ പോരാട്ടം തുടങ്ങിയിട്ട് എത്രയോ നൂറ്റാണ്ടുകളായി.

നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിലായിരുന്ന നമ്മുടെ ജനത പണ്ടു മുതല്‍ ആര്യന്മാരുടേയും, മുഗുളന്മാരുടേയും, യൂറോപ്യന്മാരുടേയും, അവസാനം ബ്രിട്ടീഷുകാരുടേയും ആധിപത്യത്തിന്‍കീഴിലായിരുന്നു എന്നും, ഇന്നും ആ ആധിപത്യം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായും കാണാന്‍ കഴിയും.

പണ്ട് രാജഭരണം നിലനിന്നിരുന്ന കാലത്ത് പ്രജകള്‍ തെറ്റുചെയ്താല്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ, മുഖംപോലും നോക്കാതെ നമ്മുടെ രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ശിക്ഷ നടപ്പാക്കിയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ 65 വര്‍ഷത്തോളമായി രാജഭരണം മാറി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അധികാരത്തില്‍ വന്നതോടെ രാജാക്കന്മാരുടെ സ്ഥാനത്ത് ജനപ്രതിനിധികള്‍ മറ്റൊരു രൂപത്തില്‍ നിയമവും അധികാരവും കൈയ്യിലെടുത്തു. രാജ്യത്ത് ഏതു നിയമം ഉണ്ടാക്കുന്നതിനും, നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും ഈ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സാധിക്കും. തട്ടിപ്പുകാരും, വെട്ടിപ്പുകാരും, എന്തിനേറെ ഗുണ്ടകളും, കൊലപാതകികള്‍ വരെ ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാ സമാജികരുടെ പിന്നില്‍ ഉണ്ടെന്നുള്ളതിനാല്‍ സാമാന്യ ജനങ്ങള്‍ക്ക് ഇക്കൂട്ടരെ നേരിടാനോ, ചോദ്യംചെയ്യാനോ സാധിക്കാത്ത സ്ഥിതിവിശേഷം വന്നുപോന്നു എന്നുപറഞ്ഞാല്‍ മതിയല്ലോ.

കേരളത്തില്‍ തുടക്കത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത് വിദേശികളുമായി ബന്ധമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു എന്നുള്ള സത്യം കേരളത്തിലെ സാമാന്യ ജനങ്ങളുണ്ടോ ചിന്തിച്ചിട്ടുള്ളൂ. കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ തങ്ങളുടെ രക്ഷകരായി കരുതി എന്നതാണ് വാസ്തവം. എന്നാല്‍ അധികകാലം അവരെ അധികാരത്തില്‍ തുടരാന്‍ കേരളത്തിലെ ജന്മിമാരും, അവരോട് ബന്ധമുള്ള ക്രിസ്തീയ പുരോഹിതന്മാരും, കേരളത്തിലെ പോരാളികള്‍ എന്നറിയപ്പെട്ടിരുന്ന നായര്‍ സമുദായവും ഒത്തുചേര്‍ന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടാക്കിയ മന്ത്രിസഭയെ താഴെയിറക്കി. അന്നു മുതല്‍ ഇന്നുവരെ ആ ദേവാസുര യുദ്ധം നടന്നുകൊണ്ടിരിക്കുന്നതായി കാണാം. അഞ്ചു വര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷം അധികാരത്തില്‍ വന്നാല്‍, അടുത്ത അഞ്ചുവര്‍ഷം മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ അധികാരത്തില്‍ എങ്ങനെയും കടന്നുകൂടും. ഈ രണ്ടുകൂട്ടരും വിദേശ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണെന്ന് സോഷ്യല്‍ മീഡിയകളുടെ ആഗമനത്തോടെ എല്ലാവര്‍ക്കും വ്യക്തമായിത്തുടങ്ങി.

നാനാജാതി മതസ്ഥരുടെ പുണ്യഭൂമിയായ കേരളം ദൈവത്തിന്റെ നാട് എന്ന പേരിലാണ് പുറംലോകത്ത് അറിയപ്പെടുന്നത്. മഹാബലി എന്ന അസുര ചക്രവര്‍ത്തി വാണിരുന്നപ്പോള്‍ മനുഷ്യരെല്ലാവരും സന്തോഷത്തോടെ വസിച്ചിരുന്നുവെന്നും, കള്ളവും, ചതിയും, വഞ്ചനയും ഒന്നുമില്ലാതിരുന്ന കാലമായിരുന്നു അതെന്നും പഠിക്കാത്ത എത്ര മലയാളികളുണ്ട്? ഇന്ന് ആ കേരള മക്കള്‍ ജോലി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കുന്നു. അക്കൂട്ടര്‍ പണവുമായി തിരിച്ചുവരുമ്പോള്‍ പ്രവാസി എന്നും പരദേശി എന്നും പറഞ്ഞ് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വാമനന്മാരെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പെരുമാറുന്നു. ഇതെന്ത് നീതി എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുത്തരവാദി മോദി സര്‍ക്കാരാണെന്നാണ് മറുപടി. പക്ഷെ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളായ പഞ്ചാബിലും ഗുജറാത്തിലും ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായാല്‍ പോലും അവിടുത്തെ സര്‍ക്കാരുകള്‍ ജനങ്ങളെ., പ്രത്യേകിച്ച് വിദേശത്തു പോയി ജോലി ചെയ്ത് പണമുണ്ടാക്കുന്നവരെ പരദേശി എന്നു മുദ്രകുത്താതെ തങ്ങളുടെ സഹോദരീ സഹോദരന്മാരായി കരുതി എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്ത് ബഹുമാനിക്കുന്നു. കേരളത്തില്‍ മാറിമാറി വന്ന കോണ്‍ഗ്രസിന്റേയും കമ്യൂണിസ്റ്റ് നേതൃത്വത്തിന്റേയും വിദേശത്ത് പോയവരോടുള്ള സമീപനം വളരെ നികൃഷ്ടവും, നീതിക്ക് നിരക്കാത്തതുമാണെന്ന് കഴിഞ്ഞ 33 വര്‍ഷത്തോളമായി വിദേശത്ത് താമിക്കുന്ന, കേരളത്തെ സ്‌നേഹിക്കുന്ന എനിക്ക് തുറന്നു പറയേണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതും വലതുമായ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഇന്നും കേരളത്തില്‍ ജനിച്ച എന്നേപ്പോലുള്ള 40 ലക്ഷത്തോളം വരുന്ന പ്രവാസികളേയും, അവരുടെ മക്കളേയും പരദേശികളായി മുദ്രയടിച്ച് വിഷമിപ്പിക്കുന്നത് കാണുമ്പോള്‍ ദൈവം പോലും അവരോട് ക്ഷമിക്കുമെന്നു തോന്നുന്നില്ല. എല്ലാത്തിനും കാരണം, നരേന്ദ്രമോദിയാണെന്നു പറഞ്ഞ് പഴിചാരുന്ന ഇടതും വലതുമായ രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ ചെയ്യുന്ന തെറ്റിനെ മറച്ചുവച്ച് അന്യരെ പഴിചാരാനാണ് ശ്രമിക്കുന്നത്.

വാസ്തവത്തില്‍ കേരളത്തെ കുടിയേറ്റക്കാരുടെ താവളമാക്കി മാറ്റിയത് ആരാണ്? അതിന് ഉത്തരവാദികള്‍ 64 വര്‍ഷക്കാലം കേരളം ഭരിച്ച ഇടതും വലതുമായ പാര്‍ട്ടികളുടെ നേതാക്കളല്ലാതെ മറ്റാരുമല്ല എന്നോര്‍ക്കണം. പണ്ട് കേരളത്തില്‍ നിന്നും വിദ്യാസമ്പന്നരായ കേരളക്കാര്‍ തൊഴില്‍തേടി പോയിരുന്നത് ബംഗാളിലും, ബീഹാറിലും, ഗുജറാത്തിലും, തമിഴ്‌നാട്ടിലുമായിരുന്നു എങ്കില്‍ ഇന്ന് ആ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലെത്തിയവരുടെ സംഖ്യ കൃത്യമായി എത്രയെന്ന് കേരള സര്‍ക്കാരിന്റെ കണക്കില്‍ പോലും കാണുന്നില്ല. എങ്കില്‍ പോലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് കേരളത്തിനു വെളിയില്‍പോയിരിക്കുന്നവരുടെ സംഖ്യയേക്കാള്‍ കൂടുതലാണ് കേരളത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയിരിക്കുന്നവരുടെ സംഖ്യ എന്നുള്ളത് പ്രവാസികളെ പോലും ഞെട്ടിക്കുന്നതാണ്. ചുരുക്കത്തില്‍ 40 ലക്ഷത്തിലധികം പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു താമസിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും കേരളത്തില്‍ നല്ല ശമ്പളത്തോടുകൂടി ജീവിക്കുന്നു. കേരളത്തിനു വെളിയില്‍ പോയി ജോലി ചെയ്യുന്നവര്‍ ഇന്ന് കേരളത്തിന് അധികപ്പറ്റും, അവര്‍ പരദേശി വിഭാഗത്തിലും പെടുന്നു. ഇതിനു ഒരു മാറ്റം വരുന്ന തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്ന്, അല്ലെങ്കില്‍ ഉണ്ടാകണമെന്ന് എന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കാന്‍ കാരണം.

എല്ലാവരേയും ഒരുപോലെ കാണണം എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. ആരാണ് വിദേശി? ഒരു പ്രത്യേക സമൂഹത്തിലോ, സംസ്കാരത്തിലോ ഉള്‍പ്പെടാത്തവരേയാണ് വിദേശി എന്നു വിളിക്കുന്നത്. ഒരു അപരിചിതനേയും, വിദേശത്തുനിന്നു വന്നവരേയും, താത്കാലികമായി വന്നു താമസിക്കുന്നവരേയും വിദേശി എന്നു വിളിക്കാവുന്നതാണ്. ബൈബിളിലും നരവംശ ശാസ്ത്രത്തിലുമെല്ലാം വിദേശിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നരവംശ ശാസ്ത്ര പ്രകാരം ഒരു ഗോത്രത്തിലോ, സംസ്കാരത്തിലോ പെടാത്തവരെ വിദേശി എന്നു പറയുന്നു. കേരളത്തില്‍ താമസിയാതെ അധികാരത്തില്‍ വരുന്ന നിയമസഭാ സാമാജികര്‍, അവര്‍ ഏതു പാര്‍ട്ടിയില്‍പ്പെട്ടവരുമായിക്കൊള്ളട്ടെ ഈവക കാര്യങ്ങള്‍ കാര്യമായി കണക്കിലെടുക്കാത്ത പക്ഷം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ കേരളം ഒരു നേപ്പാളോ, കാശ്മീരോ, ഭൂട്ടാനോ ആയി മാറിയെന്നിരിക്കും.

കേരളത്തില്‍ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുകഴിഞ്ഞു. ഒരിഞ്ചുപോലും ഭൂമി കേരളത്തിലില്ലാതെ വികസനം വഴിമുട്ടി നില്‍ക്കുകയാണ് എന്നുപറയുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. വയനാട് ജില്ലയില്‍ ആകെ ജനസംഖ്യ 9 ലക്ഷത്തില്‍ താഴെയാണ്. അതുകൊണ്ടായിരിക്കാം കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളെ ലക്ഷ്യംവെച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ മാറിമാറിവരുന്ന ഇടത്- വലത് നേതൃത്വങ്ങള്‍ക്ക് കടിഞ്ഞാണിടാനെന്നോണം ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പാല്‍ മത്സരിക്കാന്‍ രംഗത്തുവന്നിരിക്കുന്ന “മെട്രോമാന്‍’ എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഡോ. ഇ. ശ്രീധരന്‍സാറും, അദ്ദേഹത്തെപ്പോലുള്ളവരും മൂന്നാം മുന്നണിക്കായി ബി.ജെ.പിയുടെ കൊടിക്കീഴില്‍ അണിനിരന്നിരിക്കുന്നു എന്ന വാര്‍ത്ത കേരള ജനതയ്ക്കുതന്നെ ആശ്വാസകരമാണ്. ഇന്ത്യയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിന്റെ മുഖച്ഛായ മാറ്റിയ ശില്പിയാണ് ഡോ. ഇ. ശ്രീധരന്‍ എന്നോര്‍ക്കണം. അദ്ദേഹത്തിന് പ്രായം കഴിഞ്ഞുപോയി എന്നുപറഞ്ഞ് എതിരാളികള്‍ അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ വരെ ശ്രമിക്കുന്നുണ്ട് എന്നത് ഖേദകരമാണ്.

കേരളത്തില്‍ ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വയ്ക്കാത്ത മഹത്തായ ആശയമാണ് ഡോ. ശ്രീധരന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. അതായത് വര്‍ഷംതോറും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതികള്‍ക്ക് വിരാമം ഇടാന്‍ കേരളത്തിലെ നദികളിലെ മണ്ണ് മാറ്റി രണ്ട് സൈഡുകളും കരിങ്കല്ല് കൊണ്ട് കെട്ടി നദികളെ പരസ്പരം ബന്ധിപ്പിക്കുകയും സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യുക. മഴക്കാലത്ത് കൂടുതലായി ലഭിക്കുന്ന വെള്ളം ഡാമുകളില്‍ കെട്ടി നിര്‍ത്തി സംഭരിക്കുകയും വേനല്‍ക്കാലത്ത് കനാലുകളിലൂടെ കൃഷിക്ക് ഉപയുക്തമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുക. അങ്ങനെ ഒരു കാലം കേരളത്തിലുണ്ടായാല്‍ വര്‍ഷംതോറും പ്രളയക്കെടുതിമൂലമുണ്ടാകുന്ന നാല്പതിനായിരം കോടിയിലധികം വരുന്ന തുകയുടെ നഷ്ടം ഒഴിവാക്കാനും, കേരളത്തെ സമ്പദ്‌സമൃദ്ധമാക്കാനും, കേരളം മഹാബലിയുടെ കാലത്തിനു തുല്യമായ ഒരു പറുദീസ ആക്കി മാറ്റാനും കഴിയും എന്നതിന് യാതൊരു സംശയവുമില്ല.

കഴിഞ്ഞ 65 വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതും വലതുമായ ഗവണ്‍മെന്റുകള്‍ക്ക് രാജഭരണക്കാലത്തുണ്ടാക്കിയ വിള്ളലുകളുള്ള മുല്ലപ്പെരിയാര്‍ ഡാം വരെ പുനരുദ്ധരിക്കാന്‍ ഇന്നേവരെ കഴിയാതെപോയി എന്നതാണ് സത്യം. മെട്രോമാന്‍ ഡോ. ശ്രീധരന്‍ സാര്‍ വാസ്തവത്തില്‍ കേരള ജനതയ്ക്ക് ഭീഷ്മ പിതാമഹന് തുല്യനാണ്. കേരളത്തിലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ മാത്രം മനസുവച്ചാല്‍ മതി അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കി മാറ്റാന്‍. യഹൂദ ജനതയുടെ നേതാവായ മോസ്സസിനെക്കാള്‍ വലിയൊരു മനുഷ്യനാണ് ഡോ. ശ്രീധരന്‍സാര്‍ എന്ന തിരിച്ചറിവ് കേരള ജനതയ്ക്കുണ്ടാകട്ടെ എന്നു ഞാന്‍ ആശിക്കുന്നു.

2021 ഏപ്രില്‍ 6-ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുവതീ യുവാക്കള്‍ വേണ്ടവിധം ശ്രമിച്ചാല്‍ സോഷ്യല്‍മീഡിയയിലൂടെ തരംഗം സൃഷ്ടിച്ച് കേരളത്തില്‍ മാറ്റംവരുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുക. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാന്‍ കഴിവുള്ളവരെന്ന് ഉറച്ച ബോധ്യമുള്ള, കേരള ജനതയുടെ പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന കഴിവുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.

അതോടൊപ്പം യേശുവിന്റെ പുനരുദ്ധാനം കാത്തിരിക്കുന്ന കേരളത്തിലെ ക്രൈസ്തവ സഹോദരീ- സഹോദരന്മാര്‍ക്കും, റംസാനുവേണ്ടി ഒരുങ്ങുന്ന മുസ്ലീം സഹോദരീ – സഹോദരന്മാര്‍ക്കും നല്ലൊരു നാളെ ദര്‍ശിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളാണ് കേരളത്തിന്റെ വിധികര്‍ത്താക്കള്‍.

തോമസ് കൂവള്ളൂര്‍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: