അന്ന് പതിവിലും നേരത്തെ ചന്ത ഉണർന്നു.കച്ചവടക്കാർ ഓരോരുത്തരായി വന്ന് സ്ഥാനം പിടിച്ച് അവരവരുടെ വില്പന ചരക്കുകൾ നിരത്തിവെച്ചു. സൂര്യൻ പതുക്കെ ചിരിക്കാൻ തുടങ്ങി.ആ ചിരി ഭൂമിയിലേക്ക് ഇറങ്ങി വന്നപ്പോൾ മഞ്ഞിൻ കണങ്ങൾ ആ ചിരിയിൽ കൂടുതൽ ശോഭയോടെ തിളങ്ങി മുത്തു മണികളായി ചിതറി.ചന്തയിലേക്ക് ആളുകൾ വരുവാൻ തുടങ്ങി.
എന്നാൽ അന്ന് ചന്ത തുടങ്ങിയത് ഒരു അശുഭ വാർത്ത കേട്ടു കൊണ്ടായിരുന്നു. ചന്തയുടെ ഒരു മൂലയിലായി ഒരു ശവം കിടപ്പുണ്ടന്ന വാർത്ത. ആളുകൾ ഓരോരുത്തരായി അവിടേക്ക് എത്തിനോക്കി പോയി. ആ ശവത്തിലേക്കു പതിച്ച മഞ്ഞു തുള്ളികൾ നേർമ്മയായി മണ്ണിലേക്ക് ഒലിച്ചിറങ്ങി. ഈർപ്പമായി ശവത്തിന് ചുറ്റും ഒരു തണുപ്പ് സൃഷ്ടിച്ചു.
പൈലി ആണ് ആ നാട്ടിൽ ആരു ചത്താലും മഞ്ചൽ വലിക്കാൻ പോകുന്നത്. അല്ല വേറെ ആരെയാണ് ഇതിനു കിട്ടുക.അതുകൊണ്ട് ആരു നാട്ടിൽ ചത്താലും ചത്തയാളിന്റെ വേണ്ടപ്പെട്ടവർ പൈലിയെ അറിയിക്കും. ഇനി ആരും അറിയിച്ചില്ലെങ്കിലും അറിഞ്ഞു കേട്ട് പൈലി അങ്ങെത്തും. കറുത്ത പെയിന്റടിച്ച മഞ്ചലിൽ “ഇന്ന് ഞാൻ നാളെ നീ ” എന്ന് വെള്ള അക്ഷരത്തിൽ ഉരുട്ടി എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ ഏതൊരുവന്റെയും ഉള്ള് ഒന്ന് പിടയും.അങ്ങനെ നോക്കുന്നവന്റെയും കാണുന്നവന്റെയും മനസ്സിനെ ഒന്ന് പേടിപ്പിച്ചു അല്പം ഗെമയിൽ മഞ്ചലിന്റെ തലക്കൽ പൈലി സ്റ്റീയറിങ് നിയന്ത്രിച്ചു വലിച്ചു കൊണ്ടുപോകുമ്പോൾ കൂടെയുള്ള ആളുകൾ അയാളുടെ പിന്നിൽ ഉണ്ടാകും. കയറ്റം ഉള്ളയിടത്തു മഞ്ചലിനെ തള്ളി കൊടുക്കാനും ഇറക്കം ഉള്ളയിടത്തു പുറകോട്ടു വലിച്ചു പിടിച്ചു മഞ്ചൽ നിയന്ത്രിക്കാനും.
മഞ്ചൽ വലിക്കുക മാത്രമല്ല. കുഴിവെട്ടി ശവം കുഴിയിൽ ഇറക്കി അതിനു ശേഷം കുഴി മൂടി പരിസരം വൃത്തിയാക്കി ആണ് അയാൾ മടങ്ങുന്നത്. കൂലിയുടെ കണക്കൊന്നും അയാൾ പറയാറും ചോദിക്കാറുമില്ല. കൊടുക്കുന്നത് മേടിക്കും. പക്ഷേ ഈ കാര്യത്തിൽ ആരും അങ്ങനെ കുറവ് വരുത്തുകയും ഇല്ലല്ലോ. അതിനാൽ ഉദ്ദേശിച്ചതിൽ കൂടുതൽ ആയിരിക്കും പലപ്പോഴും കിട്ടുക.
എല്ലാം കഴിഞ്ഞ് അയാൾ നേരെ പോകുന്നത് ഷാപ്പിലേക്കാണ്. മൂക്ക് മുട്ട് തിന്ന് കുടിച്ച് അയാൾ നേരെ ചന്തയുടെ ഒരു മൂലയിൽ ഒതുങ്ങും. പണി ഇല്ലാത്തപ്പോൾ രാവും പകലും ഒക്കെ അവിടെ തന്നെയാണ് കഴിയുന്നത്. കാരണം വീട്ടുകാരുമായി ഏറെ നാളുകളായിട്ട് അയാൾക്ക് ബന്ധം ഒന്നും ഇല്ല.അയാൾക്ക് കൂട്ടായി ചന്തയിലെ അന്തേവാസികളായ ഏതാനും നായകളും പൂച്ചകളും മാത്രം. കാരണം അയാളുടെ കൈയ്യിൽ എന്നും ഓരോ പൊതി ഉണ്ടാകും. അവറ്റകൾക്കുള്ള ആഹാരം. അങ്ങനെ അയാൾക്ക് അവരും അവർക്ക് അയാളും മാത്രം ആയ ഒതുങ്ങിയ ഒരു ലോകം ആണ് ആ ചന്തയും ചന്തയുടെ ഒതുങ്ങിയ ആ മൂലയും.അന്നും പതിവ് പോലെ അയാൾ ചന്തയുടെ മൂലയിൽ വന്നു കിടന്നു. പക്ഷേ പതിവിന് വിപരീതമായി അയാൾ അന്ന് നേരം ഇരുണ്ടു വെളുത്തപ്പോൾ ഉണർന്നില്ല. അയാൾ ഉണർന്ന് എഴുന്നേൽക്കുന്നതും കാത്തു ഈ ജീവികൾ അവിടെ തന്നെ നിലകൊണ്ടു.
പ്രഭാതം മാധ്യഹ്നത്തിനും മധ്യാഹ്നം സായാഹ്നത്തിനും സായാഹ്നം ഇരുട്ടിനും വഴി മാറിക്കൊടുത്തു.പക്ഷേ പൈലിയുടെ ശവശരീരം മാത്രം എവിടേക്കും ആരും മാറ്റിയില്ല. അനാഥ പ്രേതമായി അത് മഞ്ഞും വെയിലുമേറ്റ് അവിടെ കിടന്നു .അനേകം മൃതശരീരങ്ങൾ മറവു ചെയ്തിട്ടുള്ള പൈലിയുടെ മൃതദേഹം മറവു ചെയ്യാൻ നേരം വെളുത്തിട്ടും ആരും എത്തിയില്ല.
മഞ്ഞു തുള്ളികൾ പിന്നെയും പൊഴിഞ്ഞു. നനഞ്ഞ മൃതദേഹത്തിൽ ചന്തയിൽ വീശിയടിച്ച കാറ്റിൽ മണ്ണും പൊടിപടലങ്ങളും പറ്റി പിടിച്ചു.അന്നു പകലും സൂര്യകിരണങ്ങൾ ഏറ്റു ശവം അവിടെ തന്നെ കിടന്നു. അടുത്തുവന്ന ഈച്ചകളെ നായകളും അടുത്തു കൂടിയ ഉറുമ്പുകളെ പൂച്ചകളും വിലക്കി നിർത്തി.അന്നു വൈകുന്നേരം പതിവിന് വിപരീതമായി ചാറ്റൽ മഴ ഉണ്ടായി. ചാറ്റൽ മഴയിൽ ആ മൃതദേഹം പ്രകൃത്യാ കുളിപ്പിക്കപ്പെട്ടു.നായകളും പൂച്ചകളും ശവത്തിൽ ഉണ്ടായിരുന്ന മഴ വെള്ളം നക്കി തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു.
നേരം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു. ശവ കുഴികൾ വിട്ടിറങ്ങിയ അനേകം ആത്മാക്കളുടെ വരവ് മനസിലാക്കിയിട്ടെന്നവണ്ണം നായകളും പൂച്ചകളും പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചു. കൂട്ടമായി എത്തിയ ആൽമാക്കൾ തങ്ങളെ അടക്കം ചെയ്യാൻ മണ്ണ് മാന്തി കുഴി വെട്ടി തന്ന പൈലിയുടെ ശവം പൊക്കിയെടുത്തു ശ്മാശനത്തിലേക്ക് കൊണ്ടുപോയി. നായകളും പൂച്ചകളും ശവത്തെ അനുഗമിച്ചു. ശ്മശാനത്തിൽ എത്തിയ ആത്മാക്കൾ പൈലിയുടെ ശവം താഴെ ഇറക്കി വെച്ചു.
അജ്ഞാത ശക്തി നായകളിൽ പ്രവേശിച്ചതുപോലെ അവറ്റകൾ അതി വേഗത്തിൽ മണ്ണ് മാന്തി കുഴി തീർത്തു. ആത്മാക്കൾ ശവം കുഴിയിലേക്ക് ഇറക്കി വെച്ചു. അജ്ഞാത ശക്തിയുടെ ആജ്ഞ ലഭിച്ചതുപോലെ പൂച്ചകൾ വേഗത്തിൽ കുഴി മണ്ണിട്ടു മൂടി. നായകളും പൂച്ചകളും മണ്ണിൽ മാറി മാറി ചവുട്ടി നിന്ന് തങ്ങളുടെ പ്രിയപെട്ടവന്റെ കുഴിമാടം ഉറപ്പിച്ചു.
വേഗത്തിൽ ആത്മാക്കൾ അവിടം വിട്ടുപോയി. നായകളും പൂച്ചകളും മനസ്സില്ലാ മനസ്സോടെ ശ്മശാനം വിട്ട് ചന്തയിലേക്ക് തിരിച്ചു യാത്രയായി. പൈലി ഇല്ലാത്ത ചന്തയുടെ ഒഴിഞ്ഞ മൂലയിലേക്ക് ചെന്ന് അവറ്റകൾ തളർന്നു കിടന്നു.
സൂര്യ കിരണങ്ങൾ ഏറ്റു പ്രഭാതം പിന്നെയും മഞ്ഞിൻ കണികകളുടെ തലോടലിൽ പൊട്ടി വിടർന്നു. ചന്ത ഉണർന്നു. ആളുകളുടെ അരവം ഉയർന്നു.
“ഇന്ന് ഞാൻ നാളെ നീ ”
മഞ്ചൽ അതിന്റെ ഷെഡ്ഡിൽ ഒരു ഓർമ്മയായി കിടക്കുന്നു.ആമ്പുലൻസുകൾ നിരത്തുകൾ കീഴടക്കി വാഴുന്നു. ജന്മങ്ങളും മരണങ്ങളും മാത്രം ഇനിയും ബാക്കിയായി…..
✍ നൈനാൻ വാകത്താനം