ബൊഗോട്ടാ : അർജ്ജന്റീനയെ സമനിലയിൽ കുരുക്കി കൊളംബിയ. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തന്മാർക്ക് നിരാശ സമ്മാനിച്ച് കൊളംബിയയുടെ തിരിച്ചടി. കളിയുടെ ആദ്യ നിമിഷങ്ങളിൽ രണ്ടു ഗോളിന് മുന്നിട്ടുനിന്ന അർജ്ജന്റീ നയെയാണ് കൊളംബിയ മുട്ടുകുത്തിച്ചത്.
ക്രിസ്റ്റ്യൻ റെമേറോ 3-ാം മിനിറ്റിലും ലിയാൻഡ്രോ പാർഡേസ് 8-ാം മിനിറ്റിലും അർജ്ജന്റീന യ്ക്കായി ഗോളുകൾ നേടി. എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ ലഭിച്ച മികച്ച അവസര ങ്ങൾ കൊളംബിയ മുതലാക്കി. 51-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച ലൂയിസ് ഫ്രൂട്ടോ കൊളംബിയയുടെ ആദ്യ ഗോൾ നേടി. കളിയുടെ അവസാന നിമിഷത്തെ അധികസമയത്ത് മിഗ്വൽ ബോർജ അർജ്ജന്റീനയുടെ എല്ലാ പ്രതീക്ഷയും തകർത്ത് സമനില ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പിൽ ആകെ 18 മത്സരങ്ങളാണുള്ളത്. നിലവിൽ 8 മത്സരങ്ങളാണ് പൂർത്തിയായത്. കൊളംബിയക്കെതിരെ സ്വന്തം തട്ടകത്തിൽ ഇനി അടുത്ത വർഷം ഫെബ്രുവരിയിലാണ് വീണ്ടും ഏറ്റുമുട്ടാൻ അവസരമുള്ളത്. നിലവിൽ 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലാറ്റിനമേരിക്കൻ നിരയിൽ ബ്രസീലാണ് മുന്നിൽ. ആറുമത്സരവും മഞ്ഞപ്പട ജയിച്ചു മുന്നേറിയിരിക്കുകയാണ്. അർജ്ജന്റീന മൂന്ന് മത്സരം ജയിക്കുകയും മൂന്നെണ്ണത്തിൽ സമനില പിടിക്കുകയും ചെയ്താണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും നാലാം സ്ഥാനത്ത് ഉറുഗ്വയുമാണ്.