ന്യൂയോർക്ക്: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക അരനൂറ്റാണ്ടുകൾക്കു മുൻപ് അമേരിക്കൻ മണ്ണിൽ ഉറപ്പിച്ച അമേരിക്കൻ ഭദ്രാസന ശില്പിക്ക് ലോംഗ് അയലന്റ് സെന്റ് തോമസ് ഇടവക ജനങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന വൻ ജനാവാലി കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴി നൽകി.

തന്റെ ചിരകാല സ്വപ്ന സാക്ഷാൽക്കാരമായി സ്വന്തം പ്ലാനിൽ അതിമനോഹരമായി പണികഴിപ്പിച്ചു ദിവ്യബലി അർപ്പിച്ച പരിശുദ്ധ മദ്ബാഹായോടും, വൈദീക മേലദ്ധ്യക്ഷന്മാരോടും, പുരോഹിതഗണത്തോടും, പരിശുദ്ധ സഭയോടും, തന്നെ ജീവനുതുല്യം സ്നേഹിച്ച വിശ്വാസ സമൂഹത്തോടുമുള്ള അവസാന യാത്ര ചോദിക്കൽ ചടങ്ങ് ബഹുമാനപ്പെട്ട ജോൺസൺ പോൾ അച്ചന്റെ ഏറെ ഹൃദ്യവും വികാര നിർഭരവുമായ ശബ്ദത്തിൽ മുഴങ്ങിയപ്പോൾ ആ ചടങ്ങ് വീക്ഷിച്ച ഏവരും ദുഃഖഭാരം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു.

മൂന്ന് ദിവസങ്ങളിലെയും പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി. യോഹന്നാൻ കോർ എപ്പിസ്കോപ്പ സഭയ്ക്കും സമൂഹത്തിനും ചെയ്ത സേവനങ്ങളെ തിരുമേനി തന്റെ അനുശോചന പ്രസംഗത്തിൽ നന്ദിപൂർവ്വം സ്മരിച്ചു. സുറിയാനി-സംസ്കൃതം ഭാഷകളിലും, ആരാധനാ കാര്യങ്ങളിലുമുള്ള അച്ചന്റെ അഗാധമായ പാണ്ഡിത്യം തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും തിരുമേനി പറഞ്ഞു.

ഇടവക വികാരി ഫാദർ എബി ജോർജ്ജ് തന്റെ അനുശോചനത്തിൽ പലയിടങ്ങളിലും സങ്കടം കടിച്ചമർത്താൻ നന്നേ പാടുപെട്ടു. “വർഷങ്ങൾ കഴിഞ്ഞാലും ഞാനോ, എന്റെ സ്ഥാനത്ത് മറ്റ് ഏത് അച്ചന്മാരോ ഈ ഇടവകയിൽ വികാരിസ്ഥാനത്തു വന്നാലും ഈ പള്ളി യോഹന്നാനച്ചന്റെ പള്ളിയായി എക്കാലവും അറിയപ്പെടും. ഇക്കാണുന്നതെല്ലാം വല്യച്ചന്റെ ചോരയും നീരുമാണ് ഒരു കുഞ്ഞിനെപ്പോലെയാണ് വല്യച്ചൻ ഈ ഇടവകയെ സ്നേഹിച്ചതും പരിപാലിച്ചതും”. ആ കുഞ്ഞിനെ നന്നായി നോക്കണം എന്ന് പറഞ്ഞു എന്നെ ഏല്പിച്ചിട്ടാണ് വല്യച്ചൻ പോയത്” എബി അച്ചൻ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും അമേരിക്കയുടെ നാനാ ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ ഭൗതീക ശരീരം ഒരുനോക്ക് കാണാൻ മൂന്ന് ദിവസങ്ങളിലും എത്തിയിരുന്നു. അച്ചനുമായുള്ള നാല്പതും അൻപതും വർഷങ്ങളുടെ അനുഭവസാക്ഷ്യം അനുശോചനത്തിൽ പറഞ്ഞത് പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.
മലങ്കര കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് അമേരിക്കൻ ഭദ്രാസന ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെപ്പാനോസ് തോട്ടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ധൂപാർപ്പണം നടത്തുകയും ചെയ്തു. മാർത്തോമാ സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഐസക്ക് മാർ പീലക്സീനോസ് എപ്പീസ്കോപ്പയും അനുശോചനമർപ്പിച്ചു പ്രാർത്ഥന നടത്തി.

ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ തുടങ്ങി നിരവധിയാളുകൾ അനുശോചനമറിയിച്ചു സംസാരിച്ചു.
കോറെപ്പിസ്കോപ്പയുടെ മക്കളായ മാത്യു യോഹന്നാൻ, തോമസ് യോഹന്നാൻ എന്നിവർ തങ്ങളുടെ പിതാവിനെക്കുറിച്ചുള്ള മധുരസ്മരണകൾ അയവിറക്കി. എന്നും എപ്പോഴും സന്തതസഹചാരിയായി കൂടെയുണ്ടായിരുന്ന പ്രിയ പത്നിയും കവയത്രിയുമായ എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ പ്രസംഗം ഏവരെയും സങ്കടത്തിലാഴ്ത്തി. കൊച്ചമ്മയും മക്കളും ചേർന്ന് മുഖം മറച്ചു കാസ്ക്കറ്റ് പള്ളിയിൽനിന്നും പുറത്തേക്ക് എടുത്തപ്പോൾ ദുഃഖമണി മുഴങ്ങി…ഇരു സൈഡിലും കാത്തുനിന്ന ജനങ്ങൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.

പള്ളിയിൽനിന്നും ഒരുമണിക്കൂർ ദൂരമുള്ള സെമിത്തേരിയിലേക്കുള്ള ഹൈവേ യാത്ര സുഗമമാക്കാൻ ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് സേന നേരത്തെതന്നെ പള്ളിക്ക് വെളിയിൽ തയ്യാറായി നിന്നു. എല്ലാ ഇന്റർസെക്ഷനിലും പോലീസ് നിലയുറപ്പിച്ചു ട്രാഫിക്ക് നിയന്ത്രിച്ചു.
ഏകദേശം പതിനൊന്നരമണിയോടുകൂടി ന്യൂയോർക്ക് മേപ്പിൾ ഗ്രോവ് സെമിത്തേരിയിൽ ഭൗതീക ശരീരം അഭിവന്ദ്യ തിരുമേനിയുടെ പ്രാർത്ഥനകൾക്കും ധൂപാർപ്പണങ്ങൾക്കും ശേഷം അടക്കം ചെയ്തു

അങ്ങനെ അമ്പത്തിരണ്ട് വർഷങ്ങൾ അമേരിക്കൻ ചരിത്ര വ്യതിയാനങ്ങൾക്കും ഭദ്രാസന വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച ആ വന്ദ്യ പുരോഹിത ശ്രേഷ്ഠന്റെ പ്രകാശവഴിയിലൂടെയുള്ള ആത്മീയ യാത്രയ്ക്ക് തിരശീല വീണു.

ഞങ്ങളുടെ സർവ്വസ്വവുമായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പായുടെ പാവന സ്മരണയ്ക്കുമുന്നിൽ മലയാളി മനസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ ..


ആദരാഞ്ജലികൾ 🙏🙏🙏
Aadaranjalikal 🙏
വളരേ വേദന നിറഞ്ഞതെങ്കിലും, മരണനന്തരാ ജീവിതത്തിലെ ആ വലിയ പ്രത്യാശ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട Achen ന്റെ വേർപാടിൽ ഉള്ളതിനാൽ എല്ലാം ദൈവഹിതമായി കാണുന്നു 🙏🌹( Rejy Abraham )